തിരയുക

ആർച്ച്ബിഷപ് മാത്യു മാൻ-ഓസോ ന്തഗോസോ ആർച്ച്ബിഷപ് മാത്യു മാൻ-ഓസോ ന്തഗോസോ 

നൈജീരിയ: ക്രൈസ്തവരുടെ ആശങ്കകൾക്ക് പരിഹാരവും സുതാര്യമായ തിരഞ്ഞെടുപ്പും ആവശ്യപ്പെട്ട് മെത്രാൻസമിതി

2027-ൽ നൈജീരിയയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നും, ക്രൈസ്തവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും പ്രസിഡന്റ് തിനുബുവിനോദ് ആവശ്യപ്പെട്ട് രാജ്യത്തെ മെത്രാൻസമിതി. രാജ്യത്തെ പൊതുജനത്തിന് ഭീഷണിയായി നിൽക്കുന്ന തീവ്രവാദ, അതിക്രമ പ്രവർത്തനങ്ങൾ അനുസ്മരിച്ച മെത്രാൻസമിതി, പാപ്പായെ രാജ്യത്തേക്ക് ക്ഷണിക്കുന്നതിനും പ്രസിഡന്റുമായി നടന്ന കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടുവെന്ന് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

നൈജീരിയയിലെ ക്രൈസ്തവരുടെ ന്യായമായ ആശങ്കകൾ പരിഹരിക്കണമെന്നും, 2027-ൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ഉറപ്പുവരുത്തണമെന്നും രാജ്യത്തിന്റെ പ്രസിഡന്റ് ബോള അഹമ്മദ് തിനുബുവിനോദ് ആവശ്യപ്പെട്ട് രാജ്യത്തെ മെത്രാൻസമിതി (Catholic Bishops’ Conference of Nigeria - CBCN). രാജ്യനേതൃത്വത്തിൽ ക്രൈസ്തവ, ഇസ്ലാമിക പ്രാതിനിധ്യം ഉറപ്പാക്കുന്നതിലേക്കും ജൂലൈ 28 ചൊവ്വാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ മെത്രാൻസമിതി പ്രസിഡന്റും കടുന അതിരൂപതാദ്ധ്യക്ഷനുമായ ആർച്ച്ബിഷപ് മാത്യു മാൻ-ഓസോ ന്തഗോസോ (Matthew Man-Oso Ndagoso) ശ്രദ്ധ ക്ഷണിച്ചു. ജൂലൈ 29-ന് ഫീദെസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്.

നൈജീരിയയും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നല്ല ബന്ധത്തെ അഭിനന്ദിച്ച മെത്രാൻമാർ, പക്ഷെ നിലവിലെ ഭരണസംവിധാനത്തിൽ ക്രൈസ്തവരുടെ പ്രാതിനിധ്യത്തെക്കുറിച്ച് നിരവധി വിശ്വാസികൾക്ക് ആശങ്കയുണ്ടെന്ന് ചൂണ്ടിക്കാട്ടി. രാഷ്ട്രത്തലവനും ഉപരാഷ്ട്രത്തലവനും വ്യത്യസ്ത മതവിഭാഗങ്ങളിൽ നിന്നായിരിക്കണമെന്ന പതിവ് അവസാനിച്ചതുമായി ബന്ധപ്പെട്ടതാണ് ഈ ആശങ്കയെന്ന് മെത്രാൻമാർ വ്യക്തമാക്കി. മുൻപ് ക്രൈസ്തവ, ഇസ്ലാം വിഭാഗങ്ങളിൽനിന്നുള്ളവർ മാറിമാറി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവി വഹിച്ചിരുന്നുവെങ്കിൽ, നിലവിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും മുസ്ലിം മതവിഭാഗത്തിൽപ്പെട്ടവരാണ്.

നൈജീരിയയുടെ പ്രസിഡന്റ് ബോള അഹമ്മദ് തിനുബു
നൈജീരിയയുടെ പ്രസിഡന്റ് ബോള അഹമ്മദ് തിനുബു

2027-ലെ പൊതുതെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സ്വതന്ത്ര ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന് ആവശ്യമായ ധനസഹായം ഉറപ്പാക്കുകയും വോട്ടവകാശമുള്ള എല്ലാവർക്കും വോട്ടർ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കുകയും ചെയ്ത് തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവും വിശ്വാസ്യതയുള്ളതുമാക്കണമെന്ന് മെത്രാൻമാർ ആവശ്യപ്പെട്ടു. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ അത് രാജ്യത്തെ ഒഴിവാക്കാനാകാത്ത ദുരന്തത്തിലേക്കായിരിക്കും തള്ളിവിടുകയെന്ന മുന്നറിയിപ്പും മെത്രാൻസമിതി നൽകി.

രാജ്യത്ത് നടക്കുന്ന ആക്രമണങ്ങളിലേക്കും വിധ്വംസക പ്രവർത്തനങ്ങളിലേക്കും ശ്രദ്ധ തിരിച്ചുകൊണ്ട്, ഒയോ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ വിദ്യാർഥികളെയും അധ്യാപകരെയും മോചിപ്പിച്ചതും, ഇതുമായി ബന്ധപ്പെട്ട ചില പ്രതികളെ അറസ്റ്റ് ചെയ്തതും ഉൾപ്പെടെ, സുരക്ഷാ മേഖലയിലെ ചില നടപടികളെ അഭിനന്ദിച്ച മെത്രാൻമാർ, എന്നാൽ തീവ്രവാദം, സായുധ സംഘങ്ങളുടെ ആക്രമണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ പ്രശ്നങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുകയാണെന്നും സ്കൂളുകൾ, ആരാധനാലയങ്ങൾ, വീടുകൾ, കൃഷിയിടങ്ങൾ, ദേശീയപാതകൾ എന്നിവ ഇപ്പോഴും സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി.

അവസാനമായി, നൈജീരിയയെ തന്റെ ഹൃദയത്തിൽ പേറുന്ന ലിയോ പതിനാലാമൻ പാപ്പായെ  നൈജീരിയ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിക്കണമെന്ന് പ്രസിഡന്റ് തിനുബുവിനോട് മെത്രാൻമാർ അഭ്യർത്ഥിച്ചു. പരിശുദ്ധ പിതാവിന്റെ സന്ദർശനം രാജ്യത്തിന്റെ ദേശീയ ഐക്യം ശക്തിപ്പെടുത്താൻ സഹായിച്ചേക്കുമെന്ന അഭിപ്രായം മെത്രാൻസമിതി പ്രകടിപ്പിച്ചു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂലൈ 2026, 13:49