പാപ്പാ: കടമ നിർവ്വഹണാനന്തരം കർത്താവിന് ഇടമേകാൻ പിൻവലിയുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസീസ് പാപ്പാ, ഈ ഞായറാഴ്ചയും (15/01/23) പതിവുപോലെ, വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. രാവിലെ ചാറ്റൽ മഴയും കാർമേ ഘാവൃത അന്തരീക്ഷവും പ്രതികൂലാവസ്ഥ സൃഷ്ടിച്ചിരുന്നെങ്കിലും മദ്ധ്യാഹ്നത്തിൽ ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായ പാപ്പായെ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയം ആനന്ദരവങ്ങളോടെ വരവേറ്റു. ഈ ഞായറാഴ്ച (15/01/23) ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, യോഹന്നാൻറെ സുവിശേഷം ഒന്നാം അദ്ധ്യായം 29-34 വരെയുള്ള വാക്യങ്ങൾ, അതായത്, തൻറെ അടുത്തേക്കു വരുന്ന യേശുവിനെ സ്നാപക യോഹന്നാൻ ,“ഇതാ, ലോകത്തിൻറെ പാപം നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാട്” എന്ന് വിശേഷിപ്പിച്ചുകൊണ്ട് സാക്ഷ്യമേകുന്ന സംഭവം രേഖപ്പെടുത്തിയിരിക്കുന്ന ഭാഗം ആയിരുന്നു, പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, നടത്തിയ വിചിന്തനത്തിന് ആധാരം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നൽകിയ സന്ദേശത്തിൻറെ പരിഭാഷ:
സ്നാപകൻറെ സാക്ഷ്യം
പ്രിയ സഹോദരീസഹോദരന്മാരേ, ശുഭ ഞായർ!
യേശുവിനെ ജോർദ്ദാൻ നദിയിൽ വച്ച് സ്നാനപ്പെടുത്തിയതിന് ശേഷം, അവിടത്തെക്കുറിച്ച് സ്നാപക യോഹന്നാൻ നല്കുന്ന സാക്ഷ്യമാണ് ഇന്നത്തെ ആരാധനാക്രമത്തിലെ സുവിശേഷം അവതരിപ്പിക്കുന്നത്. സ്നാപകൻ ഇപ്രകാരം പറയുന്നു: " ഇതാ എൻറെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്. എന്തെന്നാൽ എനിക്കു മുമ്പുതന്നെ ഇവനുണ്ടായിരുന്നു” എന്നു ഞാൻ പറഞ്ഞവൻ” (യോഹന്നാൻ 1, 29-30).
സ്നാപകൻറെ സേവന ഭാവാവിഷ്ക്കരണം
ഈ പ്രസ്താവന, ഈ സാക്ഷ്യം, സ്നാപക യോഹന്നാൻറെ സേവന മനോഭാവം വെളിപ്പെടുത്തുന്നു. മിശിഹായ്ക്ക് വഴി ഒരുക്കുന്നതിന് അയയ്ക്കപ്പെട്ടവനായിരുന്നു അവൻ, അത് അവൻ പൂർണ്ണ സമർപ്പണത്തോടൂകൂടി ചെയ്തു. അതിന് അവന് ഒരു "സമ്മാനം" നൽകപ്പെടുമെന്ന്, യേശുവിൻറെ പരസ്യജീവിതത്തിൽ ഒരു പ്രമുഖ സ്ഥാനം നൽകപ്പെടുമെന്ന് മാനുഷികമായി ചിന്തിച്ചുപോകാം. എന്നാൽ അങ്ങനെയല്ല. തൻറെ ദൗത്യം പൂർത്തിയാക്കിയതിനു ശേഷം, എങ്ങനെ മാറിനിൽക്കണമെന്ന് യോഹന്നാന് അറിയാം, യേശുവിന് ഇടം നൽകാനായി അവൻ രംഗത്തു നിന്ന് പിൻവാങ്ങുന്നു. ആത്മാവ് യേശുവിൻറ മേൽ ഇറങ്ങുന്നത് അവൻ കണ്ടു (യോഹന്നാൻ 1,33-34), സ്നാപകൻ യേശുവിനെ ലോകത്തിൻറെ പാപം നീക്കുന്ന ദൈവത്തിൻറെ കുഞ്ഞാടായി ചൂണ്ടിക്കാട്ടി, ഇപ്പോൾ അവൻ താഴ്മയോടെ ശ്രവണ സന്നദ്ധനായി നിലകൊള്ളുന്നു. പ്രവാചകനിൽ നിന്ന് ശിഷ്യനിലേക്ക്. അവൻ ജനങ്ങളോട് പ്രസംഗിച്ചു, ശിഷ്യന്മാരെ ഒരുമിച്ചു ചേർക്കുകയും അവരെ വളരെക്കാലം പരിശീലിപ്പിക്കുകയും ചെയ്തു. എന്നിട്ടും അവൻ ആരെയും താനുമായി ബന്ധിച്ചു നിറുത്തുന്നില്ല. ഇത് ബുദ്ധിമുട്ടാണ്, പക്ഷേ ഇത് യഥാർത്ഥ പരിശീലകൻറെ അടയാളമാണ്: ആളുകളെ അവനവനുമായി ബന്ധിപ്പിക്കരുത്. യോഹന്നാൻ ചെയ്യുന്നത് ഇതാണ്: അവൻ തൻറെ ശിഷ്യന്മാരെ യേശുവിൻറെ കാലടികളിലാക്കുന്നു, തനിക്ക് ഒരു അനുയായി ഉണ്ടായിരിക്കാനും, പേരും പെരുമയും നേടാനും അവന് താൽപ്പര്യമില്ല, എന്നാൽ അവൻ സാക്ഷ്യം വഹിക്കുകയും പിന്നീട് ഒരു ചുവട് പിന്നോട്ട് പോകുകയും ചെയ്യുന്നു, അത് അനേകർക്ക് യേശുവിനെ കണ്ടുമുട്ടുന്നതിൻറെ ആന്ദം ലഭിക്കുന്നതിനാണ്. യേശുവിനെ കണ്ടുമുട്ടുന്നു, നമുക്ക് പറയാൻ സാധിക്കും: അവൻ വാതിൽ തുറക്കുകയും പോകുകയും ചെയ്യുന്നു.
സ്നാപകൻ നല്കുന്ന പാഠം
തൻറെ ഈ സേവന മനോഭാവത്തോടെ, യേശുവിന് ഇടം നൽകാനുള്ള തൻറെ കഴിവ് ഉപയോഗിച്ച്, സ്നാപക യോഹന്നാൻ നമ്മെ സുപ്രധാനമായ ഒരു കാര്യം പഠിപ്പിക്കുന്നു: അതായത്, ബന്ധനങ്ങളിൽ നിന്നുള്ള മുക്തി. അതെ, കാരണം പദവികളോടും സ്ഥാനമാനങ്ങളോടും ആദരവ്, അംഗീകാരം, പാരിതോഷികം എന്നിവയോടും നാം എളുപ്പത്തിൽ ആസക്തിയുള്ളവരാകാം. ഇത് സ്വാഭാവികമാണെങ്കിലും, ഒരു നല്ല കാര്യമല്ല, കാരണം സേവനത്തിൽ സൗജന്യത, സ്വന്തം കാര്യസാദ്ധ്യത്തിനു വേണ്ടിയല്ലാതെ, ഗൂഢലക്ഷ്യങ്ങളില്ലാതെ, പ്രതിഫലേച്ഛയില്ലാതെ അപരനെ പരിപാലിക്കൽ അടങ്ങിയിരിക്കുന്നു. ജീവിതാധാരം യേശുവാണെന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ട്, യോഹന്നാനെപ്പോലെ, ഉചിതമായ നിമിഷത്തിൽ സ്വയം പിന്മാറുക എന്ന പുണ്യം വളർത്തിയെടുക്കുന്നത് നമുക്കും ഗുണകരമാണ്. മാറിനിൽക്കൽ, വിടചൊല്ലാൻ പഠിക്കൽ. ഞാൻ ഈ ദൗത്യം പൂർത്തിയാക്കി, ഞാൻ ഈ സമാഗമം ഒരുക്കി, ഇനി ഞാൻ മാറി കർത്താവിന് ഇടം നല്കുന്നു. മാറി നിൽക്കാൻ പഠിക്കുക, പ്രതിഫലം പറ്റാതിരിക്കുക.
അപരന് സ്ഥാനമേകാനുള്ള പിന്മാറ്റം
നായകനാകാനോ അല്ലെങ്കിൽ സ്വാർത്ഥ താല്പര്യപൂരണത്തിനോ വേണ്ടിയല്ല, പ്രത്യുത, മറ്റുള്ളവരെ യേശുവിലേക്കാനയിക്കുന്നതിനായി, പ്രസംഗിക്കാനും ആഘോഷിക്കാനും വിളിക്കപ്പെട്ട ഒരു പുരോഹിതനെ സംബന്ധിച്ചിടത്തോളം ഇത് എത്രമാത്രം പ്രധാനമാണെന്ന് നമുക്ക് ചിന്തിക്കാം. ഏറെ ത്യാഗം സഹിച്ച് മക്കളെ വളർത്തുകയും എന്നാൽ പിന്നീട് ജോലിയിലും വിവാഹത്തിലും ജീവിതത്തിലും അവരുടേതായ പാത സ്വീകരിക്കാൻ അവരെ സ്വതന്ത്രരരായി വിടേണ്ടിവരുകയും ചെയ്യുന്ന മാതാപിതാക്കളെ സംബന്ധിച്ച് ഇത് എത്രമാത്രം സുപ്രധാനമാണ് എന്ന് നമുക്ക് ചിന്തിക്കാം. "ഞങ്ങൾ നിങ്ങളെ തനിച്ചാക്കില്ല" എന്ന് മക്കളോടു പറഞ്ഞുകൊണ്ട്, വിവേചനബുദ്ധിയോടെയും, കടന്നുകയറ്റം കൂടാതെയും, മാതാപിതാക്കൾ അവരുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നത് മനോഹരവും ഉചിതവുമാണ്. വളരാനുള്ള സ്വാതന്ത്ര്യം. സൗഹൃദം, ദാമ്പത്യ ജീവിതം, സമൂഹജീവിതം എന്നിങ്ങനെയുള്ള മറ്റ് മേഖലകൾക്കും ഇത് ബാധകമാണ്. ഒരാളുടെ അഹത്തോടുള്ള ആസക്തിയിൽ നിന്ന് സ്വയം മോചിതനാകുകയും എങ്ങനെ മാറിനിൽക്കണമെന്ന് അറിയുകയും ചെയ്യുന്നതിന് ഏറെ വില നല്കേണ്ടിവരുമെങ്കിലും വളരെ പ്രധാനമാണ്: പ്രതിഫലം തേടാതെ, സേവന മനോഭാവത്തിൽ വളരുന്നതിനുള്ള നിർണ്ണായക ചുവടുവയ്പാണ് ഇത്.
അഹത്തിൻറെ ആസക്തികളിൽ നിന്ന് മുക്തരാകാൻ നമുക്ക് സാധിക്കുന്നുണ്ടോ?
സഹോദരീസഹോദരന്മാരേ, നമുക്ക് സ്വയം ചോദിക്കാൻ ശ്രമിക്കാം: മറ്റുള്ളവർക്ക് ഇടം നൽകാൻ നമുക്കു കഴിയുമോ? അംഗീകാരം അവകാശപ്പെടാതെ, അവരെ കേൾക്കാൻ, അവരെ സ്വതന്ത്രരാക്കാൻ, അവരെ നമ്മളുമായി ബന്ധിക്കാതിരിക്കാൻ നാം പ്രാപ്തരാണോ? ചിലപ്പോൾ അവരെ സംസാരിക്കാൻ അനുവദിക്കാൻ പോലും നമുക്കു സാധിക്കുമോ? "എന്നാൽ നിനക്ക് ഒന്നും അറിയില്ല!" എന്നു പറയരുത്. മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുക, മറ്റുള്ളവർക്ക് ഇടം നൽകുക. നാം മറ്റുള്ളവരെ യേശുവിലേക്കാണോ അതോ നമ്മിലേക്കാണോ ആകർഷിക്കുന്നത്? വീണ്ടും, നമുക്ക് യോഹന്നാൻറെ മാതൃക പിൻചെല്ലാം: ആളുകൾ അവരവരുടേതായ പാത സ്വീകരിക്കുകയും അവരുടെ വിളി പിന്തുടരുകയും ചെയ്യുമ്പോൾ, അത്, നമ്മെ സംബന്ധിച്ചിടത്തോളം ചെറിയൊരു വേർപിരിയൽ ഉൾപ്പെടുന്നതാണെങ്കിലും, അതിൽ, സന്തോഷിക്കാൻ നമുക്കറിയാമോ? അവരുടെ നേട്ടങ്ങളിൽ നാം ആത്മാർത്ഥമായും അസൂയ കൂടാതെയും സന്തോഷിക്കുന്നുണ്ടോ? ഇതാണ് മറ്റുള്ളവരെ വളരാൻ അനുവദിക്കൽ.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
കർത്താവിൻറെ ദാസിയായ മറിയമേ, ആസക്തികളിൽ നിന്ന് മുക്തരാകാനും കർത്താവിന് ഇടം നൽകാനും മറ്റുള്ളവർക്ക് ഇടം നൽകാനും ഞങ്ങളെ സഹായിക്കേണമേ.
ത്രികാല ജപവും ആശീർവ്വാദവും
പ്രഭാഷണാനന്തരം പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ, അനുവർഷം ജനുവരി 18-25 വരെ ക്രൈസ്തവൈക്യത്തനായുള്ള പ്രാർത്ഥനാവാരം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.
ക്രൈസ്തവൈക്യത്തിനായുള്ള അഷ്ടദിന പ്രാർത്ഥന
“നന്മ പ്രവർത്തിക്കാൻ ശീലിക്കുവിൻ. നീതി അന്വേഷിക്കുവിൻ” (ഏശയ്യാ 1,17) ഏശയ്യാ പ്രവാചകൻറെ പുസ്തം ഒന്നാം അദ്ധ്യായത്തിലെ പതിനേഴാമത്തെതായ ഈ വാക്യമാണ് ഇക്കൊല്ലത്തെ ഈ ദിനാചരണത്തിൻറെ വിചിന്തന പ്രമേയം എന്ന് പറഞ്ഞ പാപ്പാ, കർത്താവ് സ്വന്തം ജനത്തെ വിശ്വസ്തതയോടും ക്ഷമയോടുംകൂടെ പൂർണ്ണ കൂട്ടായ്മയിലേക്ക് നയിക്കുന്നതിന് നന്ദി പ്രകാശിപ്പിക്കുകയും തൻറെ ദാനങ്ങളാൽ നമ്മെ പ്രബുദ്ധരാക്കുകയും താങ്ങിനിറുത്തുകയും ചെയ്യുന്നതിനായി പരിശുദ്ധാരൂപിയോടു പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
എക്യുമെനിക്കൽ ജാഗര പ്രാർത്ഥന, വത്തിക്കാനിൽ സെപ്റ്റംബർ 30-ന്
ക്രൈസ്തവൈക്യത്തിൻറെ പാതയും സഭയുടെ സിനഡാത്മക പരിവർത്തന സരണിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ, അതുകൊണ്ടു തന്നെ, സെപ്റ്റംബർ 30-ന് ശനിയാഴ്ച വിശുദ്ധ പതോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഒരു എക്യുമെനിക്കൽ ജാഗര പ്രാർത്ഥന നടത്തുമെന്ന് വെളിപ്പെടുത്തി. മെത്രാന്മാരുടെ സിനഡിൻറെ പതിനാറാം സാധാരാണ പൊതുസമ്മേളനത്തിൻറെ പ്രവർത്തനങ്ങളെ ഈ ജാഗരപ്രാർത്ഥനയിൽ ദൈവത്തിനു സമർപ്പിക്കുമെന്നും പാപ്പാ പറഞ്ഞു. ഈ പ്രാർത്ഥനാജാഗരത്തിനെത്തുന്ന യുവജനത്തിനായി ടെസെ എക്യുമെനിക്കൽ സമൂഹത്തിൻറെ ആഭിമുഖ്യത്തിൽ ആ വാരാന്ത്യത്തിൽ മുഴുവനും ഒരു പ്രത്യേക പരിപാടി ഉണ്ടായിരിക്കുമെന്നും പാപ്പാ അറിയിച്ചു. ദൈവജനത്തിൻറെ ഈ സമാഗമത്തിൽ സംബന്ധിക്കാൻ പാപ്പാ എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലെയും സഹോദരീസഹോദരന്മാരെ ക്ഷണിക്കുകയും ചെയ്തു.
ഉക്രൈൻ ജനതയ്ക്കായി പ്രാർത്ഥിക്കുക, അവരെ സഹായിക്കുക, അവരുടെ ചാരത്തായിരിക്കുക
തുടർന്ന് പാപ്പാ ഏറെ ദുരിതമനുഭവിക്കുന്ന പീഡിത ഉക്രൈയിൻ ജനതയെ അനുസ്മരിച്ചു. സഹായം നല്കിയും പ്രാർത്ഥനയാലും വൈകാരികമായും അവരുടെ ചാരെ ആയിരിക്കാൻ പാപ്പാ എല്ലാവരോടും അഭ്യർത്ഥിച്ചു.
സമാപനാഭിവാദ്യം
ചത്വരത്തിൽ സന്നിഹിതരായിരുന്ന റോമാക്കാരും മറ്റിടങ്ങളിൽ നിന്നെത്തിയിരുന്നവരുമായ തീർത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ വിശുദ്ധ പത്രോസിൻറെ കബറിട സന്ദർശനം അവരുടെ വിശ്വാസത്തെയും സാക്ഷ്യത്തെയും ശക്തിപ്പെടുത്തട്ടെ എന്ന് ആശംസിച്ചു. ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ശുഭ ഞായർ നേരുകയും തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിക്കുകയും ചെയ്തു. തദ്ദനന്തരം പാപ്പാ, എല്ലാവര്ക്കും നല്ല ഒരു ഉച്ചവിരുന്നു ആശംസിക്കുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് കൈകൾ വീശി സുസ്മേരവദനനായി, ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: