ഇറാനിൽനിന്നുൾപ്പെടെ 20 അഭയാർഥികൾ കൂടി മാനവിക ഇടനാഴി വഴി ഇറ്റലിയിലെത്തി
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്
മാനവിക ഇടനാഴി (Humanitarian Corridors) പദ്ധതിയുടെ ഭാഗമായി സൈപ്രസിൽ നിന്ന് 20 അഭയാർഥികൾ ഫ്യുമിച്ചീനോയിലുള്ള ലെയോനാർദോ ദാവിഞ്ചി അന്താരാഷ്ട്രവിമാനത്താവളത്തിലൂടെ ഇറ്റലിയിലെത്തിയാതായി സാന്ത് എജീദിയോ സംഘടന അറിയിച്ചു. ഇറാനിൽനിന്ന് രക്ഷപെട്ടുവന്നവരും, വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുമായവരാണ് ദീർഘനാളുകളായി സൈപ്രസിൽ കഴിഞ്ഞിരുന്ന ഈ ഇരുപത് പേരുമെന്ന് ജൂലൈ 24 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
ഇറാൻ, കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്, കാമറൂൺ, സൊമാലിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘർഷങ്ങളും സുരക്ഷാ പ്രതിസന്ധികളും മൂലം സ്വന്തം നാടുവിട്ട് സൈപ്രസിലെത്തി അഭയാർത്ഥി ക്യാമ്പുകളിൽ ദീർഘകാലം കഴിഞ്ഞ ഇവർ, സാന്ത് എജീദിയോ സമൂഹം വേനൽക്കാലത്ത് സംഘടിപ്പിച്ച സൗജന്യ വിദ്യാഭ്യാസ പരിപാടികളിലൂടെ ഇറ്റാലിയൻ, ഇംഗ്ലീഷ് ഭാഷകൾ അഭ്യസിച്ചിരുന്നു.
രണ്ട് നവജാത ശിശുക്കൾ ഉൾപ്പെടെ ആറ് പ്രായപൂർത്തിയാകാത്ത കുട്ടികളും ജൂലൈ 23-നെത്തിയ സംഘത്തിലുണ്ട്. ഇവരെ ലാത്സിയോ, എമിലിയ-റൊമാഞ്ഞ, വേനെത്തൊ, ത്രെന്തീനോ എന്നീ ഇറ്റാലിയൻ പ്രവിശ്യകളിലായി പുനരധിവസിപ്പിക്കുമെന്ന് സാന്ത് എജീദിയോ അറിയിച്ചു. ഇറ്റാലിയൻ ഭാഷ പഠിച്ചിട്ടുള്ളതുകൊണ്ട്, അഭയാർഥി പദവി ലഭിച്ചതിന് ശേഷം തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നതിന് വേണ്ട പിന്തുണ ഇവർക്ക് നൽകുമെന്ന് സംഘടന അറിയിച്ചു.
ഇറ്റലിയുടെ ആഭ്യന്തര മന്ത്രാലയവും സാന്ത് എജീദിയോ സമൂഹവും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സുരക്ഷിത യാത്ര സാധ്യമായത്. പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന മാനവിക ഇടനാഴി പദ്ധതി, കടൽമാർഗത്തിലുള്ള അപകടകരമായ യാത്രകളും മനുഷ്യക്കടത്ത് ശൃംഖലകളും ഒഴിവാക്കി അഭയാർഥികൾക്ക് സുരക്ഷിതവും നിയമപരവുമായ വഴിയൊരുക്കുന്ന മാതൃകയായാണ് വിലയിരുത്തപ്പെടുന്നത്.
2016 ഫെബ്രുവരി മുതൽ ഇതുവരെ ഇറ്റലിയിൽ മാത്രം 7,653 അഭയാർഥികൾക്ക് ഈ പദ്ധതിയിലൂടെ സുരക്ഷിത പ്രവേശനവും പുനരധിവാസ അവസരവും ലഭിച്ചിട്ടുണ്ടെന്നും, യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങൾക്കും മാതൃകയാക്കാവുന്ന ഒന്നാണ് ഈ പദ്ധതിയെന്നും സാന്ത് എജീദിയോ സംഘടന തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:.