നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികന് വെടിയേറ്റു: ഫീദെസ് ഏജൻസി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
നൈജീരിയയിൽ ഒരു കത്തോലിക്കാ വൈദികൻ കൂടി ആക്രമണത്തിനിരയായെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തെക്കൻ നൈജീരിയയിലുള്ള ഈമോ (Imo) സംസ്ഥാനത്തെ ഒവേരി (Owerri) അതിരൂപതയിൽനിന്നുള്ള റെയ്മണ്ട് ഞോക്കുവാണ് (Raymond Njoku) ക്രിസ്തുമസിന് തലേന്ന് വൈകുന്നേരം അക്രമികളുടെ ഇരയായത്.
ഇഗ്‌ബാകുവിൽ (Igbaku) വിശുദ്ധ കെവിന്റെ നാമധേയത്തിലുള്ള ഇടവകയുടെ അസിസ്റ്റന്റ് വികാരിയായ ഫാ. ഞോക്കു, വൈകുന്നേരം എട്ടുമണിയോടെ ഇടവകയിലേക്ക് തിരികെയെത്തുന്ന അവസരത്തിൽ, ഒരു വാഹനത്തിലെത്തിയ അക്രമിസംഘം അദ്ദേഹത്തിനെതിരെ നിറയൊഴിക്കുകയായിരുന്നു. ഈ പ്രദേശത്ത് മുൻപും പല തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും നടത്തിയ ഒരു സായുധ അക്രമിസംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നതെന്ന് ഫീദെസ് ഏജൻസി അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റ പുരോഹിതനെ ഇടവകയിൽനിന്നുള്ള ആളുകൾ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയും അടിയന്തിരചികിത്സ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രാദേശികാവൃത്തങ്ങളെ അധികരിച്ച് ഫീദെസ് റിപ്പോർട്ട് ചെയ്തു. ഫാ. ഞോക്കുവിന്റെ സ്ഥിതിഗതികൾ മെച്ചപ്പെട്ടു വരികയാണെന്നും, മാരകമായ ഈ ആക്രമണത്തിൽനിന്ന് അദ്ദഹം രക്ഷപെട്ടതിന് തങ്ങൾ നന്ദി പറയുന്നുവെന്നും അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ലൂസിയൂസ് ഇവേജുരു ഉഗോർജി (Lucius Iwejuru Ugorji) പ്രസ്താവിച്ചു.
ഫാ. ഞോക്കു യാത്ര ചെയ്തിരുന്ന കാറിൽ നിരവധി വെടിയുണ്ടകൾ പതിച്ചിരുന്നുവെന്ന് ആർച്ച്ബിഷപ് ഉഗോർജി അറിയിച്ചുവെന്ന് ഫീദെസ് റിപ്പോർട്ട് ചെയ്തു. ഈമോ സംസ്ഥാനത്തെ മ്പായ്ത്തോളി (Mbaitoli) പ്രാദേശിക സർക്കാർ മേഖലയിലുള്ള ഒഗ്‌ബാകുവിൽ (Ogbaku) വച്ചാണ് വൈദികനെ അക്രമിസംഘം ആക്രമിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: