തിരയുക

ഗാസാ മുനമ്പിലെ തിരുക്കുടുംബദേവാലയം ഗാസാ മുനമ്പിലെ തിരുക്കുടുംബദേവാലയം  

ഗാസായിലെ തിരുഹൃദയദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികം: പ്രാർത്ഥനയുമായി ഇടവകനേതൃത്വം

ഇസ്രായേൽ-പാലസ്തീന സംഘർഷം അവസാനമില്ലാതെ തുടരുമ്പോൾ, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ പദ്ധതിയൊരുക്കി, ഗാസാ മുനമ്പിലെ തിരുക്കുടുംബദേവാലയം വികാരി ഫാ. റൊമനെല്ലി. ഈ ദേവാലയത്തിന് നേരെ 2025 ജൂലൈ 17-ന് നടന്ന ആക്രമണത്തിന്റെ വാർഷികത്തിലാണ് ഇത്തരമൊരു പരിശ്രമവുമായി അദ്ദേഹം മുന്നോട്ട് വന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

ബെയത്രീച്ചെ ഗ്വരെര, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഗാസാ മുനമ്പിലെ തിരുക്കുടുംബദേവാലയത്തിനു നേരെയുണ്ടായ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, സമാധാനത്തിനുവേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനവുമായി വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലി. അവസാനമില്ലാതെ തുടരുന്ന ഇസ്രായേൽ-പാലസ്തീന സംഘർഷങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് ഇത്തരമൊരു അഭ്യർത്ഥന അദ്ദേഹം മുന്നോട്ട് വച്ചത്. രാജ്യത്തെ റോഡുകളുൾപ്പെടെ എല്ലാ അടിസ്ഥാനസൗകര്യങ്ങൾക്കും വലിയ പ്രതിസന്ധികളും നാശവുമാണ് യുദ്ധം ഉണ്ടാക്കിയതെന്ന് അദ്ദേഹം പ്രസ്താവിച്ചു.

2025 ജൂലൈ 17-ന് തിരുക്കുടുംബദേവാലത്തിന് നേരെ നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നുവെന്ന് ഓർമ്മിപ്പിച്ച ഫാ. റൊമനെല്ലി, ഈ സംഭവത്തിന്റെ ഒന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ, അന്നത്തെ ആക്രമണത്തിൽ മരണമടഞ്ഞവർക്കും, യുദ്ധബാധിതർക്കും വേണ്ടിയും, പ്രദേശത്ത് സമാധാനം വീണ്ടെടുക്കാൻ വേണ്ടിയും ഒരു പ്രാർത്ഥനാ ശുശ്രൂഷ സംഘടിപ്പിക്കുമെന്നും ജൂലൈ 19-ന് പ്രത്യേക ദിവ്യബലി അർപ്പിക്കുമെന്നും, അറിയിച്ചു.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ആളുകൾക്ക് അഭയമേകിയിരുന്ന തിരുക്കുടുംബദേവാലയത്തിന്റെ കാവൽക്കാരനായിരുന്ന സാദ് ഈസ കോസ്‌താന്തി സലാമെ, കാരിത്താസ് ഒരുക്കിയ ടെന്റിൽ താമസിച്ചിരുന്ന എൺപത്തിനാലുകാരിയായ ഫൗമിയ ഈസ ലത്തീഫ് അയ്യാദ്, നജ്‌വ അബു ദാവൂദ് എന്നീ രണ്ട് സ്ത്രീകളുമായിരുന്നു ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഫാ. റൊമനെല്ലിക്കും സംഭവത്തിൽ കാലിന് പരിക്കേറ്റിരുന്നു.

ഗാസാ മുനമ്പിലെ മാനുഷിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണെന്നും, വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ആക്രമണങ്ങൾ പൂർണമായും അവസാനിച്ചിട്ടില്ലെന്നും ഫാ. റൊമനെല്ലി അറിയിച്ചു.

ആക്രമണത്തിൽ പലയിടങ്ങളിലും റോഡുകളും കെട്ടിടങ്ങളും തകർന്നതിനാലും വൈദ്യുതി, ജലവിതരണ ശൃംഖലകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാലും ജനങ്ങളുടെ ദൈനംദിന ജീവിതം ദുഷ്കരമായിരിക്കുകയാണെന്നും, ഇന്ധനവില കുത്തനെ ഉയർന്നതോടെ യാത്രകളും സഹായപ്രവർത്തനങ്ങളും കൂടുതൽ പ്രയാസകരമായെന്നും ഫാ. റൊമനെല്ലി പറഞ്ഞു.

അടുത്ത സെപ്റ്റംബറിൽ ജറുസലേം ലത്തീൻ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ തിരുക്കുടുംബദേവാലയത്തോടനുബന്ധിച്ചുള്ള ഇടവക സ്കൂൾ വീണ്ടും തുറക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് സഹായമെത്രാനും വികാരി ജനറലുമായ ബിഷപ്. വില്യം ഷൊമാലി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആയിരത്തോളം കുട്ടികൾക്ക് വീണ്ടും പഠനാന്തരീക്ഷം ഒരുക്കുന്നതിലൂടെ യുദ്ധത്തിന്റെ മാനസിക ആഘാതത്തിൽ നിന്ന് അവരെ ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാകുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

18 ജൂലൈ 2026, 12:59