തിരയുക

ദിത്വ കൊടുങ്കാറ്റ് വിതച്ച ദുരന്തങ്ങളുടെ നേർക്കാഴ്ച ദിത്വ കൊടുങ്കാറ്റ് വിതച്ച ദുരന്തങ്ങളുടെ നേർക്കാഴ്ച  (AFP or licensors)

ശ്രീലങ്ക ദിത്വ കൊടുങ്കാറ്റിന്റെ ദുരിതങ്ങളിൽനിന്ന് മോചിതമാകുന്നു: പൊന്തഫിക്കൽ മിഷൻ നേതൃത്വം

2025 ഡിസംബറിൽ ശ്രീലങ്കയിൽ നാശം വിതച്ച ദിത്വ കൊടുങ്കാറ്റ് സൃഷ്ടിച്ച പ്രതിസന്ധികളിൽനിന്ന് രാജ്യം കരകയറി വരികയാണെന്നും, ജനങ്ങൾക്കിടയിൽ വിശ്വാസവും ഐക്യവും നിലനിൽക്കുന്നുണ്ടെന്നും ശ്രീലങ്കയിലെ പൊന്തഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന ഫാ. ബേസിൽ റോഹൻ ഫെർണാണ്ടോ അറിയിച്ചതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ദിത്വ കൊടുങ്കാറ്റ് സൃഷ്‌ടിച്ച പ്രതിസന്ധികളിലും ദുരിതങ്ങളിലും നിന്ന് ശ്രീലങ്കൻ ജനത കരകയറി വരികയാണെന്ന് രാജ്യത്തെ പൊന്തഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന ഫാ. ബേസിൽ റോഹൻ ഫെർണാണ്ടോ. കഴിഞ്ഞ ദിവസം ഫീദെസ് ഏജൻസിയോട് സംസാരിക്കവെയാണ്, ദിത്വ കൊടുങ്കാറ്റ് മൂലം അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന അനേകരും, അനുദിനാവശ്യങ്ങൾ നേടിയെടുക്കുന്നതിന് പോലും ബുദ്ധിമുട്ടനുഭവിക്കുന്ന നിരവധി പെരുമുള്ള രാജ്യത്ത്, സ്ഥിതിഗതികൾ കുറെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഫാ. ഫെർണാണ്ടോ അറിയിച്ചത്.

പ്രതിസന്ധികളിൽനിന്ന് കരകയറുന്നതിൽ സർക്കാരും രാജ്യത്തെ ജനവും ശ്രമിക്കുകയാണെന്നും, മെച്ചപ്പെട്ട ഒരു ഭാവിയാണ് അവർ ലക്‌ഷ്യം കാണുന്നതെന്നും ഫീദെസ് റിപ്പോർട്ട് ചെയ്തു. അനുദിനജീവിതം ബുദ്ധിമുട്ടേറിയതാണെങ്കിലും പരിതപിക്കുന്നതിനും പരാതി പറയുന്നതിനും പകരം, സാമൂഹിക, സാമ്പത്തിക വളർച്ച ലക്ഷ്യമാക്കി ജനം അദ്ധ്വാനിക്കുകയാണെന്ന് ഫാ. ഫെർണാണ്ടോ പ്രസ്താവിച്ചു.

കൊളംബോ അതിരൂപതയിലെ തെവാത്ത ബസലിക്കയിലേക്കുള്ള തീർത്ഥാടനവും, അടുത്തിടെ ആചരിക്കപ്പെട്ട അവിടുത്തെ പരിശുദ്ധ അമ്മയുടെ തിരുനാളും അനുസ്‌മരിച്ച പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ അദ്ധ്യക്ഷൻ, ഇതുമായി ബന്ധപ്പെട്ട് കൊളംബോ അതിരൂപതാദ്ധ്യക്ഷൻ കർദ്ദിനാൾ മാൽകോം രഞ്ജിത്ത് സമൂഹവും രാജ്യവും നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങൾ തന്റെ പ്രഭാഷണത്തിൽ പരാമർശിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു.

2024 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ് അനൂര കുമാര ദിശനായകെ, അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളും, സാമ്പത്തിക മുന്നേറ്റവും ലക്ഷ്യമാക്കിയാണ് പ്രവർത്തിക്കുന്നതെന്ന് ഫാ. ഫെർണാണ്ടോ അഭിപ്രായപ്പെട്ടു.

ദിത്വ കൊടുങ്കാറ്റ് രാജ്യത്തെ പത്ത് ശതമാനത്തോളം ആളുകളെ ബാധിച്ചിട്ടുണ്ടെന്നും, ഈ കൊടുങ്കാറ്റ് മൂലം രാജ്യത്ത് അറുനൂറിലധികം ആളുകൾ മരണമടഞ്ഞിരുന്നുവെന്നും തൊണ്ണൂറ്റിയൊന്നായിരം വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ തകർച്ച നേരിട്ടിരുന്നുവെന്നും പൊന്തിഫിക്കൽ മിഷൻ പ്രവർത്തനങ്ങളുടെ ഡയറക്ടർ അറിയിച്ചതായി ഫീദെസ് എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2026, 13:44