ബ്രദർ ലോറൻസ് ബ്രദർ ലോറൻസ് 

റോമൻ കൂരിയയ്ക്ക് "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" സമ്മാനിച്ച് ലിയോ പതിനാലാമൻ പാപ്പാ

റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവർക്ക്, കഴിഞ്ഞ ദിവസം പ്രസിദ്ധീകരിക്കപ്പെട്ട "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകം ലിയോ പതിനാലാമൻ പാപ്പാ സമ്മാനിച്ചു. 1600-കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് കർമ്മലീത്തൻ സന്ന്യാസിയായിരുന്ന ലോറൻസ് എഴുതിയ ഈ പുസ്തകം തന്റെയും അദ്ധ്യാത്മികജീവിതത്തിൽ സഹായകരമായിരുന്നുവെന്ന്, വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാല പുറത്തിറക്കിയ ഇതിന്റെ പുതിയ ലക്കത്തിനായി നൽകിയ ആമുഖത്തിൽ പരിശുദ്ധ പിതാവ് എഴുതിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" സമ്മാനിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ പത്തൊൻപതിന് ലിയോ പാപ്പായുടെ ആമുഖത്തോടെ വത്തിക്കാൻ പുസ്തകപ്രസിദ്ധീകരണശാല പുറത്തിറക്കിയതും, ഫ്രഞ്ച് കർമ്മലീത്തൻ സന്ന്യാസിയായിരുന്ന ലോറൻസ് എന്ന സന്ന്യസ്തസഹോദരൻ എഴുതിയതുമായ,  "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകത്തിന്റെ കോപ്പികൾ വത്തിക്കാൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് പാപ്പാ സമ്മാനമായി നൽകി. ക്രിസ്തുമസിന്റെ ഭാഗമായി, കൂരിയയിൽ സേവനമനുഷ്ഠിക്കുന്നൻവർക്ക് ഡിസംബർ 22 തിങ്കളാഴ്ച രാവിലെ കൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഈ പുസ്തകം പാപ്പാ ഇത്തവണത്തെ സമ്മാനമായി ഏവർക്കും നൽകിയത്.

തിരുവുത്ഥാനത്തിന്റെ ബ്രദർ ലോറൻസ് എന്ന കർമ്മലീത്തൻ സന്ന്യാസി എഴുതിയ 160 പേജുകളുളള "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകം മരിയ റൊസാറിയ ദെൽ ജേനിയോയാണ് എഡിറ്റു ചെയ്‌ത്‌ പുതുതായി പ്രസിദ്ധീകരിച്ചത്.  വിശുദ്ധ അഗസ്റ്റിന്റെ കൃതികൾക്കൊപ്പം, തന്റെ അദ്ധ്യാത്മികജീവിതത്തിന് ഏറെ ഉപകരപ്രദമായിരുന്നു ഈ പുസ്തകമെന്ന്, പുതിയ പ്രതികൾക്കായി നൽകിയ തന്റെ ആമുഖത്തിൽ പാപ്പാ സാക്ഷ്യപ്പെടുത്തിയിരുന്നു.

സമാധാനത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമാണ് ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതമെന്ന്, ബ്രദർ ലോറൻസ് മിസ്റ്റിക് അനുഭവത്തെക്കുറിച്ച് ലാളിത്യം നിറഞ്ഞ ശൈലിയിലുള്ള ഉദ്ബോധനമടങ്ങുന്ന തന്റെ പുസ്തകത്തിലൂടെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന്, ഇതുമായി ബന്ധപ്പെട്ട്, ഡിസംബർ 22 തിങ്കളാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് വ്യക്തമാക്കി.

ദൈവത്തിലുള്ള വിശ്വാസം വീണ്ടും കണ്ടെത്തേണ്ടതിന്റെയും, എല്ലാ ആശങ്കകളും ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാട്ടുന്ന ഈ സന്ന്യസ്തസഹോദരൻ, പ്രത്യേക ഭക്തികൃത്യങ്ങളുടെ ആധിക്യത്തിന്റെ അനാവശ്യം എടുത്തുകാട്ടുകയും, അവ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗങ്ങൾ മാത്രമാണെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ആയിരത്തിഅറുനൂറുകളിൽ ഫ്രാൻ‌സിൽ 30 വർഷങ്ങൾ നീണ്ട യുദ്ധത്തിൽ പങ്കുചേർന്നെങ്കിലും, ഒരു ഗ്രാമീണാന്തരീക്ഷത്തിൽനിന്നെത്തിയ ബ്രദർ ലോറൻസ്, തന്റെ ഇരുപത്തിയാറാം വയസ്സിൽ സന്ന്യസ്തജീവിതം തിരഞ്ഞെടുക്കുകയായിരുന്നു. പാരീസിലുള്ള കർമ്മലീത്തൻ സമൂഹത്തിൽ ലളിതജീവിതം നയിച്ച അദ്ദേഹം, ഭക്ഷണം പാകം ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. മരണാനന്തരം പ്രസിദ്ധീകരിക്കപ്പെട്ട, "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകത്തോടെ ലോകമെങ്ങും അദ്ദേഹത്തിന്റെ ഖ്യാതി പടരുകയായിരുന്നു.

ഈ പുസ്തകത്തിന്റെ ആമുഖമായി ലിയോ പതിനാലാമൻ പാപ്പാ നൽകിയ സന്ദേശത്തെക്കുറിച്ച് വത്തിക്കാൻ ന്യൂസ് കഴിഞ്ഞ ദിവസം എഴുതിയിരുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 ഡിസംബർ 2025, 13:09