തിരയുക

ലിയോ പതിനാലാമൻ പാപ്പാ കാംപിദോല്യോ" കുന്നിൻ മുന്നിൽ - ഫയൽ ചിത്രം ലിയോ പതിനാലാമൻ പാപ്പാ കാംപിദോല്യോ" കുന്നിൻ മുന്നിൽ - ഫയൽ ചിത്രം  (ANSA)

റോം പ്രഖ്യാപനം: നിർമ്മിതബുദ്ധിയും ആണവായുധങ്ങളും മനുഷ്യനിയന്ത്രണത്തിൽ തുടരണമെന്ന് കർദ്ദിനാൾ റെയ്‌ന

റോമിൽ മുപ്പതോളം നോബൽ സമ്മാനജേതാക്കളുടെയും രാഷ്ട്രീയ സാമൂഹിക, മത നേതൃത്വങ്ങളുടെയും സാന്നിദ്ധ്യത്തിൽ, നിർമ്മിതബുദ്ധി, ആണവയുദ്ധം, നിരായുധീകരണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന അവസാനദിന സമ്മേളനത്തിൽ റോമിലേക്കുള്ള പരിശുദ്ധ പിതാവിന്റെ വികാരി കർദ്ദിനാൾ റെയ്‌ന പ്രഭാഷണം നടത്തി. സമാധാനം ഭയത്തിലല്ല, മനുഷ്യന്റെ ധാർമ്മികതയിലും ഉത്തരവാദിത്വത്തിലും അധിഷ്ഠിതമാകണമെന്നും, അതിൽ മനുഷ്യന്റെ ഇടപെടൽ പ്രാധാന്യമർഹിക്കുന്നുവെന്നും ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നിർമ്മിതബുദ്ധിയുടെ പ്രവർത്തനങ്ങളും ആണവായുധങ്ങളുടെ ശേഖരണവും ഉപയോഗവും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൃത്യമായ മാനവിക ഇടപെടൽ ആവശ്യമുണ്ടെന്നും, ഭയത്തിലല്ല, ധാർമ്മിക ബോധത്തിലും ഉത്തരവാദിത്വത്തിലും അധിഷ്ഠിതമായതാകണം സമാധാനമെന്നും റോം രൂപതയിലേക്കുള്ള പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വികാരി, കർദ്ദിനാൾ ബാൾദോ റെയ്‌ന. ജൂലൈ 16 വ്യാഴാഴ്ച റോം നഗരത്തിലെ പ്രശസ്ത ഇടങ്ങളിലൊന്നായ "കാംപിദോല്യോ"യിൽ മുപ്പതോളം നോബൽ സമ്മാനജേതാക്കളുടെയും രാഷ്ട്രീയ സാമൂഹിക, മത നേതൃത്വങ്ങളുടെയും സാന്നിദ്ധ്യത്തിൽ,  നടന്ന സമ്മേളനത്തിൽ സംസാരിക്കവെയാണ്, സാങ്കേതികവിദ്യയും ആണവായുധങ്ങളും സംബന്ധിച്ചുള്ള പ്രതിസന്ധികളുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചത്.

നിർമ്മിതബുദ്ധിയുടെയും അണുവായുധങ്ങളുടെയും ഉപയോഗം മാനവരാശിയിൽ വലിയ വെല്ലുവിളികളും ചോദ്യങ്ങളും ഉയർത്തുന്നതാണെന്ന് അഭിപ്രായപ്പെട്ട കർദ്ദിനാൾ റെയ്‌ന, സാങ്കേതികമേഖലയിലെ അതിവേഗതയിലുള്ള വളർച്ചയുടെയും, വിവിധ പ്രദേശങ്ങളിലെ രാഷ്ട്രീയ സാമൂഹിക അസ്ഥിരതയിലൂടെയുമാണ് നാം കടന്നുപോകുന്നതെന്ന് ഓർമ്മിപ്പിച്ചു.

ശാസ്ത്രസാങ്കേതികമേഖലകളിലെ പുരോഗതി ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, ദാരിദ്ര്യനിർമാർജനം, സമാധാനസ്ഥാപനം തുടങ്ങിയ ഇടങ്ങളിൽ വലിയ സാധ്യതകൾ തുറന്നുകൊടുക്കുന്നുണ്ടെങ്കിലും, ഈ മേഖലയിൽ ധാർമികതയ്ക്കും മനുഷ്യന്റെ അന്തസ്സിനും പ്രാധാന്യം നൽകാതെയും, ഉത്തരവാദിത്തബോധമില്ലാതെയും ഇവയുടെ ഉപയോഗം ഉണ്ടായാൽ, അത്, ആധിപത്യത്തിന്റെയും വിവേചനത്തിന്റെയും നാശത്തിന്റെയും ഉപകരണമായി മാറിയേക്കാമെന്ന് കർദ്ദിനാൾ റെയ്‌ന മുന്നറിയിപ്പ് നൽകി. സാങ്കേതികവിദ്യയുടെ വളർച്ചയിലല്ല, അതിനെ ഉപയോഗപ്പെടുത്തുന്ന രീതിയും, അതിന് പിന്നിലെ ധാർമ്മികതയുമാണ് ഏറെ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം വിശദീകരിച്ചു.

ജീവിതം, മരണം, യുദ്ധം, സമാധാനം, വരും തലമുറകളുടെ ഭാവി തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങളെടുക്കാൻ, യന്ത്രങ്ങളെയോ ആൽഗോറിഥങ്ങളെയോ അനുവദിക്കുന്നതിലൂടെയുണ്ടാകാവുന്ന പ്രതിസന്ധികളിലേക്കും ശ്രദ്ധ ക്ഷണിച്ച പരിശുദ്ധ പിതാവിന്റെ വികാരി, ഇത്തരം കാര്യങ്ങൾ മനുഷ്യന്റെ കൃത്യമായ ഇടപെടൽ ആവശ്യപ്പെടുന്നവയാണെന്ന് പ്രസ്താവിച്ചു. സാങ്കേതികശക്തിയും വികസനവും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതോ കുറച്ചു കാട്ടുന്നതോ ആകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിരായുധീകരിക്കുന്നതും ആയുധരഹിതവുമായ ഒരു സമാധാനത്തിലേക്കാണ് ലിയോ പതിനാലാമൻ പാപ്പാ നമ്മെ ക്ഷണിക്കുന്നതെന്ന് അനുസ്മരിച്ച, പരിശുദ്ധ പിതാവിന്റെ വികാരി, നിരായുധീകരണമെന്നതുകൊണ്ട്, ആയുധശേഖരം കുറയ്ക്കുക എന്നത് മാത്രമല്ല, മനസ്സുകളെയും ഭാഷയെയും അന്താരാഷ്ട്രബന്ധങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും സമാധാനത്തിന്റെ മാർഗ്ഗത്തിലേക്ക് കൂടുതൽ അടുപ്പിക്കുക എന്നതുകൂടിയാണ് ലക്ഷ്യമാക്കുന്നത് എന്ന് പ്രസ്താവിച്ചു.

സാങ്കേതികതയുടെ വേഗത, മനഃസാക്ഷിയുടെ മൂല്യം ഇല്ലാതാക്കുന്നതാകരുതെന്നും, ഡിജിറ്റൽ സംവിധാനങ്ങളുടെ കഴിവ്, ധാർമ്മികമായ വിവേചനവും തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യവും അവഗണിക്കുന്നതാകരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റോം പ്രഖ്യാപനം വെറുമൊരു രേഖയായി ഒതുങ്ങാതെ, ലോകസമാധാനത്തിനും മനുഷ്യാന്തസ്സിനും വേണ്ടിയുള്ള നയപരമായ തീരുമാനങ്ങളിലേക്കും ആഗോളസഹകരണത്തിലേക്കും നയിക്കുന്ന ഒരു യാഥാർത്ഥ്യമായി മാറട്ടെയെന്ന് കർദ്ദിനാൾ റെയ്‌ന  ആശംസിച്ചു.

ശാസ്ത്രം മാനവികതയുടെ സേവനത്തിനാകട്ടെയെന്നും, സമാധാനം ഒരു ആശയമെന്നതിനേക്കാൾ ഏവരും പങ്കിടുന്ന ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

റോം പ്രഖ്യാപനം

ആണവായുധങ്ങളുടെ പ്രയോഗം നിർമ്മിതബുദ്ധിയുടെ മാത്രം നിയന്ത്രണത്തിലാക്കുന്നത് തടയുക, രാഷ്ട്രങ്ങൾ തമ്മിലുള്ള സ്ഥിരമായ ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുക, അനാവശ്യ സംഘർഷങ്ങൾ തടയുക, ശാസ്ത്രത്തിനൊപ്പം ധാർമ്മിക മൂല്യങ്ങൾ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക, സമൂഹത്തിൽ സർക്കാരുകൾ, മതനേതൃത്വങ്ങൾ, പൊതുസമൂഹം തുടങ്ങിയ വിവിധ ഘടകങ്ങൾ തമ്മിലുള്ള സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിവിധ മേഖലകളെ സ്പർശിക്കുന്ന റോം പ്രഖ്യാപനത്തിൽ ഇതേ ദിനത്തിൽ റോമിന്റെ മേയർ റോബെർത്തോ ഗ്വൽത്തിയേരി ഒപ്പുവച്ചു. 



 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

16 ജൂലൈ 2026, 13:43