ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇടയിലൂടെ നീങ്ങുന്നു ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിലെ ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ഇടയിലൂടെ നീങ്ങുന്നു  (@Vatican Media)

ആത്മാർത്ഥതയോടെയും സമർപ്പണമനോഭാവത്തോടെയുമുള്ള ജോലി ദൈവത്തിന് മഹത്വമേകുന്നു: ലിയോ പതിനാലാമൻ പാപ്പാ

വത്തിക്കാൻ കൂരിയയിലെയും, വത്തിക്കാൻ ഗവർണറേറ്റിലെയും റോം വികാരിയാത്തിലെയും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ലിയോ പതിനാലാമൻ പാപ്പാ ഡിസംബർ 22 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ചു. പുൽക്കൂട്ടിൽ തിരുക്കുടുംബത്തിനും ഇടയന്മാർക്കുമൊപ്പം ഉള്ള മറ്റു രൂപങ്ങളിലൂടെ, സമൂഹത്തിലെ എല്ലാ യാഥാർത്ഥ്യങ്ങളും സന്നിഹിതമാണെന്നും, ദൈവികപദ്ധതിയിലാണ് നമ്മുടെ പ്രവൃത്തികളുടെ പൂർണ്ണമായ അർത്ഥവും ഭംഗിയും വെളിവാകുന്നതെന്നും പാപ്പാ.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തിരുപ്പിറവിയുടെ പുൽക്കൂട്ടിൽ, തിരുക്കുടുംബത്തിനും ആട്ടിടയന്മാർക്കുമൊപ്പം, ലോകത്ത് മറ്റു പ്രവർത്തികളിലേർപ്പെട്ടിരിക്കുന്ന മനുഷ്യരും അവിടെയുള്ള മറ്റു രൂപങ്ങളിലൂടെ പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ടെന്നും, ദൈവിക പദ്ധതിയിലാണ് നമ്മുടെ പ്രവൃത്തികളുടെ പൂർണ്ണമായ മനോഹാരിത വെളിവാകുന്നതെന്നും ലിയോ പതിനാലാമൻ പാപ്പാ. വത്തിക്കാൻ കൂരിയയിലെയും, വത്തിക്കാൻ ഗവർണറേറ്റിലെയും റോം വികാരിയാത്തിലെയും ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കും ക്രിസ്തുമസിന്റെ പശ്ചാത്തലത്തിൽ  ഡിസംബർ 22 തിങ്കളാഴ്ച രാവിലെ വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ അനുവദിച്ച കൂടിക്കാഴ്ചയിൽ സംസാരിക്കവെ, ആത്മാർത്ഥതയോടെയുള്ള ജോലി ദൈവത്തിന് മഹത്വമേകുന്നതാണെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

ഈ കൂടിക്കാഴ്ചയുടെ ആരംഭത്തിൽ, തനിക്ക് നൽകിയ ഊഷ്മളമായ അഭിവാദ്യങ്ങൾക്കും കരഘോഷത്തിനും നന്ദി പറഞ്ഞ പരിശുദ്ധ പിതാവ്, ഇതാദ്യമായി വത്തിക്കാനിൽ ജോലി ചെയ്യുന്ന ഏവരെയും അവരുടെ കുടുംബാംഗങ്ങളെയും ഒരുമിച്ച് കാണാനായതിലുള്ള സന്തോഷം മറച്ചുവച്ചില്ല. വത്തിക്കാനും പരിശുദ്ധ സിംഹാസനത്തിനും വേണ്ടി ഏവരും ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നന്ദി പറഞ്ഞ പാപ്പാ, വത്തിക്കാൻ, വിവിധ ഓഫീസുകളുടെയും സേവനങ്ങളുടയും ഒരു മൊസൈക് പോലെയാണെന്നും, താൻ അതിനെ കൂടുതലായി മനസ്സിലാക്കിവരികയാണെന്നും പറഞ്ഞു. വത്തിക്കാനുമായി ബന്ധപ്പെട്ട വിവിധ ഓഫീസുകൾ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.

ക്രിസ്തുമസിനോടടുത്ത ഈ അവസരത്തിൽ പോൾ ആറാമൻ ശാലയിൽ ഒരുക്കപ്പെട്ടിരിക്കുന്ന പുൽക്കൂടുമായി ബന്ധപ്പെട്ടു സംസാരിച്ച പാപ്പാ, സാധാരണയായി പുൽക്കൂട്ടിൽ, തിരുക്കുടുംബത്തിനും ആട്ടിടയന്മാർക്കുമൊപ്പം പഴയകാല ജീവിതസാഹചര്യങ്ങളുമായി ബന്ധപ്പെട്ടതും, ഇന്നില്ലാത്തതോ, നവീകരിക്കപ്പെട്ടതോ ആയ വിവിധ യാഥാർത്ഥ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന മറ്റു പ്രതിമകളും രൂപങ്ങളും ഇടം പിടിക്കാറുണ്ടെന്നത് ഓർമ്മിപ്പിച്ചു. നമ്മുടെ ഓരോ പ്രവർത്തനങ്ങളും ജോലികളും, അവയുടെ പൂർണ്ണമായ അർത്ഥം കണ്ടെത്തുന്നത്, ദൈവത്തിന്റെ പദ്ധതിയിലാണെന്നും, യേശുക്രിസ്തുവാണ് അതിലെ കേന്ദ്രബിന്ദുവാണെന്നുമാണ് ഇത് നമ്മെ ഓർമ്മിപ്പിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു.

പുൽത്തൊട്ടിയിലെ ഉണ്ണിയേശു എല്ലാവരെയും എല്ലാത്തിനെയും അനുഗ്രഹിക്കുന്നുവെന്നും അവന്റെ സൗമ്യവും എളിമയാർന്നതുമായ സാന്നിദ്ധ്യം ദൈവത്തിന്റെ ആർദ്രതയാണ് എങ്ങും പരത്തുന്നതെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

പുൽക്കൂട്ടിൽ പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും ഉണ്ണിയേശുവിനെ വണങ്ങുകയും ആട്ടിടയന്മാർ സാകൂതം അങ്ങോട്ടേയ്‌ക്കെത്തുകയും ചെയ്യുമ്പോൾ മറ്റുള്ളവർ തങ്ങളുടെ അനുദിനപ്രവർത്തികൾ ചെയ്യുന്നതായാണ് ചിത്രീകരിക്കപ്പെടുകയെന്നത് ഓർമ്മിപ്പിച്ച പാപ്പാ, ഇവിടെ നടക്കുന്ന പ്രധാന സംഭവത്തിൽനിന്ന് അവർ വിട്ടുനിൽക്കുന്ന പ്രതീതിയാണ് ഉളവാക്കുന്നതെങ്കിലും, യഥാർത്ഥത്തിൽ അങ്ങനെയല്ലെന്നും, നമ്മുടെ പ്രവർത്തികൾ കൃത്യമായും നല്ല രീതിയിലും ചെയ്യുന്നതുവഴി നമുക്കും ദൈവത്തെ മഹത്വപ്പെടുത്താനാകുമെന്നും പ്രസ്താവിച്ചു.

ചിലപ്പോഴൊക്കെ ആളുകൾ വിവിധ ചിന്തകളിൽ മുഴുകിയും ജോലിത്തിരക്കിലും കർത്താവിനെക്കുറിച്ചോ സഭയെക്കുറിച്ചോ ചിന്തിക്കാറില്ല എന്ന തോന്നൽ നിലനിൽക്കുമ്പോഴും, സമർപ്പണബോധത്തോടെയും, ഏറ്റവും നല്ലതായ രീതിയിലും, കുടുംബത്തോടും കുട്ടികളോടുമുള്ള സ്നേഹത്തോടെയും തങ്ങളുടെ പ്രവൃത്തികൾ ചെയ്യുക എന്നത്തിലൂടെ ദൈവത്തിന് മഹത്വം നൽകുകയാണെന്നാണ് നാം മനസ്സിലാക്കേണ്ടതെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

യേശുവിന്റെ ജനനത്തിൽനിന്ന് ലാളിത്യത്തിന്റെയും എളിമയുടെയും  ശൈലി അഭ്യസിക്കാമെന്നും, ഇത് കൂടുതലായ രീതിയിൽ സഭയുടെ ശൈലിയായി മാറുന്നതിനുവേണ്ടി ശ്രമിക്കാമെന്നും പാപ്പാ പറഞ്ഞു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 ഡിസംബർ 2025, 13:16