ലിയോ പതിനാലാമൻ പാപ്പായും സ്പെയിനിലെ വിശുദ്ധ തോമസ് വിയ്യനോവ ഇടവകയിൽനിന്നുള്ള തീർത്ഥാടകരും ലിയോ പതിനാലാമൻ പാപ്പായും സ്പെയിനിലെ വിശുദ്ധ തോമസ് വിയ്യനോവ ഇടവകയിൽനിന്നുള്ള തീർത്ഥാടകരും  (ANSA)

നിരന്തരമുള്ള ദൈവസാന്നിദ്ധ്യസ്മരണയിലും അദ്ധ്വാനശീലത്തിലും ജീവിക്കുക: ലിയോ പതിനാലാമൻ പാപ്പാ

സ്പെയിനിലെ അൽകലാ ദേ ഹെനാറെസ് എന്നയിടത്തുള്ള വിശുദ്ധ തോമസ് വിയ്യനോവയുടെ നാമധേയത്തിലുള്ള ഇടവകയിൽനിന്നുള്ള തീർത്ഥാടകർക്ക് ഡിസംബർ 29-ന് ലിയോ പതിനാലാമൻ പാപ്പാ കൂടിക്കാഴ്ച അനുവദിച്ചു. അഗസ്റ്റീനിയൻ സഭാംഗവും മെത്രാനുമായിരുന്ന വിശുദ്ധ തോമസിന്റെ ജീവിതമാതൃകയിൽ പ്രാർത്ഥനാ, സാമൂഹിക ജീവിതങ്ങളിൽ മുന്നോട്ട് പോകാൻ പരിശുദ്ധപിതാവിന്റെ ആഹ്വാനം.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിരന്തരമായ പ്രാർത്ഥനയുടെ ജീവിതത്തിന് ഉടമയും, അദ്ധ്വാനശീലവും പാവങ്ങളോടുള്ള പ്രത്യേക പരിഗണനയും കാത്തുസൂക്ഷിക്കുകയും ചെയ്ത വിശുദ്ധ തോമസ് വിയ്യനോവയുടേത് പോലെ, വിശുദ്ധരുടെ ജീവിതം മാതൃകയാക്കി, ക്രൈസ്തവജീവിതത്തിൽ മുന്നോട്ട് പോകാൻ ആഹ്വാനം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ, സ്പെയിനിലെ അൽകലാ ദേ ഹെനാറെസ് എന്നയിടത്ത് വിശുദ്ധ തോമസ് വിയ്യനോവയുടെ നാമധേയത്തിലുള്ള ഇടവകയിൽനിന്ന് ഏതാണ്ട് 1900 കിലോമീറ്ററുകൾ യാത്ര ചെയ്‌ത്‌ റോമിലെത്തിയ ഇടവകാംഗങ്ങൾക്കും രൂപതാമെത്രാനും വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, വിശുദ്ധന്റെ ജീവിതമാതൃക മുന്നിൽക്കണ്ട് വിശ്വാസ-സാമൂഹിക മേഖലകളിൽ മുന്നേറാൻ തീർത്ഥാടകരെ പാപ്പാ ആഹ്വാനം ചെയ്തത്.

അഗസ്റ്റീനിയൻ സഭാംഗവും മെത്രാനുമായിരുന്ന വിശുദ്ധ തോമസ് വിയ്യനോവ തുടർച്ചയായ പ്രാർത്ഥനയുടെ ആവശ്യമറിഞ്ഞിരുന്നുവെന്നും, അതുവഴി എല്ലായ്‌പ്പോഴും ദൈവസന്നിധിയിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. സ്വയം ശൂന്യവത്കരിക്കാനും, ദൈവത്തെ ശ്രവിക്കാനും, നമ്മിലൂടെ പ്രവർത്തിക്കാൻ അവനെ അനുവദിക്കാനുമുള്ള മനോഭാവവും, ആഴമേറിയ ഒരു ആന്തരികജീവിതവുമാണ് തുടർച്ചയായ പ്രാർത്ഥനയിലൂടെ അദ്ദേഹം വെളിപ്പെടുത്തിയതെന്ന് പാപ്പാ വിശദീകരിച്ചു.

വലിയ അദ്ധ്വാനശീലം കാത്തുസൂക്ഷിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ തോമസെന്ന് അനുസ്മരിച്ച പാപ്പാ, കൂടുതൽ വേഗതയിലും എളുപ്പത്തിലും എല്ലാം ലഭ്യമാകണമെന്ന് കരുതുന്ന ഒരു ലോകത്തിന് മുന്നിൽ ഇത്തരമൊരു ജീവിതം വേറിട്ടുനിൽക്കുന്നതാണെന്ന് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ ലാളിത്യത്തോടെയും സമചിത്തതയോടെയുമുള്ള പെരുമാറ്റവും ജോലിയിലുള്ള സമർപ്പണമനോഭാവവും നമുക്ക് ലഭിച്ച കഴിവുകളെ തിരിച്ചറിഞ്ഞ് സമർപ്പണമനോഭാവത്തോടെ സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഓർമ്മിപ്പിക്കുന്നതെന്നും പാപ്പാ പറഞ്ഞു.

"ദൈവത്തിന്റെ യാചകൻ" എന്ന പേര് ലഭിക്കാൻ തക്കവിധം, പാവപ്പെട്ടവരോട് സ്നേഹം കാണിച്ചിരുന്ന ഒരു വ്യക്തിയാണ് തോമസ് വിയ്യനോവ എന്ന് ഓർമ്മിപ്പിച്ച പാപ്പാ, "അദ്ദേഹത്തിന്റെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന നിങ്ങളുടെ ഇടവകയിലെ ഈ സ്നേഹത്തിന്റെ സമൂർത്തമായ അടയാളങ്ങളും പ്രവർത്തനങ്ങളും ഉണ്ടെന്നാണ് താൻ അറിഞ്ഞിട്ടുള്ളതെന്ന്" പറയുകയും, ഇത്തരമൊരു മനോഭാവം തുടരുന്നതിന് നന്ദി പറയുകയും ചെയ്തു. പാവപ്പെട്ടവൻ സഹായം ആവശ്യമുള്ള ഒരു വ്യക്തി മാത്രമല്ല, കർത്താവിന്റെ കൗദാശികസാന്നിദ്ധ്യം കൂടിയാണെന്ന് “ദിലേക്സി തേ” (Dilexi te, 44) എന്ന തന്റെ അപ്പസ്തോലിക പ്രബോധനം പരാമർശിച്ചുകൊണ്ട് പാപ്പാ പ്രസ്താവിച്ചു.

ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ മുന്നോട്ട് പോകാൻ ഏവരെയും ആഹ്വാനം ചെയ്ത പരിശുദ്ധ പിതാവ്, വിശുദ്ധരുടെ സാക്ഷ്യം ഇതിനായി നമ്മെ പ്രചോദിപ്പിക്കുകയും ധൈര്യം പകരുകയും ചെയ്യുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 ഡിസംബർ 2025, 14:18