പാപ്പാ: ദൈവമാതാവിൻറെ കരുതലിൻറെ ഭാഷ!

ഫ്രാൻസീസ് പാപ്പാ, ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ, ജനുവരി ഒന്നിന് നല്കിയ മദ്ധ്യാഹ്നനപ്രാർത്ഥനാ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തിരുസഭ, ദൈവജനനിയുടെ തിരുന്നാളും വിശ്വശാന്തിദിനവും ആചരിച്ച ഈ ഞായറാഴ്ച (01/01/23) ഫ്രാൻസീസ് പാപ്പാ, ഞായറാഴ്ചകളിലെ പതിവനുസരിച്ച്,  വത്തിക്കാനിൽ മദ്ധ്യാഹ്നപ്രാർത്ഥന നയിച്ചു. ഈ ത്രികാല പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന് വിവിധ രാജ്യക്കാരായിരുന്ന നിരവധി വിശ്വാസികൾ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ  സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക്, ഇന്ത്യയിലെ സമയം, ഇന്ത്യയും ഇറ്റലിയും തമ്മിൽ ഇപ്പോഴുള്ള സമയവിത്യാസമനുസരിച്ച്, വൈകുന്നേരം 4,30-ന് പ്രാർത്ഥന ചൊല്ലുന്നതിനായി പാപ്പാ, ആ സമയത്തിന് അല്പം മുമ്പ് അരമനയുടെ മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ ബസിലിക്കാങ്കണത്തിൽ സന്നിഹിതരായിരുന്ന ജനസഞ്ചയത്തിൻറെ ആനന്ദരവങ്ങളുയർന്നു. ലത്തീൻ റീത്തിൻറെ ആരാധനാക്രമനുസരിച്ച്, ഈ ഞായറാഴ്ച (01/01/23) ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട ദൈവവചന ഭാഗങ്ങളിൽ, ലൂക്കായുടെ സുവിശേഷം രണ്ടാം അദ്ധ്യായം 16-21 വരെയുള്ള വാക്യങ്ങൾ, അതായത്, യേശുവിൻറെ ജനനത്തെക്കുറിച്ചു ദൈവദൂതർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇടയന്മാർ നേരിട്ടു പോയി കണ്ടതും അത് അവർ മറ്റുള്ളവരെ അറിയിക്കുന്നതും മറിയമാകട്ടെ സകലവും ഹൃദയത്തിൽ സംഗ്രഹിച്ച് ഗാഢമായി ചിന്തിച്ചുകൊണ്ടിരിക്കുന്നതുമായ സംഭവം വവരിക്കുന്ന ഭാഗം ആയിരുന്നു, പ്രാർത്ഥനയ്ക്കു മുമ്പ്, പാപ്പാ, നടത്തിയ വിചിന്തനത്തിന് ആധാരം.

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നല്കിയ സന്ദേശത്തിൻറെ പരിഭാഷ:

 ബെനഡിക്ട് പതിനാറാമൻ  പാപ്പായുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കാം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനവും പുതുവത്സരാശംസകളും!

ഒരു പുതുവർഷാരംഭം നമ്മൾ ഇന്ന് ദൈവമാതാവായി പ്രകീർത്തിക്കുന്ന ഏറ്റം പരിശുദ്ധയായ മറിയത്തിന് ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. ഇന്നലെ രാവിലെ ഇഹലോകവാസം വെടിഞ്ഞ എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമനു വേണ്ടി ഈ മണിക്കൂറുകളിൽ നമുക്ക് അവളുടെ മാദ്ധ്യസ്ഥ്യം തേടാം. സുവിശേഷത്തിൻറെയും സഭയുടെയും ഈ വിശ്വസ്‌ത ദാസനെ സമ്മാനിച്ചതിന് ദൈവത്തിന് നന്ദി പറയുന്നതിൽ നമുക്കെല്ലാവർക്കും ഏകമനസ്സോടും ഏക ആത്മാവോടും കൂടെ ഒന്നു ചേരാം. അല്പം മുമ്പ് നമ്മൾ ബെനഡിക്ട് പാപ്പായുടെ എല്ലാ പ്രവർത്തനങ്ങളും ജീവിതവും ടെലെവിഷനിൽ "അവൻറെ പ്രതിച്ഛായയിൽ" (ആ സുവ ഇമ്മാജിനെ- A sua immagine) എന്ന പരിപാടിയിൽ കാണുകയുണ്ടായി.

പരിശുദ്ധ മറിയത്തിൻറെ സംസാര ശൈലി

യേശു ജനിച്ച ഗുഹയിൽ ആയിരിക്കുന്ന  മറിയത്തെ നാം ഇപ്പോഴും ധ്യാനിക്കുമ്പോൾ, നമുക്ക് സ്വയം ചോദിക്കാം: പരിശുദ്ധ കന്യക നമ്മോട് ഏത് രീതിലാണ് സംസാരിക്കുന്നത്? മറിയം എങ്ങനെയാണ് സംസാരിക്കുന്നത്? ആരംഭംകുറിക്കുന്ന ഈ വർഷത്തിനായി നമുക്ക് അവളിൽ നിന്ന് എന്താണ് പഠിക്കാൻ കഴിയുക? നമുക്ക് ഇങ്ങനെ പറയാം: "മാതാവേ, ഈ വർഷം ഞങ്ങൾ ചെയ്യേണ്ടത് എന്തെന്ന് ഞങ്ങളെ പഠിപ്പിക്കുക".

മറിയത്തിൻറെ മൗനം    

വാസ്തവത്തിൽ, ഇന്നത്തെ ആരാധനാക്രമം നമുടെ മുന്നിൽ അവതരിപ്പിക്കുന്ന രംഗം നോക്കിയാൽ, മറിയം സംസാരിക്കുന്നില്ല എന്നത് നമ്മുടെ ശ്രദ്ധയിൽപ്പെടുന്നു.  താൻ ജീവിക്കുന്ന രഹസ്യത്തെ അവൾ ആശ്ചര്യത്തോടെ സ്വാഗതം ചെയ്യുന്നു, എല്ലാം സ്വന്തം ഹൃദയത്തിൽ അവൾ സൂക്ഷിക്കുന്നു, എല്ലാറ്റിനുമുപരിയായി, "പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന" (ലൂക്കാ 2:16) – എന്ന് സുവിശേഷം പറയുന്ന – ശിശുവിനെക്കുറിച്ച് അവൾ ആകുലചിത്തയാകുന്നു. "കിടത്തുക" എന്ന ഈ ക്രിയയുടെ അർത്ഥം കരുതലോടെ വയ്ക്കുക എന്നാണ്, മറിയത്തിൻറെതായ ഭാഷ മാതൃത്വത്തിൻറെതാണെന്ന് അത് നമ്മോട് പറയുന്നു: അതായത് കുഞ്ഞിനെ ആർദ്രതയോടെ പരിപാലിക്കുക. ഇതാണ് മറിയത്തിൻറെ മഹത്വം: മാലാഖമാർ ആഘോഷിക്കുമ്പോൾ, ഇടയന്മാർ ഓടിവരുന്നു, സംഭവിച്ച കാര്യത്തിന് എല്ലാവരും ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുന്നു, മറിയമാകട്ടെ സംസാരിക്കുന്നില്ല, തനിക്ക് സംഭവിച്ചവയെക്കുറിച്ച് അതിഥികളോട് വിശദീകരിച്ചുകൊണ്ട് അവരെ സൽക്കരിക്കുന്നില്ല, അവൾ വേദി കൈയ്യടക്കുന്നില്ല. എന്നാൽ നമ്മളാകട്ടെ രംഗം കൈയ്യടക്കുന്നതിൽ തല്പരരാണ്. നേരെമറിച്ച്, അവൾ കുട്ടിയെ കേന്ദ്രസ്ഥാനത്ത് നിർത്തുന്നു, ആ കുഞ്ഞിനെ സ്നേഹത്തോടെ പരിപാലിക്കുന്നു. ഒരു കവയിത്രി എഴുതി: മറിയത്തിന് "സാഘോഷമായി മൗനം പാലിക്കാൻ അറിയാമായിരുന്നു, [...] കാരണം അവൾ സ്വന്തം ദൈവത്തെ കാണാതിരിക്കാൻ ആഗ്രഹിച്ചില്ല" (A. MERINI, Corpo d'amore. Un incontro con Gesù, Milan 2001, 114)

മാതൃസന്നിഭ ഭാഷ

ഇതാണ് മാതൃത്വത്തിൻറെ തനതായ ഭാഷ: പരിപാലനത്തിലുള്ള ആർദ്രത. വാസ്തവത്തിൽ, ഒരു വിസ്മയ രഹസ്യമെന്ന ദാനം ഒമ്പത് മാസക്കാലം ഗർഭപാത്രത്തിൽ  പേറിയതിനു ശേഷം, അമ്മമാർ തങ്ങളുടെ കുഞ്ഞുങ്ങളെ സകലത്തിൻറെയും ശ്രദ്ധാകേന്ദ്രത്തിൽ നിർത്തുന്നത് തുടരുന്നു: അവർ അവർക്ക് പോഷണമേകുന്നു, കരവലയത്തിനുള്ളിലാക്കുന്നു, മൃദുവായി തൊട്ടിലിൽ കിടത്തുന്നു. പരിപാലന: ഇതും ദൈവമാതാവിൻറെ ഭാഷയാണ്; അമ്മയുടെ ഒരു ഭാഷ: പരിപാലന.

പരിശുദ്ധ അമ്മയുടെ കരുതലിൻറെ ഭാഷ

സഹോദരീ സഹോദരന്മാരേ, എല്ലാ അമ്മമാരെയും പോലെ, മറിയം തൻറെ ഉദരത്തിൽ ജീവൻ സംവഹിക്കുന്നു, അങ്ങനെ നമ്മുടെ ഭാവിയെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. എന്നാൽ അതേ സമയം, പുതുവർഷം നല്ലതായിരിക്കണമെങ്കിൽ, പ്രത്യാശ വീണ്ടും ഉളവാക്കണമെങ്കിൽ, സ്വാർത്ഥതയാൽ പ്രചോദിതമായ ശൈലികളും പ്രവർത്തികളും തിരഞ്ഞെടുപ്പുകളും വെടിഞ്ഞ് സ്നേഹത്തിൻറെ ഭാഷ പഠിക്കേണ്ടതുണ്ട്, ഈ ഭാഷ കരുതലിൻറെതാണ്.  കരുതൽ എന്നത് ഒരു പുതിയ ഭാഷയാണ്, അത് സ്വാർത്ഥതയുടെ ഭാഷകൾക്ക് എതിരാണ്. ഇതാണ് നമ്മുടെ പ്രതിബദ്ധത: നമ്മുടെ ജീവിതം പരിപാലിക്കുക - നമ്മൾ ഓരോരുത്തരും അവരവരുടെ ജീവിതം പരിപാലിക്കണം; നമ്മുടെ സമയത്തെയും, നമ്മുടെ ആത്മാവിനെയും പരിപാലിക്കണം; നാം ജീവിക്കുന്ന സൃഷ്ടിയെയും പരിസ്ഥിതിയെയും പരിപാലിക്കുക; അതിലുപരിയായി, നമ്മുടെ അയൽക്കാരനെയും, കർത്താവ് നമ്മുടെ അരികിൽ ആക്കിയിരിക്കുന്നവരെയും, അതുപോലെതന്നെ ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളെയും നമ്മുടെ ശ്രദ്ധയും അനുകമ്പയും ആവശ്യമുള്ളവരെയും പരിപാലിക്കുക. ഉണ്ണിയേശുവിനോടൊപ്പമുള്ള മാതാവിനെ നോക്കുമ്പോൾ, അവൾ കുഞ്ഞിനെ പരിപാലിക്കുമ്പോൾ, നമ്മൾ മറ്റുള്ളവരെയും നമ്മെത്തന്നെയും, ആന്തരിക ആരോഗ്യം, ആത്മീയ ജീവിതം, ദാനധർമ്മം എന്നിവയോട് കരുതലുള്ളവരായിരുന്നുകൊണ്ട് പരിപാലിക്കാൻ പഠിക്കുന്നു.

വിശ്വശാന്തി ദിനവും നമ്മുടെ കടമയും

ഇന്ന് നാം ലോക സമാധാന ദിനം ആഘോഷിക്കുമ്പോൾ, ഭാവി കെട്ടിപ്പടുക്കുന്നതിന് നമ്മിൽ നിക്ഷിപ്തമാക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വത്തെക്കുറിച്ച് നമ്മൾ ഒരിക്കൽ കൂടി അവബോധമുള്ളവരാകുന്നു: നാം അനുഭവിക്കുന്ന വ്യക്തിപരവും സാമൂഹികവുമായ പ്രതിസന്ധികളുടെ മുന്നിലും, യുദ്ധദുരന്തമുഖത്തും, "നമ്മൾ  നമ്മുടെ ലോകത്തിൻറെ വെല്ലുവിളികളെ ഉത്തരവാദിത്വത്തോടെയും അനുകമ്പയോടെയും നേരിടാൻ വിളിക്കപ്പെട്ടിരിക്കുന്നു" (LVI ലോക സമാധാന ദിനത്തിനായുള്ള സന്ദേശം, 5). നമ്മൾ പരസ്‌പരവും അവനവനെയും പരിപാലിക്കുകയും എല്ലാവരും ഒരുമിച്ച്, നമ്മുടെ പൊതു ഭവനത്തെ സൂക്ഷിക്കുകയും ചെയ്താൽ നമുക്ക് ഇത് ചെയ്യാൻ സാധിക്കും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം

സംശയവും നിസ്സംഗതയും കൊണ്ട് മലിനമാക്കപ്പെട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, കരുണയ്ക്കും കരുതലിനും കഴിവുള്ളവരാക്കാൻ - സഹാനുഭൂതിയും പരസ്പരം കരുതലും ഉള്ളവരാക്കാൻ - " ആവശ്യമുള്ളപ്പോഴെല്ലാം അപരൻറെ മുന്നിൽ മനസ്സലിവുള്ളവരാകുന്നതിനും നില്ക്കുന്നതിനും" കഴിവുള്ളവരാക്കാൻ, ദൈവമാതാവായ ഏറ്റം പരിശുദ്ധ മറിയത്തോട് നമുക്ക് അപേക്ഷിക്കാം." (അപ്പോസ്തോലിക പ്രബോധനം എവാഞ്ചേലീ ഗൗദിയും, 169).

പ്രഭാഷണാനന്തരം പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ആശീർവ്വാദാനന്തര അഭിവാദ്യങ്ങൾ

ആശീർവ്വാദം നല്കിയതിനു ശേഷം, പാപ്പാ, ചത്വരത്തിൽ സന്നിഹിതരായിരുന്നവർക്കും മാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ പങ്കുചേർന്നവർക്കും  പുതുവത്സരാശംസകൾ നേർന്നു.  ഇറ്റലിയുടെ പ്രസിഡൻറ്, ബഹുമാനപ്പെട്ട സേർജൊ മത്തരേല്ലയ്ക്ക് പാപ്പാ തൻറെ അഗാധമായ നന്ദി പ്രകാശിപ്പിക്കുകയും ഇറ്റലിയിലെ ജനങ്ങൾക്കും ഇറ്റലിയുടെ പ്രധാനമന്ത്രിക്കും ക്ഷേമായ്ശ്വര്യങ്ങൾ ആശംസിക്കകുയം ചെയ്തു.

പ്രത്യാശ കൈവെടിയരുത്

വിശുദ്ധ പോൾ ആറാമൻ ലോക സമാധാനത്തിനായുള്ള പ്രാർത്ഥനയ്ക്കും വിചിന്തനത്തിനുമായി സമർപ്പിക്കാൻ ആഗ്രഹിച്ച ഈ ദിവസത്തിൽ നമുക്ക് ഉക്രൈയിനിലും മറ്റിടങ്ങളിലും മരണവും നാശവും വിതച്ചുകൊണ്ടിരിക്കുന്ന, യുദ്ധ വൈരുദ്ധ്യം കൂടുതൽ ശക്തവും അസഹനീയവുമായി അനുഭവപ്പെടുന്നതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, അവസ്ഥ ഇതാണെങ്കിലും നാം പ്രത്യാശ കൈവെടിയരുതെന്ന് പറഞ്ഞു. യേശുക്രിസ്തുവിൽ സമാധന സരണി  നമുക്കായി തുറുന്ന തന്നിരിക്കുന്ന ദൈവത്തിൽ നമുക്ക് വിശ്വാസമുണ്ട് എന്നതാണ് ഈ പ്രത്യാശയ്ക്ക് നിദാനമെന്ന് പാപ്പാ വ്യക്തമാക്കി. ആർക്കും തനിച്ച് സ്വയം രക്ഷിക്കാൻ കഴിയില്ലെന്നും എന്നാൽ സമാധാനത്തിൻറെയും വികസനത്തിൻറെയും പാതയിലൂടെ നമുക്ക് ഒരുമിച്ച് സഞ്ചരിക്കാൻ കഴിയുമെന്നും കോവിദ് 19 മഹാമാരിയുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നുവെന്നും പാപ്പാ വിശദീകരിച്ചു. യുദ്ധമരുത്, പുനരായുധീകരണം അരുത്, എന്ന നിലവിളി ലോകമെമ്പാടും, എല്ലാ ജനതകളിലും നിന്നുയരുന്നു എന്നും വിഭവങ്ങൾ വികസനത്തിനായി, അതായത്, ആരോഗ്യം, ഭക്ഷണം, വിദ്യാഭ്യാസം, തൊഴിൽ എന്നിവയ്ക്കായി വിനിയോഗിക്കപ്പെടണമെന്നും പാപ്പാ പറഞ്ഞു. ക്രൈസ്തവ സമൂഹങ്ങൾ പ്രോത്സാഹിപ്പിക്കുന്ന എണ്ണമറ്റ സംരംഭങ്ങളിൽ, തെക്കെ ഇറ്റലിയിലെ ആൾത്തമൂരയിലെ സമൂഹം ഉക്രൈയിന് മാനവിക സഹായവുമായി  നാല് വാഹനങ്ങൾ അയയ്ക്കുകയും ശനിയാഴ്ച (31/12/22) ദേശീയ സമാധാനയാത്ര നടത്തുകയും  ചെയ്തത് അനുസ്മരിച്ചു. ലോകത്തിൽ എല്ലായിടത്തും സമാധനം സംസ്ഥാപിക്കുന്നതിനായുള്ള തങ്ങളുടെ പ്രതിബദ്ധതയക്ക് സാക്ഷ്യമേകാനെത്തിയ വിശുദ്ധ എജീദിയോയുടെ സമൂഹത്തിൻറെ പ്രതിനിധികളെയും പാപ്പാ അഭിവാദ്യം ചെയ്യുകയും അവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. അമേരിക്കൻ ഐക്യനാടുകളിലെ വിർജീനിയ, അലബാമ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ബാൻറ് സംഘങ്ങളെയും റേഞ്ഞും ക്രിസ്തി പ്രസ്ഥാനത്തിലെ യുവാക്കളെയും പാപ്പാ  അഭിവാദ്യം ചെയ്തു. 

ത്രികാലപ്രാർത്ഥനാപരിപാടിയുടെ അവസാനം പാപ്പാ എല്ലാവർക്കും ഒരിക്കൽക്കൂടി പുതുവത്സരാശംസകൾ നേർന്നു. തുടർന്ന്, തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവ് അഭ്യർത്ഥന നവീകരിച്ച പാപ്പാ, എല്ലാവ‍ര്‍ക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും വീണ്ടും കാണാമെന്നു പറയുകയും ചെയ്തുകൊണ്ട് കൈകൾ വീശി ജാലകത്തിങ്കൽ നിന്നു പിൻവാങ്ങി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 January 2023, 13:02

ത്രികാലപ്രാര്‍ത്ഥന - ദിവസത്തിൽ മൂന്നു പ്രാവശ്യം ജപിക്കുന്ന സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണിത്. സനാതനമായ രക്ഷാകര രഹ്യമാണ് ഇതിന്‍റെ ഉള്ളടക്കം. രാവിലെ
6 മണിക്കും, മദ്ധ്യാഹ്നം 12 മണിക്കും, വൈകുന്നേരം 6 മണിക്കും ദേവാലയമണി മുഴങ്ങുമ്പോഴാണ് ഇത് ഉരുവിടുന്നത്.  

കര്‍ത്താവിന്‍റെ മാലാഖ... എന്നു തുടങ്ങുന്ന ത്രികാലജപം സാധാരണകാലങ്ങളില്‍ ചൊല്ലുമ്പോള്‍ പെസഹാക്കാലത്ത് സ്വര്‍ല്ലോക രാജ്ഞിയേ... എന്ന പ്രാര്‍ത്ഥനയുമാണ് ചൊല്ലുന്നത്. പ്രാര്‍ത്ഥനയുടെ ഇടയ്ക്ക് ചൊല്ലുന്ന നന്മനിറഞ്ഞ മറിയമേ, എന്ന ജപം ക്രിസ്തുവിന്‍റെ രക്ഷാകര ചരിത്രത്തില്‍ മറിയത്തിനുള്ള പങ്ക് വിളിച്ചോതുന്നു. ത്രിത്വസ്തുതിയോടെയാണ് ത്രികാലപ്രാര്‍ത്ഥന അവസാനിക്കുന്നത്.


പൊതുവെ എല്ലാ ഞായറാഴ്ചകളിലും സവിശേഷദിനങ്ങളിലും മദ്ധ്യാഹ്നത്തിലാണ് “ആഞ്ചെലൂസ്…” എന്ന ശീര്‍ഷകത്തില്‍ പാപ്പായുടെ സാന്നിദ്ധ്യത്തില്‍ ത്രികാലപ്രാ‍ര്‍ത്ഥന നടത്തപ്പെടുന്നത്. ഞായറാഴ്ചകളില്‍ മദ്ധ്യാഹ്നം കൃത്യം 12 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ മൂന്നാംനിലയുടെ രണ്ടാം ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട്, താഴെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ സമ്മേളിച്ചിരിക്കുന്ന തീര്‍ത്ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥന ചൊല്ലുന്ന പതിവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >