യൂറോപ്പിന്റെ ചരിത്രമുറിവുകൾ സുഖപ്പെടുത്താൻ വേണ്ടത് ക്ഷമയും അനുരഞ്ജനവും: മേജർ ആർച്ച്ബിഷപ് ഷെവ്ചുക്ക്
റോബേർത്തോ പാല്യലോങ്ക, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ലിയോ പതിനാലാമൻ പാപ്പായുടെ പ്രത്യേക പ്രതിനിധികളായി കർദ്ദിനാൾ സൂപ്പിയും ആർച്ച്ബിഷപ് ഗാല്ലഗറും ഉക്രൈൻ സന്ദർശിച്ചതിൽ സന്തോഷമറിയിച്ചും, യൂറോപ്പിന്റെ ചരിത്രത്തിലെ മുറിവുകൾ ഉണങ്ങാനായി വേണ്ടത് ക്ഷമയും അനുരഞ്ജനവുമാണെന്ന് ഓർമ്മിപ്പിച്ചും ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭാദ്ധ്യക്ഷൻ മേജർ ആർച്ച്ബിഷപ് സ്വിയാത്തോസ്ളാവ് ഷെവ്ചുക്ക്. രാജ്യത്തെ ലത്തീൻ സഭാസംവിധാനത്തിന്റെ പുനഃസംഘടനയുടെ മുപ്പത്തിയഞ്ചാം വാർഷികവുമായി ബന്ധപ്പെട്ട് വത്തിക്കാനും മറ്റു രാജ്യങ്ങളും അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങൾക്കായുള്ള സെക്രെട്ടറി ആർച്ച്ബിഷപ് ഗാല്ലഗർ ഉക്രൈനിൽ എത്തിയ അവസരത്തിൽ, വത്തിക്കാൻ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദീർഘനാളുകളായി ഉക്രൈൻ അഭിമുഖീകരിക്കുന്ന സംഘർഷങ്ങളും ആക്രമണങ്ങളും മൂലം പ്രദേശത്തെ സാധാരണജനം ദുരിതമനുഭവിക്കുന്ന ഈ അവസ്ഥയിൽ പാപ്പായുടെ പ്രതിനിധികൾ തങ്ങൾക്കിടയിലേക്കെത്തിയത് ആത്മീയ ആശ്വാസം നൽകുന്നുണ്ടെന്ന് അദ്ദേഹം പ്രസ്താവിച്ചു. പാപ്പായുടെ പ്രതിനിധികൾക്കൊപ്പം പ്രാർത്ഥിക്കുന്നത് സാർവ്വത്രികസഭയോടും പരിശുദ്ധ പിതാവിനോടും ചേർന്ന് പ്രാർത്ഥിക്കുന്ന അനുഭവമാണ് നൽകുന്നതെന്നും, സഭ ഉക്രൈനിലെ ജനത്തെ ചേർത്തുപിടിക്കുന്നുവെന്ന ഉറപ്പാണ് ഇതിലൂടെ നൽകുന്നതെന്നുമാണ് താൻ മനസ്സിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യ-ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സംസാരിച്ച ഗ്രീക്ക് കത്തോലിക്കാസഭാദ്ധ്യക്ഷൻ, ഈ സാഹചര്യത്തിൽ കത്തോലിക്കരും ഓർത്തഡോക്സ് സഭംഗങ്ങളും പ്രൊട്ടസ്റ്റന്റുകാരും, യഹൂദരും ഇസ്ലാം മതവിശ്വാസികളുമുൾപ്പെടെ ഏവരും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും, ജീവൻ രക്ഷിക്കുന്നതിൽ മതപരമായ അതിർത്തികൾക്കപ്പുറമുള്ള സഹകരണം ഉണ്ടാകുന്നുണ്ടെന്നും അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഉക്രൈനിൽ അൻപത് ലക്ഷത്തോളം ആളുകൾ മാനവികപ്രതിസന്ധി നേരിടുന്നുണ്ടെന്നും അവരിൽ ഇരുപത് ലക്ഷം പേർക്ക് മാത്രമാണ് ആവശ്യമായ മാനവികസഹായം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണവും വസ്ത്രവും മാത്രമല്ല, പ്രത്യാശയുടെ സന്ദേശവും ജനങ്ങൾക്ക് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ സന്ദർശനത്തെ അനുസ്മരിച്ച ഷെവ്ചുക്ക്, ക്ഷമിക്കുകയും ക്ഷമ സ്വീകരിക്കുകയും ചെയ്യുന്നതാണ്, മനുഷ്യമനസ്സുകളിലെ യുദ്ധമുറിവുകൾ സുഖപ്പെടുത്താനുള്ള ഔഷധമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചിരുന്നുവെന്നത് പ്രത്യേകം എടുത്തുപറഞ്ഞു. ക്ഷമയിലൂടെ മെച്ചപ്പെട്ട ഒരു ഭാവി പടുത്തുയർത്താൻ സാധിക്കുമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, യൂറോപ്യൻ ജനതയുടെ ചരിത്രമുറിവുകൾ സൗഖ്യപ്പെടുത്താനുള്ള മാർഗ്ഗം ക്ഷമയുടേതാണെന്ന് അഭിപ്രായപ്പെട്ടു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.