കർത്താവിനാൽ നയിക്കപ്പെട്ട്, ജ്ഞാനം സ്വന്തമാക്കി, വിവേകപൂർവ്വം ജീവിക്കുക
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതഗ്രന്ഥത്തിന് ആമുഖമായി നാം കണ്ടതുപോലെ, ശിഷ്യർക്ക് ഗുരുജനങ്ങളുടെയും മക്കൾക്ക് മാതാപിതാക്കളുടെയും ഭക്തർക്ക് ദൈവത്തിന്റെയും സ്വരത്തിലുള്ള ഉപദേശങ്ങൾ ഉൾക്കൊള്ളുന്നതും ഈ ഗ്രന്ഥശേഖരത്തിന്റെ പത്ത് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അദ്ധ്യായങ്ങൾ ചേർന്ന രണ്ടാം ഭാഗത്തുള്ളതുമായ ഇരുപത്തിയൊന്നാം അദ്ധ്യായത്തിലും, ഏവർക്കും സ്വീകരിക്കാവുന്നതും, ജീവിതത്തിൽ പാലിക്കേണ്ടതുമായ മൂല്യങ്ങളെക്കുറിച്ചുള്ള ഉദ്ബോധനമാണ് നമുക്ക് കാണാനാകുന്നത്. ഹൃദയങ്ങളെ അറിയുന്നവനും നിയന്ത്രിക്കാൻ കഴിവുള്ളവനുമാണ് കർത്താവ്, സ്ത്രീപുരുഷ-കുടുംബബന്ധങ്ങളിലെ മൂല്യങ്ങൾ, ദരിദ്രരോടുള്ള പെരുമാറ്റം, ജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം, സ്വന്തം പ്രവൃത്തികളിലും വാക്കുകളിലും കാത്തുസൂക്ഷിക്കേണ്ട നിയന്ത്രണം, അലസതയും ദുഷ്ടതയുമുൾപ്പെടെ തിന്മകൾ ഒഴിവാക്കിയുള്ള ജീവിതം തുടങ്ങി, മതചിന്തകൾക്കപ്പുറത്തും, എല്ലാ കുടുംബ-സമൂഹജീവിതങ്ങളിലുമുണ്ടായിരിക്കേണ്ട മൂല്യങ്ങളെക്കുറിച്ചാണ് ഈ അദ്ധ്യായത്തിൽ സോളമന്റെ വാക്കുകളിലൂടെ വചനം പഠിപ്പിക്കുന്നത്.
മനുഷ്യഹൃദയവിചാരങ്ങളെയും പ്രവർത്തികളെയും നിയന്ത്രിക്കുന്ന കർത്താവ്
സുഭാഷിതങ്ങളുടെ ഗ്രന്ഥത്തിലെ ഭൂരിഭാഗം അദ്ധ്യായങ്ങളിലും നിന്ന് വിഭിന്നമായി, ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ, മതപരമായ ചിന്താധാര കൂടുതലായി കടന്നുവരുന്നുണ്ടെന്ന് നമുക്ക് കാണാം. ഈയൊരു ശൈലിയാണ് ഈ അദ്ധ്യായത്തിലെ ഒന്നാം വാക്യം മുതൽ നാം കാണുന്നത്. മാനുഷികമായ രീതിയിൽ കൂടുതൽ ദൃഢവും, സ്വാധീനങ്ങൾക്ക് വഴങ്ങാത്തതുമായ രാജഹൃദയത്തെ സ്വാധീനിക്കാനെന്നല്ല, നിയന്ത്രിക്കാൻ കഴിവുള്ളവനാണ് കർത്താവെന്ന ചിന്തയാണ് ഇവിടെ സോളമൻ പങ്കുവയ്ക്കുക. നിയന്ത്രിക്കാൻ എളുപ്പമല്ലാത്ത ജലത്തിന്റെ പ്രവാഹത്തെയെന്നപോലെ, സ്വതന്ത്രമായി ഒഴുകാൻ ഇഷ്ടപ്പെടുന്ന ഹൃദയത്തെ കർത്താവ് ഒരു അരുവിയെന്നപോലെ നിയന്ത്രിക്കുകയും തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നു (1).. സ്വന്തം മാർഗ്ഗവും തീരുമാനങ്ങളും ശരിയെന്ന് മനുഷ്യർക്ക് തോന്നുമ്പോഴും, ഹൃദയങ്ങളെ അറിയുകയും ശരിതെറ്റുകൾ കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്ന കർത്താവ്, തന്നിൽ ആശ്രയിക്കുന്നവർ പിന്തുടരേണ്ട ശൈലിയും ഗതിയും ശരിയായ രീതിയിൽ മനസ്സിലാക്കുന്നുണ്ട് എന്നതാണ് ഇതിന് കാരണം (2).
സ്ത്രീപുരുഷ, കുടുംബബന്ധങ്ങൾ
കുടുംബ, വ്യക്തി ബന്ധങ്ങളിലുണ്ടാകേണ്ട മൂല്യങ്ങൾ, പ്രത്യേകിച്ച് സ്ത്രീപുരുഷബന്ധത്തിലെ നന്മതിന്മകൾ സോളമന്റെ ഉദ്‌ബോധങ്ങളിൽ പലപ്പോഴും കടന്നുവരുന്നത് നമുക്ക് കാണാം. ഇരുപത്തിയൊന്നാം അദ്ധ്യായവും ഇതിൽനിന്ന് വ്യത്യസ്തമല്ല. കലഹക്കാരിയും കോപശീലയുമായ സ്ത്രീയോടൊത്തുള്ള വാസം എത്ര ബുദ്ധിമുട്ടേറിയതാണെന്നതിനെക്കുറിച്ച് ഒൻപതും പത്തൊൻപതും വാക്യങ്ങളിൽ അവൻ എഴുതുന്നുണ്ട്. തട്ടിൻപുറത്തിന്റെ കോണിലോ, മരുഭൂമിയിലോ കഴിയുന്നതാണ് അതിലും എളുപ്പമെന്ന ചിന്ത പങ്കുവച്ചുകൊണ്ട്, സ്ത്രീപുരുഷ കുടുംബബന്ധങ്ങളിൽ ഉണ്ടാകേണ്ട സത്യസന്ധതയുടെയും സ്നേഹത്തിന്റെയും പ്രാധാന്യം സോളമൻ എഴുതിവയ്ക്കുന്നു. ചതിയുടെയും അവിശ്വസ്തതയുടെയും കള്ളത്തരങ്ങളുടെയും മറവിൽ മറ്റുള്ളവരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഏവർക്കുമുള്ള ഒരു ഉദ്‌ബോധനം കൂടിയാണ് ഇതെന്ന് നമുക്ക് കാണാം.
ദുഷ്ടത ഒഴിവാക്കി നന്മയും ജ്ഞാനവും ജീവിക്കുക
ശരിയായ മാർഗ്ഗത്തിൽ ഒരുവൻ സഞ്ചരിക്കേണ്ടതിന്റെ ആവശ്യവും ഔചിത്യവും എടുത്തുകാട്ടുന്ന സോളമൻ, ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ മുന്നോട്ട് വയ്ക്കുന്ന മറ്റൊരു ചിന്ത ഇതുമായി ബന്ധപ്പെട്ടതാണ്. ബലിയെക്കാൾ കർത്താവിന് സ്വീകാര്യമായത് നന്മയും നീതിയും പുലരുന്ന ഒരു ജീവിതമാണെന്നും (3) ഗർവ്വും, അഹങ്കാരവും, അനാവശ്യ പ്രൗഡിയുമൊക്കെ കർത്താവിന് സ്വീകാര്യമല്ലെന്നും, അവ പാപകരമാണെന്നും (4) സോളമൻ ഉദ്ബോധിപ്പിക്കുന്നുണ്ട്. ദുരുദ്ദേശത്തോടെയുള്ള ദുഷ്ടരുടെ ബലി അത്യധികം വെറുപ്പുളവാക്കുന്നതാണെന്നും (27), അവൻ എഴുതുന്നു.
തിടുക്കം കൂട്ടി തെറ്റായ തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുന്നതിൽനിന്നകന്ന്, ഉത്സാഹശീലത്തോടെ, എന്നാൽ ആലോചിച്ച് തീരുമാനങ്ങളെടുത്ത് സമൃദ്ധി നേടാൻ അഞ്ചാം വാക്യത്തിലൂടെ ഉപദേശിക്കുന്ന (5) സോളമൻ, സത്യസന്ധൻ സ്വന്തം നടപടികളെക്കുറിച്ച് ഗാഢമായി ചിന്തിക്കുന്നുവെന്നും 29) ഓർമ്മിപ്പിക്കുന്നുണ്ട്. കള്ളം പറഞ്ഞ് സമ്പത്ത് നേടുന്നതിനെയും (6), നീതി പ്രവർത്തിക്കാതെ അക്രമമാർഗ്ഗം സ്വീകരിക്കുന്നതിനെയും കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സോളമൻ, കള്ളസാക്ഷി നാശമടയുമെന്നും (28), നിലനിൽപ്പില്ലാത്ത അത്തരം പ്രവൃത്തികൾ ഒഴിവാക്കി, തെറ്റിന്റെ കുടില മാർഗ്ഗം ഉപേക്ഷിച്ച്, നേർവഴിയുടെ നിഷ്കളങ്കത സ്വന്തമാക്കി ജീവിക്കാൻ ആഹ്വാനം ചെയ്യുന്നുണ്ട് (8). ദുഷ്ടരുടെ അക്രമം അവർക്ക് നാശത്തിന് കാരണമായിത്തീരുമെന്ന് മുന്നറിയിപ്പ് നൽകുന്ന അവൻ, ദുഷ്ടർ നീതി പ്രവർത്തിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും (7), അവരുടെ ഹൃദയം തിന്മയാണ് ഇഷ്ടപ്പെടുന്നതെന്നും, ദുഷ്ടർ അയൽക്കാരനോട് ദയ കാണിക്കുന്നില്ലെന്നും (10) എഴുതി വയ്ക്കുന്നു. ദരിദ്ര്യന്റെ നിലവിളിക്ക് ചെവികൊടുക്കാത്തവന്റെ നിലവിളി മറ്റുള്ളവരും ശ്രദ്ധിക്കില്ലെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, പക്ഷെ, രഹസ്യമായി ദാനവും, കൈക്കൂലി പോലെ സമ്മാനങ്ങളും നൽകുന്നത് വഴി നമ്മുടെ വീഴ്ചകൾ മൂലമുണ്ടാകുന്ന കോപത്തിൽനിന്നും രക്ഷപെടാമെന്ന് കൂടി (13-14) പഠിപ്പിക്കുന്നുണ്ട്. നീതിമാന്മാരെ നിർലോപം ദാനം ചെയ്യുന്നവരായാണ് സോളമൻ വിശേഷിപ്പിക്കുക (26).
ശിക്ഷയും ഉദ്ബോധനവും
അഹങ്കാരിയും ധിക്കാരിയും, ആരെയും കൂസാത്തവനുമായ പരിഹാസകനും (24) ദുഷ്ടനും ലഭിക്കുന്ന ശിക്ഷ മറ്റുള്ളവർക്കുള്ള ഉദ്‌ബോധനം കൂടിയാണെന്ന ഒരു ചിന്തയും സോളമൻ മുന്നോട്ടുവയ്ക്കുന്നുണ്ട്. പരിഹാസകന് ലഭിക്കുന്ന ശിക്ഷ സരളചിത്തനെ ജ്ഞാനിയാക്കിത്തീർക്കുന്നു, ബോധനം ലഭിക്കുമ്പോൾ ബുദ്ധിമാൻ ജ്ഞാനിയായിത്തീരുന്നു (11). ദുഷ്ടൻ നാശത്തിലേക്ക് വലിച്ചെറിയപ്പെടുന്നത്, അവന്റെ ഭവനത്തെ വീക്ഷിക്കുന്ന നീതിമാന് കാണാനാകുമെന്നും അവൻ പറയുന്നു (12). ഈയൊരു ചിന്തയോട് ചേർന്നുപോകുന്നതാണ്, ദുഷ്ടൻ നീതിമാനും, അവിശ്വസ്‌തൻ സത്യസന്ധനും മോചനദ്രവ്യമാണെന്ന പതിനെട്ടാം വാക്യവും (18).
ലളിതവും വിവേകപൂർണ്ണവുമായ ജീവിതം
വാക്കുകളിലെയും പ്രവൃത്തികളിലെയും നന്മതിന്മകളാണ് ഒരുവന്റെ സമാധാനത്തിനും അസ്വസ്ഥതകൾക്കും കാരണമാകുന്നതെന്ന ഒരു ചിന്തയും സുഭാഷിതവചനങ്ങളിൽ നമുക്ക് കാണാം. നീതിപൂർവ്വം ജീവിക്കുന്നവർക്ക് നീതിയും വിധിയും ആനന്ദദായകമാകുമ്പോൾ, ദുഷ്ടർക്ക് അത് ഭീതിജനകമാകുന്നു (15) തെറ്റ് ചെയ്യുന്നവർക്കാണ് മറ്റുള്ളവരിൽനിന്ന് മറഞ്ഞുനിൽക്കേണ്ടിവരുന്നത്. അവിവേകപൂർവ്വമുള്ള ജീവിതം മരണത്തിന്റെ ഇടത്തുള്ള, നരകത്തിലെ ജീവിതത്തിന്, കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്ന സോളമൻ (16), നീതിയും കാരുണ്യവും പിന്തുടരുന്നവർ ജീവനും ബഹുമതിയും നേടുമെന്ന് ഉറപ്പുനൽകുന്നു (21). അമിതമായ സുഖലോലുപതയും വീഞ്ഞിനും സുഗന്ധതൈലത്തിനും വേണ്ടിയുള്ള ആഗ്രഹവും സമ്പത്ത് ഇല്ലാതാക്കുമെന്ന് (17) ഉദ്ബോധിപ്പിക്കുന്ന അവൻ, എന്നാൽ, ജ്ഞാനിയുടെ ഭവനത്തിൽ അമൂല്യനിധികൾ ഉണ്ടായിരിക്കുമെന്നും എഴുതുന്നു (20). ജ്ഞാനവും ബുദ്ധിയും ആലോചനയുമൊക്കെ കർത്താവിന്റെ ദാനമാണെന്ന യാഥാർത്ഥ്യത്തിന്റെ കൂടി അടിസ്ഥാനത്തിൽ, അവ കർത്താവിനെതിരെ ഉപയോഗിക്കാൻ ശ്രമിക്കുന്നതിലെ മൗഢ്യത്തെക്കുറിച്ചും (30) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. മനുഷ്യൻ യുദ്ധത്തിനുവേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കുമ്പോഴും, വിജയം നൽകുന്നത് കർത്താവാണെന്ന (31), സ്രഷ്ടാവായ ദൈവത്തിന്റെ തീരുമാനങ്ങൾക്കപ്പുറമല്ല മനുഷ്യന്റെ ചിന്തകളും പ്രയത്നങ്ങളുമെന്ന ചിന്ത പങ്കുവച്ചുകൊണ്ടാണ് സോളമൻ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്
ഉപസംഹാരം
സുഭാഷിതഗ്രന്ധത്തിനും, ഈ അദ്ധ്യായത്തിനും പൊതുവായി നാം കണ്ട ദൈവത്തിന്റെ ശക്തിയെക്കുറിച്ചും, അതിൽ ആശ്രയിച്ചുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള സോളമന്റെ ഉദ്ബോധനചിന്തകളെ ആധാരമാക്കിയ നമ്മുടെ വിചിന്തനം ചുരുക്കുമ്പോൾ, കൂടുതൽ ഉത്തരവാദിത്വബോധത്തോടെയും സത്യസന്ധതയോടെയും വിവേകത്തോടെയും ജീവിക്കാൻ നമുക്കും പരിശ്രമിക്കാം. എല്ലാമറിയുന്നവനാണ് ദൈവമെന്ന്, നമ്മിലെ നന്മതിന്മകളും ഹൃദയവിചാരങ്ങളും അവനുമുന്നിൽ പകൽ പോലെ തെളിഞ്ഞതാണെന്ന് തിരിച്ചറിയാം. ചിന്തകളിലും തീരുമാനങ്ങളിലും പ്രവൃത്തികളിലും ജ്ഞാനവും വിവേകവുമുണ്ടാകട്ടെ. അലസതയും ദുഷ്ടതയും വഞ്ചനയും കൊണ്ടുചെന്നെത്തിക്കുന്ന മരണത്തിന്റെ താഴ്വാരങ്ങളിൽനിന്നകന്ന് നീതിബോധത്തോടെയും നന്മയോടെയും ആത്മാർത്ഥതയോടെയും ജീവിച്ച്, കർത്താവിനും അവന്റെ പ്രിയപ്പെട്ടവർക്കും സ്വീകാര്യരായി ജീവിക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: