ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് കൈത്താങ്ങായി ലിയോ പതിനാലാമൻ പാപ്പാ
വിവിധ കൊടുങ്കാറ്റുകളും അവയെത്തുടർന്നുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കങ്ങളും മൂലം ദുരിതമനുഭവിക്കുന്ന തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് തുണയായി ലിയോ പതിനാലാമൻ പാപ്പാ. മൺസൂൺ മഴയ്ക്ക് പുറമെ, ശ്രീലങ്ക, ഇൻഡോനേഷ്യ വിയറ്റ്നാം, തായ്‌ലാൻഡ് തുടങ്ങിയ രാജ്യങ്ങളിലായി ആയിരത്തി എണ്ണൂറോളം ആളുകളുടെ ജീവനെടുക്കുകയും, നിരവധി ആളുകൾക്ക് പരിക്കുകൾക്ക് കാരണമാകുകയും ചെയത പ്രകൃതിക്ഷോഭങ്ങൾക്ക് മുന്നിലാണ് പാപ്പാ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് കൈത്താങ്ങേകിയത്.
കൊടുങ്കാറ്റുകളും, പേമാരിയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് തന്റെ സാന്ത്വനസാമീപ്യത്തിന്റെ അടയാളമായി, വത്തിക്കാൻ അപ്പസ്തോലിക കാരുണ്യസേവനവിഭാഗത്തിലൂടെ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ, വിവിധ സഹായസമഗ്രികൾ എത്തിച്ചു.
തന്റെ അപ്പസ്തോലിക യാത്രയ്ക്ക് ശേഷം തിരികെ വത്തിക്കാനിലെത്തിയ പാപ്പാ, ഡിസംബർ 7 ഞായറാഴ്ച വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ച വേളയിൽ, പ്രകൃതിദുരന്തങ്ങളാൽ ദുരിതമനുഭവിക്കുന്ന ജനതകൾക്ക് തന്റെ സാമീപ്യം ഉറപ്പുനല്കിയതിന് പിന്നാലെയാണ്, കർദ്ദിനാൾ കോൺറാഡ് ക്രൈയേവ്സ്കിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അപ്പസ്തോലിക കാരുണ്യസേവനവിഭാഗത്തിലൂടെ സാധനസാമഗ്രികൾ എത്തിച്ചത്.
കൊടുങ്കാറ്റുകളുടെയും പേമാരിയുടെയും, അതേത്തുടർന്നുണ്ടായ മണ്ണിടിച്ചിലുകളുടെയും വെള്ളപ്പൊക്കങ്ങളുടെയും ഇരകളായി ദുരിതമനുഭവിക്കുന്ന മനുഷ്യർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സഹായമെത്തിക്കാനും അന്താരാഷ്ട്രസമൂഹത്തെയും പാപ്പാ ക്ഷണിച്ചിരുന്നു.
നവംബർ അവസാനം ശ്രീലങ്കയുടെ മദ്ധ്യപൂർവ്വദേശങ്ങളിൽ വീശിയടിച്ച ദിത്വ കൊടുങ്കാറ്റിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകൾ ദുരിതമനുഭവിക്കുകയാണെന്ന് ഈശോസഭയുടെ കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്ന മാജിസ് സംഘടന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
