തിരയുക

ലിയോ പതിനാലാമൻ പാപ്പാ ലിയോ പതിനാലാമൻ പാപ്പാ  (@Vatican Media)

വിശ്വാസത്തിന്റെ തീർത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമാകാൻ തൈസെ സമൂഹത്തെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

ജൂബിലി വർഷത്തിന്റെ സമാപനവും, നിഖ്യ കൗൺസിലിന്റെ 1700-മാത് വാർഷികവും ഒത്തുവരുന്ന ഇക്കാലത്ത്, വിശ്വാസത്തിന്റെ തീർത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമാകാൻ ഫ്രാൻസിലെ തൈസെ സമൂഹത്തിന് ലിയോ പതിനാലാമൻ പാപ്പായുടെ പേരിൽ ആഹ്വാനമേകി കർദ്ദിനാൾ പരൊളീൻ. തൈസെ സമൂഹത്തിന്റെ മേൽനോട്ടത്തിൽ പാരീസിൽ നടക്കുന്ന നാൽപ്പത്തിയെട്ടാമത്‌ യൂറോപ്യൻ യുവജനസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സന്ദേശം പരിശുദ്ധ പിതാവ് നൽകിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സംഘർഷങ്ങളും അക്രമങ്ങളും മൂലം മാനവികത ബുദ്ധിമുട്ടനുഭവിക്കുന്ന ഇക്കാലത്ത്, വിശ്വാസത്തിന്റെ തീർത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമാകാൻ തൈസെ (Taizé) സമൂഹത്തെ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ. ഫ്രാൻസിലെ പാരീസിൽ, ഡിസംബർ 28 മുതൽ ജനുവരി ഒന്ന് വരെ തീയതികളിൽ, തൈസെ സമൂഹത്തിന്റെ മേൽനോട്ടത്തിൽ നാൽപ്പത്തിയെട്ടാമത്‌ യൂറോപ്യൻ യുവജനസമ്മേളനം നടക്കുന്നതിന്റെ അവസരത്തിൽ, പരിശുദ്ധ പിതാവിന്റെ നിർദ്ദേശപ്രകാരം വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ് ഇത്തരമൊരു സന്ദേശമയച്ചത്.

സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്ക് പാപ്പാ തന്റെ ആത്മീയ സാമീപ്യം ഉറപ്പുനൽകി. ആളുകൾക്കിടയിൽ സമാധാനം സ്ഥാപിക്കാനും, കണ്ടുമുട്ടുന്ന വ്യക്തികളുമായി, എളിമയുള്ളതും ആനന്ദദായകവുമായ പ്രത്യാശ പങ്കുവയ്ക്കാനും യുവജനങ്ങളെ പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു.

ഈ വർഷത്തെ പ്രമേയമായി, തൈസെ സമൂഹത്തിന്റെ പ്രിയോർ, ബ്രദർ മാത്യു നൽകിയ "എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്" എന്ന ചോദ്യത്തെക്കുറിച്ച് പരാമർശിച്ച പാപ്പാ, മനുഷ്യരുടെയെല്ലാം ഹൃദയത്തിലുള്ള ഒന്നാണ് ഈ ചോദ്യമെന്നും, അതിനെ ഭയപ്പെടാതെയും, തന്നെ ആത്മാർത്ഥമായി തേടുന്നവർക്ക് തന്നെത്തന്നെ വെളിപ്പെടുത്തിക്കൊടുക്കുന്ന ക്രിസ്തു നമുക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും പ്രാർത്ഥനയിലും നിശ്ശബ്ദതയിലും മുന്നോട്ട് പോകാനും ഉദ്‌ബോധിപ്പിച്ചു.

ജൂബിലി വർഷത്തിന്റെ സമാപനവും, നിഖ്യ കൗൺസിലിന്റെ 1700-മാത് വാർഷികവും ഒത്തുവരുന്ന ഇക്കാലത്ത്, വിശ്വാസത്തിന്റെ തീർത്ഥാടകരും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും സൃഷ്ടാക്കളുമായി മുന്നോട്ടുനീങ്ങാനും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. ഇസ്‌നിക് എന്ന പുരാതന നിഖ്യ കൗൺസിലിന്റെ ഇടത്ത് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചതുപോലെ, സംഘർഷങ്ങളും അക്രമങ്ങളും മൂലം ബുദ്ധിമുട്ടുന്ന ഇന്നത്തെ മാനവികതയിൽനിന്ന് ഉയരുന്ന ഒരു അപേക്ഷയാണ് അനുരഞ്ജനമെന്ന് കർദ്ദിനാൾ പരൊളീൻ എഴുതി.

യുവജനസേവനവും ക്രൈസ്തവ അനുരഞ്ജനവും ലക്ഷ്യമാക്കി ബ്രദർ റൊഷെ ഷുറ്റ്സ് (Roger Schutz) എന്ന പ്രൊട്ടസ്റ്റന്റ് സഭാംഗം 1940-ൽ സ്ഥാപിച്ച എക്യൂമെനിക്കൽ സമൂഹമാണ് തൈസെ. മുപ്പതോളം രാജ്യങ്ങളിൽനിന്നായി കത്തോലിക്കാ, ആംഗ്ലിക്കൻ, പ്രൊട്ടസ്റ്റന്റ് സഭകളിൽനിന്നുള്ള എൺപതോളം സഹോദരന്മാരാണ് തൈസെ സമൂഹത്തിലുള്ളത്. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഡിസംബർ 2025, 13:51