ഫാ. നഥാനിയേൽ അസുവായെ ഫാ. നഥാനിയേൽ അസുവായെ 

നൈജീരിയ: ഫെബ്രുവരിയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. നഥാനിയേൽ അസുവായെ സ്വാതന്ത്രനാക്കപ്പെട്ടു

കഴിഞ്ഞ ഫെബ്രുവരി 7-ന് അക്രമികൾ തട്ടികൊണ്ടുപോയ, നൈജീരിയയിലെ കഫഞ്ചൻ രൂപതാംഗമായ ഫാ. നഥാനിയേൽ അസുവായെ സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് രൂപതാവൃത്തങ്ങളെ അധികരിച്ച് ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. കൂടെയുണ്ടായിരുന്ന മറ്റു പത്തുപേരെക്കുറിച്ച് അറിവില്ലെന്ന് രൂപത അറിയിച്ചു. തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് 3 പേർ അന്ന് കൊല്ലപ്പെട്ടിരുന്നു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ഫെബ്രുവരി 7-ന് അക്രമികൾ തട്ടിക്കൊണ്ടുപോയ നൈജീരിയയിലെ കഫഞ്ചൻ (Kafanchan) രൂപതാംഗമായ ഫാ. നഥാനിയേൽ അസുവായെ (Nathaniel Asuwaye) സ്വാതന്ത്രനാക്കപ്പെട്ടുവെന്ന് മെയ് 12-ന് രൂപത അറിയിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. നീണ്ട മൂന്ന് മാസങ്ങൾക്ക് ശേഷമാണെങ്കിലും ഫാ. അസുവായെ സ്വാതന്ത്രനാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച രൂപതാവൃത്തങ്ങൾ, അദ്ദേഹത്തിന് വേണ്ട ചികിത്സകൾ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും, നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സുരക്ഷിതമാണെന്നും വ്യക്തമാക്കി.

കടുന സംസ്ഥാനത്തുള്ള കൗര പ്രദേശത്തെ കാർക്കുവിലുള്ള പരിശുദ്ധ ത്രിത്വത്തിന്റെ ഇടവകയിൽ സേവനം ചെയ്തിരുന്ന ഫാ. അസുവായെയെ അദ്ദേഹത്തിന്റെ ഇടവകഭവനത്തിൽനിന്ന് പത്ത് ഇടവകക്കാർക്കൊപ്പം ഫെബ്രുവരി 7-ന് രാവിലെ സായുധ അക്രമിസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു.

രൂപതയിലെ വിശ്വാസികളുടെയും സമർപ്പിതരുടെയും തുടർച്ചയായ പ്രാർത്ഥനയുടെ കൂടി ഫലമാണ് ഫാ. അസുവായെയുടെ സ്വാതന്ത്ര്യമെന്നും, തന്റെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ഉപേക്ഷിക്കുന്നവനല്ല ദൈവമെന്നാണ് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തിലൂടെ തങ്ങൾ മനസിലാക്കുന്നതെന്നും, രൂപതാ ചാൻസലർ ഫാ. ജേക്കബ് ഷാനെറ്റ് (Jacob Shanet) രൂപത പുറത്തുവിട്ട ഔദ്യോഗിക കുറിപ്പിൽ എഴുതി.

ഫാ. അസുവായെക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട മറ്റു പത്തുപേരെക്കുറിച്ച് നിലവിൽ അറിവില്ലെന്ന് അറിയിച്ച രൂപതാവൃത്തങ്ങൾ, നിലവിൽ രണ്ടു വൈദികരാണ് അക്രമികളുടെ കൈകളിലുള്ളതെന്ന് അറിയിച്ചു. അനാംബ്ര സംസ്ഥാനത്തുനിന്ന് 2022 ഒക്ടോബർ12-ന് തട്ടിക്കൊണ്ടുപോകപ്പെട്ടതും, അഗുലേരി (Aguleri) രൂപതാംഗവുമായ ഫാ. ജോസഫ് ഇഗ്‌വെയാഗു (Joseph Igweagu), 2025 ഡിസംബർ 2-ന് കടുന സംസ്ഥാനത്തുനിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ടതും, സാരിയ (Zaria) രൂപതാംഗവുമായ ഫാ. എമ്മാനുവേൽ എസെമ (Emmanuel Ezema) എന്നിവരാണവർ.

നിരവധി സമർപ്പിതരെയും നൂറുകണക്കിന് അൽമായരേയുമാണ് നൈജീരിയയിൽ അക്രമികൾ പ്രതിവർഷം തട്ടിക്കൊണ്ടുപോകുന്നത്. നിരവധി പേർ ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ മാത്രം രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ മുപ്പതിലധികം ക്രൈസ്തവർ കൊല്ലപ്പെട്ടതായി ഫീദെസ് റിപ്പോർട്ട് ചെയ്തിരുന്നു. 



വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 മേയ് 2026, 12:08