തായ്‌ലാൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷത്തിൽ ദുഃഖമറിയിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തായ്‌ലാൻഡും കംബോഡിയയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തും, ചർച്ചകൾക്ക് ക്ഷണിച്ചും ലിയോ പതിനാലാമൻ പാപ്പാ. തെക്കുകിഴക്കൻ ഏഷ്യയിലുള്ള ഈ ഇരുരാജ്യങ്ങളും തമ്മിൽ മുൻപുണ്ടായിരുന്ന സംഘർഷങ്ങൾ പുനഃരാരംഭിച്ചതിൽ താൻ ഏറെ ദുഃഖിതനാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു. ഡിസംബർ 10 ബുധനാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് ഈയൊരു സംഘർഷത്തെക്കുറിച്ച് പാപ്പാ പരാമർശിച്ചത്.
ഇരുരാജ്യങ്ങളുടെയും അതിർത്തിപ്രദേശങ്ങളിൽ തുടരുന്ന സംഘർഷങ്ങളിൽ ഇപ്പോൾത്തന്നെ നിരവധിയാളുകൾ മരണമടഞ്ഞുവെന്നും, ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ വീടുകളിൽനിന്ന് ഇറങ്ങാൻ നിർബന്ധിതരായിരിക്കുകയാണെന്നും ഓർമ്മിപ്പിച്ച പാപ്പാ, പ്രാർത്ഥനയിലൂടെ താൻ ഈ രണ്ട് ജനവിഭാഗങ്ങൾക്കും ഒപ്പമുണ്ടെന്ന് ഉറപ്പു നൽകി.
സംഘർഷങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾ ഉടൻ വെടിനിറുത്തൽ നടപ്പിലാക്കണമെന്നും, സമാധാനം പുനഃസ്ഥാപിക്കാനായി ചർച്ചകൾ പുനഃരാരംഭിക്കണമെന്നും പാപ്പാ അഭ്യർത്ഥിച്ചു.
2025 മെയ് മുതൽ ഒക്ടോബർ വരെ നീണ്ട സംഘർഷങ്ങളുടെ ഭാഗമായി, അതിർത്തിപ്രദേശങ്ങളിൽ ഇരുകൂട്ടരും ആക്രമണങ്ങൾ അഴിച്ചുവിട്ടിരുന്നു. നവംബർ ആദ്യം മുതൽ പ്രദേശത്ത് വീണ്ടും ഈ സംഘർഷങ്ങൾ ആരംഭിക്കുകയായിരുന്നു. 1904, 1907 വർഷങ്ങളിൽ ഉണ്ടാക്കിയ കരാറുകൾ പ്രകാരമുള്ള അതിർത്തിനിർണ്ണയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കിടയിലും പ്രതിസന്ധികൾ ഉടലെടുത്തിരുന്നു. ഏതാണ്ട് എണ്ണൂറ് കിലോമീറ്ററുകൾ നീളുന്ന അതിർത്തിയാണ് ഇരു രാജ്യങ്ങൾക്കുമിടയിലുള്ളത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
