തിരയുക

സുഭാഷിതങ്ങൾ 29 സുഭാഷിതങ്ങൾ 29 

ആത്മനിയന്ത്രണത്തിനും ഉത്തരവാദിത്വപരമായ ജീവിതത്തിനുമുള്ള ക്ഷണം

വചനവീഥി: സുഭാഷിതങ്ങൾ ഇരുപത്തിയൊൻപതാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സോളമൻ എഴുതിയതും, അദ്ധേഹത്തിന്റെ മരണത്തിന് ഏതാണ്ട് മുന്നോറോളം വർഷങ്ങൾക്ക് ശേഷം യൂദാരാജാവായ ഹെസക്കിയയുടെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളുടെ ഭാഗമായി, സോളമന്റെ ഉദ്ബോധനപരമായ മറ്റ് സുഭാഷിത അദ്ധ്യായങ്ങളോട് ചേർത്തുവയ്ക്കപ്പെട്ടതുമായ ഇരുപത്തിയൊൻപതാം അദ്ധ്യായമാണ് നമുക്ക് മുന്നിലുള്ളത്. സോളമന്റെ ഉദ്ബോധനകൃതികളുടെ പൊതുവായ ശൈലിയിൽ, മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്വരത്തിൽ മത, വർഗ്ഗ, ദേശ വ്യത്യാസങ്ങളില്ലാതെ, യുവജനങ്ങൾക്കും ജ്ഞാനം തേടുന്ന ഏതൊരു വ്യക്തിക്കും സ്വീകരിക്കാവുന്നതും പ്രയോഗികമാക്കാവുന്നതുമായ ചിന്തകളും ഉദ്ബോധനങ്ങളുമാണ് ഇവിടെയും നമുക്ക് കാണാനാകുന്നത്. സാമൂഹികജീവിതത്തിലേക്ക് വേണ്ട സ്വഭാവസവിശേഷതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഈ അദ്ധ്യായത്തിന്റെ ഇരുപത്തിയേഴ് വാക്യങ്ങളിലായി, തിരുത്തലുകൾ സ്വീകരിച്ചും ആത്മനിയന്ത്രണത്തോടെയും വളരാനും, ഉത്തരവാദിത്വപൂർവ്വം തങ്ങളുടെ നിയോഗങ്ങളും പ്രവർത്തനങ്ങളും നിറവേറ്റാനും, സത്യസന്ധതയിലും നീതിബോധത്തിലും വളരാനും, വിശ്വാസപൂർവ്വം ജീവിക്കാനും ഉൾപ്പെടെയുള്ള ഉദ്ബോധനങ്ങളാണ് നാം കണ്ടുമുട്ടുന്നത്.

മാതാപിതാക്കളും മക്കളും ഉദ്ബോധനങ്ങളും

ഉപദേശങ്ങളും ഉദ്ബോധനങ്ങളും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, തുടർച്ചയായി അവ ലഭിച്ചിട്ടും അവയ്ക്ക് വഴങ്ങാതെ മർക്കടമുഷ്ടി പിടിക്കുന്നവൻ, രക്ഷപെടാനാകാത്ത തകർച്ചയിലേക്ക് പതിക്കുമെന്ന പ്രസ്താവനയോടെയാണ് സോളമൻ ഈ അദ്ധ്യായം ആരംഭിക്കുന്നത് (1). മക്കളുടെ നല്ല വളർച്ചയിൽ മാതാപിതാക്കൾക്ക് എത്രമാത്രം ഉത്തരവാദിത്വമുണ്ടാകണമെന്ന ഒരു ഓർമ്മപ്പെടുത്തൽ ഈ അദ്ധ്യായത്തിന്റെ വിവിധ ഇടങ്ങളിൽ സോളമൻ ഉൾപ്പെടുത്തുന്നുണ്ട്.

ജ്ഞാനത്തെ സ്നേഹിക്കുന്നവൻ പിതാവിനെ സന്തോഷിപ്പിക്കുന്നുവെന്നും, വേശ്യകളോട് സഹവസിക്കുന്നവൻ സമ്പത്ത് ധൂർത്തടിക്കുന്നുവെന്നുമുള്ള മൂന്നാംവാക്യവും (3) "താഡനവും ശാസനവും ജ്ഞാനം പകർന്നുകൊടുക്കുന്നു; തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന കുട്ടി അമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു" (15) എന്ന പതിനഞ്ചാം വാക്യവും, ഉദ്‌ബോധനം സ്വീകരിച്ച് ശരിയായ മാർഗ്ഗത്തിൽ ജീവിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നവയാണ്. "മകന് ശിക്ഷണം നൽകുക, അവൻ നിനക്ക് അശ്വാസഹേതുവാകും; നിന്റെ ഹൃദയത്തെ ആഹ്ളാദിപ്പിക്കുകയും ചെയ്യും" (17) എന്ന വചനവും ഇതേ ചിന്തയാണ് മുന്നോട്ട് വയ്ക്കുന്നത്.

നേതൃത്വവും നീതിബോധവും

വ്യക്തികളുടെയും രാഷ്ട്രത്തിന്റെയും ശരിയായ വളർച്ചയിലും പുരോഗതിയിലുമുള്ള മുന്നേറ്റത്തിന്, രാജ്യ, സാമൂഹ്യ, കുടുംബ നേതൃത്വങ്ങളിൽ ഉണ്ടാകേണ്ട ഗുണഗണങ്ങളെക്കുറിച്ചുള്ളതാണ് ഈ അദ്ധ്യായത്തിൽ സോളമൻ മുന്നോട്ട് വയ്ക്കുന്ന ചിന്തകളിൽ മറ്റൊന്ന്. ഇതിൽ പ്രധാനപ്പെട്ട ഒരു ഗുണം നീതിബോധമാണ്. ജനത്തിന്റെ സന്തോഷവും ദുഃഖവും നേതൃത്വത്തിലുള്ളവരുടെ ഭരണത്തിലെ നീതിയോട് അനുരൂപപ്പെട്ടിരിക്കുമെന്ന് (2) ഓർമ്മിപ്പിക്കുന്ന സോളമൻ, നീതിയുള്ള രാജാവ് നാടിന് ക്ഷേമം വരുത്തുന്നുവെന്നും ജനത്തെ അമിതമായി ചൂഷണം ചെയ്‌ത്‌ നികുതി ഈടാക്കുന്നവൻ നാട് നശിപ്പിക്കുന്നുവെന്നും (4) പ്രസ്താവിക്കുന്നു. ദരിദ്രരുടെ അവകാശങ്ങൾ ശ്രദ്ധിക്കാത്ത (7) ദുഷ്ടന്റെ അതിക്രമങ്ങൾ അവനെത്തന്നെ കുരുക്കിലാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന സുഭാഷിതം, ദരിദ്രരുടെ അവകാശങ്ങൾ അംഗീകരിക്കുന്ന നീതിമാൻ സന്തോഷത്തോടെ മുന്നേറുന്നുമെന്ന് (6) ഓർമ്മിപ്പിക്കുന്നുണ്ട്.  ദരിദ്രർക്ക് നീതി ഉറപ്പുവരുത്തുന്നത് അധികാരസ്ഥാനം നിലനിറുത്തുന്നതിന് പ്രധാനപ്പെട്ടതാണെന്നും (14) വചനം ഉദ്ബോധിപ്പിക്കുന്നു. നീതിമാന്മാരും അനീതി പ്രവർത്തിക്കുന്നവരും ദുഷ്ടരും സന്മാർഗ്ഗികളും പരസ്പരം വെറുക്കുന്നുവെന്ന (27), അവർക്ക് യോജിച്ചുപോകാനാകില്ലെന്ന സത്യവും സോളമൻ വ്യക്തമാക്കുന്നുണ്ട്.

ഭരണാധിപനുണ്ടാകേണ്ട വിവേകത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്, അവൻ അസത്യത്തിന് ചെവികൊടുക്കുമ്പൾ, അവന്റെ സേവകർ കൂടുതൽ ദുഷ്ടരായിത്തീരുമെന്ന് (12) സോളമൻ ഉദ്ബോധിപ്പിക്കുന്നു. ദുഷ്ടന്മാർ അധികാരത്തിലിരിക്കുമ്പോൾ അതിക്രമം പെരുകുന്നുവെന്ന് ഓർമ്മിപ്പിക്കുന്ന അവൻ, എന്നാൽ അവരുടെ അധഃപതനം നീതിമാന്മാർ കാണുമെന്ന് (16) ഉറപ്പുനൽകുന്നുണ്ട്. പ്രവചനം, മുന്നറിയിപ്പുകൾ ഇല്ലാത്തയിടത്ത് ജനം നിയന്ത്രണം വെടിഞ്ഞു പ്രവർത്തിക്കുമെന്ന് പഠിപ്പിക്കുന്ന സോളമൻ, നിയമം പാലിക്കുന്നവനെ അനുഗ്രഹീതാണെന്നാണ് വിശേഷിപ്പിക്കുന്നത് (18).

രാജഭരണത്തിൽ മാത്രമല്ല, സമൂഹങ്ങളിലും കുടുംബങ്ങളിലും നേതൃനിരയിലുള്ളവർ സമാനമായ വിവേകം പുലർത്തേണ്ടതിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന സുഭാഷിതം, ഭൃത്യരെ നിയന്ത്രിക്കുന്നതിലും ശരിയായ ശിക്ഷണം നൽകുന്നതിലും ശ്രദ്ധ കൊടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും പഠിപ്പിക്കുന്നുണ്ട്. വാക്കുകൾ കൊണ്ടുമാത്രം നിയന്ത്രണവും അനുസരണവും (19) കൊണ്ടുവരിക എളുപ്പമാകില്ലെന്ന് എഴുതുന്ന സോളമൻ, ഭൃത്യരോടുള്ള അമിതമായ ദാക്ഷിണ്യവും ദയയും സ്വന്തമായുള്ളതൊക്കെ നഷ്ടമാകുന്ന സ്ഥിതിയിലേക്ക് (21) ഒരുവനെ കൊണ്ടുപോകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.

സമൂഹജീവിതവും വ്യക്തികളിലെ ഗുണങ്ങളും

ഓരോ വ്യക്തികളുടെയും ജീവിതത്തിലെ നന്മതിന്മകൾ മറ്റുള്ളവരുടെയും പൊതുസമൂഹത്തിന്റെയും ജീവിതത്തെക്കൂടി ബാധിക്കുന്നതാണെന്ന ഉദ്ബോധനവും സോളമൻ ഈ അദ്ധ്യായത്തിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. അയൽക്കാരനോട് അനാവശ്യമായി മുഖസ്തുതി പറയുന്നത് ഒരു കെണിയാണെന്ന് (5), അത് സ്വാർത്ഥ താത്പര്യത്തോടെയുള്ളതും, അയൽക്കാരന്റെ പതനത്തിന് കാരണമാകുന്നതുമാകാമെന്ന് അവൻ ഓർമ്മിപ്പിക്കുന്നുണ്ട്. ജ്ഞാനികൾ ക്രോധത്തെ നിയന്ത്രിച്ചും, അകറ്റിയും ജീവിക്കാൻ പരിശ്രമിക്കുമ്പോൾ, പരിഹാസകനും ഭോഷനും, അതിനെ അനിയന്ത്രിതമായി അഴിച്ചുവിടുന്നുവെന്നും, നഗരത്തിന് തീ വയ്ക്കുന്നത്തിന് തുല്യം സമാധാനം ഇല്ലാതാക്കുന്നുവെന്നും (8, 11), രോഷവും കോപവും നിറഞ്ഞവൻ കലഹം ഇളക്കിവിടുകയും അതിക്രമങ്ങൾ വരുത്തിവയ്ക്കുകയും ചെയ്യുന്നുവെന്നും (22) ഉദ്ബോധിപ്പിക്കുന്ന സോളമൻ ജ്ഞാനിക്കും ഭോഷർക്കുമിടയിൽ സമാധാനപൂർണമായ പരസ്പരബന്ധം ഉണ്ടാകുക എളുപ്പമല്ലെന്ന് എഴുതുന്നു (9). ദുഷ്ടരും രക്തദാഹികളുമായ മനുഷ്യർ, നിർദ്ദോഷനെ വെറുക്കുകയും അവന്റെ ജീവനെ വേട്ടയാടുകയും ചെയ്യുന്നു (10). കള്ളന്മാർക്കിടയിൽ നീണ്ടുനിൽക്കുന്ന പങ്കാളിത്തം എളുപ്പമല്ലെന്നും, അവരുടെ സത്യവും വാഗ്ദാനങ്ങളും ഗൗരവതരമായി എടുക്കരുതെന്നും സുഭാഷിതം മുന്നറിയിപ്പ് നൽകുന്നുണ്ട്.

ദൈവം മനുഷ്യർക്ക് സമാനമായ അവസരങ്ങളും കഴിവുകളും നൽകുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട്, ദരിദ്രന്റെയും അവനെ പീഡിപ്പിക്കുന്നവന്റെയും കണ്ണുകൾക്ക് പ്രകാശം നൽകുന്നത് കർത്താവാണെന്ന് (13) സോളമൻ ഓർമ്മിപ്പിക്കുന്നു.

വാക്കുകളിൽ നിയന്ത്രണം പാലിക്കണമെന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട്, വാ തോരാതെ സംസാരിക്കുന്നവനെക്കാൾ നിശ്ശബ്ദനായിരിക്കുന്ന ഭോഷന് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് (20) സുഭാഷിതം പഠിപ്പിക്കുന്നു. അഹങ്കാരം പതനത്തിനും, വിനയം ബഹുമതിക്കും കാരണമാകുമെന്നും സോളമൻ പഠിപ്പിക്കുന്നുണ്ട് (23).

മനുഷ്യരും കർത്താവും വ്യക്തിജീവിതവും

സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തിലെ നന്മതിന്മകളെകുറിച്ച് മുന്നറിയിപ്പ് നൽകുന്ന സോളമൻ, സുഭാഷിതഗ്രന്ഥത്തിലെ പൊതുവായ ശൈലിയിൽനിന്ന് അൽപ്പം വ്യത്യസ്തമായി, കർത്താവിലുള്ള വിശ്വാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടി ഈ അദ്ധ്യായത്തിൽ ഉദ്ബോധിപ്പിക്കുന്നുണ്ട്. മനുഷ്യരോടുള്ള ബഹുമാനവും പരിഗണനയുമൊക്കെ വിലമതിക്കുന്ന സുഭാഷിതം, എന്നാൽ അമിതഭയവും പരിഗണനയും ഒരുവന്റെ ജീവനെ തെറ്റായ രീതിയിൽ നയിക്കുന്ന ഒരു കെണിയാണെന്നും, കർത്താവിൽ വിശ്വാസമർപ്പിച്ചുള്ള ജീവിതമാണ് സുരക്ഷിതമെന്നും പഠിപ്പിക്കുന്നു. സമാനമായി, ഭരണാധിപന്റെ പ്രീതിക്കുവേണ്ടിയല്ല, യഥാർത്ഥ നീതിയുടെ ഉറവിടമായ കർത്താവിൽനിന്നുള്ള അനുഗ്രഹത്തിനായാണ് (26) പരിശ്രമിക്കേണ്ടതെന്നും സോളമൻ എഴുതിവയ്ക്കുന്നുണ്ട്. മനുഷ്യരെ ഭയക്കുന്നതിനേക്കാൾ ദൈവത്തെ സ്നേഹിക്കുകയാണ് വേണ്ടതെന്നാണ് വചനം ഇവിടെ ഉദ്ബോധിപ്പിക്കുന്നത്.

ഉപസംഹാരം

സുഭാഷിതപുസ്തകത്തിന്റെ തനതായ ശൈലിയിൽ, യുവജനങ്ങൾക്കും അറിവ് തേടുന്നവർക്കുമുള്ള ഉദ്‌ബോധനം തുടരുന്ന സോളമൻ, തിരുത്തലുകൾ സ്വീകരിച്ച്, ആത്മനിയന്ത്രണം പാലിച്ച് ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ അദ്ധ്യായത്തിൽ എടുത്തുകാണിക്കുന്നതെന്ന് നാം കണ്ടു. വ്യക്തിപരമായ തീരുമാനങ്ങളും പ്രവൃത്തികളും മറ്റുള്ളവരുടെയും പൊതുസമൂഹത്തിന്റെയും ജീവിതത്തെക്കൂടി ബാധിക്കുന്നതാണെന്നും, അതുകൊണ്ടുതന്നെ എല്ലാവരും, പ്രത്യേകിച്ച്, നേതൃനിരയിലുള്ളവർ, അവർ ഭരണാധിപരാകട്ടെ, സമൂഹത്തിലെ നേതൃത്വങ്ങളാകട്ടെ, മാതാപിതാക്കളാകട്ടെ, തങ്ങളിൽ ഭരമേല്പിക്കപെട്ടവരെ ശരിയായ രീതിയിൽ  ഉദ്ബോധിപ്പിക്കാനും, ഉത്തരവാദിത്വപൂർവ്വം തിരുത്താനും നീതിപൂർവ്വം നയിക്കാനുമുള്ള തങ്ങളുടെ വിളി തിരിച്ചറിഞ്ഞുകൊണ്ടുവേണം പ്രവർത്തിക്കാനെന്നും സോളമൻ പറഞ്ഞുതരുന്നുണ്ട്. വചനം മുന്നോട്ട് വയ്ക്കുന്ന ഉദ്ബോധനങ്ങൾ വിനയപൂർവ്വം സ്വീകരിക്കുകയും, മനുഷ്യരിലെന്നതിനേക്കാൾ ദൈവത്തിൽ ശരണപ്പെട്ട് മുന്നോട്ട് പോവുകയും, വാക്കുകളിലും പ്രവൃത്തികളിലും നന്മയും സത്യസന്ധതയും നീതിയും ഉത്തരവാദിത്വബോധവും കാത്തുസൂക്ഷിക്കുകയും ചെയ്യാൻ ഈ വാക്കുകൾ നമുക്കും പ്രേരണയാകട്ടെ. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

11 ഓഗസ്റ്റ് 2026, 15:18