ഇറാനിലുൾപ്പെടെ സംഘർഷമേഖലകളിൽ സമാധാനത്തിനും സംവാദങ്ങൾക്കും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ
വത്തിക്കാന്‍ ന്യൂസ്
നൂറുകണക്കിന് ആളുകളുടെ ജീവനെടുത്ത്, മദ്ധ്യപൂർവ്വദേശങ്ങളിൽ, പ്രത്യേകിച്ച് ഇറാനിലും സിറിയയിലും സംഘർഷങ്ങൾ തുടരുന്നതിനിടെ സമാധാനസ്ഥാപനത്തിനും, അതിലേക്ക് നയിക്കുന്ന സംവാദങ്ങൾക്കും ആഹ്വാനം ചെയ്ത് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ. ജനുവരി 11 ഞായറാഴ്ച ഉച്ചയ്ക്ക് വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലാണ്, ലോകത്തിന്റെ വിവിധ മേഖലകളിൽ നടന്നുവരുന്ന സംഘർഷങ്ങളെയും അവയുടെ ഇരകളെയും പാപ്പാ അനുസ്മരിച്ചത്.
ഇറാനിൽ നടന്നുവരുന്ന ശക്തമായ സംഘർഷങ്ങൾ നിരവധിയാളുകളുടെ മരണത്തിന് കാരണമാകുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ക്ഷമയോടെ, സംവാദവും സമാധാനവും വളർത്താനും, അതുവഴി മുഴുവൻ സമൂഹത്തിന്റെയും പൊതുനന്മയിലേക്കെത്താനും സാധിക്കട്ടെയെന്ന് താൻ ആശംസിക്കുകയും പ്രാർത്ഥിക്കുന്നുവെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ഉക്രൈനുനേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെയും പാപ്പാ അപലപിച്ചു. കടുത്ത ശൈത്യത്തിന്റെ കൂടി പശ്ചാത്തലത്തിൽ, രാജ്യത്തെ ഊർജ്ജോത്പാദക കേന്ദ്രങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങൾ പ്രദേശത്തെ സാധാരണ ജനജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കിയെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. വിവിധ സംഘർഷങ്ങൾ മൂലം ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുന്നവർക്ക് പരിശുദ്ധ പിതാവ് തന്റെ പ്രാർത്ഥനകൾ ഉറപ്പു നൽകി.
കഴിഞ്ഞ ഡിസംബർ മാസം മുതൽ ഇറാനിലെ രാഷ്ട്രീയനേതൃത്വത്തിനെതിരെ പ്രക്ഷോഭണങ്ങൾ ആരംഭിച്ചിരുന്നു. അടുത്തിടെ ഈ പ്രക്ഷോഭങ്ങൾ വിവിധ നഗരങ്ങളിലേക്ക് വ്യാപിച്ചതിനെത്തുടർന്ന്, സുരക്ഷാസേന അവയെ അടിച്ചമർത്താൻ ശ്രമിച്ചുവരികയായിരുന്നു.
സിറിയയിലാകട്ടെ, സാമൂഹ്യ, സുരക്ഷാ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നുവെന്നും, അലെപ്പോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ എസ്.ഡി.എഫ്. (Syrian Democratic Forces) എന്ന കുർദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയൻ സായുധസേനയും (Syrian Armed Forces) തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അലെപ്പോയിലെ ഗവണ്മെന്റിന്റെ നിർദ്ദേശപ്രകാരം, ഏതാണ്ട് ഒന്നര ലക്ഷത്തോളം ആളുകൾ നിലവിൽ ആഷാഫിയെ, ഷെയ്ക്ക് മഖ്‌സൗദ് പ്രദേശങ്ങളിൽനിന്ന് നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ കാരിത്താസ് സംഘടന റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
