ശ്രീലങ്ക: ദിത്വ കൊടുങ്കാറ്റ് വീശിയ ഇടങ്ങളിൽ കനത്ത ദുരിതങ്ങളെന്ന് മാജിസ് സംഘടന
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ശ്രീലങ്കയിൽ നവംബർ അവസാനം വീശിയടിച്ച ദിത്വ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുകയാണ് ശ്രീലങ്കയിലെ ആളുകളെന്ന് ദീർഘനാളുകളായി രാജ്യത്ത് പ്രവർത്തിക്കുന്ന മാജിസ് ഫൗണ്ടേഷൻ (Magis Fondation) ഡിസംബർ 10-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. രാജ്യത്തിന്റെ മദ്ധ്യപൂർവ്വ ദേശങ്ങളിലെ ജനങ്ങളാണ് കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് അറിയിച്ച ഫൗണ്ടേഷൻ, നിരവധിയിടങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടു കഴിയുകയാണെന്നും, ടെലിഫോൺ, വൈദ്യുത കണക്ഷനുകൾ പലയിടങ്ങളിലും ലഭ്യമല്ലായിരുന്നുവെന്നും അറിയിച്ചു.
പ്രാദേശിക, ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ കൊടുങ്കാറ്റും അതേത്തുടർന്നുണ്ടായ പ്രതിസന്ധികളും മൂലം ശ്രീലങ്കയിൽ മാത്രം 627 പേർ മരണമടഞ്ഞതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന്, മാജിസ് ഫൗണ്ടേഷൻ അംഗമായ ഫ്രാഞ്ചേസ്‌ക ഫ്ലോസി അറിയിച്ചു. 190 പേരെ ഇനിയും കണ്ടുകിട്ടിയിട്ടില്ല.
രാജ്യത്ത് എൺപത്തിനായിരത്തിലധികം വീടുകൾക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലർക്കും തങ്ങളുടെ മുഴുവൻ വസ്തുവകകകളും നഷ്ടപ്പെട്ടുവെന്നും സംഘടന അറിയിച്ചു.
ഏതാണ്ട് 25 വർഷങ്ങളോളം നീണ്ട സംഘർഷങ്ങളും, സുനാമിതിയുടെ ദുരിതഫലങ്ങളും, 2019 ഈസ്റ്റർ ദിനത്തിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ വേദനയും, കോവിഡ് വിതച്ച ദുരിതങ്ങളും അനുഭവിച്ച ശ്രീലങ്കൻ ജനതയ്ക്ക് വലിയൊരു പ്രഹരമാണ് ദിത്വ കൊടുങ്കാറ്റും അതേത്തുടർന്നുണ്ടായ മഴയും വെള്ളപ്പൊക്കവും സമ്മാനിച്ചതെന്ന് സംഘടന വിശദീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ലിയോ പതിനാലാമൻ പാപ്പാ ശ്രീലങ്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക്, അപ്പസ്തോലിക കാരുണ്യസേവനവിഭാഗം വഴി സഹായമെത്തിച്ചിരുന്നു.
ശ്രീലങ്കയിലെ രണ്ടേമുക്കാൽ ലക്ഷം കുട്ടികളുൾപ്പെടെ പതിനാല് ലക്ഷം ലക്ഷത്തോളം ആളുകളുടെ ജീവിതത്തെ ദിത്വ കൊടുങ്കാറ്റ് ബാധിച്ചുവെന്ന് യൂണിസെഫ് ഡിസംബർ 2-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: