തിരയുക

സുഭാഷിതങ്ങൾ 20 സുഭാഷിതങ്ങൾ 20 

വിവേകവും സത്യസന്ധതയും വിജ്ഞാനവും കൈമുതലാക്കി ജീവിക്കുക

വചനവീഥി: സുഭാഷിതങ്ങൾ ഇരുപതാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശരൂപേണയുള്ള ഉദ്ബോധനത്തിന്റെ മാതൃക പിന്തുടർന്ന്, യുവജനങ്ങൾക്കുൾപ്പെടെ ഏവർക്കും ഉപകാരപ്രദവും മെച്ചപ്പെട്ടതും മൂല്യാധിഷ്ഠിതവുമായ ജീവിതത്തിനും ഉപകരിക്കുന്ന ചിന്തകൾ അടങ്ങിയതും, സുഭാഷിതങ്ങളുടെ പത്ത് മുതൽ ഇരുപത്തിരണ്ട് വരെയുള്ള അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നതുമായ രണ്ടാം ഭാഗത്തുള്ള ഇരുപതാം അദ്ധ്യായം, പ്രവൃത്തികളിലും ചിന്തകളിലും ശീലങ്ങളിലും ഉണ്ടാകേണ്ട കരുതലിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്നതാണ്. മദ്യപാനം, അലസത, വഞ്ചന പോലെയുള്ള തിന്മകളിൽനിന്ന് ഒഴിഞ്ഞുനിൽക്കാനും, ജ്ഞാനം സ്വന്തമാക്കി വിവേകത്തോടെ ജീവിക്കാനും പഠിപ്പിക്കുന്ന സുഭാഷിതകർത്താവ്, എല്ലാവരും തങ്ങളുടെ പ്രവൃത്തികളിലും ജീവിതത്തിലും രാജാവായ കർത്താവിനാൽ വിധിക്കപ്പെടുമെന്ന സത്യവും ഓർമ്മപെടുത്തുന്നുണ്ട്. ശരിയായ ചിന്തകളും തീരുമാനങ്ങളും സമയോചിതമായ പ്രവൃത്തികളും, വിജയവും പ്രതിഫലവും കൊണ്ടുവരുമെന്ന ചിന്തയും ഈ അദ്ധ്യായം മുന്നോട്ടുവയ്ക്കുന്നുണ്ട്. കൂടുതലായി കർത്താവിൽ ശരണപ്പെടാനും ഉയർന്ന മൂല്യങ്ങളോടെ ജീവിക്കാനും അങ്ങനെ വിജയം കൈവരിക്കാനുമുള്ള ഒരു ക്ഷണം കൂടിയാണ് ഈ അദ്ധ്യായം.

തിന്മകളിൽനിന്ന് അകന്നുനിൽക്കുക

സുഭാഷിതത്തിന്റെ ഇരുപതാം അദ്ധ്യായത്തിൽ സോളമൻ മുന്നോട്ടുവയ്ക്കുന്ന ചിന്തകളിൽ പ്രധാനപ്പെട്ട ഒന്ന്, തിന്മയായ ചിന്തകളിലും പ്രവൃത്തികളിലും നിന്ന് അകന്നുനിൽക്കാനായുള്ള ഉദ്ബോധനത്തിന്റേതാണ്. ഒരുവന്റെ വാക്കുകളും പ്രവൃത്തികളും, അവന്റെ ശീലങ്ങളും അവന്റെ ജീവിതത്തെ ബാധിക്കുന്നവയാണെന്ന്, അവയിലെ നന്മതിന്മകൾക്ക് തുല്യമായ പ്രതിഫലമുണ്ടാകുമെന്ന്, ഈ അദ്ധ്യായവും ഓർമ്മിപ്പിക്കുന്നുണ്ട്.

സമൃദ്ധിയുടെയും വിരുന്നിന്റെയും അടയാളമായി സുഭാഷിതം തന്നെ വിശേഷിപ്പിക്കുന്ന വീഞ്ഞിന്റെയും മദ്യത്തിന്റെയും (3, 10; 9, 2, ;9, 5) അമിതവും അനിയത്രിതവുമായ ഉപയോഗത്തിലൂടെ ഒരുവൻ വിവേകം നഷ്ടപ്പെട്ട് പരിഹാസ്യവിഷയമായേക്കാമെന്ന് പറഞ്ഞുകൊണ്ടാണ് (1) ഈ അദ്ധ്യായം ആരംഭിക്കുന്നത്. കലഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നവനാണ് ബുദ്ധിമാനെന്നും, ശണ്ഠ കൂടിക്കൊണ്ടിരിക്കുന്നത് ഭോഷത്തമാണെന്നും (2) സോളമൻ പഠിപ്പിക്കുന്നു. അലസത വെടിഞ്ഞ് അദ്ധ്വാനിക്കുന്നവനേ വിളവ് ലഭിക്കൂ (4) എന്ന സാമാന്യതത്വം മുന്നോട്ടുവയ്ക്കുന്ന സുഭാഷിതം, ഉറക്കത്തിന് അടിമയാകുന്നവനെ ദാരിദ്ര്യം പിടികൂടുമെന്നും, ആഹാരം ലഭിക്കാനായി ജാഗ്രതയോടെ ജീവിക്കണമെന്നും (13) ഓർമ്മിപ്പിക്കുന്നുണ്ട്. ഏഷണിക്കാരൻ രഹസ്യങ്ങൾ പുറത്തുവിടുന്നുവെന്ന് മനസ്സിലാക്കിയും, ബുദ്ധിശൂന്യമായി സംസാരിക്കുന്നവരിൽനിന്ന് അകന്നും വേണം ജീവിക്കേണ്ടതെന്നും (19) സുഭാഷിതം പഠിപ്പിക്കുന്നു. മാതാപിതാക്കളെ പ്രാകുന്നവന്റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകുമെന്ന് (20), അവന്റെ ഭാവി തകർച്ചയിലാകുമെന്ന് സോളമൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ജ്ഞാനത്തോടെയുള്ള ജീവിതം

ജ്ഞാനത്തോടെയുള്ള വിചിന്തനത്തിന്റെ പ്രാധാന്യവും ആവശ്യകതയും, ‘ആഴമേറിയ ജലത്തിൽനിന്ന് കോരിയെടുക്കുക’ എന്ന ചിത്രം മുന്നിൽ വച്ച് (5) സുഭാഷിതകർത്താവ് എടുത്തുപറയുന്നുണ്ട്. വിലയേറിയ സ്വർണ്ണത്തെക്കാളും രത്നങ്ങളെക്കാളും അമൂല്യമായതാണെന്ന് ജ്ഞാനവചസ്സെന്നും (15) അവൻ ഓർമ്മിപ്പിക്കുന്നു. ആലോചനയോടെയും ബുദ്ധിപൂർവ്വവും വേണം പദ്ധതികൾ തയ്യാറാക്കുകയും പോരാട്ടത്തിനിറങ്ങുകയും ചെയ്യേണ്ടത് (18). വിശുദ്ധമെന്ന് കരുതി വഴിപാട് നേരുന്നതുൾപ്പെടെ എല്ലാം ആലോചനയുടെ വേണമെന്നും (25), പിന്നീട് സ്വയം പഴിക്കാൻ ഇടവരുത്തരുതെന്നും സോളമൻ പഠിപ്പിക്കുന്നുണ്ട്. യുവാക്കളെ തങ്ങളുടെ കരുത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ മഹത്വം നേടാൻ ക്ഷണിക്കുന്ന അവൻ, നരച്ച മുടി വൃദ്ധർക്ക് അലങ്കാരമാണെന്ന് ഓർമ്മിപ്പിക്കുന്നുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ  സാധാരണയായി, വിവേകത്തെയും ജ്ഞാനത്തെയുമാണല്ലോ നരച്ച മുടി പ്രതിനിധാനം ചെയ്യുക.

യുക്തിഭദ്രമായ ജീവിതം

വാക്കുകളും ജീവിതവും തമ്മിലുള്ള വ്യത്യസ്തതയും ചേർച്ചയില്ലായ്മയും സോളമന്റെ ഉദ്ബോധനങ്ങളിലെ മറ്റൊരു ചിന്തയാണ്. വിശ്വസ്തരെന്ന് കൊട്ടിഘോഷിക്കുന്ന പലരും അങ്ങനെയുള്ളവരല്ലെന്ന്, യഥാർത്ഥത്തിൽ വിശ്വസ്തത ജീവിക്കുന്നവർ അപൂർവ്വമാണെന്ന് (6)  ഓർമ്മിപ്പിക്കുന്ന അവൻ, ഹൃദയം നിർമ്മലമാക്കി, പാപത്തിൽനിന്ന് ശുദ്ധി നേടിയിരിക്കുന്നു എന്ന് പറയാൻ ആർക്ക് കഴിയുമെന്ന് (9) ചോദിക്കുന്നതും നമുക്ക് കാണാം. ശിശുക്കൾ ഉൾപ്പെടെ മനുഷ്യർ ഏവരും അവരറിയാതെ തന്നെ തങ്ങളിലെ നന്മതിന്മകളും തെറ്റുകുറ്റങ്ങളും തങ്ങളുടെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്തുന്നുണ്ടെന്ന് (11), അവ എന്നേക്കും മറച്ചുവയ്ക്കാനാകില്ലെന്ന് സുഭാഷിതകർത്താവ് ഓർമ്മിപ്പിക്കുന്നുണ്ട്. അതേസമയം സത്യസന്ധതയിൽ ജീവിക്കുന്ന നീതിമാന്റെ പിൻതലമുറ പോലും അനുഗ്രഹിക്കപ്പെടുന്നുവെന്നും അവൻ ഉദ്ബോധിപ്പിക്കുന്നു (7).

കപടതയും വിവേകവും

വ്യാജമായ തൂക്കങ്ങളും അളവുകളും കർത്താവ് വെറുക്കുന്നുവെന്ന് (10), അത് നന്നല്ലെന്ന് (23) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. കേൾക്കാനും കാണാനും ദൈവം തന്ന കഴിവുകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും (12), കുബുദ്ധിയും വഞ്ചനയും തെറ്റാണെന്ന ബോധ്യം പകർന്നുകൊണ്ട്, കച്ചവടത്തിൽ ഉണ്ടാകേണ്ട സത്യസന്ധതയും, അദ്ധ്വാനിക്കുന്നവന് ലഭിക്കേണ്ട പ്രതിഫലത്തിന്റെ പ്രാധാന്യവും അവൻ അനുസ്മരിപ്പിക്കുന്നുണ്ട് (14). വിവേകത്തോടെയും ഉത്തരവാദിത്വത്തോടെയുമുള്ള പെരുമാറ്റത്തിന്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട്, അന്യനും പരദേശിക്കും ജാമ്യം നിൽക്കുന്നതിലെ (16) അപകടസാധ്യതകൾ മനസ്സിലാക്കി, അത്തരക്കാരിൽനിന്ന് കുപ്പായം കൈവശപ്പെടുത്താനും പണയം വാങ്ങാനും, അങ്ങനെ നഷ്ടസാധ്യതകൾ ഒഴിവാക്കാനും സോളമൻ ഉപദേശിക്കുന്നു. വഞ്ചനയോടെ കൈവശപ്പെടുത്തിയവ നൽകുന്ന മാധുര്യവും സന്തോഷവും ഏറെ നാൾ നീണ്ടുനിൽക്കില്ലെന്നും (17) സുഭാഷിതം ഓർമ്മിപ്പിക്കുന്നുണ്ട്. തിടുക്കത്തിൽ കൈവശപ്പെടുത്തിയ സ്വത്ത് അവസാനം അനുഗ്രഹകരമായിരിക്കില്ലെന്നും (21) വചനം വ്യക്തമാക്കുന്നു.

രാജാവും വിധികർത്താവായ ദൈവവും

വിശുദ്ധ ഗ്രന്ഥത്തിൽ രാജാവ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന ഒരു ചിന്ത നമുക്ക് കാണാം. മാത്രവുമല്ല, ചിലപ്പോഴെങ്കിലും രാജാവിനെയും ദൈവത്തെയും സമാന്തരരൂപങ്ങളായിപ്പോലും കാണാറുണ്ട്. അതുകൊണ്ടുതന്നെ ഈ അദ്ധ്യായത്തിലുൾപ്പെടെ രാജാവിനെക്കുറിച്ചുള്ള പരാമർശങ്ങൾ പലപ്പോഴും ദൈവത്തെക്കുറിച്ചും അവന്റെ പ്രവൃത്തികളെക്കുറിച്ചും ഉള്ളതുകൂടിയാണ്. രാജാവിന്റെ കോപത്തെ സിംഹഗർജ്ജനത്തോടുപമിക്കുകയും അവനെ പ്രകോപിപ്പിക്കുന്നവൻ തന്റെ ജീവനാണ് അപകടത്തിലാക്കുന്നതെന്ന് (2) പഠിപ്പിക്കുകയും ചെയ്യുന്നതിനെ, രാജാവും കർത്താവുമായുള്ള സമാനതയുടെ അർത്ഥത്തിൽക്കൂടി വേണം നാം മനസ്സിലാക്കാൻ. ന്യായാസനത്തിൽ ഇരുന്ന് മനുഷ്യരിലെ നന്മതിന്മകൾ മനസ്സിലാക്കി വിധിക്കുന്ന രാജാവിനെക്കുറിച്ചുള്ള (8) പരാമർശവും ഇതിന് തുല്യമാണ്.

വിധി കർത്താവിന്റേതാണെന്ന് ഓർമ്മിപ്പിച്ചുകൊണ്ട്, തിന്മയ്ക്ക് പ്രതികാരം ചെയ്യുന്നതിൽനിന്ന് അകന്നുനിൽക്കാൻ സോളമൻ ഉദ്ബോധിപ്പിക്കുന്നു (22). കർത്താവിൽ ആശ്രയിക്കുന്നവരെ അവൻ സഹായിക്കുമെന്ന് സുഭാഷിതം ഉറപ്പുനൽകുന്നു. ജ്ഞാനിയായ രാജാവ് ദുഷ്ടരെ നശിപ്പിച്ചുകളയുന്നു (26). തന്നെത്തന്നെ ശരിയായി മനസ്സിലാക്കാൻ മനുഷ്യർക്ക് കഴിവില്ലെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, മനുഷ്യന്റെ കാൽവയ്പുകൾ തുടങ്ങി, എല്ലാം നിയന്ത്രിക്കുന്നത് കർത്താവാണെന്ന് (24) എഴുതിവയ്ക്കുന്നു. അതേസമയം മനുഷ്യചേതന, കർത്താവ് കൊളുത്തിയ വിളക്കാണെന്നും, അത് അവന്റെ ഉള്ളം പരിശോധിക്കാൻ കഴിവുള്ളതാണെന്നും (27) പഠിപ്പിക്കുന്ന.സോളമൻ, രാജാവിൽ ദയയും വിശ്വസ്തതയും നീതിയും വേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിക്കുന്നുണ്ട് (28). ദുശ്ശീലങ്ങളെ അകറ്റാൻ സഹായിക്കുന്ന മുറിപ്പെടുത്തുന്ന പീഡനങ്ങളെയും, ഉള്ളറകളെ ശുചിയാക്കുന്ന കനത്ത പ്രഹരത്തെയും കുറിച്ച് (30), മാതൃകാപരവും ഉദ്ബോധനപരവുമായ ദൈവത്തിന്റെയും മാതാപിതാക്കളുടെയും ശിക്ഷണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.

ഉപസംഹാരം

വാക്കുകളിലും പ്രവൃത്തികളിലും, അനുദിനജീവിതത്തിലും പാലിക്കേണ്ട, സത്യസന്ധതയും ശ്രദ്ധയും, ജീവിതത്തിൽ നേടിയെടുക്കേണ്ട നല്ല അറിവുകളും അവയനുസരിച്ചുള്ള ജീവിതശൈലിയും, അതിലെല്ലാമുപരി, എല്ലാം അറിയുന്നവനും നിയന്ത്രിക്കുന്നവനും ശിക്ഷണം നൽകുന്നവനുമായ കർത്താവിനെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന സോളമന്റെ ഉദ്ബോധനങ്ങൾ ഉൾക്കൊള്ളുന്ന ഈ അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, ദുഷ്ടതയും അക്രമവും അലസതയും കൈവെടിഞ്ഞ്, വിവേകപൂർവ്വം, സത്യസന്ധതയിൽ ജീവിക്കാനും, സർവ്വത്തിന്റെയും രാജാവും നാഥനുമായ കർത്താവിൽ ശരണമർപ്പിച്ച് മുന്നോട്ട് പോകാനും നമുക്ക് പരിശ്രമിക്കാം. ശരീരത്തെയും മനസ്സിനെയും ദുഷിപ്പിക്കുന്ന തിന്മകളിലും വസ്തുക്കളിലും നിന്നകന്ന്, ഹൃദയവിശുദ്ധിയോടെ ജീവിക്കാം. നമ്മുടെ വാക്കുകളും പ്രവൃത്തികളും ചേർന്നുപോകുന്നവയാകാട്ടെ. എല്ലാത്തിനെയും നിയന്ത്രിക്കുന്ന, ഹൃദയവിചാരങ്ങളുൾപ്പെടെ എല്ലാമറിയുന്ന സർവ്വശക്തനായ ദൈവത്തിന് മുന്നിൽ തുറന്ന മനസ്സോടെ, സമർപ്പണബോധത്തോടെ, പൂർണ്ണമായ ശരണത്തോടെ, നിർമ്മലഹൃദയത്തോടെ വ്യാപാരിക്കാം. നീണ്ടുനിൽക്കുന്ന അനുഗ്രഹങ്ങൾ സ്വന്തമാക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 ഏപ്രിൽ 2026, 15:52