നമ്മോടൊപ്പമായിരിക്കാൻ ആഗ്രഹിക്കുന്ന ദൈവം പാവങ്ങളെ മറക്കരുതെന്ന് ഓർമ്മിപ്പിക്കുന്നു: ലിയോ പതിനാലാമൻ പാപ്പാ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ഗാസയിലെ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരെയും, ഭവനരഹിതരും അഭയാർത്ഥികളുമായ മനുഷ്യരെയും പാവപ്പെട്ടവരെയുമാണ് ഉണ്ണിയേശുവിന്റെ പുൽക്കൂടെന്ന കൂടാരത്തിലെ ദുർബലത ഓർമ്മിപ്പിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. തിരുപ്പിറവിദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ അർപ്പിച്ച വിശുദ്ധ ബലിമധ്യേ നടത്തിയ പ്രഭാഷണത്തിലാണ് പാവപ്പെട്ടവരോടും സഹനമനുഭവിക്കുന്ന മനുഷ്യരോടുമുണ്ടാകേണ്ട കരുതലിനെക്കുറിച്ചുകൂടി ക്രിസ്തുമസ് ഓർമ്മപ്പെടുത്തുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചത്.
പുൽക്കൂട്ടിൽ ഉണ്ണിയേശുവിന്റെ ശരീരം, മനുഷ്യരെ കണ്ടുമുട്ടാനുള്ള ദൈവത്തിന്റെ ഹിതമാണ് വിളിച്ചോതുന്നതെന്ന് പ്രസ്താവിച്ച പാപ്പാ, വചനമാകുന്ന ദൈവം നമുക്കിടയിൽ സ്ഥാപിച്ച ദുർബലമായ കൂടാരമാണ് ബെത്ലഹേമിൽ നാം കാണുന്നതെന്ന് ഓർമ്മിപ്പിച്ചു. ഈ തിരുപ്പിറവിയും അതിനോട് ചേർന്നുള്ള അതുമായി ബന്ധപ്പെട്ട ദുർബലമായ കൂടാരത്തിനും മുന്നിൽ, ആഴ്ചകളായി കടുത്ത തണുപ്പിലും, മഴയിലും കാറ്റിലും ബുദ്ധിമുട്ടനുഭവിക്കുന്ന ഗാസയിലെ കൂടാരങ്ങളെയും അവിടുത്തെ ജനങ്ങളെയും, നമ്മുടെ നഗരങ്ങളിലുള്ള ഭവനരഹിതരായ ആയിരക്കണക്കിന് ആളുകളെയും എങ്ങനെ മറക്കാനാകുമെന്ന് പാപ്പാ ചോദിച്ചു.
പാവപ്പെട്ടവരും ദുരിതമനുഭവിക്കുന്നവരുമായ മനുഷ്യർക്കൊപ്പം, ലോകത്തിന്റെ വിവിധയിടങ്ങളിൽ തുടരുന്ന യുദ്ധങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരെയും, സ്വന്തം താല്പര്യങ്ങൾക്ക് വിരുദ്ധമായി ആയുധങ്ങൾ എടുക്കാൻ നിർബന്ധിതരാകുന്ന ചെറുപ്പക്കാരെയും, യുദ്ധങ്ങളുടെ മുൻനിരയിൽ മരണത്തിന് ഇരകളാകാൻ വിട്ടുകൊടുക്കപ്പെടുന്ന മനുഷ്യരെയും പാപ്പാ തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു. സമാധാനമായിരിക്കണം മനുഷ്യർ പിന്തുടരേണ്ട പാതയെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.
സംഘർഷങ്ങളും യുദ്ധങ്ങളുമുൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പരിഹാരത്തിനും സമാധാനസ്ഥാപനത്തിനും തുറന്ന മനസ്സോടെയുള്ള സംവാദത്തിന്റെ ആവശ്യം എടുത്തുകാട്ടിയ പാപ്പാ, മുട്ടിന്മേൽ നിന്നുകൊണ്ട്, മറ്റുള്ളവരുടെ മാനവികതയെ തിരിച്ചറിയേണ്ടതിന്റെയും മറ്റുള്ളവരെ ശ്രവിക്കേണ്ടതിന്റെയും പ്രാധാന്യം തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
ചരിത്രപരമായ ക്രിസ്തുമസ് ബലിയർപ്പണം
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ 1994 ഡിസംബർ 25-ലെ ക്രിസ്തുമസ് ദിനത്തിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ ബലിയർപ്പിച്ചതിന് ശേഷം മുപ്പത്തിയൊന്ന് വർഷങ്ങൾക്കിപ്പുറമാണ് ഒരു പാപ്പാ തിരുപ്പിറവിയുടെ ദിനത്തിൽ ബസലിക്കയുടെ പ്രധാന അൾത്താരയിൽ ബലിയർപ്പിച്ചത്.
ഡിസംബർ 25 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ മട്ടുപ്പാവിൽനിന്ന് പതിവുള്ള "ഉർബി എത് ഓർബി" പ്രഭാഷണവും ആശീർവാദവും ലിയോ പതിനാലാമൻ പാപ്പാ നൽകിയിരുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
