ജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം ഭാവി സുരക്ഷിതമാക്കി ജീവിക്കാനുള്ള ഉദ്ബോധനവും ക്ഷണവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
ഏതൊരു വ്യക്തിയുടെയും സമൂഹത്തിന്റെയും അനുദിന പ്രയോഗികജീവിതത്തിലേക്ക് ഉപകരിക്കുന്നതും, ഭാവി സുരക്ഷിതമാക്കുന്നതിനും വേണ്ടിയുള്ള ചിന്തകൾ അടങ്ങുന്ന ഉദ്ബോധനങ്ങളാണ് സുഭാഷിതങ്ങളുടെ ഇരുപത്തിയേഴ് വാക്യങ്ങളുള്ള ഇരുപത്തിയേഴാം അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നത്. വിനയം, ബഹുമാനം, ആത്മനിയന്ത്രണം, സ്നേഹപൂർവ്വമുള്ള തിരുത്തൽ, ആത്മാർത്ഥസ്നേഹം, ഉത്തരവാദിത്വപൂർവ്വമുള്ള അദ്ധ്വാനം തുടങ്ങിയ ജീവിതമൂല്യങ്ങളാണ് ഈ അദ്ധ്യായത്തിൽ പ്രധാനമായും പരാമർശിക്കപ്പെടുന്നത്. ഒരുവൻ തന്റെയും, തന്റെ ബന്ധുമിത്രാദികളുടെയും ജീവിതത്തെ അനുഗ്രഹീതമാക്കുന്നതിന് എപ്രകാരമാണ് ജീവിക്കേണ്ടതെന്ന ഉപദേശങ്ങളാണ് സോളമൻ ഇവിടെ നൽകുന്നത്. ഉത്തരവാദിത്വങ്ങളോടുള്ള വിശ്വസ്തത ജീവിതത്തിൽ സ്ഥിരതയും അനുഗ്രഹങ്ങളും കൊണ്ടുവരുമെന്ന ഒരു ചിന്തയും ഈ അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നുണ്ട്. മുൻ അദ്ധ്യായങ്ങൾക്ക് ആമുഖമായി കണ്ടതുപോലെ, സോളമൻ രാജാവ് എഴുതിയതും, അദ്ദേഹത്തിന്റെ മരണശേഷം ഏതാണ്ട് മുന്നൂറിനടുത്ത് വർഷങ്ങൾക്കിപ്പുറം, യൂദാരാജാവായ ഹെസക്കിയയുടെ മേൽനോട്ടത്തിൽ ശേഖരിക്കപ്പെട്ട്, പത്താം അദ്ധ്യായം മുതൽ ഇരുപത്തിരണ്ടാം അദ്ധ്യായത്തിന്റെ പതിനാറാം വാക്യം വരെയുള്ള ഭാഗത്തോട് ചേർക്കപ്പെട്ടതുമാണ് ഇരുപത്തിയഞ്ച് മുതൽ ഇരുപത്തിയൊൻപതുവരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന ഭാഗത്തുവരുന്ന ഇരുപത്തിയേഴാം അദ്ധ്യായവും.
വിനയവും അഹങ്കാരവും
ആധികാരികമായി, എന്നാൽ വിനയപൂർവ്വം ജീവിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഈ അദ്ധ്യായം മുന്നോട്ടുവയ്ക്കുന്ന ചിന്തകളിൽ ഒന്ന്. ഈയൊരു ചിന്ത ആദ്യ വാക്യങ്ങളിൽത്തന്നെ സോളമൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. നാളെ എന്താണ് നമ്മെ കാത്തിരിക്കുന്നതെന്ന് അറിയില്ല എന്നതിനാൽത്തന്നെ, അഹങ്കാരം വെടിഞ്ഞ് ജീവിക്കാൻ (1) ആഹ്വാനം ചെയുന്ന സുഭാഷിതം, ആത്മപ്രശംസ ഒഴിവാക്കാനും (2) ആവശ്യപ്പെടുന്നുണ്ട്. സ്വയം പ്രശംസിക്കുക എന്നതിനേക്കാൾ, നമ്മുടെ പ്രവൃത്തികളിലെയും ജീവിതത്തിലെയും നന്മകൾ കണ്ട് മറ്റുള്ളവർ നമ്മെ പ്രശംസിക്കാൻ തക്ക വിധം ജീവിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നുള്ള ഉദ്ബോധനം ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽത്തന്നെ നമുക്ക് കാണാം. വെള്ളിയുടെയും സ്വർണത്തിന്റെയും മാറ്റ് തീയിലൂടെ തെളിയുകയും നിർണ്ണയിക്കപ്പെടുകയും ചെയ്യുന്നതുപോലെ (22), മറ്റുള്ളവരിലൂടെ ലഭിക്കുന്ന പ്രശംസയിൽനിന്നാണ് മനുഷ്യരുടെ മാറ്റ് അറിയാനാകുകയെന്ന് ഇരുപത്തിരണ്ടാം വാക്യത്തിലും സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.
മനുഷ്യരും ഹൃദയവികാരങ്ങളും ആത്മാർത്ഥതയും
മനസ്സിന്റെ വികാരവിചാരങ്ങളിലുണ്ടാകേണ്ട നിയന്ത്രണത്തെക്കുറിച്ചുള്ള ഉദ്‌ബോധനം തുടരുന്ന സോളമൻ, ക്രോധവും അസൂയയും സ്നേഹവും ആത്മാർത്ഥതയും പ്രത്യേകം പരാമർശിക്കുന്നത് നമുക്ക് കാണാം. ഭോഷന്റെ പ്രകോപനം ഭാരമേറിയതാണെന്നും (3) ക്രോധവും കോപവും ക്രൂരവും അനിയന്ത്രിതവുമാണെന്നും ഓർമ്മിപ്പിക്കുന്ന അവൻ, അസൂയയെ നേരിടുക എളുപ്പമല്ലെന്നും (4) വ്യക്തമാക്കുന്നുണ്ട്. ഉള്ളിൽ മാത്രം കൊണ്ടുനടക്കുന്നതും ഉപകാരമില്ലാത്തതുമാകരുത് സ്നേഹമെന്ന്, അത് യഥാർത്ഥമെങ്കിൽ, കുറവുകൾ സത്യസന്ധമായി മനസ്സിലാക്കിത്തരുന്നതും, വളരുവാനുപകരിക്കുന്ന വിധത്തിൽ മുറിപ്പെടുത്തുന്നതുമാകാണമെന്ന് (5-6) വചനം ഉദ്ബോധിപ്പിക്കുന്നു. ശത്രുവിന്റെ ചുംബനവും വഞ്ചനയും പോലെയാണ്, തിരുത്തുകൾ നൽകി വളർത്താത്ത സൃഹുത്തുക്കളുടെ സാമീപ്യവും. കുറവുകൾ തിരിച്ചറിയുമ്പോഴാണ് ഉള്ളതിന്റെ വിലയറിയുന്നതെന്ന്, വിശക്കുന്നവന് കയ്പ്പും മധുരമായി തോന്നുന്നുവെന്ന (7) ചിന്തയിലൂടെ സോളമൻ മനസ്സിലാക്കിത്തരുന്നു.
ജീവിതവും സ്വന്തബന്ധങ്ങളും വിവേകവും
ആദ്യഭാഗത്തെ പൊതുവായ ചിന്തകൾക്ക് ശേഷം, ജീവിതബന്ധങ്ങളിലേക്കും തീരുമാനങ്ങളിലേക്കും വേണ്ട ചില ഉദ്ബോധനങ്ങളാണ് എട്ട് മുതലുള്ള വാക്യങ്ങളിലൂടെ ഈ അദ്ധ്യായം മുന്നോട്ട് വയ്ക്കുന്നത്. ഒരു ഭാഗത്ത് സ്വന്തം ഭവനത്തോടുള്ള ബന്ധത്തിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, കൂടുവിട്ടലയുന്ന പക്ഷിയോട് വീടുവിട്ടലയുന്ന മനുഷ്യനെ (8) താരതമ്യപ്പെടുത്തുന്ന സോളമൻ, മറുഭാഗത്ത്, സ്നേഹ, സുഹൃത് ബന്ധങ്ങളുടെ മൂല്യവും പ്രാധാന്യവും എടുത്തുകാണിക്കുന്നുണ്ട്. ഇത്തരം ബന്ധങ്ങളിലുണ്ടാകേണ്ട വിശ്വസ്തതതയുടെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട്, സ്വന്തം സ്നേഹിതനെയും പിതാവിന്റെ സ്നേഹിതനെയും പരിത്യജിക്കരുതെന്ന് എഴുതുന്ന അവൻ, ആപത്തുവരുമ്പോൾ അടുത്തുള്ള അയൽക്കാരനാണ് അകലെയുള്ള സഹോദരനെക്കാൾ മെച്ചമെന്ന് പ്രയോഗികബുദ്ധിയുടെ കൂടി വെളിച്ചത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട് (10).
സന്തോഷത്തിനും അഭിമാനത്തിനും കാരണമാകുന്ന വിധത്തിൽ ജ്ഞാനം സ്വന്തമാക്കി ജീവിക്കാൻ (11) മാതാപിതാക്കളുടെ സ്വരത്തിൽ ഉപദേശിക്കുന്ന സുഭാഷിതകർത്താവ്, ആപത്തുകളിലും അതിന്റെ ശിക്ഷകളിലും നിന്ന് ഒഴിഞ്ഞുമാറാൻ വിവേകം ഉപകാരപ്പെടുമെന്ന് എഴുതുന്നു (12). അന്യനും പരദേശിക്കും നൽകുന്ന പണം തിരികെ ലഭിക്കാനുള്ള സാധ്യത ഏറെയില്ലാത്ത സ്ഥിതി മുന്നിൽക്കണ്ട്, അവർക്കായി അവിവേകപൂർവ്വം ജാമ്യം നിൽക്കുന്നവരിൽനിന്ന് കുപ്പായവും പണയവും വാങ്ങിക്കൊള്ളാൻ (13) സുഭാഷിതം ഉപദേശിക്കുന്നതും ഇതേ കാരണത്താലാണ്.
ആത്മാർത്ഥതയില്ലാത്തതും അനാവശ്യവുമായ വാക്കുകൾ ഒഴിവാക്കാൻ പഠിപ്പിക്കുന്ന സോളമൻ, മറ്റുള്ളവർ കേൾക്കാൻ തക്ക വിധത്തിൽ അതിരാവിലെ, ഉച്ചത്തിൽ നേരുന്ന അനുഗ്രഹം ശാപമായി മാറുമെന്നും (14) നിയന്ത്രണം അസാധ്യമായ, കലഹപ്രിയയായ ഭാര്യയുടെ സ്വഭാവം എണ്ണയുടെ വഴുക്കൽ പോലെയാണെന്നും (15) എഴുതുന്നു.
"ഇരുമ്പ് ഇരുമ്പിന് മൂർച്ച കൂട്ടുന്നു" എന്ന (17) പ്രയോഗത്തിലൂടെ, പരസ്പരബന്ധങ്ങൾ ഗുണഗണങ്ങൾ പങ്കുവയ്ക്കുന്നതാണെന്ന് പഠിപ്പിക്കുന്ന അവൻ, അത്തിമരം വളർത്തുന്നവൻ അതിന്റെ ഫലം നേടുന്നതുപോലെ, വിശ്വസ്തതയോടെയുള്ള ശുശ്രൂഷ നമ്മെ ബഹുമാനാർത്ഥരാക്കുമെന്ന് (18) ഓർമ്മിപ്പിക്കുന്നുണ്ട്.
മനുഷ്യന്റെ സ്വഭാവം
വെള്ളത്തിലെ പ്രതിഫലനം പോലെ മുഖം മനസ്സിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് (19) പഠിപ്പിക്കുന്ന സോളമൻ, പാതാളവും നരകവും പോലെ, മനുഷ്യന്റെ കണ്ണുകൾ ഒരിക്കലും തൃപ്തമാകുന്നില്ലെന്ന്, അവന്റെ ആഗ്രഹങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ലെന്ന് (20) ഓർമ്മിപ്പിക്കുന്നുണ്ട്. (21) ഉരലിലിട്ട് ഇടിച്ചാലും, എത്രമാത്രം ശ്രമിച്ചാലും ഭോഷന്റെ ഭോഷത്തം വിട്ടുമാറില്ലെന്നും (22) അവൻ ഉദ്ബോധിപ്പിക്കുന്നു. മറ്റുള്ളവരാണ് നമ്മുടെ ജീവിതത്തിന്റെ നന്മതിന്മകളെ നമ്മെക്കാൾ മനസ്സിലാക്കുന്നതും സാക്ഷ്യപ്പെടുത്തുന്നതുമെന്ന ഒരു ചിന്തയും (22) ഇവിടെ നമുക്ക് കാണാം.
വിവേകവും ഭാവിയെക്കുറിച്ചുള്ള കരുതലും
ഭാവിയിയെക്കുറിച്ചുള്ള കരുതലും അത് ആവശ്യപ്പെടുന്ന വിവേകപൂർണ്ണമായ പ്രവൃത്തികളും ഈ അദ്ധ്യായത്തിന്റെ അവസാനഭാഗം എടുത്തുപറയുന്നുണ്ട്. സമ്പത്തും കിരീടവും എന്നും നിലനിൽക്കില്ലെന്ന് (24) ഓർമ്മിപ്പിക്കുന്ന സോളമൻ, അതേസമയം, പഴയകാല സാമൂഹികപശ്ചാത്തലത്തിന്റെ കൂടി അടിസ്ഥാനത്തിൽ, നിലനിൽക്കുന്നതും അനുദിനജീവിതത്തിൽ ഉപകാരപ്രദമാകുന്നതുമായ സമ്പത്താണ് തേടേണ്ടതെന്ന് പഠിപ്പിക്കുന്നു. ആടുമാടുകളെ സശ്രദ്ധം പാലിക്കുന്ന ഒരു ഇടയനും ഉടമയും, അവ നൽകുന്ന രോമവും, പാലും ഉൾപ്പെടെ തന്റെ ആവശ്യങ്ങൾക്കുള്ള വക തനിക്ക് തിരികെ ലഭിക്കുമെന്ന് മനസ്സിലാക്കുന്നുണ്ട് (26-27). എത്രമാത്രം ഭംഗിയും വിലയും ഉള്ളതുമാണെങ്കിലും, നിലനിൽക്കാത്ത സമ്പത്തിനെയും സ്ഥാനമാനങ്ങളെയും കാൾ, ഇന്ന് തീർന്നാലും, നാളെ വീണ്ടും മുളച്ചുപൊന്തുന്ന പുല്ലുപോലെ (25), എന്നും നിലനില്കുന്നവ, അവ എത്രതന്നെ വില കുറഞ്ഞവയെന്ന് കരുതിയാലും, അവയ്ക്ക് ജീവിതത്തിൽ പ്രാധാന്യം നൽകാനാണ് ഈ വാക്യങ്ങളിലൂടെ സുഭാഷിതം ഉദ്ബോധിപ്പിക്കുന്നത്.
ഉപസംഹാരം
എത്രമാത്രം ചെറുതും അപ്രധാനവുമാണെങ്കിലും എല്ലാ കാര്യങ്ങളെയും എല്ലാ പ്രവൃത്തികളെയും വിവേകപൂർവ്വവും ജ്ഞാനത്തോടെയും കാണാനും, അതനുസരിച്ച് ജീവിക്കാനുമാണ് ഈ അദ്ധ്യായത്തിലൂടെ സോളമൻ നാമുൾപ്പെടെ, യുവജനങ്ങളെയും, അറിവുതേടുന്ന ഏവരെയും ക്ഷണിക്കുന്നത്. വിനയവും ആത്മനിയന്ത്രണവും, സത്യസന്ധവും ആത്മാർത്ഥവുമായ ബന്ധങ്ങളും സൗഹൃദങ്ങളും, ശരിയായ തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനുള്ള മനസ്സും, ഹൃദയവിശുദ്ധിയും, ഉത്തരവാദിത്വബോധവും സ്വന്തമാക്കി, ഉചിതമായ തീരുമാനങ്ങളെടുക്കുകയും സത്യസന്ധമായ പ്രവൃത്തികളിലേർപ്പെടുകയും ചെയ്യാം. അസാധാരണമായ കാര്യങ്ങളല്ല, അനുദിനമുള്ള വിശ്വസ്തതയും വിവേകവുമാണ് ജീവിതത്തിൽ നല്ല ഫലം നൽകുകയെന്ന്, ജ്ഞാനം സ്വന്തമാക്കിയുള്ള പ്രവൃത്തികളാണ് മറ്റുളളവർ നമ്മിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാക്കി ജീവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.