ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വേണ്ടി കുട്ടികളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തന്റെ നിയോഗങ്ങൾക്ക് വേണ്ടിയും, ലോകമെമ്പാടുമുള്ള കുട്ടികൾക്കുവേണ്ടിയും കുട്ടികളുടെ പ്രാർത്ഥനകൾ അഭ്യർത്ഥിച്ച് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 21 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒരുമിച്ച് കൂടിയ ആയിരക്കണക്കിന് വിശ്വാസികൾക്കും തീർത്ഥാടകർക്കും സന്ദർശകർക്കുമൊപ്പം മദ്ധ്യാഹ്നപ്രാർത്ഥന നയിച്ച വേളയിലാണ് പാപ്പാ കുട്ടികളെ പ്രത്യേകമായി അഭിസംബോധന ചെയ്യുകയും അവരുടെ പ്രാർത്ഥനകൾ അഭ്യർത്ഥിക്കുകയും ചെയ്തത്.
ക്രിസ്തുമസ് കാലത്ത് പതിവുപോലെ, വീടുകളിലും, സ്കൂളുകളിലും, ഇടവകകളിലെ യുവജനപരിശീലനകേന്ദ്രങ്ങളിലും തയ്യാറാക്കിയിരിക്കുന്ന പുൽക്കൂടുകളിൽ വയ്ക്കാനായുള്ള ഉണ്ണിയേശുവിന്റെ രൂപങ്ങൾ വെഞ്ചരിപ്പിക്കാനായി ആളുകൾ വത്തിക്കാനിൽ എത്തിയ അവസരത്തിലാണ് പുൽക്കൂടിന് മുന്നിൽ തന്റെ നിയോഗങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ പരിശുദ്ധ പിതാവ് കുട്ടികളോട് അഭ്യർത്ഥിച്ചത്. ലോകമെങ്ങുമുള്ള കുട്ടികൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നതിനുവേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പിതാവും പുത്രനും പരിശുദ്ധാത്മാവും നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ച പാപ്പാ, കുട്ടികൾ, യേശുവിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന രൂപങ്ങളും മറ്റെല്ലാ വസ്തുക്കളും ആശീർവദിച്ചു. നല്ലൊരു ഞായറാഴ്ചയും, വിശുദ്ധവും സമാധാനപരവുമായ ഒരു ക്രിസ്തുമസും ആശംസിച്ചുകൊണ്ടാണ് പാപ്പാ പ്രാർത്ഥനാസമ്മേളനം അവസാനിപ്പിച്ചത്.
ഉണ്ണിയേശുവിന്റെ രൂപങ്ങൾ ആശീർവ്വദിക്കാനായി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾക്ക് മുൻകൈയെടുത്ത റോമിലെ ഇടവക വിശ്വാസപരിശീലനകേന്ദ്രങ്ങൾക്ക് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. റോമിൽനിന്നുള്ള 1500-ലധികം കുട്ടികളും, സ്പെയിനിൽനിന്നും ഹോങ്കോങ്ങിൽനിന്നും ഉള്ള കുട്ടികളും, തീർത്ഥാടകർക്കൊപ്പം വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ എത്തിയിരുന്നു.
ആഗമനകാലം നാലാം ഞായറിലെ തിരുവചനവായനകളെ അടിസ്ഥാനമാക്കി, വിശുദ്ധ യൗസേപ്പിന്റെ ജീവിതവുമായി ബന്ധപ്പെട്ടാണ് പാപ്പാ പ്രാർത്ഥനയ്ക്ക് മുൻപ് സംസാരിച്ചത്. ഭക്തി, കരുണ, സഹാനുഭൂതി തുടങ്ങിയ വിഷയങ്ങൾ പാപ്പായുടെ പ്രഭാഷണത്തിൽ മുഖ്യ ചിന്തകളായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
