ദൈവിക കൂട്ടായ്മയുടെ പ്രതിഫലനമാകണം സാമൂഹിക ജീവിതം: പാപ്പാ
ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി
ലിയോ പതിനാലാമൻ പാപ്പായുടെ 'മഞ്ഞീഫിക്ക ഉമാനിത്താസ് ' (Magnifica Humanitas) എന്ന ചാക്രികലേഖനത്തിലെ രണ്ടാം അധ്യായം കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ അടിസ്ഥാന തത്വങ്ങളെയും ദർശനങ്ങളെയും സമഗ്രമായി അവതരിപ്പിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട ഓരോ മനുഷ്യവ്യക്തിയുടെയും അനന്തമായ അന്തസ്സും അലംഘനീയമായ അവകാശങ്ങളും കേന്ദ്രീകരിച്ചാണ് പാപ്പാ ഇവിടെ യാഥാർഥ്യങ്ങളെ വിശദീകരിക്കുന്നത്. മാറുന്ന ലോകസാഹചര്യങ്ങളിൽ, പ്രത്യേകിച്ച് ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും കാലത്ത്, നീതിയും സാഹോദര്യവുമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിന് സഭയുടെ ഈ സാമൂഹിക പ്രബോധനങ്ങൾ എപ്രകാരം അടിത്തറ ഒരുക്കുന്നുവെന്നത് പാപ്പാ എടുത്തു കാണിക്കുന്നു.
സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാനങ്ങളും തത്വങ്ങളും
സഭയുടെ സാമൂഹിക പ്രബോധനം എന്നത് നിർജീവമായ ഒരു നിയമസംഹിതയല്ല, മറിച്ച് ചരിത്രത്തോടും മാറുന്ന സംസ്കാരങ്ങളോടും ശാസ്ത്രത്തോടും നിരന്തരം സംവദിക്കുന്ന സജീവമായ ഒരു യാഥാർത്ഥ്യമാണെന്നു ആമുഖമായി അടിവരയിട്ടു കൊണ്ടാണ് പാപ്പാ രണ്ടാമത്തെ അധ്യായം ആരംഭിക്കുന്നത്. സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ചരിത്ര യാഥാർഥ്യം ഒരിക്കലും, കാലവ്യതിയാനങ്ങൾക്ക് അടിമപ്പെട്ടു കാലഹരണപ്പെട്ടു പോകുന്നില്ല. മറിച്ച്, ഇന്നത്തെ സങ്കീർണ്ണമായ ലോകസാഹചര്യങ്ങളിൽ, പ്രത്യേകിച്ച് നിർമ്മിത ബുദ്ധിയുടെ വികാസം മനുഷ്യജീവിതത്തെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ, സഭയുടെ ഈ ജ്ഞാനം വിശ്വാസികൾക്ക് ശരിയായ ദിശാബോധം നൽകുന്നു. പൊതുനന്മ, വിഭവങ്ങളുടെ സാർവത്രികമായ ലക്ഷ്യം, സഹായതത്വം, ഐക്യദാർഢ്യം, സാമൂഹിക നീതി എന്നിങ്ങനെയുള്ള, മൂല്യങ്ങളെല്ലാം പരസ്പരബന്ധിതമാണെന്നും ഒന്നിനെ മാറ്റിനിർത്തി മറ്റൊന്നിനെ മനസ്സിലാക്കാൻ സാധിക്കില്ലെന്നും, ഇവയെല്ലാം കൂടിച്ചേരുമ്പോഴാണ് മനുഷ്യന്റെ സമഗ്രമായ വികസനം സാധ്യമാകുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.
ഇവയെക്കുറിച്ച് പാപ്പാ എടുത്ത് പറയുമ്പോൾ, ഈ സാമൂഹിക പ്രബോധനങ്ങൾ, അല്മായരായ വിശ്വാസികൾക്കും നന്മ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യർക്കും അവരുടെ ദൈനംദിന ജീവിതത്തിലും കുടുംബബന്ധങ്ങളിലും തൊഴിലിടങ്ങളിലും സാമൂഹിക ഇടപെടലുകളിലും ദൈവസ്‌നേഹം അനുഭവിക്കുവാനുള്ള സഹായിയായി മാറണം എന്നുള്ള തന്റെ ആഗ്രഹവും വെളിപ്പെടുത്തുന്നു. പൊതുനന്മ, വിഭവങ്ങളുടെ സാർവത്രികമായ ലക്ഷ്യം, സഹായതത്വം, ഐക്യദാർഢ്യം, സാമൂഹിക നീതി എന്നീ തത്വങ്ങളെയെല്ലാം, ഡിജിറ്റൽ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ പുനർവ്യാഖ്യാനം ചെയ്യാനും ശക്തിപ്പെടുത്താനും പാപ്പാ ആഹ്വാനം ചെയ്യുന്നു.
സാമൂഹിക പ്രബോധനത്തിന്റെ അടിസ്ഥാനം
മനുഷ്യന്റെ ദൈവീക സാദൃശ്യം
സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ ഹൃദയം യേശുക്രിസ്തുവിലൂടെ വെളിപ്പെടുത്തപ്പെട്ട ജീവിക്കുന്ന ദൈവത്തിന്റെ രഹസ്യമാണെന്ന് പാപ്പാ എടുത്തു പറയുന്നു. ഈ രഹസ്യം ത്രിത്വയ്ക ദൈവത്തിന്റെ കൂട്ടായ്മയാണ്, അത് സ്നേഹത്തിന്റെ പരസ്പര വിനിമയമാണ്. ഈ സ്നേഹ ബന്ധത്തിലേക്കാണ് എല്ലാ മനുഷ്യരും വിളിക്കപ്പെട്ടിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നത് പോലെ, തന്നെത്തന്നെ ആത്മാർത്ഥമായി ദാനം ചെയ്യുന്നതിലൂടെ മാത്രമേ മനുഷ്യന് തന്റെ പൂർണ്ണത കണ്ടെത്താൻ സാധിക്കൂ. ദൈവത്തിന്റെ ത്രിത്വൈക സ്നേഹത്തിന്റെ ചലനാത്മകതയിലേക്ക് പ്രവേശിക്കുക എന്നതാണ് ഓരോ മനുഷ്യന്റെയും ഏറ്റവും ആഴമേറിയ വിളി. ഈ ദൈവിക കൂട്ടായ്മയുടെ പ്രതിഫലനമാകണം നമ്മുടെ സാമൂഹിക ജീവിതവും.
ക്രിസ്തുരഹസ്യമാണ് സാമൂഹിക പ്രബോധനത്തിന്റെ ഉറവിടമെങ്കിൽ, അതിന്റെ പ്രായോഗിക രൂപം നാം ദർശിക്കുന്നത് മനുഷ്യാവതാരം ചെയ്ത യേശുക്രിസ്തുവിലാണെന്ന് 49-ാം ഖണ്ഡിക വ്യക്തമാക്കുന്നു. ദൈവപുത്രൻ മനുഷ്യനായിത്തീർന്നതിലൂടെ മനുഷ്യചരിത്രത്തിലേക്കും, നമ്മുടെ വ്യക്തി ജീവിതത്തിലേക്കും ദൈവസ്നേഹത്തെ അവൻ വെളിപ്പെടുത്തി. ഓരോ മനുഷ്യനെയും സഹോദരനായി കാണാനും സ്നേഹിക്കാനും ക്രിസ്തു നമ്മെ പഠിപ്പിക്കുന്നു.
സഭയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം മനുഷ്യവ്യക്തിയാണ്
50-ാം ഖണ്ഡിക മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള മഹത്തായ ക്രൈസ്തവ ദർശനം പങ്കുവെക്കുന്നു. മനുഷ്യൻ സഹജമായിത്തന്നെ ബന്ധങ്ങളിൽ അധിഷ്ഠിതമായി ജീവിക്കേണ്ടവനാണ്; ദൈവത്തോടും മറ്റുള്ളവരോടും പ്രകൃതിയോടും ചേർന്ന് ഒരു കൂട്ടായ്മയുടെ ചരിത്രം നിർമ്മിക്കാനാണ് അവൻ വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മനുഷ്യന്റെ അന്തസ്സിന്റെ അളവുകോൽ നാം ചിന്തിക്കുന്നതുപോലെ, അവന്റെ കഴിവിനെയോ സമ്പത്തിനെയോ പദവിയെയോ അടിസ്ഥാനപ്പെടുത്തിയുള്ളതല്ല. മറിച്ച്, അത് ദൈവം സൗജന്യമായി നൽകിയ ഒന്നാണ്. അതുകൊണ്ട് തന്നെ, സഭയുടെ പ്രവർത്തനങ്ങളുടെ കേന്ദ്രം എപ്പോഴും മനുഷ്യവ്യക്തിയാണ്. സമഗ്രമായ മനുഷ്യവികസനത്തിന്റെ അടിസ്ഥാനം ഈ വ്യക്തിത്വത്തെ ആദരിക്കുക എന്നതാണ്.
എല്ലാ മനുഷ്യരുടെയും തുല്യമായ അന്തസ്സ്
മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചും മനഃസാക്ഷിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ബോധ്യത്തെ തകർക്കുന്നതിനായി, ഇന്ന് പല നിഗൂഢമായ പ്രത്യയശാസ്ത്രങ്ങളും ശക്തമായ താൽപ്പര്യങ്ങളും ശ്രമിക്കുന്നുണ്ടെന്ന മുന്നറിയിപ്പ് പാപ്പാ നൽകുന്നു. കാര്യക്ഷമതയും പ്രകടനമികവും ഉള്ളവർക്ക് മാത്രം മൂല്യം കൽപ്പിക്കുന്ന ചിന്താഗതി വളരെ അപകടകരമാണ്. ഇതിലൂടെ മനുഷ്യൻ വെറുമൊരു വിഭവമായോ ലാഭം കൊയ്യാനുള്ള ഉപകരണമായോ മാറുന്നു. എന്നാൽ മനുഷ്യൻ എപ്പോഴും ഒരു ലക്ഷ്യമായിരിക്കണം, ഒരിക്കലും മറ്റൊരു കാര്യത്തിനുള്ള ഉപാധിയായി മാറരുത്. മനുഷ്യന്റെ മൂല്യം അവൻ സ്വയം നേടിയെടുക്കുന്നതിലല്ല, മറിച്ച് അവൻ ഒരു വ്യക്തിയാണ് എന്നതിലാണ്. ഈ അന്തസ്സിനെ ഇല്ലായ്മ ചെയ്യുന്നതിന് ഒരു അധികാരത്തിനും അവകാശമില്ല.
അന്തസ് എന്ന വാക്കിന്റെ അർത്ഥങ്ങൾ
അന്തസ്സ് എന്ന വാക്കിനെ വിവിധ തലങ്ങളിൽ 52-ാം ഖണ്ഡിക വിശകലനം ചെയ്യുന്നു. നൈതികമായ അന്തസ്സ്, സാമൂഹികമായ അന്തസ്സ് , നിലനിൽപ്പിന്റെ അന്തസ്സ് എന്നിങ്ങനെ പല തലങ്ങളുണ്ട്. ഇവ ജീവിതസാഹചര്യങ്ങൾക്കനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം. എന്നാൽ ഇതിനെല്ലാം അപ്പുറം 'അസ്തിത്വപരമായ അന്തസ്സ്' എന്നൊരു തലമുണ്ട്. ദൈവം സൃഷ്ടിച്ചു എന്ന കാരണത്താൽ മാത്രം ഓരോ മനുഷ്യനും ലഭിക്കുന്ന മൂല്യമാണിത്. പാപമോ പരാജയമോ അവഹേളനമോ, അപ്രകാരമുള്ള ഒന്നും ഈ അന്തസ്സിനെ ഇല്ലാതാക്കുന്നില്ല. ഒരു വ്യക്തി ലോകത്താൽ തിരസ്കരിക്കപ്പെട്ടാലും ദൈവത്തിന്റെ സ്നേഹം അവന് നൽകുന്ന ഈ ആഴമേറിയ അന്തസ്സ് ഒരിക്കലും മാറ്റമില്ലാതെ തുടരുന്നു. ഈ അന്തസ്സിനു സീമകളില്ല എന്നതും ഏറെ പ്രാധാന്യം അർഹിക്കുന്നു.
ഇതിനു രണ്ടു കാരണങ്ങൾ പാപ്പാ ചൂണ്ടികാണിക്കുന്നു. ഒന്നാമതായി, മനുഷ്യനെ തന്റെ സൗഹൃദത്തിലേക്ക് വിളിക്കുന്ന ദൈവത്തിന്റെ സ്നേഹം അനന്തമാണ്. രണ്ടാമതായി, ഈ അന്തസ്സ് നിരുപാധികമാണ്. ലോകത്തിലെ യാതൊന്നിനും ഒരു മനുഷ്യന്റെ ഈ മൂല്യത്തെ ഇല്ലാതാക്കാൻ സാധിക്കില്ല. ഏതൊരു അവസ്ഥയിലാണെങ്കിലും, ജീവിതം എത്ര തകർന്നതാണെങ്കിലും ഈ അന്തസ്സ് അലംഘനീയമായി നിലനിൽക്കുന്നു.
മനുഷ്യാവകാശങ്ങളുടെ ഉന്നതമായ മൂല്യം
മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കാനുള്ള ഉത്തമമായ ശ്രമങ്ങളാണെന്ന് സഭ അംഗീകരിക്കുന്നതായി 54-ാം ഖണ്ഡിക പറയുന്നു. 1948-ലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം മനുഷ്യരാശിയുടെ ധാർമ്മിക പുരോഗതിയിലെ ഒരു നാഴികക്കല്ലാണ്. ക്രൈസ്തവ വീക്ഷണത്തിൽ, മനുഷ്യാവകാശങ്ങൾ എന്നത് പുറത്തുനിന്നുള്ള ഏതെങ്കിലും കാര്യങ്ങൾ കൂട്ടിച്ചേർക്കുന്നതല്ല, മറിച്ച് മനുഷ്യന്റെ സഹജമായ അന്തസ്സിന്റെ ചരിത്രപരമായ പരിഭാഷകളാണ്. അന്താരാഷ്ട്ര സമൂഹം ഇവയെ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ബാധ്യസ്ഥരാണ്.
ഇവയെക്കുറിച്ചുള്ള പാപ്പായുടെ വാക്കുകൾ, യുദ്ധങ്ങളുടെയും അസ്വസ്ഥതകളുടെയും വെല്ലുവിളികൾ നിറഞ്ഞ ഇന്നത്തെ ലോകത്തിനു ഏറെ പ്രസക്തമാണ്. മനുഷ്യാവകാശങ്ങൾ അലംഘനീയവും സാർവത്രികവുമാണെന്ന് പാപ്പാ പഠിപ്പിക്കുമ്പോൾ തന്നെ, അവ കേവലം പ്രഖ്യാപനങ്ങളിൽ ഒതുങ്ങരുത്, മറിച്ച് പ്രായോഗികമായി നടപ്പിലാക്കപ്പെടണം എന്ന ആവശ്യവും മുൻപോട്ടു വയ്ക്കുന്നു. മനുഷ്യാവകാശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 'ജീവിക്കാനുള്ള അവകാശമാണ്'. ഗർഭധാരണം മുതൽ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണം ഇതിൽ ഉൾപ്പെടുന്നു. ഗർഭച്ഛിദ്രം, നിരപരാധികളെ കൊല്ലൽ, ദയാവധം തുടങ്ങിയവ ജീവിക്കാനുള്ള ഈ അടിസ്ഥാന അവകാശത്തിന്റെ ലംഘനമാണ്. ഇത്തരം തെറ്റായ തിരഞ്ഞെടുപ്പുകളെ സഭ ഗൗരവകരമായ അധാർമ്മികതയായി കാണുന്നു.
മനുഷ്യാവകാശത്തിനെതിരായ വെല്ലുവിളികൾ
ഇന്നത്തെ കാലത്ത് മനുഷ്യാവകാശങ്ങൾ നേരിടുന്ന രണ്ട് വലിയ വെല്ലുവിളികളെക്കുറിച്ച് 56-ാം ഖണ്ഡികയിൽ പാപ്പാ മുന്നറിയിപ്പ് നൽകുന്നു. ഒന്ന്, അവകാശങ്ങൾ വെറും ഔദ്യോഗിക രേഖകളിൽ മാത്രം ഒതുങ്ങുകയും യഥാർത്ഥ ജീവിതത്തിൽ സാങ്കേതിക വിദ്യയുടെ മറവിൽ അന്തസ്സ് ലംഘിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ. രണ്ട്, മനുഷ്യാവകാശങ്ങളുടെ സാർവത്രികമായ അടിസ്ഥാനം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യം. മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനം കേവലം ഭൂരിപക്ഷ അഭിപ്രായമല്ല, മറിച്ച് മനുഷ്യപ്രകൃതിയിൽ അന്തർലീനമായ മൂല്യങ്ങളാണ്. ഈ അടിസ്ഥാനം നഷ്ടപ്പെട്ടാൽ, ഭാവിയിൽ അധികാരമുള്ളവർ ഈ അവകാശങ്ങളെ നിഷേധിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ഫ്രാൻസിസ് പാപ്പയെ ഉദ്ധരിച്ചുകൊണ്ട് ലിയോ പതിനാലാമൻ പാപ്പ ഓർമ്മിപ്പിക്കുന്നു.
സ്ത്രീകളുടെ അവകാശങ്ങൾ
മനുഷ്യാവകാശത്തെപ്പറ്റി സംസാരിക്കുമ്പോൾ, പാപ്പാ പ്രത്യേകമായി സ്ത്രീകളുടെ അവകാശത്തെപ്പറ്റി എടുത്തു പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ ഇന്നും വിവേചനവും അക്രമവും അനുഭവിക്കുന്നു. വാക്കുകളിൽ മാത്രം തുല്യത പറഞ്ഞാൽ പോരാ, മറിച്ച് നിയമങ്ങളിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയ പങ്കാളിത്തത്തിലും അത് പ്രകടമാകണം. സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ അവകാശങ്ങളും അന്തസ്സും ലഭിക്കാത്തിടത്തോളം കാലം ആ സമൂഹം പരിഷ്കൃതമാണെന്ന് പറയാൻ കഴിയില്ല. സ്ത്രീകളുടെ സംഭാവനകളെ വിലമതിക്കാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കാനുമുള്ള പ്രായോഗിക നടപടികൾ ഉണ്ടാകണമെന്നു പാപ്പാ അടിവരയിട്ടു പറയുന്നു. ഒരു പക്ഷെ, കഴിഞ്ഞ കാലങ്ങളിൽ സഭയുടെ ഭരണ സംവിധാനങ്ങളിൽ സ്ത്രീകൾക്ക് നൽകിയ പ്രാധാന്യത്തെ അനുസ്മരിക്കേണ്ടതും ആവശ്യമാണ്.
വ്യക്തികൾക്കും കുടുംബത്തിനുമുള്ള പ്രാധാന്യം
ഒരു സമൂഹത്തിന്റെ അടിത്തറ എന്നത്, ഓരോ വ്യക്തിയും, അവൻ ഭാഗമായിരിക്കുന്ന കുടുംബവുമാണ്. അതുകൊണ്ടാണ് കുടുംബത്തെ ഗാർഹിക സഭയെന്നു കത്തോലിക്കാ പ്രബോധനങ്ങളിൽ വിശേഷിപ്പിക്കുന്നത്. ഓരോ വ്യക്തിക്കും കുടുംബത്തിനും നൽകേണ്ട മുൻഗണനയെക്കുറിച്ച് അൻപത്തിയെട്ടാമത്തെ ഖണ്ഡികയിൽ പാപ്പാ സംസാരിക്കുന്നു. വലിയ രാഷ്ട്രീയ പ്രഖ്യാപനങ്ങളോ ആശയങ്ങളോ മനുഷ്യന്റെ അവിഭാജ്യമായ അവകാശങ്ങളെ സംരക്ഷിക്കുന്നില്ലെങ്കിൽ അവ നിരർത്ഥകമാണ്. വ്യക്തിസ്വാതന്ത്ര്യത്തെയും സ്വകാര്യ സംരംഭങ്ങളെയും പുകഴ്ത്തുമ്പോൾ തന്നെ, ഒരു വലിയ വിഭാഗം ജനങ്ങൾ അന്തസ്സുള്ള ജോലിയോ സംരക്ഷണമോ ഇല്ലാതെ ജീവിക്കുന്നത് അംഗീകരിക്കാനാവില്ലയെന്നതും പാപ്പാ എടുത്തു കാണിക്കുകയും, അവർക്കായി സംസാരിക്കുകയും ചെയ്യുന്നു. പ്രത്യയശാസ്ത്രങ്ങളേക്കാൾ ഉപരിയായി ജീവിക്കുന്ന മനുഷ്യനെ കേന്ദ്രീകരിച്ചുള്ളതാകണം എല്ലാ സാമൂഹിക ഇടപെടലുകളുമെന്ന ശക്തമായ വാദവും പാപ്പാ ഇവിടെ നടത്തുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.