സ്ലൊവാക്കിയയുടെ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രീനിക്ക് പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
സ്ലൊവാക്കിയയുടെ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രീനിക്ക് (Peter Pellegrini) വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചതായും, തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (Card. Pietro Parolin), വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് (Mihăiță Blaj) തുടങ്ങിയവരുമായും പ്രസിഡന്റ് പെല്ലെഗ്രീനി കൂടിക്കാഴ്ച നടത്തിയെന്നും, പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. ഡിസംബർ 4 വ്യാഴാഴ്ച രാവിലെയായിരുന്നു ഈ കൂടിക്കാഴ്ചകൾ.
വത്തിക്കാനും സ്ലൊവാക്യയുമായുള്ള അടിസ്ഥാന നയതന്ത്ര കരാറിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ കൂടി പശ്ചാത്തലത്തിൽ നടന്ന കൂടിക്കാഴ്ചകളിൽ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള നല്ല ഉഭയകക്ഷിബന്ധവും, പരസ്പരമുള്ള മതിപ്പും പരാമർശിക്കപ്പെട്ടു. സാമൂഹിക ഐക്യം പിന്തുണയ്ക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും, നീതി പ്രോത്സാഹിപ്പിക്കുന്നതിനും, കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധതയും ഇരു നേതൃത്വങ്ങളും എടുത്തുപറഞ്ഞുവെന്നും പ്രെസ് ഓഫീസ് തങ്ങളുടെ കുറിപ്പിലൂടെ വ്യക്തമാക്കി.
അന്താരാഷ്ട്രതലത്തിലുള്ള കാര്യങ്ങൾ, പ്രത്യേകിച്ച് ഉക്രൈനിൽ തുടരുന്ന യുദ്ധവും, യൂറോപ്പിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അപ്പസ്തോലിക കൊട്ടാരത്തിൽ നടന്ന ചർച്ചകളിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. മദ്ധ്യപൂർവ്വദേശങ്ങളിലെ സായുധസംഘർഷങ്ങളും സംവാദങ്ങളിൽ ഇടം പിടിച്ചു.
സ്ലൊവാക്കിയയുടെ ആറാമത്തെ പ്രസിഡന്റാണ്, 2024 ജൂൺ 15-ന് സ്ഥാനമേറ്റെടുത്ത പീറ്റർ പെല്ലെഗ്രീനി.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇന്ത്യൻ പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു സ്ലൊവാക്കിയയുടെ തലസ്ഥാനമായ ബ്രാത്തിസ്ളാവയിലെത്തി പ്രസിഡന്റ് പീറ്റർ പെല്ലെഗ്രീനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
