തിരയുക

സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളുകളിൽ നടത്തുന്ന ആഘോഷങ്ങൾ സ്വാതന്ത്ര്യദിനത്തിൽ സ്‌കൂളുകളിൽ നടത്തുന്ന ആഘോഷങ്ങൾ  

ഇന്ത്യയുടെ സ്വാതന്ത്ര്യദിനവും, പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണവും

ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പേമാരിയുടെയും, വെള്ളപൊക്കത്തിന്റെയും, തത്ഫലമുള്ള ദുരിതങ്ങളുടെയും നിമിഷങ്ങളിൽ, യാതൊരു വേർതിരിവുകളും ഇല്ലാതെ, മനുഷ്യർ തമ്മിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൂട്ടായ്മയെ, രാഷ്ട്രീയലാഭങ്ങളുടെയോ, വ്യക്തി താത്പര്യങ്ങളുടെയോ രാക്ഷസകരങ്ങൾ കവർന്നെടുക്കുവാൻ നാം അനുവദിക്കരുത്. കാരണം, സ്വാതന്ത്ര്യത്തിനെതിരെയുള്ള കളകൾ വിതയ്ക്കുന്നത്, തിന്മയുടെ ശക്തികളാണ്. മറിച്ച്, ഏവരെയും ഒരുമിച്ചുകൂട്ടിയ പരിശുദ്ധ അമ്മയുടെ ആന്തരിക സ്വാതന്ത്ര്യം നമുക്ക് പ്രചോദനമാകണം.
ചിന്താമലരുകൾ : ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി ഓരോ ഭാരതീയതനെയും സംബന്ധിച്ചിടത്തോളം, അത്  സ്വാതന്ത്ര്യത്തിന്റെ ഒരു ആത്മാഭിമാനം അനുഭവിക്കുവാൻ ഉള്ള ദിവസം ആണെങ്കിൽ, ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഇരട്ടി മധുരം പകരുന്ന മറ്റൊന്ന്, അത് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ എന്നതുകൂടിയാണ്. ഭാരതാംബയുടെ  സ്വാതന്ത്ര്യദിനവും പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളും ഒരേ ദിവസം വന്നെത്തുന്നത് വിമോചനത്തിന്റെ രണ്ട് വ്യത്യസ്ത തലങ്ങളെ ധ്യാനിക്കാൻ നമ്മെ ക്ഷണിക്കുന്നു. ഒന്ന് രാഷ്ട്രീയവും ലൗകികവുമായ മോചനമാണെങ്കിൽ, മറ്റൊന്ന് ആത്മീയവും നിത്യവുമായ വിജയമാണ്. ഈ രണ്ട് സംഭവങ്ങളുടെയും അന്തസ്സത്ത 'സ്വാതന്ത്ര്യം' എന്ന വികാരം തന്നെയാണ്. വിദേശാധിപത്യത്തിൽ നിന്നും ബാഹ്യമായ ചങ്ങലകളിൽ നിന്നും ഒരു ജനത നേടിയെടുത്ത സ്വാതന്ത്ര്യവും, പാപത്തിൽ നിന്നും മരണത്തിൽ നിന്നും ഒരു വ്യക്തി നേടിയെടുത്ത പരിപൂർണ്ണ വിമോചനവും ഇവിടെ ഒരേ ബിന്ദുവിൽ സംഗമിക്കുന്നു. ഈ മഹത്തായ ദിനത്തിൽ, ഭാരതീയ പൗരനെന്ന നിലയിലുള്ള നമ്മുടെ കടമകളെയും ക്രിസ്തീയ വിശ്വാസിയെന്ന നിലയിലുള്ള നമ്മുടെ ആത്മീയ വിളിയെയും നാം ആഴത്തിൽ പരിശോധിക്കേണ്ടതാണ്.

സ്വാതന്ത്ര്യ സമരസേനാനികൾ യഥാർത്ഥ നല്ല സമരിയക്കാരൻ

നമ്മുടെ മാതൃഭൂമിയുടെ സ്വാതന്ത്ര്യദിനം ഒരു ജനതയുടെ ആത്മവീര്യത്തിന്റെ പ്രതീകമാണ്. നൂറ്റാണ്ടുകൾ നീണ്ടുനിന്ന വിദേശാധിപത്യത്തിന്റെ ചങ്ങലകൾ തകർത്തെറിയാൻ ഭാരതത്തിന്റെ വീരപുത്രന്മാരും, പുത്രിമാരും  നടത്തിയ പോരാട്ടം ലോകചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത അധ്യായമാണ്. അഹിംസ എന്ന വജ്രായുധത്തിലൂടെ മഹാത്മാഗാന്ധി നയിച്ച പോരാട്ടം കേവലം ഒരു രാഷ്ട്രീയ സമരമായിരുന്നില്ല, മറിച്ച് അത് ആത്മശുദ്ധീകരണത്തിന്റെ കൂടി വഴിയായിരുന്നു. "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" (യോഹന്നാൻ 8:32) എന്ന ബൈബിൾ വചനം ഉയർത്തിപ്പിടിക്കുന്ന വലിയൊരു സത്യം നമ്മുടെ സ്വാതന്ത്ര്യസമരത്തിലുണ്ട്. നീതിക്കും സത്യത്തിനും വേണ്ടി നിലകൊണ്ട ആയിരക്കണക്കിന് സമരസേനാനികളുടെ രക്തവും വിയർപ്പും കൊണ്ടാണ് ഇന്നത്തെ ഇന്ത്യ പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. അവരുടെ ഏക ലക്ഷ്യം ഭാരതം അതിന്റെ പൂർവ്വപ്രതാപം വീണ്ടെടുക്കുക എന്നതായിരുന്നു.

സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് തലമുറകളുടെ കടമ

എന്നാൽ സ്വാതന്ത്ര്യം എന്നത് ലഭിച്ചുകഴിഞ്ഞാൽ അവസാനിക്കുന്ന ഒന്നല്ല, മറിച്ച് അത് ഓരോ തലമുറയും കാത്തുസൂക്ഷിക്കേണ്ട ഒന്നാണ്. "ഭയമില്ലാത്ത മനസ്സും ഉയർത്തിപ്പിടിച്ച  ശിരസ്സും" ഉള്ള ഒരു ഭാരതത്തെക്കുറിച്ച് ടാഗോർ സ്വപ്നം കണ്ടത് ഇന്നും പ്രസക്തമാണ്. 1947 കഴിഞ്ഞു, വർഷങ്ങൾ പിന്നിടുമ്പോൾ നാം സ്വയം ചോദിക്കേണ്ട ചോദ്യം, നമ്മുടെ രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാണോ എന്നതാണ്. വിശപ്പിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും വിവേചനങ്ങളിൽ നിന്നും മോചനം ലഭിക്കുമ്പോൾ മാത്രമേ സ്വാതന്ത്ര്യം പൂർണ്ണമാവുകയുള്ളൂ. കാലങ്ങളായി, കത്തോലിക്കാ സഭയുടെ പരിശുദ്ധ പിതാക്കന്മാർ, ലോക മനസാക്ഷിയോട് ഉന്നയിക്കുന്ന ഈ ചോദ്യം ഇന്ന് പ്രത്യേകമായി ഭാരതീയരായ നമ്മെ ഒരു ആത്മശോധനയ്ക്ക് വിധേയരാക്കണം.

ഭരണഘടന ജനാധിപത്യരാജ്യത്തിന്റെ അടിത്തറ

എല്ലാ പൗരന്മാരുടെയും സംരക്ഷണം ഉറപ്പുനൽകുവാൻ രൂപം  കൊണ്ട ഭരണഘടനാ ഇന്നത്തെ സമൂഹത്തിൽ യാഥാർഥ്യമായി നിലക്കൊള്ളുന്നുണ്ടോ, അതോ പ്രത്യയശാസ്ത്രങ്ങളുടെ കുത്തൊഴുക്കിൽ, നമ്മുടെ സഹോദരങ്ങൾ മുങ്ങിത്താഴുകയാണോ എന്നും നാം നമ്മോട് ചോദിക്കണം. ജനാധിപത്യ രാജ്യത്തിന്റെ അടിത്തറ ഭരണഘടനയിൽ വിഭാവനം ചെയ്തിരിക്കുന്ന മൂല്യങ്ങളാണ്. ഭരണഘടനയുടെ ആമുഖത്തിൽ  നാം നമ്മെത്തന്നെ വിശേഷിപ്പിക്കുന്നത് "പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്" എന്നാണ്. ഈ ഓരോ വാക്കിനും പിന്നിൽ വലിയ അർത്ഥതലങ്ങളുണ്ട്. എല്ലാ പൗരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കുക എന്നത് ഭരണഘടനയുടെ പ്രാഥമിക ലക്ഷ്യമാണ്. ചിന്തിക്കാനും അത് പ്രകടിപ്പിക്കാനും ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം  ഭരണഘടന നമുക്ക് നൽകുന്നു. പദവിയിലും അവസരങ്ങളിലും സമത്വം ഉറപ്പാക്കുന്നതോടൊപ്പം, വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും കാത്തുസൂക്ഷിക്കുന്ന സാഹോദര്യം  വളർത്താനും നാം കടപ്പെട്ടിരിക്കുന്നു.

ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികൾ

എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഈ മൂല്യങ്ങൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ല. ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ അസ്വസ്ഥജനകമായ മാറ്റങ്ങൾ ദൃശ്യമാണ്. ജനാധിപത്യ സ്ഥാപനങ്ങൾ നേരിടുന്ന ഭീഷണികളും, വർദ്ധിച്ചുവരുന്ന വർഗ്ഗീയതയും നമ്മുടെ ഐക്യത്തിന് പോറലേൽപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ, അപരനെ ചേർത്തുനിർത്തുവാൻ, അവന്റെ വേദനകളിലേക്ക് കടന്നു ചെല്ലുവാൻ, അവന്റെ മുറിവുകൾ വച്ച് കെട്ടുവാൻ, അപ്രകാരം ഒരു നല്ല സമരിയക്കാരനായി മാറുവാനും, അപ്രകാരം ഏവരെയും "ഉത്തമ പൗരന്മാരായി" വാർത്തെടുക്കുവാനും  നമുക്ക് കടമയുണ്ട്.

സമകാലീന ഭാരതത്തിലെ ചില യാഥാർത്ഥ്യങ്ങൾ വേദനാജനകമാണ്. സാമ്പത്തികരംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടെന്ന് അവകാശപ്പെടുമ്പോഴും, സമ്പന്നരും ദരിദ്രരും തമ്മിലുള്ള അഗാധമായ വിടവ് വർദ്ധിച്ചു വരികയാണ്. അതിനാൽ, ക്രിസ്തു നമുക്ക് നൽകുന്ന പ്രത്യാശയുടെ വാഗ്ദാനത്തിൽ ശരണം വച്ചുകൊണ്ട്, അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്താൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രിസ്ത്യാനിയായ ഭാരതീയനും. "നീതിക്ക് വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ" എന്നാണ് യേശു പഠിപ്പിച്ചത് (മത്തായി 5:6). അതിനാൽ സമൂഹത്തിൽ നീതി നടപ്പിലാക്കാൻ പരിശ്രമിക്കുന്നത് നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാണ്. നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട ഇന്ത്യ, എല്ലാവർക്കും തുല്യ നീതിയും അന്തസ്സും ലഭിക്കുന്ന ഇടമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ നാം ഭയം കൂടാതെ മുന്നിട്ടിറങ്ങണം.

പരിശുദ്ധ മറിയം സ്വാതന്ത്ര്യത്തിന്റെ ഉദാഹരണം

എന്താണ് യഥാർത്ഥ സ്വാതന്ത്ര്യം? ക്രൈസ്തവ വീക്ഷണത്തിൽ സ്വാതന്ത്ര്യം എന്നത് കേവലം ഇഷ്ടമുള്ളത് ചെയ്യാനുള്ള അനുവാദമല്ല. അത് പാപത്തിന്റെ അടിമത്തത്തിൽ നിന്നുള്ള മോചനമാണ്. "ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത് സ്വാതന്ത്ര്യത്തിനാണ്; അതിനാൽ ഉറച്ചുനിൽക്കുവിൻ, വീണ്ടും അടിമത്തത്തിന്റെ നുകത്തിനടിയിൽപ്പെടരുത്" (ഗലാത്തിയ 5:1). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം (1740) പഠിപ്പിക്കുന്നത് പോലെ, മനുഷ്യൻ സ്വയം പര്യാപ്തനാണെന്നും സ്വന്തം താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി എന്തും ചെയ്യാമെന്നുമുള്ള ചിന്ത തെറ്റായ സ്വാതന്ത്ര്യബോധമാണ്. ധാർമ്മിക നിയമങ്ങളെ ലംഘിക്കുമ്പോൾ മനുഷ്യൻ സ്വന്തം സ്വാതന്ത്ര്യത്തെയാണ് ഇല്ലാതാക്കുന്നത്. തിന്മ തിരഞ്ഞെടുക്കുമ്പോൾ അവൻ പാപത്തിന്റെ അടിമയായി മാറുന്നു. ഇത് നമ്മുടെ സഹോദരങ്ങൾക്ക് പോലും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു എന്നതാണ് വാസ്തവം.

സ്വാതന്ത്ര്യം നന്മയെ ലക്‌ഷ്യം വയ്ക്കുന്നു

വിശുദ്ധ തോമസ് അക്വിനാസിന്റെ അഭിപ്രായത്തിൽ, സ്വാതന്ത്ര്യം എന്നത് നന്മയെ ലക്ഷ്യം വെക്കുന്നതാണ്. നന്മയ്ക്കും തിന്മയ്ക്കും ഇടയിൽ സംശയിച്ചു നിൽക്കുന്നതല്ല സ്വാതന്ത്ര്യം, മറിച്ച് നന്മ തിരഞ്ഞെടുക്കാനുള്ള ആന്തരികമായ കരുത്താണത്. തിന്മ തിരഞ്ഞെടുക്കാനുള്ള സാധ്യത പോലും ഇല്ലാത്ത വിധം നന്മ നമ്മുടെ സ്വഭാവത്തിന്റെ ഭാഗമായി മാറുന്നതിനെ അദ്ദേഹം "വിശുദ്ധി" എന്ന് വിളിക്കുന്നു. അഹിംസയിലൂടെയും സത്യഗ്രഹത്തിലൂടെയും ഗാന്ധിജി ലക്ഷ്യം വെച്ചതും ഒരുതരം ആന്തരിക സ്വാതന്ത്ര്യമായിരുന്നു. പുറത്തുള്ള ശത്രുവിനേക്കാൾ ഉള്ളിലുള്ള തിന്മയെ ജയിക്കുന്നതാണ് വലിയ വിജയമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഈ ഒരു ആന്തരിക സ്വാതന്ത്ര്യം എന്നും തന്റെ ജീവിതത്തിൽ അനുഭവിച്ച ഒരു വ്യക്തിയായിരുന്നു പരിശുദ്ധ കന്യകാമറിയം. ഒരു പക്ഷെ മറിയത്തിന്റെ സ്വർഗാരോപണ തിരുനാൾ, ഭാരത്തിന്റെ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് തന്നെ ആഘോഷിക്കുന്നതിൽ, നാം ഏറെ അഭിമാനിക്കേണ്ടതാണ്. കാരണം,  മറിയത്തിന്റെ ജീവിതം സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണ്. അവളുടെ ജീവിതം പൂർണ്ണമായും ദൈവഹിതത്തിന് കീഴ്പ്പെട്ടതായിരുന്നു. എന്നാൽ ആ കീഴ്പ്പെടൽ അവളെ അടിമയാക്കുകയല്ല, മറിച്ച് ലോകത്തിലെ ഏറ്റവും സ്വതന്ത്രയായ വ്യക്തിയാക്കി മാറ്റുകയാണ് ചെയ്തത്. പാപ്പായുടെ പ്രസംഗകനായ കർദ്ദിനാൾ റാനിയേറോ കന്താലമെസ്സ പറയുന്നത് ഇപ്രകാരമാണ്:  മറിയത്തിന്റെ 'ഫിയാത്ത്', അഥവാ, "ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകൾ ചരിത്രത്തിലെ ആദ്യത്തെ യഥാർത്ഥ സ്വാതന്ത്ര്യത്തിന്റെ ഏറ്റുപറച്ചിൽ ആയിരുന്നു. കാരണം, അത് യാതൊരു നിർബന്ധവുമില്ലാതെ, സ്നേഹത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും ഉയർന്നുവന്ന സമ്മതമായിരുന്നു. ദൈവത്തോട് 'ശരി' എന്ന് പറയാനുള്ള അവളുടെ തീരുമാനം മനുഷ്യകുലത്തിന്റെ തന്നെ വിമോചനത്തിന് വഴിയൊരുക്കി.

സ്വാതന്ത്ര്യം സ്നേഹത്തിൽ നിന്നും രൂപം കൊള്ളുന്നു

രക്ഷാകര ചരിത്രത്തിൽ നാല് പ്രധാന 'ഫിയാത്തുകൾ' അഥവാ സമ്മതങ്ങൾ നമുക്ക് കാണാൻ സാധിക്കും. ആദ്യത്തേത് സൃഷ്ടിസമയത്ത് ദൈവം പറഞ്ഞ "വെളിച്ചം ഉണ്ടാകട്ടെ" എന്നതാണ്. ഈ വാക്കിലൂടെയാണ് പ്രപഞ്ചം നിലവിൽ വന്നത്. രണ്ടാമത്തേത് മറിയത്തിന്റെ സമ്മതമാണ്: "നിന്റെ വചനം പോലെ എന്നിൽ സംഭവിക്കട്ടെ" (ലൂക്കാ 1:38). ഈ സമ്മതത്തിലൂടെ ദൈവം മനുഷ്യനായി അവതരിച്ചു. മൂന്നാമത്തേത് ഗെത്സെമനിയിൽ വച്ച് യേശു പിതാവായ ദൈവത്തിന് നൽകിയ സമ്മതമാണ്: "എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ" (മത്തായി 26:39). ഈ സമ്മതമാണ് കുരിശിലെ ബലിയിലൂടെ ലോകത്തിന് രക്ഷ നൽകിയത്.

നാലാമത്തെ സമ്മതം നാം ഓരോ ദിവസവും ചൊല്ലുന്ന കർത്തൃപ്രാർത്ഥനയിലുണ്ട്: "അങ്ങയുടെ ഹിതം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ". ഈ പ്രാർത്ഥനയിലൂടെ നാം മറിയത്തിന്റെ സമ്മതത്തെ നമ്മുടെ സ്വന്തം ജീവിതത്തിലേക്ക് സ്വീകരിക്കുകയാണ്. നാം ഓരോ തവണ 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന് പ്രാർത്ഥിക്കുമ്പോഴും മറിയത്തോടൊപ്പം ദൈവഹിതത്തിന് 'അതെ' എന്ന് മറുപടി പറയുന്നു. ഈ ഒരു 'അതെ' പറയലാണ് യഥാർത്ഥ വിമോചനത്തിന്റെ വഴി. ദൈവത്തിന് നമ്മെത്തന്നെ ഭരമേല്പിക്കുമ്പോൾ  നാം മറ്റെല്ലാ ലൗകിക അടിമത്തങ്ങളിൽ നിന്നും മോചിതരാകുന്നു. മറിയത്തിന്റെ ഉപാധികളില്ലാത്ത ഈ സമ്മതം നമ്മുടെ ഓരോരുത്തരുടെയും ജീവിതമാതൃക ആകണം.

സ്വാതന്ത്ര്യം വാക്കുകളിലല്ല, പ്രവൃത്തികളിലാണ് പ്രകടമാകേണ്ടത്

മറിയത്തിന്റെ സ്വാതന്ത്ര്യം കേവലം ഒരു വാക്കിൽ ഒതുങ്ങിയില്ല. അത് തന്റെ ജീവിതത്തിൽ വരാനിരിക്കുന്ന എല്ലാ വേദനകളെയും കുരിശിന്റെ ചുവടുവരെയുള്ള യാത്രയെയും ഏറ്റെടുക്കാനുള്ള തീരുമാനമായിരുന്നു. ദൈവഹിതത്തിന് മുന്നിൽ പൂർണ്ണമായി വിട്ടുകൊടുക്കുമ്പോഴാണ് നാം യഥാർത്ഥത്തിൽ സ്വതന്ത്രരാകുന്നത് എന്ന് പരിശുദ്ധ അമ്മ  നമ്മെ പഠിപ്പിക്കുന്നു. സ്വർഗ്ഗാരോപണം കേവലം ആത്മാവിന്റെ മാത്രമല്ല, ശരീരത്തിന്റെ കൂടി വിജയമാണ്. മറിയം ശരീരത്തോടും ആത്മാവോടും കൂടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നത് നമ്മുടെ ശരീരത്തിന്റെ പരിശുദ്ധിയെയും അന്തസ്സിനെയും ഓർമ്മിപ്പിക്കുന്നു. "നിങ്ങളുടെ ശരീരം നിങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയമാണെന്ന് നിങ്ങൾക്കറിയില്ലേ?" (1 കോറിന്തോസ് 6:19). മറിയത്തിന്റെ ശരീരം പാപത്തിന്റെ അശുദ്ധി ഏൽക്കാത്തതായിരുന്നു അതാണ് അവളെ നശ്വരമായ മരണത്തിൽ നിന്നും സ്വതന്ത്രയാക്കിയത്.  ഈ സത്യം നമ്മുടെ ജീവിതത്തിലും വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള ആഹ്വാനമാണ്.

സ്വാതന്ത്ര്യം ഉത്തരവാദിത്വത്തിന്റേതാണ്

ലഹരിക്കും, അനാചാരങ്ങൾക്കും, അധാർമ്മികതയ്ക്കും അടിമപ്പെട്ട ഒരു ജനതയ്ക്ക് ഒരിക്കലും രാഷ്ട്രീയ സ്വാതന്ത്ര്യം പൂർണ്ണമായി അനുഭവിക്കാൻ കഴിയില്ല. നമ്മെ തളച്ചിട്ടിരിക്കുന്ന ആന്തരികമായ ചങ്ങലകൾ പൊട്ടിക്കുമ്പോഴാണ് പുറത്തുള്ള ലോകം കൂടുതൽ പ്രകാശമാനമാകുന്നത്. അതിനാൽ, വിശുദ്ധി എന്നത് ലോകത്തിൽ നിന്നുള്ള ഒളിച്ചോട്ടമല്ല, മറിച്ച് ലോകത്തെ ദൈവഹിതത്തിനനുസരിച്ച് നവീകരിക്കുവാനുള്ള കരുത്താണ്. ഈ സുദിനത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തെയും മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെയും കൂട്ടിയിണക്കുമ്പോൾ നമുക്ക് ലഭിക്കുന്ന വലിയ സന്ദേശം ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യത്തിന്റേതാണ്. "പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹന്നാൻ 8:36). ദൈവത്തിലുള്ള ആശ്രയത്വമാണ്  ഏറ്റവും വലിയ സ്വാതന്ത്ര്യം . മറിയത്തെപ്പോലെ ദൈവഹിതത്തിന് ജീവിതം വിട്ടുകൊടുക്കുന്നവർ ലോകത്തിലെ ഏറ്റവും വലിയ വിപ്ലവകാരികളാണ്. അത് യുദ്ധത്തിന്റെയോ വിനാശത്തിന്റെയോ വിപ്ലവമാണ് മറിച്ച്, സ്നേഹത്തിന്റെ വിപ്ലവമാണ്.

സ്വാതന്ത്ര്യത്തിനെതിരെയുള്ള കളകളെ സൂക്ഷിക്കുക

നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളികളിൽ പതറാതെ, ഭരണഘടനാ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് നന്മയുടെ ഭാഗത്ത് നിൽക്കാൻ നമുക്ക് സാധിക്കണം. ഭാരത്തിന്റെ വിവിധ കോണുകളിൽ ഉയരുന്ന അസ്വസ്ഥതകൾ, ഒരിക്കലും പ്രത്യയ ശാസ്ത്രങ്ങളുടെ മറവിൽ നമ്മുടെ ആന്തരിക സ്വാതന്ത്ര്യം കവർന്നെടുക്കാതിരിക്കട്ടെ. അതുപോലെ തന്നെ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന പേമാരിയുടെയും, വെള്ളപൊക്കത്തിന്റെയും, തത്ഫലമുള്ള ദുരിതങ്ങളുടെയും നിമിഷങ്ങളിൽ, യാതൊരു  വേർതിരിവുകളും ഇല്ലാതെ, മനുഷ്യർ തമ്മിൽ നിലനിൽക്കുന്ന സ്വാതന്ത്ര്യത്തിന്റെ കൂട്ടായ്മയെ, രാഷ്ട്രീയലാഭങ്ങളുടെയോ, വ്യക്തി താത്പര്യങ്ങളുടെയോ രാക്ഷസകരങ്ങൾ  കവർന്നെടുക്കാതിരിക്കട്ടെ.

പ്രചോദനം: സ്വാതന്ത്ര്യ ദിന സന്ദേശം, 2024

വെരി. റവ. ഫാ. ജോസ് കോയിക്കൽ എസ് ഡി ബി, പ്രൊവിൻഷ്യൽ, സലേഷ്യൻ പ്രവിശ്യ ബാംഗ്ലൂർ  

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

07 ഓഗസ്റ്റ് 2026, 11:23