തിരയുക

ഒരു അഭയാർത്ഥി ക്യാമ്പിൽനിന്നുള്ള ദൃശ്യം ഒരു അഭയാർത്ഥി ക്യാമ്പിൽനിന്നുള്ള ദൃശ്യം  (Vatican Media)

സൈപ്രസിൽ അഭയാർത്ഥികൾക്കൊപ്പവും അഭയാർത്ഥികൾക്കുവേണ്ടിയും "ഐക്യദാർഢ്യ അവധിക്കാല"മൊരുക്കി സാന്തെജീദിയോ സമൂഹം

സൈപ്രസിലെ പൂർണാറ, കോഫിനു-ലിംനെസ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് സഹായഹസ്തവുമായി സാന്തെജീദിയോ സമൂഹം. ഈ പദ്ധതിയുടെ ഭാഗമായി, യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറുകണക്കിന് സന്നദ്ധപ്രവർത്തകർ അഭയാർത്ഥികൾക്കൊപ്പവും അവർക്കുവേണ്ടിയും ഓഗസ്റ്റ് അവസാനം വരെ ഐക്യദാർഢ്യത്തിന്റെ അവധിക്കാലം ചിലവഴിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സഹനത്തിന്റെയും കഷ്ടപ്പാടുകളുടെയും ഇടയിൽനിന്ന് രക്ഷപെട്ട് യൂറോപ്പിലേക്കെത്താനായി സൈപ്രസിൽ കാത്തുകിടക്കുന്ന അഭയാർത്ഥികൾക്ക് ഐക്യദാർഢ്യത്തിന്റെയും സഹായത്തിന്റെയും അവധിക്കാലമൊരുക്കി സാന്തെജീദിയോ സമൂഹം. യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന ഇടങ്ങളിൽനിന്ന് രക്ഷപ്പെട്ടെത്തി, യൂറോപ്പിലേക്ക് പ്രവേശനസാധ്യതയ്ക്കായി സൈപ്രസ് തലസ്ഥാനമായ നിക്കോസിയയ്ക്ക് ഇരുപത് കിലോമീറ്ററുകൾ അകലെയുള്ള പൂർണാറ (Pournara), കോഫിനു-ലിംനെസ് (Kofinou-Limnes) അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്കൊപ്പം സമയം ചെലവിടാനും, അവർക്ക് സേവനങ്ങൾ ചെയ്യാനുമുള്ള അവസരമാണ് ഈ പദ്ധതി വഴി സാന്തെജീദിയോ സമൂഹം ഒരുക്കിയിരിക്കുന്നത്. ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി യുവതീയുവാക്കളും മുൻകാലങ്ങളിൽ അഭയാർത്ഥികളായിരുന്ന ചിലരും നിലവിൽ ഈ പദ്ധതിയിൽ പങ്കെടുക്കുന്നുണ്ട്.

പൂർണാറ ക്യാമ്പിൽ കഴിയുന്ന ഇരുനൂറോളം വരുന്ന അഭയാർത്ഥികൾക്കായി "സൗഹൃദ കൂടാരം" എന്ന പേരിൽ  ശീതീകരിച്ച ഭക്ഷണശാല ഈ ഐക്യദാർഢ്യ അവധിക്കാല പദ്ധതിയുടെ ഭാഗമായി സാന്തെജീദിയോ സമൂഹം ഒരുക്കിയിട്ടുണ്ട്. അഭയാർത്ഥികളായി എത്തിയിരിക്കുന്നവർക്ക് സഹായമേകുന്നതിനൊപ്പം അവരെ അടുത്തറിയുന്നതിനുള്ള സാധ്യതയാണ് ഇതുവഴി ലഭിക്കുകയെന്ന് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ജൂലൈ 29-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ സാന്തെജീദിയോ സമൂഹം അറിയിച്ചു. 

കോഫിനു-ലിംനെസ് അഭയാർത്ഥി ക്യാമ്പിൽ പ്രായപൂർത്തിയാകാത്ത അൻപത് പേരുൾപ്പെടെ നാനൂറോളം അഭയാർത്ഥികളാണുള്ളത്. ഇവിടെ "സമാധാനത്തിന്റെ സ്‌കൂൾ" എന്ന പേരിൽ കുട്ടികൾക്കായി പഠനപദ്ധതി ആരംഭിച്ചിട്ടുണ്ട്. കളികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ, പഠനസഹായം എന്നിവയ്ക്ക് പുറമെ, വാരാന്ത്യങ്ങളിൽ സൈപ്രസിനുള്ളിൽത്തന്നെ ചെറിയ യാത്രകളും ഇവർക്കായി ഒരുക്കിയിട്ടുണ്ട്. ചില കുട്ടികളെങ്കിലും ആദ്യമായാണ് ഒരു സ്‌കൂളിൽ പഠനത്തിനായി എത്തുന്നത്.

സൊമാലിയ, സുഡാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, കോംഗോ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ക്യാമ്പുകളിലെ അഭയാർത്ഥികളിൽ ഭൂരിഭാഗവും. യുദ്ധം, അക്രമം, മനുഷ്യാവകാശ പ്രതിസന്ധി, മത-പൗരസ്വാതന്ത്ര്യങ്ങളുടെ അഭാവം തുടങ്ങിയ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെട്ടെത്തിയവരാണ് ഇവരിൽ പലരും. അഭയാർത്ഥികളെ അറിയാനും, അവരുടെ ജീവിതാനുഭവങ്ങൾ മനസ്സിലാക്കാനുമുള്ള ഒരു അവസരമായിക്കൂടിയാണ് ഈ ഐക്യദാർഢ്യ അവധിക്കാല പദ്ധതി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.

30 ജൂലൈ 2026, 13:37