വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനം പുനഃരാരംഭിക്കണം: ഫാ. ഫ്രഞ്ചെസ്‌കോ യെൽപോ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ജെറുസലേമുൾപ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള ക്രൈസ്തവ തീർത്ഥാടനം പുനഃരാരംഭിക്കണമെന്നും, കൂടുതൽ ആളുകൾ എത്തുന്നതിലൂടെയേ, ഭയത്തെ മറികടക്കാനാകൂ എന്നും വിശുദ്ധ നാട്ടിലെ കത്തോലിക്കാസഭയുടെ സംരക്ഷണത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ സംരക്ഷണചുമതലയുള്ള ഫാ. ഫ്രഞ്ചെസ്‌കോ യെൽപോ (Fr. Francesco Ielpo). റോമിൽ നിന്നും പ്രത്യാശയുടെ ജൂബിലി വർഷാവസാനം, ജനുവരി ഏഴാം തീയതി വിശുദ്ധ നാട്ടിലെത്തിയ മുപ്പതോളം വൈദികരും, റോം രൂപതയിൽനിന്നുള്ള ചില പ്രവർത്തകരും മാധ്യമപ്രവർത്തകരുമടങ്ങുന്ന സംഘത്തിന് സ്വാഗതമേകി, പഴയ ജെറുസലേം നഗരത്തിലെ ഫ്രാൻസിസ്‌ക്കൻ സഭാകേന്ദ്രത്തിൽ വച്ച് സംസാരിക്കവെയാണ്, ഫാ. യെൽപോ ഇങ്ങനെ പറഞ്ഞത്. തീർത്ഥാടനങ്ങൾ വിശുദ്ധ നാട്ടിലെ ക്രൈസ്തവരുൾപ്പെടുന്ന പ്രാദേശികസമൂഹങ്ങളുടെ സാമ്പത്തിക സ്രോതസുകൂടിയാണെന്ന് കപ്പൂച്ചിൻ വൈദികൻ കൂടിയായ അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭയത്തെ മറികടക്കാൻ വാക്കുകൾ മാത്രം പോരെന്നും, ആളുകളുടെ സാക്ഷ്യവും സാന്നിദ്ധ്യവും ആവശ്യമാണെന്നും ഓർമ്മിപ്പിച്ച ഫാ. യെൽപോ, ക്രൈസ്തവർ വിശുദ്ധ നാട്ടിലെ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനെത്തുന്നത് പ്രത്യാശ വളർത്തുന്നതാണെന്നും, ഇവിടേക്ക് ലോകമെങ്ങും നിന്നുള്ള തീർത്ഥാടനത്തിന് മറ്റുള്ളവർക്ക് കൂടുതൽ പ്രേരണ നൽകുമെന്നും പ്രസ്താവിച്ചു.
ഇസ്രയേലിലും പലസ്തീനയിലുമായി ഏതാണ്ട് അൻപതിനായിരത്തോളം ക്രൈസ്തവർ ജീവിക്കുന്നുണ്ടെന്ന് അറിയിച്ച ഫാ. യെൽപോ, ഇവരിൽ ആറായിരത്തോളം പേർ ജെറുസലേമിലാണ് താമസിക്കുന്നതെന്ന് വിശദീകരിച്ചു. ക്രൈസ്തവർ മാത്രമല്ല, യഹൂദരും കുടുംബസഹിതം കുടിയേറുന്ന സ്ഥിതിവിശേഷം തങ്ങൾ കാണുന്നുണ്ടെന്ന് പറഞ്ഞ വിശുദ്ധ നാടിൻറെ കസ്റ്റോഡിയൻ, എന്നാൽ കൂടുതൽ തീർത്ഥാടകരെത്തുന്നത് പ്രത്യാശ പകരുന്നതായിരിക്കുമെന്നും, ക്രിയാത്മകമായ സംരഭങ്ങൾക്ക് കാരണമാകുമെന്നും അഭിപ്രായപ്പെട്ടു.
വിശുദ്ധ നാട്ടിലെത്തുന്നത് ചരിത്രമ്യൂസിയം കാണുക എന്ന ലക്ഷ്യത്തോടെയാകരുതെന്നും, ജീവിക്കുന്ന സഭയെ കണ്ടുമുട്ടനാകണമെന്നും ജനുവരി ഏഴിന് നടന്ന ഈ സംഗമത്തിൽ ഫാ. യെൽപോ ഓർമ്മിപ്പിച്ചു. 2023 ഒക്ടോബർ 7-ന് ശേഷം വിശുദ്ധ നാട്ടിലേക്കുള്ള തീർത്ഥാടനത്തിന്റെ ഗതി മാറിയെന്നും, അതുകൊണ്ടുതന്നെ, കൂടുതൽ തീർത്ഥാടകർ എത്തേണ്ടത് പ്രധാനപ്പെട്ട ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നടപടികൾ കണക്കിലെടുത്ത് സെമിറ്റിക് വിരുദ്ധ നയങ്ങൾ കൈക്കൊള്ളുന്നതിനെതിരെ സംസാരിച്ച ഫാ. യെൽപോ, തീർത്ഥാടകരുമായെത്തുന്നവർ ആരുടെയും പക്ഷം ചേരാൻ ശ്രമിക്കരുതെന്ന് ഓർമ്മിപ്പിച്ചു. ഹമാസ് ആക്രമണത്തിന് ശേഷം, ജറുസലേമിൽ വിവിധ മതസ്ഥർ എത്തിയിരുന്ന സംഗീതസ്‌കൂളിൽ പഠിച്ചിരുന്ന മുസ്ലിം വിദ്യാർത്ഥികൾ, അവിടുത്തെ യഹൂദ സംഗീത അദ്ധ്യാപകന്റെ ക്‌ളാസിൽ ഇരിക്കാൻ വിസമ്മിതിച്ചിരുന്നുവെന്നും, ഒരുപാട് മാദ്ധ്യസ്ഥ്യചർച്ചകൾക്ക് ശേഷമാണ് ക്‌ളാസുകൾ പുനരാരംഭിക്കാൻ സാധിച്ചതെന്നും അദ്ദേഹം അനുസ്മരിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: