തിരയുക

വിശുദ്ധ കുർബാന വിശുദ്ധ കുർബാന  

സഭയോടുള്ള വിശ്വസ്തത മിശിഹായോടുള്ള വിശ്വസ്തതയാണ്

സീറോ മലബാർ സഭ ആരാധന ക്രമം, കൈത്താക്കാലം ആറാം ഞായറാഴ്ച്ചയിലെ തിരുവചന വായനകളെ ആധാരമാക്കിയ വചന വിചിന്തനം. വിശുദ്ധ യോഹന്നാന്റെ സുവിശേഷം, ആറാം അധ്യായം, 16 മുതൽ 24 വരെയുള്ള തിരുവചനങ്ങളാണ്, സുവിശേഷഭാഗം
സുവിശേഷപരിചിന്തനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

കൈത്താക്കാലം ആറാം ഞായറാഴ്ചയിലാണ് നാം ആയിരിക്കുക. വിശുദ്ധ സഭയുടെ ആത്മീയ രഹസ്യങ്ങളെക്കുറിച്ചും ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയിൽ സഭയ്ക്കുള്ള അതുല്യമായ സ്ഥാനത്തെക്കുറിച്ചും ചിന്തിക്കാൻ നമ്മെ സഹായിക്കുന്ന വായനകളാണ് ഇന്നത്തെ ആരാധന ക്രമത്തിൽ നൽകപ്പെടുന്നത്. സഭയെ, രക്ഷയുടെ പേടകവും മിശിഹായുടെ നിർമ്മലയായ മണവാട്ടിയും സ്വർഗ്ഗീയ ജറുസലേമിന്റെ ഭൂമിയിലെ പ്രതിരൂപവുമായിട്ടാണ് ഇന്നത്തെ വായനകൾ എടുത്തു കാണിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രളയസമാനമായ പ്രതിസന്ധികളിലും ലോകത്തിന്റെ പീഡനങ്ങളിലും ഉലയാതെ നിൽക്കുന്ന ക്രിസ്ത്യാനിയുടെ ഏക ആശ്രയമാണ് സഭയെന്നുള്ള, പ്രത്യാശയുടെ സുവിശേഷവും ഈ വായനകൾ നമുക്ക് നൽകുന്നു.

ദൈവം മനുഷ്യനെ ഓർക്കുമ്പോൾ അവിടെ രക്ഷയുടെ പ്രക്രിയ ആരംഭിക്കുന്നു

ആദ്യവായന, ഉത്പത്തി പുസ്തകത്തിൽ, നോഹയുടെ പേടകത്തെ കുറിച്ചാണ് നമ്മോട് സംസാരിക്കുന്നത്. പഴയനിയമത്തിൽ, കാണുന്ന ഈ നോഹയുടെ പെട്ടകം, പുതിയ നിയമത്തിലെ സഭയുടെ പ്രതിരൂപമായിട്ടാണ് എടുത്തു കാണിക്കുന്നത്. ലോകം പാപത്തിലും അധർമ്മത്തിലും മുഴുകിയപ്പോൾ നീതിമാനായ നോഹയെയും കുടുംബത്തെയും സംരക്ഷിക്കാൻ ദൈവം തന്നെ ഒരുക്കിയ മാർഗ്ഗമായിരുന്നു ആ പെട്ടകം. പ്രളയജലം ഭൂമിയെ മുഴുവൻ വിഴുങ്ങിയപ്പോൾ ആ പെട്ടകം മാത്രം ജലത്തിന് മീതെ സുരക്ഷിതമായി ഒഴുകി നടന്നു. സഭാപിതാക്കന്മാർ, ഇവിടെ നമ്മെ പഠിപ്പിക്കുന്നത്, , പ്രളയജലം ഈ ലോകത്തിലെ പാപത്തെയും നൗക സഭയെയും സൂചിപ്പിക്കുന്നു എന്നാണ്.  "ദൈവം നോഹയെ ഓർത്തു" എന്നത് വചനത്തിലെ അതിസൂക്ഷ്മമായ ഒരു ഭാഗമാണ്. ദൈവം മനുഷ്യനെ ഓർക്കുമ്പോൾ അവിടെ രക്ഷയുടെ പ്രക്രിയ ആരംഭിക്കുന്നു. കാറ്റ് വീശി വെള്ളം ഇറങ്ങിയത് ദൈവത്തിന്റെ ആത്മാവ് പ്രപഞ്ചത്തിൽ നടത്തുന്ന പുനരുദ്ധാരണത്തിന്റെ, അല്ലെങ്കിൽ നവീകരണത്തിന്റെ  അടയാളമാണ്. നോഹ പുറത്തുവിട്ട പ്രാവും അത് തിരിച്ചുകൊണ്ടുവന്ന ഒലിവിലയും ദൈവവും മനുഷ്യനും തമ്മിലുള്ള സമാധാനത്തിന്റെ പുതിയ യുഗം പിറന്നുവെന്നതിന്റെ വിളംബരമായിരുന്നു.

സഭയുടെ സുരക്ഷിതത്വം

സഭയാകുന്ന പേടകത്തിൽ വസിക്കുന്നവർക്ക് മാത്രമേ ലോകമാകുന്ന പാപത്തിന്റെ പ്രളയത്തിൽ നിന്ന് രക്ഷപെടാൻ സാധിക്കൂ എന്ന വലിയ സത്യം ഈ പഴയ നിയമ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നു. സഭ സമാധാനത്തിന്റെ ഒലിവിലയുമായി ലോകത്തിന് മുൻപിൽ പ്രത്യാശയുടെ അടയാളമായി ഇന്നും നിൽക്കുന്നു. നോഹയുടെ കാലത്തെ പ്രളയത്തെപ്പോലെ ഇന്നും ലോകം പാപത്തിന്റെയും അവിശ്വാസത്തിന്റെയും തിരമാലകളിൽ ഉലഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ സഭയാകുന്ന പേടകം ഇന്നും മിശിഹായുടെ കൃപയാൽ സുരക്ഷിതമായി സഞ്ചരിക്കുന്നു. സഭയുടെ ചുവരുകൾക്കുള്ളിൽ ലഭിക്കുന്ന ആത്മീയ സുരക്ഷിതത്വം ലോകത്തിന്റെ മറ്റൊരു കോണിലും ലഭ്യമല്ല എന്ന് നാം തിരിച്ചറിയണം. സഭ നമുക്ക് നൽകുന്ന കൂദാശകളും വചനവും നോഹയുടെ പെട്ടകത്തിലെ സംരക്ഷണം പോലെ നമ്മെ മരണത്തിൽ നിന്നും നാശത്തിൽ നിന്നും കാത്തുരക്ഷിക്കുന്നു. പെട്ടകത്തിനുള്ളിൽ സകല ജീവജാലങ്ങൾക്കും ഇടമുണ്ടായിരുന്നതുപോലെ സഭ എല്ലാ മനുഷ്യരെയും ഉൾക്കൊള്ളുന്നതും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതുമായ ഒരു വലിയ അമ്മയായിരിക്കണം.

ക്രിസ്തുവാണ് സഭയുടെ സൗന്ദര്യം

ഈ ഒരു സ്നേഹ ബന്ധത്തെക്കുറിച്ചാണ് രണ്ടാമത്തെ വായനയിൽ ഉത്തമഗീതം നമ്മെ ഉദ്ബോധിപ്പിക്കുന്നത്. ഉത്തമഗീതം ആറാം അധ്യായത്തിൽ, സഭയും മിശിഹായും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഊഷ്മളത നമുക്ക് കാട്ടിത്തരുന്നു. ഇവിടെ സഭയെ മിശിഹായുടെ മണവാട്ടിയായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രായേൽ ജനതയെ ദൈവം തന്റെ മണവാട്ടിയായി കണ്ടതുപോലെ, പുതിയ നിയമത്തിൽ സഭയെ മിശിഹാ തന്റെ രക്തത്താൽ നേടിയെടുത്ത നിർമ്മല മണവാട്ടിയായി സ്നേഹിക്കുന്നു. . "ഞാൻ എന്റെ പ്രിയന്റേതാണ്; എന്റെ പ്രിയൻ എന്റേതും" എന്ന വരികൾ സഭയും ക്രിസ്തുവും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഈ വചനഭാഗത്ത് എടുത്തു പറയുന്ന സഭയുടെ സൗന്ദര്യം ലൗകികമായ ആഡംബരങ്ങളിൽ നിന്നല്ല, മറിച്ച് മണവാളനായ ക്രിസ്തുവിൽ നിന്ന് അവൾക്ക് ലഭിക്കുന്ന വിശുദ്ധിയിൽ നിന്നാണ് ലഭിക്കുന്നത്. അതായത്, ക്രിസ്തുവിലൂടെയാണ് സഭയുടെ സൗന്ദര്യം, അനേകരിലേക്ക് കടന്നുചെല്ലുന്നത്. ഒരു പക്ഷെ, ഇത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു ചോദ്യത്തിന് മറുപടിയും നൽകുന്നു. പാപികളായ മനുഷ്യരുടെ സഭ പാപിയല്ലേ? അതിനു എങ്ങനെയാണ്  വിശുദ്ധിയെ പറ്റി സംസാരിക്കുവാൻ സാധിക്കുന്നത്? ഇതിനുള്ള മറുപടി കൂടിയാണ് ഈ രണ്ടാം വായന നമുക്ക് നൽകുന്നത്. സഭയുടെ സൗന്ദര്യം, അവളുടെ ശിരസായ ക്രിസ്തുവിലൂടെയാണ് കൈവരുന്നത്. തിർസാനഗരം പോലെ മനോഹരിയും ജറുസലേം പോലെ സുന്ദരിയുമായി സഭയെ വിശേഷിപ്പിക്കുമ്പോൾ, സഭയുടെ ആന്തരിക വിശുദ്ധിയെയും ക്രമത്തെയുമാണ് ഇവിടെ വിവക്ഷിക്കുന്നത്.

മിശിഹായോടുള്ള ആത്മീയ വിശ്വസ്തതയും സ്നേഹവുമാണ് സഭയുടെ യഥാർത്ഥ ശക്തി

കൊടിക്കൂറകളേന്തി വരുന്നസൈന്യംപോലെ നീ ഭയദയുമാണ് എന്നുള്ള വചനവും ഏറെ പ്രധാനപ്പെട്ടതാണ്. തിന്മയുടെ ശക്തികൾക്കെതിരെ പോരാടുന്ന സഭയുടെ ആത്മീയ കരുത്തിനെ അത് വെളിപ്പെടുത്തുന്നു. സഭയിലെ ഓരോ വിശ്വാസിയും ഈ മണവാട്ടിയുടെ അവയവങ്ങളാണ്. വിശുദ്ധയിൽ വളരുവാനുള്ള നമ്മുടെ വ്യക്തിപരമായ ആത്മസമർപ്പണത്തിലൂടെയാണ്  സഭയുടെ സൗന്ദര്യം ലോകത്തിന് മുൻപിൽ പ്രകാശിക്കുന്നത്. മിശിഹായോടുള്ള ആത്മീയ വിശ്വസ്തതയും സ്നേഹവുമാണ് സഭയുടെ യഥാർത്ഥ ശക്തിയെന്ന് ഉത്തമഗീതത്തിലെ വരികൾ നമ്മെ ധ്യാനിപ്പിക്കുന്നു. സഭയിലെ ഓരോ വിശ്വാസിയും സ്വന്തം പാപങ്ങളിലൂടെ സഭയെ വിരൂപമാക്കാൻ പാടില്ല. വിശുദ്ധ പൗലോസ് അപ്പസ്തോലൻ പഠിപ്പിക്കുന്നതുപോലെ, കറയോ ചുളിവോ ഇല്ലാത്ത നിർമ്മലമായ മണവാട്ടിയായി സഭയെ മിശിഹാ തന്റെ മുൻപിൽ നിർത്താൻ ആഗ്രഹിക്കുന്നു. നാം ഓരോരുത്തരും നമ്മുടെ ജീവിത വിശുദ്ധിയിലൂടെ സഭയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടേണ്ടവരാണ്. സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയം സഭയുടെ ഈ വിശുദ്ധിയുടെ ഉത്തമ മാതൃകയാണ്. ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ സ്നേഹബന്ധത്തിന്റെ വേദിയാണ് സഭയെന്നും ആ സ്നേഹം നമ്മിൽ നിന്ന് ലോകത്തിലേക്ക് പ്രസരിക്കണമെന്നും നാം മറക്കരുത്.

സഭ ഏവരേയും സ്വാഗതം ചെയ്യുന്നു

പുതിയ നിയമത്തിൽ നിന്നുമുള്ള, വെളിപാട് പുസ്തകം ഇരുപത്തിയൊന്നാം അധ്യായം സഭയുടെ മഹിമയെയും അതിന്റെ നിത്യമായ ലക്ഷ്യത്തെയും കുറിച്ച് നമ്മെ പഠിപ്പിക്കുന്നു. സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിവരുന്ന വിശുദ്ധ നഗരമായ ജറുസലേം സഭയുടെ പൂർണ്ണരൂപമാണ്. അമൂല്യമായ രത്നങ്ങളുടെയും സൂര്യകാന്തക്കല്ലിന്റെയും തിളക്കമുള്ള സഭ ദൈവത്തിന്റെ തേജസ്സ് ലോകത്തിന് വെളിപ്പെടുത്തുന്നവളാണ്. ഈ നഗരത്തിന്റെ മതിലുകൾക്ക് പന്ത്രണ്ട് അടിസ്ഥാനങ്ങൾ ഉണ്ടെന്നും അവയിൽ പന്ത്രണ്ട് അപ്പസ്തോലന്മാരുടെ പേരുകൾ എഴുതിയിട്ടുണ്ടെന്നും നാം വായിക്കുന്നു. ഇത് സഭയുടെ അപ്പസ്തോലിക സ്വഭാവത്തെയാണ് വ്യക്തമാക്കുന്നത്. അപ്പസ്തോലന്മാരുടെ വിശ്വാസത്തിന്മേലാണ് സഭ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. കിഴക്കും പടിഞ്ഞാറും തെക്കും വടക്കും മൂന്നു വീതം കവാടങ്ങൾ ഉണ്ടെന്നത് സഭയുടെ സാർവ്വത്രികതയെ അല്ലെങ്കിൽ കാതോലികതയെ സൂചിപ്പിക്കുന്നു.

ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും മനുഷ്യർക്ക് സഭയിലേക്ക് പ്രവേശിക്കാൻ സാധിക്കും. നാം ഇന്ന് ഭാഗമായിരിക്കുന്ന ഈ ദൃശ്യസഭ ഒരു ദിവസം സ്വർഗ്ഗീയ ജറുസലേമായി മാറും എന്ന പ്രത്യാശയാണ് വിശ്വാസികളായ നമുക്ക് കരുത്ത് നൽകുന്നത്. ദൈവത്തിന്റെ സാന്നിധ്യം വസിക്കുന്ന ഇടമാണ് സഭയെന്നും, ആ സാന്നിധ്യമാണ് സഭയെ നിർമ്മലവും തേജസ്സുറ്റതുമാക്കുന്നത് എന്നും നാം ഇവിടെ തിരിച്ചറിയുന്നു. അപ്പസ്തോലിക പാരമ്പര്യങ്ങളിലും വിശ്വാസത്തിലും നാം അടിയുറച്ചു നിൽക്കുമ്പോൾ മാത്രമേ ആ സ്വർഗ്ഗീയ നഗരത്തിന്റെ ഭാഗമാകാൻ നമുക്ക് സാധിക്കൂ. സഭയിലെ പന്ത്രണ്ട് അടിസ്ഥാനങ്ങൾ അപ്പസ്തോലന്മാരാണെന്ന സത്യം നാം സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോടും നേതൃത്വത്തോടും ചേർന്നുനിൽക്കേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നു. അപ്പസ്തോലികമായ അടിസ്ഥാനമില്ലാതെ സഭയ്ക്ക് നിലനിൽപ്പില്ല. അതുകൊണ്ട് സഭയുടെ പാരമ്പര്യങ്ങളെയും വിശ്വാസപ്രമാണങ്ങളെയും നാം വിശ്വസ്തതയോടെ മുറുകെ പിടിക്കണം. സഭയുടെ നിയമങ്ങളും പ്രബോധനങ്ങളും നമ്മെ ബന്ധിക്കാനുള്ളതല്ല, മറിച്ച് സ്വർഗ്ഗീയ ജറുസലേമിലേക്ക് വഴിതെറ്റാതെ നമ്മെ എത്തിക്കാനുള്ള മാർഗ്ഗദീപങ്ങളാണ്.

സഭയുടെ യഥാർത്ഥ അമരക്കാരൻ മിശിഹായാണ്

ഈ വായനകളുടെയെല്ലാം, മൂർത്തീമത് ഭാവം നാം കാണുന്നത്, ഇന്നത്തെ സുവിശേഷഭാഗമായ, വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലാണ്. കടലിലെ കൊടുങ്കാറ്റും ശിഷ്യന്മാരുടെ വള്ളവും സഭയുടെ ചരിത്രപരമായ യാത്രയുടെ നേർചിത്രമാണ് നൽകുന്നത്. ശിഷ്യന്മാർ ഒരു വള്ളത്തിൽ കടൽ കടക്കുമ്പോൾ നേരം ഇരുട്ടുകയും വലിയ കാറ്റടിക്കുകയും ചെയ്തു. ജീവിതത്തിലെ പ്രതിസന്ധികളും സഭയ്ക്കെതിരെയുള്ള പീഡനങ്ങളും സഭയാകുന്ന നൗകയെ ഉലയ്ക്കുമ്പോൾ പലപ്പോഴും നമ്മൾ ഭയപ്പെടാറുണ്ട്. യേശു വള്ളത്തിൽ ഇല്ലാതിരുന്ന സമയത്താണ് ശിഷ്യന്മാർക്ക് വലിയ പ്രതിസന്ധികൾ ഉണ്ടായത്. എന്നാൽ യേശു വെള്ളത്തിന് മീതെ നടന്ന് വള്ളത്തിനടുത്തേക്ക് വരികയും "ഞാനാണ്; ഭയപ്പെടേണ്ട" എന്ന് പറയുകയും ചെയ്യുമ്പോൾ ഭീതി ഇല്ലാതാകുന്നു.  സഭയുടെ യഥാർത്ഥ അമരക്കാരൻ മിശിഹായാണ്. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ സഭ വലിയ വെല്ലുവിളികളെ നേരിട്ടിട്ടുണ്ട്. അപ്പോഴെല്ലാം മിശിഹാ സഭയോട് ചേർന്നുനിൽക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാർ യേശുവിനെ വള്ളത്തിൽ കയറ്റാൻ ആഗ്രഹിച്ചപ്പോൾ പെട്ടെന്ന് വള്ളം ലക്ഷ്യസ്ഥാനത്തെത്തി എന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതമാകുന്ന വള്ളത്തിലും സഭയാകുന്ന നൗകയിലും യേശുവിനെ സ്വീകരിക്കാൻ നാം തയ്യാറാകുമ്പോൾ മാത്രമേ നാം സുരക്ഷിതമായി നിത്യതയുടെ തീരത്തെത്തുകയുള്ളൂ.

സഭ ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയുടെ കേന്ദ്രമാണ്

ഈ വായനകൾ നാം മനസിരുത്തി ധ്യാനിക്കുമ്പോൾ, സഭയെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ ചിത്രം നമ്മുടെ ആത്മീയ കണ്ണുകൾക്ക് മുൻപിൽ തെളിയും. സഭ വെറുമൊരു മാനുഷിക പ്രസ്ഥാനമല്ല, അത് ദൈവത്തിന്റെ രക്ഷാകരമായ പദ്ധതിയുടെ കേന്ദ്രമാണ്. ഇന്നത്തെ ലോകത്തിൽ സഭ പല തരത്തിലുള്ള വിമർശനങ്ങളും ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളും നേരിടുന്നുണ്ട്. സഭയുടെ മാനുഷികമായ ബലഹീനതകൾ കണ്ട് പലരും സഭയെ ഉപേക്ഷിക്കാൻ മുതിരുന്നു. എന്നാൽ സഭ കേവലം മനുഷ്യരുടെ കൂട്ടായ്മയല്ലെന്നും അതിനെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നും ഈ തിരുവചനങ്ങൾ നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നു. നോഹയുടെ പേടകത്തിൽ ജീവജാലങ്ങൾക്കിടയിൽ വൈവിധ്യങ്ങളും സ്വഭാവവ്യത്യാസങ്ങളും ഉണ്ടായിരുന്നിരിക്കാം, പക്ഷേ ആ പെടകം ദൈവം നിയോഗിച്ചതായിരുന്നു. സഭയിലെ അംഗങ്ങൾക്ക് തെറ്റുകൾ സംഭവിച്ചേക്കാം, പക്ഷേ സഭ എന്ന രഹസ്യം വിശുദ്ധമാണ്. കാരണം അതിന്റെ ശിരസ്സ് ക്രിസ്തുവും അതിന്റെ ജീവൻ പരിശുദ്ധാത്മാവുമാണ്. അതുകൊണ്ട് സഭയെ സ്നേഹിക്കാനും സഭയോട് ചേർന്നുനിൽക്കാനും നമുക്ക് സാധിക്കണം. സഭയോടുള്ള വിശ്വസ്തത മിശിഹായോടുള്ള വിശ്വസ്തതയാണ്.

കൂദാശകൾ രക്ഷയുടെ മാർഗം

സഭ എന്ന പെട്ടകത്തിൽ നാം ആയിരിക്കുമ്പോൾ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ കൃപയാണ് കൂദാശകൾ. മാമ്മോദീസയിലൂടെ നാം ഈ പേടകത്തിൽ പ്രവേശിക്കുന്നു. വിശുദ്ധ കുർബാനയിലൂടെ മിശിഹാ തന്റെ മണവാട്ടിയായ സഭയെ ദിനംപ്രതി പോഷിപ്പിക്കുന്നു. പാപമാകുന്ന പ്രളയത്തിൽ നമ്മെ വീണ്ടും കഴുകി വെടിപ്പാക്കുന്നതാണ് കുമ്പസാരം എന്ന കൂദാശ. ഇങ്ങനെ കൂദാശകളിലൂടെ സഭ നമ്മെ സ്വർഗ്ഗീയ ജറുസലേമിലേക്ക് പടിപടിയായി ഒരുക്കുന്നു. ഈ ദൈവീക രഹസ്യങ്ങളിൽ പങ്കുചേരുമ്പോൾ നാം കേവലം ആചാരങ്ങൾ പാലിക്കുകയല്ല, മറിച്ച് നിത്യജീവന്റെ അവകാശികളായി മാറുകയാണ് ചെയ്യുന്നത്.

സഭയുടെ സൗന്ദര്യം അതിലെ അംഗങ്ങളുടെ വിശുദ്ധിയാണ്

നാം ഇന്ന് ശ്രവിച്ച തിരുവചനങ്ങൾ സഭയെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാട് പുതുക്കാൻ സഹായിക്കട്ടെ. നമ്മുടെ ഇടവകയും കുടുംബങ്ങളും സഭയുടെ ഈ മനോഹാരിത ഉൾക്കൊള്ളുന്നവയാകട്ടെ. സഭയാകുന്ന നൗകയിൽ നാം ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ പരസ്പരം താങ്ങാനും സ്നേഹിക്കാനും നമുക്ക് സാധിക്കണം. ലോകത്തിലെ പീഡിതർക്കും നിരാലംബർക്കും അഭയം നൽകുന്ന ഒരു വലിയ പേടകമായി നമ്മുടെ വിശ്വാസസമൂഹം മാറട്ടെ. മിശിഹായുടെ സ്നേഹവും സഭയുടെ വിശുദ്ധിയും നമ്മുടെ ജീവിതത്തിലൂടെ ലോകത്തിന് മുൻപിൽ പ്രകാശിക്കട്ടെ. സഭയെ സംരക്ഷിക്കുന്ന മിശിഹാ എന്നും നമ്മുടെ ജീവിതമാകുന്ന വള്ളത്തിൽ അവന്റെ സാന്നിധ്യം കൊണ്ട് അനുഗ്രഹിക്കട്ടെ. അങ്ങനെ ഈ ലോകത്തിലെ തീർത്ഥാടനം പൂർത്തിയാക്കി, സ്വർഗ്ഗീയ ജറുസലേമിലെ തേജസ്സിലേക്ക് മിശിഹായോടൊപ്പം പ്രവേശിക്കാൻ നമുക്കേവർക്കും സാധിക്കട്ടെ. 



 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

13 ഓഗസ്റ്റ് 2026, 10:57