ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (ANSA)

കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെയും ദക്ഷിണാഫ്രിക്കയിലെയും ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ

ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങളെ അനുസ്മരിച്ചും, അവർക്കായി പ്രാർത്ഥനകൾ ഉറപ്പ് നൽകിയും ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 18 ഞായറാഴ്ച വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച അവസരത്തിൽ കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്ക്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളെ പാപ്പാ പ്രത്യേകം പരാമർശിച്ചു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഘർഷങ്ങളും പ്രകൃതിക്ഷോഭവും മൂലം ബുദ്ധിമുട്ടുന്ന കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിലെയും ദക്ഷിണാഫ്രിക്കയിലെയും ജനങ്ങളെ പ്രത്യേകമായി അനുസ്മരിച്ച് ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാനിൽ പതിവ് പോലെ ജനുവരി 18  ഞായറാഴ്ച ഉച്ചയ്ക്ക് ത്രികാലജപ പ്രാർത്ഥന നയിച്ച അവസരത്തിലാണ്, ദുരിതങ്ങൾ അനുഭവിക്കുന്ന ആഫ്രിക്കയിലെ ഈ രണ്ടു രാജ്യങ്ങളിലെയും ജനങ്ങൾക്കുവേണ്ടി പാപ്പാ തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകിയത്.

ത്രികാലജപപ്രാർത്ഥന നയിച്ചതിന് ശേഷം വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുണ്ടായിരുന്ന ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ, കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിൽ തുടരുന്ന സംഘർഷങ്ങളും, അക്രമങ്ങളും ഗുരുതരമായ മാനവിക പ്രതിസന്ധിയും മൂലം കോംഗോ ഡെമോക്രറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് ബുറുണ്ടി ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് പലായാനം ചെയ്യാൻ നിർബന്ധിതരായിരിക്കുന്നതെന്ന് ഓർമ്മിപ്പിച്ചു.

മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയ ആളുകളും വലിയ കഷ്ടപ്പാടുകൾ നേരിടേണ്ടിവരുന്നുണ്ടെന്ന് പറഞ്ഞ പരിശുദ്ധ പിതാവ്, കോംഗോയിൽ സംഘർഷങ്ങളിലേർപ്പെട്ടിരിക്കുന്ന വിവിധ കക്ഷികൾക്കിടയിൽ അനുരഞ്ജനം കൊണ്ടുവരാനും, സമാധാനം സ്ഥാപിക്കപ്പെടാനും വേണ്ടിയുള്ള സംവാദങ്ങൾ വളരട്ടെയെന്ന് ആശംസിച്ചു.

ദക്ഷിണാഫ്രിക്കയിലെ ജനങ്ങൾ പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ അനുസ്മരിച്ച പരിശുദ്ധ പിതാവ്, ഈ സംഭവത്തിൽ ഇരകളായവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകുകയും ചെയ്തു.

ആയിരക്കണക്കിനാളുകളാണ് പരിശുദ്ധ പിതാവിനെ കാണാനും, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥിക്കാനും, പത്രോസിന്റെ പിൻഗാമിയുടെ ആശീർവാദം നേടാനുമായി ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിനുള്ളിലും പുറത്തുമായി ഉണ്ടായിരുന്നത്. യേശുവിനെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന സ്നാപകയോഹന്നാന്റെ സാക്ഷ്യത്തെയും എളിമയെയും അടിസ്ഥാനപ്പെടുത്തിയായിരുന്നു പരിശുദ്ധ പിതാവ് ഈ ഞായറാഴ്ച പ്രഭാഷണം നടത്തിയത്.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജനുവരി 2026, 13:13