തിരയുക

ലിയോ പതിനാലാമൻ പാപ്പായും ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിചും ലിയോ പതിനാലാമൻ പാപ്പായും ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിചും  (ANSA)

ലിയോ പതിനാലാമൻ പാപ്പാ ക്രൊയേഷ്യൻ പ്രധാനമന്ത്രി പ്ലെങ്കോവിചിന് കൂടിക്കാഴ്ച അനുവദിച്ചു

ഡിസംബർ 4 വ്യാഴാഴ്ച വത്തിക്കാനിലെത്തിയ ക്രൊയേഷ്യൻ പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിചിന് ഡിസംബർ അഞ്ച് വെള്ളിയാഴ്ച ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചതായി വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പരൊളീൻ, വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി ബ്ളാജ് തുടങ്ങിയവരുമായി ഡിസംബർ 4 വ്യാഴാഴ്ച അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ക്രൊയേഷ്യയുടെ പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിചിന് (Andrej Plenković) ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ ഡിസംബർ അഞ്ച് വെള്ളിയാഴ്ച നടന്ന ഈ കൂടിക്കാഴ്ചയുടെ വിവരങ്ങൾ വത്തിക്കാൻ പ്രസ് ഓഫീസാണ് പുറത്തുവിട്ടത്.

പരിശുദ്ധ പിതാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപായി, ഡിസംബർ 4 വ്യാഴാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീൻ (Card. Pietro Parolin), വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തിനായുള്ള വിഭാഗം അണ്ടർ സെക്രട്ടറി മിഹായിത്സ ബ്ളാജ് (Mihăiță Blaj) തുടങ്ങിയവരുമായും പ്രധാനമന്ത്രി പ്ലെങ്കോവിച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും തങ്ങളുടെ കുറിപ്പിൽ പ്രെസ് ഓഫീസ് വ്യക്തമാക്കി.

സ്റ്റേറ്റ് സെക്രെട്ടറിയേറ്റിൽ നടന്ന കൂടിക്കാഴ്ചകളിൽ, ക്രൊയേഷ്യയിലെ പ്രാദേശികസഭയും സർക്കാരുമായുള്ള നല്ല ബന്ധം പ്രത്യേകമായി പരാമർശിക്കപ്പെട്ടു. പരസ്പരതാത്പര്യമുള്ള ഇടങ്ങളിൽ ഈ ബന്ധം കൂടുതൽ വളർത്തിയെടുക്കാനുള്ള സാധ്യതകളും ചർച്ച ചെയ്യപ്പെട്ടു.

പടിഞ്ഞാറൻ ബാൽക്കൻ പ്രദേശങ്ങളിലെയും, ഉക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെയും ഇരുകൂട്ടരുടെയും അഭിപ്രായങ്ങളും പങ്കുവയ്ക്കപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഡിസംബർ 2025, 14:16