കൊടുങ്കാറ്റിനെയും തിരമാലകളെയും അതിജീവിക്കാൻ ശക്തി തരുന്ന ക്രിസ്തു
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
പ്രതികൂലമായ കാറ്റിലും വീശിയടിക്കുന്ന തിരമാലകളിലും ആടിയുലയുന്ന തോണിയിലായ തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വെള്ളത്തിന് മീതെ നടന്ന് സഹായഹസ്തവുമായെത്തുന്ന ദൈവപുത്രനായ ക്രിസ്തുവിനെക്കുറിച്ചാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പതിനാലാം അദ്ധ്യായം ഇരുപത്തിരണ്ട് മുതൽ മുപ്പത്തിമൂന്ന് വരെയും (മത്തായി 14, 22-33), വിശുദ്ധ മർക്കോസിന്റെ സുവിശേഷം ആറാം അദ്ധ്യായം നാൽപ്പത്തിയഞ്ച് മുതൽ അൻപത്തിരണ്ട് വരെയും (മർക്കോസ്, 6, 45-52), വിശുദ്ധ യോഹന്നാന്റെ സുവിശേഷം ആറാം അദ്ധ്യായം പതിനാറ് മുതൽ ഇരുപത്തിയൊന്ന് വരെയും ഉള്ള (യോഹന്നാൻ 6, 16-21) തിരുവചനങ്ങൾ ചെറിയ വ്യത്യാസങ്ങളോടെ പറയുന്നത്. വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ മാത്രമാണ് യേശുവിനെക്കണ്ട് അവന്റെ അരികിലേക്ക് വെള്ളത്തിന് മീതെ നടന്നു പോകാൻ പരിശ്രമിക്കുന്ന പത്രോസിനെക്കുറിച്ചുള്ള ഭാഗം നാം കാണുന്നത്.
ജീവിതവും പ്രതിസന്ധികളും
വിശ്വാസജീവിതത്തെക്കുറിച്ച്, പ്രത്യേകിച്ച് ക്രിസ്തുശിഷ്യരെന്ന നിലയിൽ നാമോരോരുത്തരുടേയും ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും, തിരിച്ചറിവുകളിലേക്ക് കടന്നുവരാനും സഹായിക്കുന്ന ഒരു സുവിശേഷഭാഗമാണിത്. ജീവിതത്തെക്കുറിച്ച് വരച്ചുവയ്ക്കാൻ സാധിക്കുന്ന കൃത്യമായ ചിത്രങ്ങളിലൊന്ന് കാറ്റും കോളും നിറഞ്ഞ ഒരു കടലിലൂടെ യാത്ര ചെയ്യുന്ന ഒരു തോണിയുടെ ചിത്രമായിരിക്കും. ക്രൈസ്തവവിശ്വാസം സ്വീകരിച്ചു എന്ന ഒരു കാരണത്താൽ പ്രതിസന്ധികളും പ്രയാസങ്ങളും നീങ്ങിയ, സുഖകരമായ ഒരു ജീവിതം ആർക്കും ഉറപ്പാകുന്നില്ല എന്ന യാഥാർത്ഥ്യത്തെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു സുവിശേഷഭാഗം കൂടിയാണ് നമുക്ക് മുന്നിലുള്ളത്. ഭയവും വിശ്വാസവും, സംശയവും പ്രത്യാശയും, മാനുഷികബലഹീനതകളും ദൈവത്തിന്റെ സഹായവും കടന്നുവരുന്ന ഈ സുവിശേഷഭാഗം മിഥ്യാബോധങ്ങളിൽനിന്ന് മാറി, യാഥാർത്ഥ്യബോധത്തോടെ, എന്നാൽ ക്രിസ്തുവിലുള്ള ആഴമേറിയ വിശ്വാസത്തോടെ ജീവിക്കാൻ നമ്മെ ക്ഷണിക്കുന്നുണ്ട്.
ജീവിതയാഥാർത്ഥ്യങ്ങൾ
യേശു അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തോളം പുരുഷന്മാരുൾപ്പെടെയുള്ള ഒരു ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുന്ന സംഭവത്തിന് ശേഷമാണ്, ശിഷ്യന്മാർ മറുകരയിലേക്ക് പോകുന്നത്. നമ്മുടെയൊക്കെ ജീവിതം പോലെയുള്ള ഒരു യാത്രയാണിത്. ആഗ്രഹിച്ച ദിശയിലേക്ക് നീങ്ങാത്ത, വ്യക്തിബന്ധങ്ങളിലെ പ്രശ്‌നങ്ങളും, രോഗങ്ങളും, സാമ്പത്തികപ്രതിസന്ധികളും, തൊഴിലിടങ്ങളിലെ ബുദ്ധിമുട്ടുകളും, വിശ്വാസവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളും കൊടുങ്കാറ്റും തിരമാലകളും പോലെ നമ്മുടെയും ജീവിതത്തിൽ ആഞ്ഞടിക്കാറുണ്ട്.
ദൈവത്തിന്റെ സാന്നിദ്ധ്യം
കാറ്റും കോളും നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കുന്ന ശിഷ്യരുടെ തോണിക്കരികിലേക്ക് യേശു കടന്നുവരുമ്പോൾ, ഭയത്തിന്റെയും സംശയത്തിന്റെയും പ്രതിസന്ധികൾ കൂടി അവരിലേക്ക് കടന്നുവരുന്നത് നമുക്ക് കാണാം. നാമാഗ്രഹിക്കുന്ന രീതിയിലും സമയത്തും പ്രവർത്തിക്കാത്ത ദൈവത്തെ, അവന്റെ കൃപകളെയും അനുഗ്രഹങ്ങളെയും പോലും മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാതെ പോകുന്ന നിമിഷങ്ങൾ നമ്മുടെ ജീവിതങ്ങളിലും ഉണ്ടായിട്ടുണ്ട്. ദൈവത്തിന്റെ സാന്നിദ്ധ്യവും അവന്റെ പ്രവർത്തനങ്ങളും തിരിച്ചറിയാൻ, അതിനെ സ്വീകരിക്കാൻ വേണ്ട കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം.
സാന്ത്വനിപ്പിക്കുകയും ധൈര്യം നൽകുകയും ചെയ്യുന്ന ദൈവം
ജീവിതത്തിന്റെ പ്രതിസന്ധികളിലും നീർച്ചുഴികളിലും അകപ്പെട്ടുപോയ മനുഷ്യരോട്, തന്റെ ശിഷ്യരോടെന്നപോലെ യേശു പറയുന്നുണ്ട് "ധൈര്യമായിരിക്കുക, ഭയപ്പെടേണ്ട, ഇത് ഞാനാണ്" പഴയനിയമത്തിൽ മോശയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തുമ്പോഴും ദൈവം പറയുന്നുണ്ട്, "ഇത് ഞാനാണ്". ജലത്തിന് മീതെ, കൊടുങ്കാറ്റിനിടയിൽ, നമുക്കരികിലേക്കെത്തുന്ന ദൈവം ഒരു അത്ഭുതപ്രവർത്തകൻ മാത്രമാണെന്ന് കരുതരുത്. അവൻ, ചരിത്രത്തിന്റെ കർത്താവും സൃഷ്ടിയുടെ നാഥനുമാണ്.
പത്രോസിന്റെ വിശ്വാസം
ആത്മാർത്ഥമായ എന്നാൽ ഏറെ ശക്തമല്ലാത്ത, വെല്ലുവിളികൾക്കും ചോദ്യം ചെയ്യലുകൾക്കും മുന്നിൽ പതറുന്ന, ഒരു വിശ്വാസമാണ് പത്രോസിന്റേതെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. "വരിക" എന്ന യേശുവിന്റെ ഒരു വാക്കിൽ, മാനുഷികമായി അസാദ്ധ്യമായ ഒരു കാര്യത്തിന്, ജലത്തിന് മീതെ നടക്കാൻ, അവൻ തയ്യാറാകുന്നു. എന്നാൽ ക്രിസ്തുവിൽനിന്ന് തിരമാലകളിലേക്ക് കണ്ണുകൾ പോകുമ്പോൾ അവൻ വെള്ളത്തിലേക്ക് മുങ്ങിപ്പോകാൻ തുടങ്ങുന്നു. അതേസമയം, തകർച്ചയുടെയും മരണത്തിന്റെയുമായി മാറാമായിരുന്ന ആ നിമിഷത്തെ "കർത്താവേ എന്നെ രക്ഷിക്കണമേ" എന്ന എളിമയുള്ളതും എന്നാൽ ആത്മാർത്ഥവുമായ ഒരു നിലവിളിയിലൂടെ രക്ഷയുടെ അവസരമാക്കി അവൻ മാറ്റുന്നു. ഒരിക്കലും കൈവിടാത്ത ഒരു ദൈവമാണ് നമ്മുടേതെന്ന് സുവിശേഷം ഇവിടെ സാക്ഷ്യപ്പെടുത്തുന്നു.
കാറ്റും കോളുമൊതുങ്ങിയ വഞ്ചി
യേശു വെള്ളത്തിലേക്ക് കയറുന്നതോടെ കാറ്റ് ശമിക്കുന്നു, വള്ളം കൃത്യമായ ദിശയിൽ സഞ്ചരിക്കുന്നു, ലക്ഷ്യസ്ഥാനത്തെത്തുന്നു. ജീവിതത്തിലെ കൊടുങ്കാറ്റുകളുടെയും തിരമാലകളുടെയും മുന്നിലും, യേശുവിലുള്ള വിശ്വാസം കൈവിടാതെ, ആത്മാർത്ഥതയോടെ അവനെ വിളിച്ചപേക്ഷിച്ചക്കാനും, യേശുവിനൊപ്പം സഞ്ചരിക്കാനും കഴിയുമെങ്കിൽ, സമാധാനവും ലക്ഷ്യബോധവും നഷ്ടപ്പെടാതെ മുന്നോട്ട് പോകാനാകുമെന്ന ഒരു സന്ദേശമാണ് ഇവിടെ നമുക്ക് കാണാനാകുന്നത്. പ്രതിസന്ധികൾ ഇല്ലാതാകുമെന്ന ഉറപ്പ് ക്രൈസ്തവവിശ്വാസം നമുക്ക് നൽകുന്നില്ല, മറിച്ച്, അവനോടൊപ്പമാണെങ്കിൽ ഏതു പ്രതികൂലസാഹചര്യങ്ങളിലും മുന്നോട്ട് പോകാനുള്ള കഴിവ് ലഭിക്കുമെന്ന ഉറപ്പാണ് വിശ്വാസം നൽകുന്നത്.
ദൈവത്തിന്റെ മൃദുസ്വരം
പ്രതിസന്ധികളുടെയും കോലാഹലങ്ങളുടെയും, കൊടുങ്കാറ്റിന്റെയും തിരമാലകളുടെയും നടുവിൽ അരികിലെത്തുന്ന ക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിലെ ചിത്രത്തിൽനിന്ന് വ്യത്യസ്തമായ ഒരു ചിത്രം രാജാക്കന്മാരുടെ ഒന്നാം പുസ്തകത്തിൽ നാം കാണുന്നുണ്ട്. കർത്താവിന്റെ മലയായ ഹോറെബിൽ ഒരു ഗുഹയിൽ വസിക്കുമ്പോൾ കർത്താവിന്റെ സ്വരം ശ്രവിക്കുന്ന ഏലിയാ പ്രവാചകനുമായി ബന്ധപ്പെട്ടതാണത് (1 രാജാ. 19, 9a). കർത്താവിനെപ്രതിയുളള തീക്ഷ്‌ണതയിൽ ജ്വലിക്കുന്ന അവന് കൊടുങ്കാറ്റിലും ഭൂകമ്പത്തിലും അഗ്നിലും അനുഭവിക്കാനാകാതിരുന്ന, കേൾക്കാനാകാതിരുന്ന കർത്താവിനെ പിന്നീട് ഒരു മൃദുസ്വരമായി കേൾക്കാനാകുന്നു (1 രാജാ. 11, 13a).
സഭയും സമൂഹവും
സഭയുടെ അംഗങ്ങളായ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളുടെ നിമിഷങ്ങളിൽ മാത്രമല്ല നാം ദൈവത്തിനായി അന്വേഷിക്കേണ്ടതെന്നും അവന്റെ സാന്നിദ്ധ്യം കൊതിക്കേണ്ടതെന്നും പഠിപ്പിക്കുന്ന തിരുവചനം, നമ്മുടെ ദൈവാനുഭവവും വിശ്വാസവും മറ്റുളളവരിലേക്ക് പകരാൻ നമുക്കുള്ള കടമയെക്കുറിച്ച് കൂടി ഓർമ്മിപ്പിക്കുന്നുണ്ട്. വിശുദ്ധ പൗലോസ് റോമക്കാർക്കെഴുതിയ ലേഖനം ഒൻപതാം അദ്ധ്യായത്തിൽ നാം ഇത് വായിക്കുന്നുണ്ട്. വ്യക്തിപരമായ വിശ്വാസവും രക്ഷയുടെ അനുഭവവും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാക്ഷ്യപ്പെടുത്താനും നമുക്ക് സാധിക്കണം. സ്വാർത്ഥതയുടെ ചിന്തയിൽനിന്നകന്ന് മറ്റുളളവരെക്കൂടി രക്ഷയിലേക്ക് നയിക്കാനും, പ്രതികൂലാനുഭവങ്ങളിലും ദൈവസാന്നിദ്ധ്യം മനസ്സിലാക്കാനും അനുഭവിക്കാനും വിശ്വാസം നമ്മെ സഹായിക്കുന്നുണ്ട്.
തിരുവചനത്തിലെ, "ധൈര്യമായിരിക്കുക, ഭയപ്പെടേണ്ട, ഇത് ഞാനാണ്" എന്ന ക്രിസ്തുവിന്റെ വാക്കുകൾ നാമോരോരുത്തരുടേയും ജീവിത, വിശ്വാസ, അനുദിന പ്രതിസന്ധികളിൽ ധൈര്യം പകരുന്നവയാകട്ടെ. നമ്മുടെ രക്ഷയ്ക്കായി കടന്നുവന്ന ക്രിസ്തുവിനോട് എല്ലായ്‌പോഴും ചേർന്ന് നിൽക്കാനും, ആഴമേറിയ വിശ്വാസത്തോടെയും ഒരിക്കലും തളരാത്ത പ്രത്യാശയോടെയും ജീവിക്കാനും നമുക്ക് സാധിക്കട്ടെ. നമുക്കായി നീട്ടിപിടിച്ച അവന്റെ കരങ്ങൾ കാണാൻ വിശ്വാസം നമ്മെ സഹായിക്കട്ടെ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.