ചൈന: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസി അന്തരിച്ചു
വത്തിക്കാൻ ന്യൂസ്
ചൈനയിൽനിന്നുള്ള സിസ്റ്റർസിയൻ സഭാംഗവും ലന്താവോ (Lantao) ദ്വീപിലെ ‘ഔർ ലേഡി ഓഫ് ജോയ്’ ആശ്രമാംഗവും ലോകത്തിലേക്കും ഏറ്റവും പ്രായം കൂടിയ ട്രാപ്പിസ്റ്റ് സന്ന്യാസിയുമായ ഫാ. ബെനഡിക്ട് ചാവോ (Chao) അന്തരിച്ചു. ജൂലൈ 31 വെള്ളിയാഴ്ച മരണമടഞ്ഞ അദ്ദേഹത്തിന് 108 വയസ്സ് പ്രായമുണ്ടായിരുന്നു. 1950-കളിൽ പണിയപ്പെട്ട ‘ഔർ ലേഡി ഓഫ് ജോയ്’ ആശ്രമത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ മുഖ്യ പങ്കുവഹിച്ചിരുന്ന അദ്ദേഹത്തിന്റെ മൃതസംസ്കാരച്ചടങ്ങുകൾ ഓഗസ്റ്റ് 14ന് ഹോങ്കോങ്ങിൽ നടക്കും.
1918-ൽ ഹെബെയ് (Hebei) പ്രവിശ്യയിലെ ചെങ്ടിംഗിൽ (Chengting) ജനിച്ച ഫാ. ചാവോ 1941-ൽ, തന്റെ ഇരുപത്തിമൂന്നാം വയസ്സിൽ, ‘ഔർ ലേഡി ഓഫ് ജോയ്’ ആശ്രമത്തിലെ സിസ്റ്റർസിയൻ കർശനാനുഷ്ഠാന സമൂഹത്തിൽ ചേർന്നു. 1947ൽ നിത്യവ്രതം സ്വീകരിച്ച അദ്ദേഹം 1949ൽ വൈദികനായി. 1974 മുതൽ 1998 വരെ ആശ്രമത്തിന്റെ പ്രിയോറായി സേവനമനുഷ്ഠിച്ചു.
താൻ അംഗമായ സന്ന്യാസസമൂഹത്തിന്റെ ചരിത്രത്തിലെ നിരവധി വേദനാജനകമായ ഘട്ടങ്ങൾക്ക് അദ്ദേഹം സാക്ഷിയായിട്ടുണ്ട്. 1937-ൽ ജപ്പാൻ അധിനിവേശ സേന ആശ്രമം പിടിച്ചെടുത്തിരുന്നു. 1949-ൽ ചൈനീസ് അധികാരികൾ ഈ ആശ്രമസമൂഹത്തെ പിരിച്ചുവിട്ടതിനെ തുടർന്ന് നിരവധി സന്ന്യാസികൾ അറസ്റ്റിലാകുകയും ചിലർ നാടുകടത്തപ്പെടുകയും മറ്റു ചിലർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇക്കാലത്ത് ഫാ. ചാവോ ചില സഹസന്ന്യാസികളോടൊപ്പം ചൈനയിലെ മറ്റു പ്രദേശങ്ങളിലേക്കും പിന്നീട് കാനഡയിലേക്കും അമേരിക്കയിലേക്കും പോയി. അമേരിക്കയിലെ യൂട്ടായിലെ ഒരു ആശ്രമത്തിൽവെച്ച് പാലുൽപ്പന്ന നിർമ്മാണ സാങ്കേതികവിദ്യ അദ്ദേഹം അഭ്യസിച്ചു.
1950-കളിൽ ഹോങ്കോങ്ങിലെത്തിയ അദ്ദേഹം 1956-ൽ മറ്റു സന്യാസികളോടൊപ്പം ലന്താവോ ദ്വീപിൽ ഒരു പുതിയ ആശ്രമം പണിതു. പിന്നീട് അത് ‘ഔർ ലേഡി ഓഫ് ജോയ്’ എന്ന പേരിൽ അറിയപ്പെട്ടു. 1980-കളിൽ അദ്ദേഹം ഒരു ട്രാപ്പിസ്റ്റ് ഡയറി ഫാമിനും തുടക്കം കുറിച്ചു.
നിശ്ശബ്ദതയിലും പ്രാർത്ഥനയിലും അദ്ധ്വാനത്തിലും പ്രതിസന്ധികളിലും ദൈവകരങ്ങളിൽ പൂർണമായി സമർപ്പിച്ച ജീവിതത്തിന്റെ സാക്ഷിയായിരുന്നു ഫാ. ചാവോ. 79 വർഷം സന്യാസിയായും 77 വർഷം വൈദികനായും അദ്ദേഹം ജീവിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.