റോം രൂപതയിലെ യുവജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
റോം രൂപതയിലെ യുവജനങ്ങൾക്ക് കൂടിക്കാഴ്ച അനുവദിച്ച് രൂപതാമെത്രാൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 10 ശനിയാഴ്ച വൈകുന്നേരം വത്തിക്കാനിലെ പോൾ ആറാമൻ ശാലയിലും, വിശുദ്ധ പത്രോസിന്റെ ചത്വരത്തിലുമായാണ് പാപ്പാ റോമിലെ യുവജനങ്ങളെ സ്വീകരിച്ചത്. രൂപതയിൽ പാപ്പായുടെ വികാരി ജനറൽ ആയി ശുശ്രൂഷ ചെയ്യുന്ന കർദ്ദിനാൾ റെയ്‌നയ്‌ക്കൊപ്പമാണ് ആയിരക്കണക്കിന് റോമൻ യുവജനങ്ങൾ പരിശുദ്ധ പിതാവിനെ കാണാനെത്തിയത്. നിരവധി വൈദികരും സമർപ്പിതരും അദ്ധ്യാപകരും ചടങ്ങുകളിൽ സംബന്ധിച്ചു.
ഉപരിപ്ലവമായ ബന്ധങ്ങളിൽ സന്തുഷ്ടിയടയാതെ, ദൈവവുമായും അയൽക്കാരുമായുമുള്ള സമൂർത്തമായ ബന്ധത്തിലൂടെ ഉയരുന്ന ഐക്യത്തിൽ വളർന്നുവരാൻ പാപ്പാ രൂപതയിലെ ചെറുപ്പക്കാരെ ആഹ്വാനം ചെയ്തു. യുവജനങ്ങൾ അഭിമുഖീകരിക്കുന്ന, ഒറ്റപ്പെടലും, ലക്ഷ്യബോധം നഷ്ടപ്പെടലും പോലെയുള്ള നിരവധി പ്രശ്‍നങ്ങളെക്കുറിച്ച് സംസാരിച്ച പാപ്പാ, തങ്ങളുടെ ജീവിതത്തിൽ അനുഭവപ്പെടുന്ന വിവിധ ബന്ധനങ്ങളിൽനിന് മോചനം ലഭിക്കാനായി പ്രാർത്ഥനയെന്ന മാർഗ്ഗം ഉപയോഗിക്കാൻ അവരോട് ഉപദേശിച്ചു.
തങ്ങളുടെയും, തങ്ങളുടെ ചുറ്റുമുള്ളവരുടെയും ലോകത്തിന്റെയും നന്മയ്ക്ക് വേണ്ടി ക്രൈസ്തവർക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും സമൂർത്തമായ പ്രവർത്തിയാണ് പ്രാർത്ഥനയെന്ന് പാപ്പാ പ്രസ്താവിച്ചു. മറ്റുള്ളവരുടെ അഭിനന്ദനങ്ങൾക്കും കൈയ്യടികൾക്കും വേണ്ടി കാത്തുനിൽക്കാതെ ജീവിതത്തിൽ സാക്ഷ്യം നൽകേണ്ടതിന്റെ പ്രാധാന്യവും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.
വിശുദ്ധ കുർബാനയിലൂടെയും തിരുവചനത്തിലൂടെയും സങ്കീർത്തനങ്ങളിലൂടെയും ഹൃദയങ്ങളിൽ അഗ്നി ജ്വലിപ്പിക്കുന്നത് കർത്താവാണെന്നും, അതുവഴി വചനത്തിന്റെ വെളിച്ചവും ലോകത്തിന്റെ ഉപ്പുമായിത്തീരാനാണ് ദൈവം വിളിക്കുന്നതെന്നും പാപ്പാ യുവജനങ്ങളെ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
