തിരയുക

യേശുവും ശിഷ്യരും ജനക്കൂട്ടവും യേശുവും ശിഷ്യരും ജനക്കൂട്ടവും 

ദൈവരാജ്യമെന്ന അമൂല്യനിധി സ്വന്തമാക്കുക, ദൈവത്തിന്റേതാകുക

ലത്തീൻ ആരാധനാക്രമപ്രകാരം ആണ്ടുവട്ടം പതിനേഴാം വാരം ഞായറാഴ്ചയിലെ തിരുവചനവായനകളെ ആധാരമാക്കിയ വചനവിചിന്തനം. സുവിശേഷഭാഗം: മത്തായി 13, 44-52
വചനവിചിന്തനം - ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സ്വർഗ്ഗരാജ്യവുമായി ബദ്ധപ്പെട്ട ചില ഉപമകളാണ് വിശുദ്ധ മത്തായിയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കണ്ടുമുട്ടുന്നത്. വിതക്കാരന്റെ ഉപമ, കളകളുടെ ഉപമ, കടുകുമണിയുടെയും പുളിമാവിന്റെയും ഉപമ തുടങ്ങിയ ഉപമകളിലൂടെ ദൈവരാജ്യത്തിന്റെ പ്രത്യേകതകളും, നാം അതിന് മുൻപിൽ സ്വീകരിക്കേണ്ട മനോഭാവവും ഒക്കെ വിശദീകരിച്ച ശേഷം, യേശു പറയുന്ന മറ്റു ചില ഉപമകളും ഉദ്ബോധനങ്ങളുമാണ് ഈ അദ്ധ്യായത്തിന്റെ നാൽപ്പത്തിനാല് മുതൽ അൻപത്തിരണ്ട്‌ വരെയുള്ള തിരുവചനങ്ങൾ നമുക്ക് മുന്നിൽ കൊണ്ടുവരുന്നത്. നിധി കണ്ടെത്തുന്ന ഒരുവന്റെയും, വിലയേറിയ രത്നം കണ്ടെത്തുന്ന ഒരുവന്റെയും കടലിൽ നടത്തുന്ന മത്സ്യബന്ധനത്തിന്റെയും, തന്റെ നിക്ഷേപത്തിൽനിന്ന് പഴയതും പുതിയതുമൊക്കെ പുറത്തെടുക്കുന്ന വീട്ടുടമസ്ഥന്റെയും ഉപമകളാണ് നമുക്ക് മുന്നിലുള്ളത്. ഇവയെ നമുക്ക് രണ്ടു വിഭാഗങ്ങളിലായി തിരിക്കാം.

നിധിയും രത്നവും

നിധിയും രത്നവും കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ് ആദ്യത്തെ വിഭാഗത്തിൽ നമുക്ക് കാണാൻ സാധിക്കുക. വയലിൽ ഒളിച്ചുവച്ചിരിക്കുന്ന നിധി കണ്ടെത്തുന്ന ഒരു കൃഷിക്കാരനോ വഴിപോക്കനോ ആയ മനുഷ്യന്റെ കാര്യമാണ് ഇതിൽ ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, നല്ല രത്നങ്ങൾ തേടിനടക്കുന്ന, അറിവുള്ള ഒരു വ്യാപാരി കണ്ടെത്തുന്ന വിലയറിയ രത്നത്തിന്റെ കാര്യമാണ്. സ്വർഗ്ഗരാജ്യത്തിന്റെ മൂല്യം തിരിച്ചറിയുന്ന വ്യക്തികളെക്കുറിച്ചാണ് യേശു ഇവിടെ നമ്മോട് പറയുന്നത്. യാദൃശ്ചികമായോ തേടിപ്പോയോ, അറിഞ്ഞോ അറിയാതെയോ, കണ്മുന്നിലെത്തുന്ന അമൂല്യമായ ഒന്ന്. സുവിശേഷത്തിലും സഭാചരിത്രത്തിലുമൊക്ക, ഇതുപോലെ, സ്വർഗ്ഗരാജ്യത്തിന്റെ അമൂല്യതയറിയാൻ, അതിനുവേണ്ടി സർവ്വവും ഉപേക്ഷിക്കാൻ സാധിച്ച, അനുഗ്രഹം ലഭിച്ച ഒരുപാട് മനുഷ്യരെക്കുറിച്ച് നാം വായിച്ചറിയുന്നുണ്ട്.

യേശുവിന്റെ ശിഷ്യർ ഈയൊരു ഗണത്തിൽപ്പെട്ടവരായിരുന്നു. സ്വാതന്ത്ര്യമുള്ള, എന്നാൽ, നിഷേധിക്കാനോ അവഗണിക്കനോ ആകാത്ത ഒരു വിളിയാണ് യേശു അവരുടെ മുന്നിൽ വയ്ക്കുന്നത്. അവരിൽ ചിലരാകട്ടെ, ലോകത്തിന്റെ കണ്ണുകളിൽ വിലയില്ലാത്ത, പാപികളായ മനുഷ്യരായിരുന്നു. എന്നാൽ യേശുവിനുവേണ്ടി എല്ലാം ഉപേക്ഷിക്കാൻ, അവനെ പിൻചെല്ലാൻ അവർ തയ്യാറാകുമ്പോൾ, വിലയേറിയ നിധി, അമൂല്യമായ രത്നം നേടിയവരായി, യേശുവിനാൽ സ്വന്തമാക്കപ്പെട്ടവരായി, യേശുവിനെ സ്വന്തമാക്കിയവരായി, സ്വർഗ്ഗരാജ്യത്തെ നേടിയവരായി അവർ മാറുന്നു. ദൈവത്തിനും അവന്റെ രാജ്യത്തിനും സഭയ്ക്കും വേണ്ടി ജീവിക്കാനും, ജീവൻ ത്യാഗം ചെയ്യാൻ പോലും ചില മനുഷ്യരെയൊക്കെ പ്രേരിപ്പിച്ചത്, പ്രേരിപ്പിക്കുന്നത്, ദൈവത്തിന്റെയും അവന്റെ രാജ്യത്തിന്റെയും അമൂല്യതയെക്കുറിച്ചുള്ള തിരിച്ചറിവെന്ന അനുഗ്രഹമാണ്. നമ്മുടെ ജീവിതത്തിലും ഈ തിരിച്ചറിവ് നേടാൻ സാധിച്ചിട്ടുണ്ടോയെന്ന ഒരു വിചിന്തനത്തിന് ഈ വചനം നമ്മെ ക്ഷണിക്കുന്നുണ്ട്. ഭൗതികമായ സമ്പത്തിലും അധികാരത്തിലുമാണോ നാം ജീവിതം കേന്ദ്രീകരിച്ചിരിക്കുന്നത്, അതോ ദൈവമെന്ന, അവന്റെ രാജ്യമെന്ന യഥാർത്ഥ സാമ്പത്തിലാണോ?

മത്സ്യബന്ധനവും നിക്ഷേപവും

യേശു പറയുന്ന രണ്ടാമത്തെ ഗണം ഉപമകൾ, കടലിലെ മത്സ്യബന്ധനത്തിന്റെയും, തന്റെ നിക്ഷേപത്തിലെ പ്രധാനപ്പെട്ടവ, പഴയതും പുതിയതുമായവ തിരിച്ചറിയുകയും അവ പുറത്തെടുക്കുകയും ചെയ്യുന്ന വീട്ടുടമസ്ഥന്റേതുമാണ്. എല്ലാ മത്സ്യങ്ങളെയും ഒരേ വലയിൽ വീശിയെടുക്കുന്ന ഒരു മുക്കുവനെപ്പോലെ, എല്ലാ മനുഷ്യർക്കും അവസരം നൽകുന്ന, ക്ഷണം നൽകുന്ന ഒരു ദൈവത്തെയാണ് യേശുവിൽ നാം കാണുക. അൽപ്പം മുൻപ് കണ്ടതുപോലെ, ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പിൽ ഇത് നാം വ്യക്തമായി കാണുന്നുണ്ട്. തന്റെ മക്കളെ ഒരു പിതാവെന്നപോലെ നമ്മെ സ്നേഹിക്കുകയും, നന്മയിലേക്കും സത്യത്തിന്റെ പ്രകാശത്തിലേക്കും നിത്യജീവനിലേക്കും വളരാൻ കഴിയുന്ന ജീവിതങ്ങളായി മാറാൻ, തന്റെ സ്വർഗ്ഗരാജ്യത്തിൽ അവകാശികളാകാൻ നമ്മെ വിളിച്ചുചേർക്കുന്ന ദൈവമാണ് നമുക്ക് മുന്നിലുള്ളത്. എന്നാൽ, കരയിൽ വലിച്ചുകയറ്റുന്ന വലയിൽനിന്ന് നല്ലതും ചീത്തയുമായ മത്സ്യങ്ങൾ വേർതിരിക്കപ്പെടുന്ന ഒരു സമയമുണ്ട് എന്ന വ്യക്തമായ ഒരു ഉദ്ബോധനവും യേശു നമ്മുടെ മുന്നിൽ വയ്ക്കുന്നുണ്ട്. ദൈവരാജ്യം സ്വന്തമാക്കാനായി വിളിക്കപ്പെട്ട നാം, അതിന് യോഗ്യരാകുന്നില്ലെങ്കിൽ വലിച്ചെറിയപ്പെടുമെന്ന സത്യം തിരിച്ചറിഞ്ഞ് നന്മയിലേക്ക് വളരാൻ, സ്വർഗ്ഗരാജ്യം അവകാശമാക്കാൻ നമുക്ക് പരിശ്രമിക്കേണ്ടതുണ്ട്.

തന്റെ നിക്ഷേപത്തിൽനിന്ന് പഴയതും പുതിയതും പുറത്തെടുക്കുന്ന ഗൃഹനാഥനെപ്പോലെ, പഴയനിയമത്തിന്റെയും മതാചാരങ്ങളുടെയും നന്മകളും തിന്മകളും, ഉദ്ബോധനങ്ങളും വേർതിരിച്ചറിയുന്ന ഒരു നിയമജ്ഞനെപ്പോലെ, ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന സ്വർഗ്ഗരാജ്യത്തിന്റെ ശിഷ്യരാകാനും, അതനുസരിച്ച് ജീവിക്കാനും വേണ്ട ബുദ്ധിയും വിവേകവും സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യവും ഈ സുവിശേഷഭാഗത്തിന്റെ അവസാനം യേശു പറഞ്ഞുവയ്ക്കുന്നുണ്ട്.

ജീവിതത്തിലേക്ക്

രാജാക്കന്മാരുടെ ഒന്നാം പുസ്തകം മൂന്നാം അദ്ധ്യായത്തിൽ, നന്മയും തിന്മയും വിവേചിച്ചറിഞ്ഞ് ദൈവജനത്തെ നയിക്കാൻ വേണ്ട വിവേകത്തിനായി സോളമൻ രാജാവ് പ്രാർത്ഥിക്കുന്നതുപോലെ (9), നന്മതിന്മകൾ തിരിച്ചറിയാൻ, ലൗകികനേട്ടങ്ങൾക്കും സമ്പത്തിനുമപ്പുറം ദൈവരാജ്യത്തിന്റെ അമൂല്യത തിരിച്ചറിയാൻ, അതിലുപരി ദൈവത്തെ സ്വന്തമാക്കാൻ, ദൈവത്തിന്റെ സ്വന്തമാകാൻ വേണ്ട അനുഗ്രഹത്തിനായി നമുക്കും പ്രാർത്ഥിക്കാം. ദൈവത്തിന്റെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക്, അവനെ സ്നേഹിക്കുന്നവർക്ക്, ദൈവം എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന വിശുദ്ധ പൗലോസ് അപ്പസ്തോലന്റെ വാക്കുകൾ (റോമാ 8, 28) നമുക്ക് പ്രത്യാശയും ധൈര്യവും പകരട്ടെ. ദൈവഹിതം തിരിച്ചറിഞ്ഞ് ജീവിക്കാൻ, ജീവിതത്തിൽ ദൈവത്തിന് പ്രീതികരമായ തീരുമാനങ്ങളെടുക്കാൻ, ദൈവത്തെയും അവന്റെ രാജ്യത്തെയും നേടുന്നതിന് എതിരായി നിൽക്കുന്ന എല്ലാം ഉപേക്ഷിക്കാൻ വേണ്ട വിവേകവും കൃപയും അനുഗ്രഹവും പ്രാർത്ഥിക്കാം. തന്റെ ജീവിതവും ജീവനും ദൈവത്തിനായി വിട്ടുകൊടുത്ത പരിശുദ്ധ അമ്മയും, ദൈവത്തിന് മുന്നിൽ പ്രീതികരമായി ജീവിച്ച, അവനുവേണ്ടി ജീവൻ നൽകിയ, സ്വർഗ്ഗരാജ്യം സ്വന്തമാക്കിയ വിശുദ്ധരും നമുക്ക് വഴികാട്ടികളാകട്ടെ, നമുക്കായി പ്രാർത്ഥിക്കട്ടെ. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

25 ജൂലൈ 2026, 17:10