തിരയുക

ലിയോ പതിനാലാമൻ പാപ്പാ ആമുഖമെഴുതിയ ബ്രദർ ലോറൻസിന്റെ പുസ്തകം ലിയോ പതിനാലാമൻ പാപ്പാ ആമുഖമെഴുതിയ ബ്രദർ ലോറൻസിന്റെ പുസ്തകം 

ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതത്തിന്റെ ആനന്ദമാണ് ബ്രദർ ലോറൻസ് പഠിപ്പിക്കുന്നത്: ലിയോ പതിനാലാമൻ പാപ്പാ

1600-കളിൽ ജീവിച്ചിരുന്ന ഫ്രഞ്ച് കർമ്മലീത്തൻ സന്ന്യാസിയായിരുന്ന ലോറൻസിന്റെ "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകത്തിന് ലിയോ പതിനാലാമൻ പാപ്പാ ആമുഖമെഴുതി. ഡിസംബർ 19-നാണ് ഈ പുസ്തകത്തിന്റെ പുതിയ പ്രതി വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാല പുറത്തിറക്കുന്നത്. പാപ്പായുടേതുൾപ്പെടെ നിരവധി ആളുകളുടെ അദ്ധ്യാത്മികജീവിതത്തിൽ പ്രത്യേകമായ ഒരിടം കണ്ടെത്താൻ ഈ പുസ്തകത്തിനായിട്ടുണ്ട്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

വിശുദ്ധ അഗസ്റ്റിന്റെ പുസ്തകങ്ങൾക്കൊപ്പം, ദൈവത്തെ അറിയാനും സ്നേഹിക്കാനും തന്നെയുൾപ്പെടെ ഏറെപ്പേരെ ബ്രദർ ലോറൻസ് എന്ന കർമ്മലീത്താ സന്ന്യസ്തന്റെ  "ദൈവസാന്നിദ്ധ്യത്തിന്റെ അനുഭവം" എന്ന പുസ്തകം സഹായിച്ചിട്ടുണ്ടെന്ന് ലിയോ പതിനാലാമൻ പാപ്പാ. ആയിരത്തിഅറുനൂറുകളിൽ ജീവിച്ചിരുന്ന ബ്രദർ ലോറൻസിന്റെ പുസ്തകത്തിന്റെ പുതിയ പ്രതി, വത്തിക്കാൻ പുസ്തക പ്രസിദ്ധീകരണശാല ഡിസംബർ 19-ന് പ്രസിദ്ധീകരിച്ച അവസരത്തിൽ ഈ പുസ്തകത്തിനായി എഴുതിയ ആമുഖത്തിൽ, അനുദിനം ദൈവസന്നിദ്ധ്യത്തിൽ ജീവിക്കുന്നതിലെ ആനന്ദമാണ് ബ്രദർ ലോറൻസ് പഠിപ്പിക്കുന്നതെന്ന് പരിശുദ്ധ പിതാവ് എഴുതി.

ബ്രദർ ലോറൻസ് മുന്നോട്ടുവയ്ക്കുന്ന അദ്ധ്യാത്മികശൈലി ഒരേസമയം എളുപ്പമുള്ളതും, അതേസമയം ബുദ്ധിമുട്ടേറിയതുമാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഇത് എളുപ്പമുള്ളതാണ്, കാരണം, തുടർച്ചയായി, ചെറിയ സ്തുതിപ്പുകളാലും, പ്രാർത്ഥനകളാലും അപേക്ഷകളാലും, അതായത് പ്രവൃത്തികളിലും ചിന്തകളിലും ദൈവത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽ കൊണ്ടുനടക്കാനാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

ലോറൻസ് മുന്നോട്ട് വയ്ക്കുന്ന ജീവിതശൈലി, പ്രവൃത്തികളുടെ മാത്രമല്ല, നമ്മുടെ മനസ്സിന്റെ ശുദ്ധീകരണവും ഉപേക്ഷയും പരിവർത്തനവും ആവശ്യപ്പെടുന്നതാണെന്നും, അതുകൊണ്ടുതന്നെ അത് ബുദ്ധിമുട്ടേറിയതാണെന്നും പരിശുദ്ധ പിതാവ് എഴുതി.

ദൈവവുമായുള്ള കണ്ടുമുട്ടലിന്റെയും സംഭാഷണത്തിന്റെയും, പൂർണ്ണമായ സമർപ്പണത്തിന്റെയും ശൈലിയിലുള്ള ദൈവാനുഭവം ബ്രദർ ലോറൻസ് മുന്നോട്ടുവയ്ക്കുമ്പോൾ, വലിയ അദ്ധ്യാത്മികവ്യക്തിത്വങ്ങളുടെ അനുഭവങ്ങളെയാണ് നമുക്ക് മുന്നിൽ കൊണ്ടുവരികയെന്ന് അഭിപ്രായപ്പെട്ട പാപ്പാ, അവിലയിലെ വിശുദ്ധ ത്രേസ്യ സാക്ഷ്യപ്പെടുത്തുന്ന “ദൈവവുമായുള്ള അടുപ്പത്തെക്കുറിച്ച്” പരാമർശിച്ചു. അനുദിനജീവിതത്തിൽ പ്രായോഗികമാക്കാൻ കഴിയുന്ന ഇത്തരമൊരു ജീവിതശൈലിയിലേക്കാണ് ലോറൻസും നമ്മെ ക്ഷണിക്കുന്നത്.

തന്റെ ചെറുപ്പകാലത്തെ പാപങ്ങൾക്ക് പരിഹാരം ചെയ്യാനും, ജീവിതം ദൈവത്തിനായി വ്യയം ചെയ്യാനും ആഗ്രഹിച്ച് സന്ന്യസ്തജീവിതത്തിൽ പ്രവേശിച്ച ലോറൻസ് അവിടെ ആനന്ദം നിറഞ്ഞ ഒരു ജീവിതമാണ് കണ്ടെത്തിയതെന്നും, ഈയൊരർത്ഥത്തിൽ, താൻ "കബളിക്കപ്പെട്ടുവെന്ന്" പോലും അദ്ദേഹം ചിന്തിച്ചുവെന്നും, തന്റെ വലിയ പ്രവൃത്തികൾ പോലും കർത്താവിന്റെ അനന്തമായ സ്നേഹവുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതാണെന്ന് വളരെ വിനയത്തോടെയും, എന്നാൽ നർമ്മം കലർന്ന ഭാഷയിൽ ലോറൻസ് സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

ലോറൻസ് മുന്നോട്ട് വയ്ക്കുന്ന വിശ്വാസയാത്ര, ദൈവവുമായുള്ള പരിചയം വളർത്തിയെടുക്കാനും, ദൈവസാന്നിദ്ധ്യത്തിന് നമ്മുടെ ഉള്ളിൽ സ്ഥാനം കൊടുക്കാനും, അവനോടൊത്തുള്ള ജീവിതത്തിൽ ആനന്ദം കണ്ടെത്താനും സഹായിക്കുന്നതാണെന്ന് പരിശുദ്ധ പിതാവ് പ്രസ്താവിച്ചു.

നമ്മുടെ സമർപ്പണത്തിന് നൂറിരട്ടിയായി തിരികെത്തരുന്നവനാണ് പിതാവായ ദൈവമെന്നും, ദൈവസാന്നിദ്ധ്യത്തിലുള്ള ജീവിതത്തിന് നമ്മെത്തന്നെ സമർപ്പിക്കുന്നത്, പറുദീസയുടെ ഒരു മുന്നാസ്വാദനമായി മാറുന്നുണ്ടെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ഡിസംബർ 2025, 13:28