തിരുക്കുടുംബത്തിന്റെ തിരുനാളിൽ ലോകസമാധാനത്തിനും കുടുംബങ്ങൾക്കുമായി പ്രാർത്ഥനകൾക്ക് ക്ഷണിച്ച് ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
തിരുക്കുടുംബത്തിന്റെ തിരുനാൾ ദിനത്തിൽ, സമാധാനപ്രാർത്ഥനകൾ തുടരാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. കത്തോലിക്കാസഭ 2025-ൽ തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിച്ച ഡിസംബർ 28 ഞായറാഴ്ച, വത്തിക്കാനിൽ ത്രികാലജപപ്രാർത്ഥന നയിച്ച വേളയിലാണ് ഇത്തരമൊരു ആഹ്വാനം പാപ്പാ ആവർത്തിച്ചത്.
ലോകത്ത്, യുദ്ധങ്ങൾ മൂലം വലയുന്ന കുടുംബങ്ങൾക്കുവേണ്ടിയും, കുട്ടികൾക്കും, വയോധികർക്കും, ദുർബലരായ മനുഷ്യർക്കും വേണ്ടിയും പ്രാർത്ഥിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു. നസ്രത്തിലെ തിരുക്കുടുംബത്തിന്റെ മാദ്ധ്യസ്ഥ്യത്തിന് നാമെല്ലാവരെയും സമർപ്പിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
പതിവുപോലെ, ക്രിസ്തുമസിന് ശേഷമുള്ള ആദ്യ ഞായറാഴ്ച ആചരിക്കപ്പെട്ട ഈ തിരുനാൾ ദിനത്തിൽ, ക്രൈസ്തവ കുടുംബങ്ങളുടെ പ്രത്യേകതകളും, അവയിലുണ്ടാകേണ്ട മൂല്യങ്ങളും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ പ്രത്യേകമായി അനുസ്മരിച്ചിരുന്നു. അധികാരത്തിന്റെയും സുഖസൗകര്യങ്ങളുടെയും ആഗ്രഹങ്ങളാലും, മിഥ്യാധാരണകളാലും നയിക്കപ്പെടുന്ന സമകാലീന കുടുംബങ്ങൾ അവയ്ക്ക് പകരമായി നൽകേണ്ട വിലയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയ പരിശുദ്ധ പിതാവ്, ലോകത്തിന് മാതൃകയാകുന്ന വിധത്തിൽ, ക്രൈസ്തവ കുടുംബങ്ങൾ തങ്ങളിലെ സ്നേഹജ്വാലയെ കാത്തുപരിപാലിക്കണമെന്നും ഉദ്ബോധിപ്പിച്ചിരുന്നു.
ക്രിസ്തുമസിന് ശേഷമുള്ള ആദ്യത്തേതും, ഈ വർഷത്തെ അവസാനത്തേതുമായ ഈ ഞായറാഴ്ച, പാപ്പായ്‌ക്കൊപ്പം പ്രാർത്ഥനയിൽ പങ്കെടുക്കാനും, ആശീർവാദം നേടാനായി പതിനായിരക്കണക്കിനാളുകളാണ് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിനകത്തും പുറത്തുമായി നിലയുറപ്പിച്ചിരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
