രാജ്ഞി കമില്ലയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി കത്തോലിക്ക സന്ന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയൻ
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
ബ്രിട്ടീഷ് രാജ്ഞി കമില്ലയുമായി കൂടിക്കാഴ്ച നടത്തി ആറുലക്ഷത്തോളം വരുന്ന സന്ന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയന്റെ പ്രതിനിധിസംഘം. 2025 ഒക്ടോബറിൽ വത്തിക്കാനിലെത്തിയ ബ്രിട്ടീഷ് രാജാവും രാജ്ഞിയുമായി നടന്ന കൂടിക്കാഴ്‌ചയ്ക്ക് ഒരു വർഷത്തോളം ശേഷമാണ് ഈ കൂടിക്കാഴ്ച അനുവദിക്കപ്പെട്ടത്. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, സാമൂഹ്യസേവനങ്ങൾ, അജപാലനശുശ്രൂഷ, പ്രകൃതിപരിപാലനം, തുടങ്ങി വിവിധ മേഖലകളിൽ തങ്ങളുടേതായ സേവനങ്ങൾ നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ഈ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ടു.
സർക്കാരുകൾ, മതസമൂഹങ്ങൾ, പൊതുസമൂഹം എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി ഏറ്റവും ദുര്‍ബലരായ ജനവിഭാഗങ്ങളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാനുള്ള സംയുക്ത പ്രതിബദ്ധതയുടെ ഭാഗമായാണ് കത്തോലിക്കാ സന്ന്യാസിനികളുടെ അന്താരാഷ്ട്ര യൂണിയൻ ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിൽ ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ദുർബല സാഹചര്യങ്ങളിൽ ജീവിക്കുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും അന്തസ്സും സുരക്ഷയും, അവർക്ക് ജീവിത വിജയത്തിനായുള്ള അവസരങ്ങളും ഉറപ്പാക്കുന്നതിനുവേണ്ടി കത്തോലിക്കാ സന്ന്യാസിനികൾ നടത്തിയ പ്രവർത്തനങ്ങൾ ഈ ആഗോളസംഘടന രാജ്ഞിയുമായി പങ്കുവച്ചു.
മനുഷ്യക്കടത്ത്, സായുധ സംഘർഷങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ, കുടിയേറ്റം, ദാരിദ്ര്യം, വിവേചനം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന സമൂഹങ്ങൾക്കൊപ്പം, അവരുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താനുള്ള ഉദ്ദേശത്തോടെയാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് യൂണിയൻ നേതൃത്വം കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. അഭയാർത്ഥികൾക്കും മനുഷ്യക്കടത്തിന്റെ ഇരകൾക്കും സേവനങ്ങൾ നൽകിക്കൊണ്ട്, അവർക്ക് പ്രത്യാശയുടെ സാന്നിദ്ധ്യമായി മാറാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് പ്രതിനിധി സംഘം പ്രസ്താവിച്ചു.
അന്താരാഷ്ട്ര സുപ്പീരിയർ ജനറൽമാരുടെ യൂണിയൻ (UISG) എക്സിക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ റോക്സാൻ ഷാരസ് (Sr. Roxanne Schares SSND), മനുഷ്യക്കടത്തിനെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ശൃംഖല തലിത്താ കുമിന്റെ കോ-ഓർഡിനേറ്റർ സിസ്റ്റർ ആബി അവെലിനോ (Sr. Abby Avelino MM), നീതി, സമാധാനം, സൃഷ്ടിയുടെ സമഗ്രത എന്നിവയ്ക്കായുള്ള സംഘടനയുടെ കമ്മിഷന്റെ സഹ എക്സിക്യൂട്ടീവ് സെക്രട്ടറി സിസ്റ്റർ മാമാലിഫാർ എം. പോരെകു (Sr. Maamalifar M. Poreku MSOLA) എന്നിവരാണ് പ്രതിനിധിസംഘത്തിൽ ഉണ്ടായിരുന്നത്. ഇവർക്കൊപ്പം ഗ്രേറ്റ് ബ്രിട്ടനിലെ ഫെയ്ത്ഫുൾ കോംപാനിയൻസ് ഓഫ് ജീസസ് സന്ന്യാസിനി സമൂഹത്തിന്റെ പ്രാദേശിക ചുമതലക്കാരിയും ലിവർപൂൾ അതിരൂപതയുടെ സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള പ്രതിനിധിയുമായ സിസ്റ്റർ ലിൻ ബാരനും (Sr. Lynne Baron FCJ) പങ്കെടുത്തു.
മനുഷ്യക്കടത്തിനെതിരായ "തലിത്താ കും" (Talitha Kum) ഇന്ന് 110-ലധികം രാജ്യങ്ങളിലായി 68 ദേശീയ-പ്രാദേശിക ശൃംഖലകളിലൂടെ പ്രവർത്തിക്കുന്നതായി സിസ്റ്റർ ആബി അവെലിനോ അറിയിച്ചു. മനുഷ്യക്കടത്ത് തടയുന്നതിനും ഇരകളെ സംരക്ഷിക്കുന്നതിനും അതിജീവിതരെ സമൂഹത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് സംഘടന നടത്തുന്നത്.
കാലാവസ്ഥാ നീതിക്കും സൃഷ്ടിപരിപാലനത്തിനുമായി ഈ അന്താരാഷ്ട്രയൂണിയൻ നടപ്പാക്കുന്ന പദ്ധതികൾ സിസ്റ്റർ മാമാലിഫാർ പോരെകു അവതരിപ്പിച്ചു. സാമൂഹിക നീതിയും ദാരിദ്ര്യനിർമാർജനവും കാലാവസ്ഥാ നീതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ ഓർമ്മിപ്പിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.