തിരയുക

പാപ്പാ കസ്തൽ ഗന്ധോൾഫോയിൽ  പാപ്പാ കസ്തൽ ഗന്ധോൾഫോയിൽ   (ANSA)

'ഐക്യദാർഢ്യം' കേവലം സഹായമല്ല, മറിച്ച് ദൃഢമായ ഒരു ഉത്തരവാദിത്തമാണ്: പാപ്പാ

ലിയോ പതിനാലാമൻ പാപ്പാ രചിച്ച ആദ്യ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്"ന്റെ ഒന്നാം അധ്യായം, 37 മുതൽ 45 വരെയുള്ള ഖണ്ഡികകളുടെ അപഗ്രഥനം. സഭയിൽ വിവിധ പാപ്പാമാർ, കാലഘട്ടത്തിനനുസൃതമായി പ്രസിദ്ധീകരിച്ചിട്ടുള്ള, സാമൂഹിക പ്രബോധനങ്ങളെയും, അവ ചെലുത്തിയ സ്വാധീനങ്ങളെയും ലിയോ പതിനാലാമൻ പാപ്പാ ഈ ഖണ്ഡികകളിൽ വിശദീകരിക്കുന്നു.
സഭാദർശനം: ശബ്ദരേഖ

ഫാ. ജിനു തെക്കേത്തലക്കൽ, വത്തിക്കാൻ സിറ്റി

സഭയുടെ സാമൂഹിക പ്രബോധനങ്ങൾ ഒരു സുപ്രഭാതത്തിൽ ഉത്ഭവിച്ചതല്ല എന്നും, അത് ചരിത്രത്തിലെ വിവിധ ഏടുകളുമായി ഇടകലർന്നുകൊണ്ട്, മനുഷ്യരാശിയുടെ നന്മയെ ലക്‌ഷ്യം വച്ചുകൊണ്ട് രൂപപ്പെട്ടതാണെന്നു ലിയോ പതിനാലാമൻ പാപ്പാ, തൻെറ ചാക്രികലേഖനം, "മാഞ്ഞിഫിക്ക ഉമാനിത്താസ്’ൽ വ്യക്തമാക്കുന്നുണ്ട്. രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള സഭ, ശക്തവും വിപ്ലവാത്മകവുമായ വെല്ലുവിളികൾ സമൂഹത്തിൽ ഉയർന്നുവന്നപ്പോൾ, വെറുതെ ഒരു കാഴ്ചക്കാരനായി മാറി നിന്ന് വീക്ഷിക്കുകയായിരുന്നില്ല, മറിച്ച് ക്രിസ്തുവിന്റെ തീക്ഷ്ണതയോടെ ആ പ്രശ്നങ്ങളിലെല്ലാം, മനുഷ്യകുലത്തിനൊപ്പം, യാതൊരു  വേർതിരിവുകളും ഇല്ലാതെ നിലകൊണ്ടു എന്നുള്ളതിന്, നിരവധി രേഖകൾ ചരിത്രം കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിലും, ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ സന്ദർഭം ഉടലെടുത്തതിനാലാണ്, ലിയോ പതിനാലാമൻ പാപ്പാ, 'മഞ്ഞീഫിക്ക ഉമാനിത്താസ്' എന്ന ചാക്രിക ലേഖനത്തിനു രൂപം നൽകുന്നത്. ഇത് ഡിജിറ്റൽ സാങ്കേതികതയുടെ മാത്രമല്ല, മറിച്ച്, ഈ വിദ്യകൾ മാനവകുലത്തിന് യുദ്ധത്തിന്റെയും, വ്യക്തിഹത്യയുടേയുമൊക്കെ ഭീഷണികൾ മുഴക്കുമ്പോഴാണ്, ആത്മീയതയുടെ അടിസ്ഥാനത്തിൽ തന്നെ നിന്ന് കൊണ്ട്, പാപ്പാ സമൂഹത്തെ ഉദ്ബോധിപ്പിക്കുന്നത്.

സമീപകാല സഭാ പ്രബോധനങ്ങളുടെ പശ്ചാത്തലം

വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ  സുദീർഘവും ഫലപ്രദവുമായ സാമൂഹിക പ്രബോധനങ്ങൾ ചരിത്രപരമായ രണ്ട് വലിയ ഘട്ടങ്ങൾക്കിടയിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഭീകരമായ പ്രത്യയശാസ്ത്ര വ്യവസ്ഥകളുടെ തകർച്ചയും സാമ്പത്തിക ആഗോളവൽക്കരണത്തിന്റെ പ്രാരംഭവും അടയാളപ്പെടുത്തിയ ഒരു സാഹചര്യത്തിലാണ്, ഈ ദർശനങ്ങൾ ഒരു വഴികാട്ടിയായി സമൂഹത്തിനു മാറുന്നത്. ലിയോ പതിമൂന്നാമൻ പാപ്പായുടെ  'റേരും നൊവാരും' പ്രസിദ്ധീകരിച്ചതിന്റെ തൊണ്ണൂറാം വാർഷികത്തിൽ പുറത്തിറക്കിയ 'ലാബോറെം എക്സെർസെൻസ്' എന്ന ചാക്രികലേഖനം, തൊഴിലിനെ കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നു. തൊഴിൽ എന്നത് കേവലം ഒരു സാമ്പത്തിക പ്രവർത്തനം മാത്രമല്ല, മറിച്ച് മനുഷ്യന്റെ വ്യക്തിത്വവും അന്തസ്സും വെളിപ്പെടുത്തുന്ന ഒന്നാണെന്ന് ഇതിലൂടെ പാപ്പാ സമൂഹത്തെ ഉദ്‌ബോധിപ്പിച്ചു. ഒരു സാമൂഹിക-സാമ്പത്തിക വ്യവസ്ഥയുടെ നീതിയും സമത്വവും അളക്കാനുള്ള കൃത്യമായ മാനദണ്ഡമായി അദ്ദേഹം 'നീതിയുക്തമായ വേതനത്തെ' അവതരിപ്പിച്ചു. ഇപ്രകാരം തൊഴിലാളികളെ വെറും ഉത്പാദനം നടത്തുന്ന ഉപകരണമായി  കാണാതെ, ഒരു വ്യക്തിയായി പരിഗണിക്കുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യുവാൻ, പാപ്പാ ഏവരെയും ക്ഷണിക്കുകയുണ്ടായി.

തൊഴിൽ എന്നത് കേവലം വരുമാനത്തിനുള്ള മാർഗ്ഗമോ അല്ലെങ്കിൽ കൈകാര്യം ചെയ്യപ്പെടേണ്ട ഒരു ഭരണപരമായ പ്രശ്നമോ അല്ല, മറിച്ച് അത് വ്യക്തിയുടെ അടിസ്ഥാനപരമായ മൂല്യവും, സാമ്പത്തിക പ്രവർത്തനത്തിന്റെ ചാലകശക്തിയും, സാമൂഹിക പ്രശ്നങ്ങളുടെ താക്കോലുമാണെന്ന് ജോൺ പോൾ രണ്ടാമൻ പാപ്പാ സമർത്ഥിച്ചു. അതിനാൽ  തൊഴിൽ എന്നത്, മണിക്കൂറുകളിൽ കണക്കുകൂട്ടി, ഒരുവനെ അടിച്ചമർത്തുന്നതല്ല, മറിച്ച്, ഓരോ മനുഷ്യനും തന്റെ സ്വാതന്ത്ര്യവും സർഗ്ഗാത്മകതയും സഹകരണത്തിനുള്ള കഴിവും പ്രകടമാക്കുന്ന ഇടമാണെന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു. ഇത് സമൂഹത്തിന്റെ സാംസ്കാരികവും ധാർമ്മികവുമായ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. അതിനാൽ, ആധുനിക കാലത്തെ തൊഴിൽപരമായ അനിശ്ചിതത്വങ്ങൾ, തൊഴിൽ മേഖലയിലെ വിഘടിത സ്വഭാവം, യന്ത്രവത്കൃതത്വം എന്നിവയെ കേവലം സാമ്പത്തിക കാര്യക്ഷമതയുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താൻ കഴിയില്ല. പകരം തൊഴിലാളിയുടെ അന്തസ്സ്, മതിയായ വേതനം ഉറപ്പാക്കൽ, സാമൂഹിക ജീവിതത്തിൽ പങ്കുചേരാനുള്ള അവകാശം എന്നിവയുടെ വെളിച്ചത്തിൽ വേണം ഇത്തരം മാറ്റങ്ങളെ വിശകലനം ചെയ്യാനെന്നു പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നു.

വികസനത്തിന്റെ പരാജയങ്ങളും സാമൂഹിക ഐക്യദാർഢ്യവും

പോൾ ആറാമൻ പാപ്പായുടെ  'പോപ്പുലോറും പ്രോഗ്രെസിയോ'യുടെ ഇരുപതാം വാർഷികത്തിൽ 'സോളിച്ചിത്തൂദോ  റെയ് സോച്ചാലിസ്' എന്ന ചാക്രികലേഖനത്തിലൂടെ  ജോൺ പോൾ രണ്ടാമൻ പാപ്പാ  ലോകത്തിലെ വികസ്വര രാജ്യങ്ങളുടെ ദയനീയാവസ്ഥയിലേക്ക് ഏവരുടെയും  ശ്രദ്ധ ക്ഷണിച്ചു. ദരിദ്ര രാജ്യങ്ങളെ സാമ്പത്തികമായി ഉയർത്താനും വ്യവസായവൽക്കരണത്തിലേക്ക് നയിക്കാനും നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടതായി അദ്ദേഹം വേദനയോടെ നിരീക്ഷിച്ചു. ലോകത്തിന്റെ വടക്കൻ മേഖലയിലെ സമ്പന്ന രാഷ്ട്രങ്ങളും തെക്കൻ മേഖലയിലെ ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള സാമ്പത്തിക വിടവ് വർദ്ധിച്ചുവരുന്നതിനെ അദ്ദേഹം ഈ ലേഖനത്തിലൂടെ  ചോദ്യം ചെയ്തു.

ശക്തരായ രാജ്യങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി നടപ്പിലാക്കുന്ന സാമ്പത്തിക, വാണിജ്യ സംവിധാനങ്ങൾ ദുർബലമായ സമ്പദ്‌വ്യവസ്ഥകളെ ശ്വാസം മുട്ടിക്കുന്നുവെന്ന വസ്തുത പാപ്പാ ഭയമെന്യേ എടുത്തു പറഞ്ഞു.  ഇത്തരം വ്യവസ്ഥിതികളെ കേവലം സാങ്കേതികമായ കാഴ്ചപ്പാടിലൂടെയല്ല, മറിച്ച് ഗൗരവമായ ധാർമ്മിക വിധിനിർണ്ണയത്തിന് വിധേയമാക്കണമെന്ന് അദ്ദേഹം ലോകമനസാക്ഷിയോട്  ആവശ്യപ്പെട്ടു. ഈ സന്ദർഭത്തിലാണ് 'ഐക്യദാർഢ്യം' എന്ന ആശയം അദ്ദേഹം മുന്നോട്ട് വെക്കുന്നത്. ഇത് വ്യക്തികൾക്കും ജനതകൾക്കും രാഷ്ട്രങ്ങൾക്കും ഇടയിലുള്ള വെറുമൊരു സഹായമല്ല, മറിച്ച് ദൃഢമായ ഒരു ഉത്തരവാദിത്തമാണ്. 'സ്നേഹത്തിന്റെ നാഗരികത' യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്ന ഒരു രാഷ്ട്രീയ സ്നേഹമായോ സാമൂഹിക സൗഹൃദമായോ ആണ് ഈ വാക്കിനെ അദ്ദേഹം അന്ന് നിർവചിച്ചത്. ഈ നിർവചനം ഇന്നും ഒരിക്കൽ കൂടി പാപ്പാ ഓർമ്മപ്പെടുത്തുന്നു.

ജനാധിപത്യവും വാണിജ്യ  സമ്പദ്‌വ്യവസ്ഥയും

'റേരും നൊവാരും' എന്ന ലേഖനത്തിന്റെ  നൂറാം വാർഷികത്തിൽ പുറത്തിറക്കിയ 'ചെന്തെസിമൂസ്  ആന്നൂസ്' എന്ന ചാക്രികലേഖനത്തിൽ ജോൺ പോൾ രണ്ടാമൻ പാപ്പാ സോവിയറ്റ് യൂണിയന്റെ തകർച്ചയെയും അതിനുശേഷം ഉടലെടുത്ത ജനാധിപത്യത്തിന്റെയും വിപണി സമ്പദ്‌വ്യവസ്ഥയുടെയും വളർച്ചയെയും ആഴത്തിൽ വിശകലനം ചെയ്തു. പൗരന്മാരുടെ യഥാർത്ഥ പങ്കാളിത്തം ഉറപ്പാക്കുന്ന ജനാധിപത്യ ഭരണക്രമങ്ങളെ സഭ വിലമതിക്കുന്നുവെന്ന പന്ത്രണ്ടാം പീയൂസ് പാപ്പായുടെ വാക്കുകൾ  അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനപരമായ രീതിയിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കാനും ആവശ്യമെങ്കിൽ മാറ്റാനും ജനങ്ങൾക്ക് പൂർണ്ണാധികാരം ഉണ്ടാകണമെന്നും, അധികാരം ഏതെങ്കിലും പ്രത്യേക വിഭാഗങ്ങളുടെയോ പ്രത്യയശാസ്ത്ര താത്പര്യങ്ങൾ ഉള്ളവരുടെയോ കയ്യിൽ മാത്രം കേന്ദ്രീകരിക്കുന്നത് ജനാധിപത്യത്തിന്റെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ഈ വാക്കുകൾ ഇന്ന് അക്ഷരം പ്രതി യാഥാർഥ്യമാണെന്നു നമുക്ക് നിസംശയം പറയാം. വാണിജ്യ സമ്പദ്‌വ്യവസ്ഥയെയും സ്വകാര്യ സംരംഭങ്ങളെയും സംബന്ധിച്ചിടത്തോളം, അവ ധാർമ്മിക നിയമങ്ങൾക്ക് വിധേയമായിരിക്കണമെന്നും ഐക്യദാർഢ്യത്തിന്റെ തത്വത്താൽ നയിക്കപ്പെടണമെന്നും, അല്ലാത്തപക്ഷം, കേവലം ലാഭത്തിന് വേണ്ടി മാത്രം ദുർബലരായവരെ അവഗണിക്കുന്ന ഒരു നില സംജാതമാകുമെന്നും പാപ്പാ മുന്നറിയിപ്പ് നൽകി. ചൂഷണത്തിന്റെയും പാർശ്വവൽക്കരണത്തിന്റെയും പുതിയ രൂപങ്ങളെ പ്രതിരോധിക്കാൻ  ഈ വാക്കുകൾ ഇന്ന് വീണ്ടും സ്മരിക്കേണ്ടത് ഏറെ ആവശ്യമാണ്.

സത്യത്തിൽ അധിഷ്ഠിതമായ സ്നേഹമാണ് സമൂഹത്തിന്റെ വളർച്ച

ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് ശേഷം ബെനഡിക്ട് പതിനാറാമൻ പാപ്പായും, വികസനത്തെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് ആഗോളവൽക്കരണത്തിന്റെ പുതിയ സാഹചര്യത്തിൽ അവതരിപ്പിക്കുന്നുണ്ട്. . വികസനം എന്നത് എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ യഥാർത്ഥ വളർച്ചയായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പന്ന രാജ്യങ്ങളിൽ പോലും പുതിയ തരം ദാരിദ്ര്യവും ഒറ്റപ്പെടലുകളും ഉണ്ടാകുന്നുവെന്നും, മറുവശത്ത്, ദരിദ്ര രാജ്യങ്ങളിൽ ഒരു ചെറിയ വിഭാഗം അമിതമായ ആഡംബരത്തിൽ ജീവിക്കുമ്പോൾ ഭൂരിഭാഗം ജനങ്ങളും മനുഷ്യത്വരഹിതമായ അവസ്ഥയിലാണ് എന്ന അസന്തുലിതാവസ്ഥ നിലനിൽക്കുന്നുവെന്നുമുള്ള യാഥാർഥ്യം  അദ്ദേഹം എടുത്തുകാണിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ വിപണിയുടെ നിയമങ്ങൾ കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയില്ലെന്നും, അത് പൊതുനന്മയ്ക്കായി ക്രമീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പ്രക്രിയയിൽ രാഷ്ട്രീയ സമൂഹത്തിനുള്ള പങ്കും ചൂണ്ടിക്കാണിച്ചു.

സഭയുടെ സാമൂഹിക പ്രബോധനത്തിന്റെ മുഖ്യപാത സ്നേഹമാണെന്നും, സ്നേഹം ചരിത്രപരമായ രൂപം പ്രാപിക്കേണ്ട ഇടങ്ങളാണെന്നും പാപ്പാ പഠിപ്പിച്ചു.  വർദ്ധിച്ചുവരുന്ന അസമത്വങ്ങളും സാമ്പത്തിക സമ്മർദ്ദങ്ങളും നിലനിൽക്കുന്ന ഇന്നത്തെ ലോകത്ത്, ഓരോ വികസന മാതൃകയും എത്രത്തോളം സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ് എന്ന് പരിശോധിക്കാൻ പാപ്പായുടെ, 'കാരിത്താസ് ഇൻ വെരിത്താത്തെ' എന്ന ചാക്രികലേഖനം നമ്മെ ക്ഷണിക്കുന്നു.

ദരിദ്രരുടെ നിലവിളി നമ്മുടെ കാതുകളിൽ പതിക്കണം

കഴിഞ്ഞ കാലഘട്ടങ്ങളിൽ ഒരു പക്ഷെ സാമൂഹികമായി ഏറെ ചർച്ച ചെയ്യപ്പെട്ട രേഖകകൾ, ഫ്രാൻസിസ് പാപ്പയുടേതാണ്. . 'എവാഞ്ചേലി ഗൗദിയും' എന്ന ആദ്യ അപ്പസ്തോലിക പ്രബോധന രേഖയിൽ, സുവിശേഷ പ്രഘോഷണത്തിന് അവിഭാജ്യമായ ഒരു സാമൂഹിക വശമുണ്ടെന്ന് എടുത്തു പറഞ്ഞുകൊണ്ട്, പാപ്പാ, ദരിദ്രരുടെയും, കുടിയേറ്റക്കാരുടെയും, പുതിയ തരം അടിമത്തത്തിന് ഇരയാകുന്നവരുടെയും നിലവിളി കേൾക്കാൻ തയ്യാറുള്ള ഒരു സഭയെ വിഭാവനം ചെയ്യുന്നു. ഒരുമിച്ച് സഞ്ചരിക്കുന്ന, കാലത്തിന്റെ അടയാളങ്ങൾ വായിക്കുന്ന ഒരു സിനഡൽ സഭയെക്കുറിച്ചാണ് അദ്ദേഹം ഊന്നിപ്പറയുന്നത്. ദരിദ്രരിൽ നിന്ന് സുവിശേഷത്തിന്റെ സത്ത ഉൾക്കൊള്ളാൻ സഭയ്ക്ക് കഴിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്യുന്നു.

സമഗ്ര പരിസ്ഥിതിയും പൊതുഭവനത്തിന്റെ സംരക്ഷണവും

സാമൂഹികമായ ചർച്ചകൾക്ക് വിധേയമാകുകയും, മാറുന്ന പരിസ്ഥിതിയെ സംരക്ഷിക്കുവാൻ  ഏവരുടെയും ശ്രദ്ധ ക്ഷണിക്കുകയും ചെയ്ത ചാക്രിക ലേഖനമായിരുന്നു, 'ലൗദാത്തോ സി'. പരിസ്ഥിതി പ്രതിസന്ധിയെ കേവലം ഒരു പ്രകൃതി പ്രശ്നമായിട്ടല്ല, മറിച്ച് സമകാലിക സാമൂഹിക-സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായിട്ടാണ് അവതരിപ്പിച്ചത്. 'സമഗ്ര പരിസ്ഥിതി ശാസ്ത്രം' എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഭൂമിയുടെ സംരക്ഷണത്തെ ദരിദ്രർക്ക് വേണ്ടിയുള്ള മുൻഗണനയുമായി ബന്ധിപ്പിക്കുന്നു. ഭൂമിയുടെ നിലവിളിയും ദരിദ്രരുടെ നിലവിളിയും ഒന്നുതന്നെയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭൂമിയിലുള്ള വിഭവങ്ങൾ എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന തത്വം, സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള വിമർശനം, തൊഴിലിന്റെ സംരക്ഷണം, വരുംതലമുറകളോടുള്ള നീതി ഇവയെല്ലാം പാപ്പായുടെ വാക്കുകളിൽ മുഴങ്ങിക്കേട്ട ആഹ്വാനങ്ങൾ ആയിരുന്നു. ഇവിടെ നിന്നുമാണ് ആഗോള സാഹോദര്യത്തിന്റെ പാഠങ്ങൾ പാപ്പാ ഏവരെയും പഠിപ്പിക്കുന്നത്.

സാഹോദര്യവും ക്രിസ്തുസ്നേഹത്തിന്റെ സാമൂഹിക തലവും

സാമൂഹിക തകർച്ചയ്ക്കും ലോകത്തെ വിഭജിക്കുന്ന യുദ്ധങ്ങൾക്കും ആഗോളവൽക്കരണത്തിന്റെ ഭാഗമായ ഒറ്റപ്പെടലുകൾക്കും പരിഹാരമായി 'ഫ്രത്തെല്ലി തൂത്തി'യിലൂടെ സാർവത്രിക സാഹോദര്യത്തിന്റെ സന്ദേശം ഫ്രാൻസിസ്പാപ്പാ  നൽകുന്നു. ഇതിൽ മികച്ച രാഷ്ട്രീയത്തിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു പറയുന്നു. തന്റെ അപ്പസ്തോലിക  പ്രബോധനമായ 'ദിലെക്സിത് നോസ്' വഴി, ഈ സാമൂഹിക പ്രതിബദ്ധതകൾ ക്രിസ്തുവുമായുള്ള വ്യക്തിപരമായ സ്നേഹബന്ധത്തിൽ നിന്നാണ് ഉടലെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യേശുവിന്റെ ഹൃദയത്തോട് ചേന്നുനിൽക്കുന്ന ഒരാൾക്ക് സഹോദരങ്ങളെ സ്നേഹിക്കാതെ ഇരിക്കാൻ കഴിയില്ല എന്ന ആത്മീയ ദർശനവും പാപ്പാ ഏവർക്കും നൽകുന്നു. സഭയുടെ സാമൂഹിക മാനം, ക്രിസ്തുവെന്ന അടിസ്ഥാനത്തിൽ ഉറപ്പിക്കപ്പെട്ടതാണെന്ന് ഇതിലൂടെ ചൂണ്ടിക്കാണിക്കുന്നു.

സഭയുടെ സാമൂഹിക പ്രബോധനങ്ങൾ, ചരിത്രത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിയതാണ് ഈ മുൻഖണ്ഡികകളിൽ നാം കണ്ടത്. ഓരോ പുതിയ പ്രബോധനവും മുൻകാല പഠനങ്ങളെ തള്ളിക്കളയാതെ അവയെ കൂടുതൽ ആഴത്തിൽ വിശദീകരിക്കുകയും പുതിയ മാനങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് ഇനിയും മുൻപോട്ടു പോകേണ്ടുന്ന ഒരു പരമ്പരയാണ്.  ചരിത്രത്തെ വിശ്വാസത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന ഈ പ്രക്രിയ ഇന്നും തുടരണമെന്നതാണ് സഭാമാതാവ് നമ്മെ ആഹ്വാനം ചെയ്യുന്നത്. അപ്രകാരം, ഓരോ തലമുറയുടെയും ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സഭ പ്രാപ്തയാകുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

06 ഓഗസ്റ്റ് 2026, 11:20