സുഭാഷിതങ്ങൾ 15 സുഭാഷിതങ്ങൾ 15 

ഉപദേശങ്ങളും ഉദ്ബോധനങ്ങളും സ്വീകരിച്ച് ദൈവപ്രീതിയിൽ വളരാം

വചനവീഥി: സുഭാഷിതങ്ങൾ പതിനഞ്ചാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഭാഷിതങ്ങളുടെ പുസ്തകത്തിൽ നാം ഇതുവരെ കണ്ടതുപോലെ, മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും സ്ഥാനത്തുനിന്ന് നൽകപ്പെടുന്ന ഉപദേശങ്ങളുടെയും നിർദ്ദേശങ്ങളുടെയും ശൈലിയിൽ പങ്കുവയ്ക്കപ്പെടുന്ന അറിവുകളുടെ വാക്കുകളാണ് "സോളമന്റെ ഉദ്ബോധനങ്ങൾ" എന്ന് വിശേഷിപ്പിക്കപ്പെടുന്നതും പത്ത് മുതൽ ഇരുപത്തിരണ്ടാം അദ്ധ്യായം പതിനാറാം വാക്യം വരെ ഉള്ളതുമായ ഭാഗത്ത് വരുന്ന പതിനഞ്ചാം അദ്ധ്യായത്തിലും നമ്മൾ കണ്ടുമുട്ടുന്നത്. ഉപദേശങ്ങൾക്ക് മുന്നിൽ വിവേകികളും നല്ലവരുമായ വ്യക്തികളും, അവിവേകികളും ദുഷ്ടരുമായ മനുഷ്യരും സ്വീകരിക്കുന്ന മനോഭാവത്തിന്റെ പ്രത്യേകതകളും വ്യത്യസ്തതകളും, മനുഷ്യരുടെ പ്രവൃത്തികളും അവയുടെ പ്രതിഫലവും ശിക്ഷയും, പൊതുവായ ജീവിതമൂല്യങ്ങൾ തുടങ്ങി, ജീവിതത്തോട് ചേർന്ന് നിൽക്കുന്നതും ഏവർക്കും മനസ്സിലാക്കാൻ എളുപ്പമുള്ളതുമായ ചില ചിന്തകളും ഉദ്ബോധനങ്ങളുമാണ് ഇവിടെ നമുക്ക് മുന്നിൽ സോളമൻ അവതരിപ്പിക്കുന്നത്.

വിവേകികളും അവിവേകികളും ഉപദേശങ്ങളും

നാം ആമുഖമായി പറഞ്ഞതുപോലെ വ്യക്തികളും ഉപദേശങ്ങളോട് അവർ സ്വീകരിക്കുന്ന മനോഭാവവും അവരുടെ പ്രവൃത്തികളിലെ വ്യത്യാസങ്ങളുമാണ് പതിനഞ്ചാം അദ്ധ്യായത്തിൽ പങ്കുവയ്ക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു ചിന്ത. വിവേകി, സൗമ്യൻ, നീതിമാൻ, സത്യസന്ധൻ, സന്തുഷ്ടൻ, സ്ഥിരോത്സാഹി, ക്ഷമാശീലൻ, ഭക്തൻ തുടങ്ങിയവരെ ഒരു ഗണത്തിലും, പരുഷമായി സംസാരിക്കുന്നവർ, അവിവേകികൾ, ദുഷ്ടർ, ഭോഷർ, അലസർ, അഹങ്കാരികൾ തുടങ്ങിയവരെ എതിർഗണത്തിലുമാണ് സുഭാഷിതഗ്രന്ഥം ഉൾപ്പെടുത്തുക.

സൗമ്യമായ മറുപടി ക്രോധം ശമിപ്പിക്കുന്നു (1) എന്ന ഒരു തത്വത്തോടെ തന്റെ ഉദ്‌ബോധനം ആരംഭിക്കുന്ന സോളമൻ, സൗമ്യന്റെ വാക്ക് ജീവന്റെ വൃക്ഷമാണെന്ന് (4) പ്രസ്താവിക്കുന്നുണ്ട്. വിവേകിയുടെ നാവ് അറിവ് വിതറുന്നുവെന്നും (2) വിവേകി ശാസനം ആദരിക്കുന്നുവെന്നും (5), അവന്റെ അധരങ്ങൾ അറിവ് പരത്തുന്നുവെന്നും (7) ഉള്ള ചിന്തകളും ഇതിന് സമാനമായി സോളമൻ പറഞ്ഞുവയ്ക്കുന്നുണ്ട്. സന്തുഷ്ടമായ ഹൃദയം മുഖത്തെ പ്രസന്നമാക്കുന്നുവെന്ന് (13) പ്രഖ്യാപിക്കുന്ന സോളമൻ, ബുദ്ധിമാന്റെ മനസ്സ് വിജ്ഞാനം തേടുന്നുവെന്നും (14) ക്ഷമാശീലൻ കലഹം ശമിപ്പിക്കുന്നുവെന്നും (18) സ്ഥിരോത്സാഹിയുടെ വഴി നിരപ്പായ രാജവീഥിയാണെന്നും (19), വിവേകിയായ പുത്രൻ പിതാവിനെ സന്തോഷിപ്പിക്കുന്നുവെന്നും (20) ബുദ്ധിമാൻ നേർവഴിക്ക് നടക്കുന്നുവെന്നും (21) അവന്റെ വഴി മേലോട്ട്, ജീവനിലേക്കു നയിക്കുന്നുവെന്നും, താഴെയുള്ള പാതാളത്തെ വിട്ടകലുന്നുവെന്നും (24) സുഭാഷിതം ഓർമ്മപ്പെടുത്തുന്നുണ്ട്. നീതിമാന്മാർ ആലോചിച്ച് ഉത്തരം കൊടുക്കുന്നുവെന്നും (28), ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുമെന്നും (31) സോളമൻ എഴുതി വയ്ക്കുന്നുണ്ട്.

അതേസമയം ഇതിന് മറുഭാഗത്ത്, പരുഷമായ വാക്ക് കോപം ഇളക്കിവിടുന്നുവെന്ന് (1) ഓർമ്മിപ്പിച്ചുകൊണ്ട്, തെറ്റായ പ്രവർത്തനശൈലികളെക്കുറിച്ചും സോളമൻ പ്രതിപാദിക്കുന്നുണ്ടെന്ന് നമുക്ക് കാണാം. വിഡ്ഢികളുടെ അധരങ്ങൾ ഭോഷത്തം വർഷിക്കുന്നു (2), വികടമായ വാക്ക് മനസ്സ് പിളർക്കുന്നു (4),  ഭോഷൻ തന്റെ പിതാവിന്റെ ഉപദേശം പുശ്ചിച്ചു തള്ളുന്നു (5), ഭോഷരുടെ മനസ്സ് അറിവ് പരത്തുന്നില്ല (7), പരിഹാസകൻ ശാസനം ഇഷ്ടപ്പെടുന്നില്ല, അവൻ ജ്ഞാനികളെ സമീപിക്കുകയില്ല (12), ഭോഷന്മാരുടെ വദനത്തിന് ആഹാരം ഭോഷത്തമാണ് (14) മുൻകോപി കലഹം ഇളക്കിവിടുന്നു (18) ഭോഷൻ അമ്മയെ നിന്ദിക്കുന്നു (20) ബുദ്ധിഹീനൻ ഭോഷത്തത്തിൽ ആനന്ദിക്കുന്നു (21) ദുഷ്ടരുടെ അധരങ്ങൾ ദുഷ്ടത വമിക്കുന്നു (28) എന്നിങ്ങനെയുള്ള മുന്നറിയിപ്പുകളും സുഭാഷിതം നൽകുന്നുണ്ട്.

മനുഷ്യരും ദൈവവും

മനുഷ്യന്റെ പ്രവൃത്തികൾ സ്രഷ്ടാവായ ദൈവത്തിന് മുൻപിൽ മറഞ്ഞിരിക്കുന്നില്ലെന്നും, അവൻ എല്ലാം അറിയുന്നുവെന്നുമുള്ള ഒരു ചിന്തയും പതിനഞ്ചാം അദ്ധ്യായം പങ്കുവയ്ക്കുന്നുണ്ട്. "കർത്താവിന്റെ ദൃഷ്ടികൾ എല്ലായിടത്തും പതിയുന്നു; ദുഷ്ടരെയും ശിഷ്ടരെയും അവിടുന്ന് ഉറ്റു നോക്കുന്നു" (3) പാതാളവും അധോലോകവും കർത്താവിന് മുൻപിൽ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയങ്ങളുടെ കാര്യം പറയാനുണ്ടോ (11) എന്നീ വാക്യങ്ങൾ ഇതാണ് വ്യക്തമാക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികൾക്കനുസരിച്ച് ദൈവം പ്രതിഫലവും ശിക്ഷകളും നൽകുന്നു എന്ന ഒരു ചിന്തയും ഇതോട് ചേർത്ത് സോളമൻ നൽകുന്നുണ്ട്. ദുഷ്ടരുടെ ബലിയും അവരുടെ മാർഗ്ഗവും കർത്താവിന് വെറുപ്പാണെന്നും എന്നാൽ സത്യസന്ധരുടെ പ്രാർത്ഥന അവിടുത്തെ സന്തോഷിപ്പിക്കുന്നുവെന്നും,  നീതിയിൽ ചരിക്കുന്നവരെ അവിടുന്ന് സ്നേഹിക്കുന്നുവെന്നും, നേർവഴി വിട്ടു നടക്കുന്നവൻ ശിക്ഷണത്തിന് വിധേയമാകുമെന്നും, ശാസനം വെറുക്കുന്നവൻ മരിക്കുമെന്നും (8-10), അഹങ്കാരിയുടെ ഭവനം കർത്താവ് നശിപ്പിക്കുമെന്നും, എന്നാൽ വിധവയ്ക്ക് അവിടുന്ന് സംരക്ഷകനാകുമെന്നും മുന്നറിയിപ്പ് നൽകുന്ന സുഭാഷിതഗ്രന്ഥം, കർത്താവ് ദുഷ്ടരിൽനിന്ന് അകന്നാണിരിക്കുന്നതെന്നും, എന്നാൽ നീതിമാന്മാരുടെ പ്രാർത്ഥന അവൻ ചെവിക്കൊള്ളുമെന്നും (29) ഓർമ്മിപ്പിക്കുന്നുണ്ട്.

പൊതുവായ ജ്ഞാനചിന്തകൾ

ദുഷ്ടതയുടെയും അവിവേകത്തിന്റെയും മാർഗ്ഗം വെടിഞ്ഞ്, നന്മയുടെ പാതയിൽ കർത്താവിന് പ്രീതികരമായ ജീവിതം നയിക്കുവാൻ ആഹ്വാനം ചെയ്യുന്ന സോളമൻ, സുഭാഷിതങ്ങളുടെ പതിനഞ്ചാം അദ്ധ്യായത്തിൽ ചില പൊതുവായ ജ്ഞാനചിന്തകളും പങ്കുവയ്ക്കുന്നുണ്ട്. സന്തുഷ്ടമായ ഹൃദയം മുഖത്തിന് പ്രസന്നത നൽകുമ്പോൾ, ഹൃദയവ്യഥ ഉന്മേഷം കെടുത്തിക്കളയുന്നു (13), ദുഖിതരുടെ ദിനങ്ങൾ ക്ലേശങ്ങൾ നിറഞ്ഞതാകുമ്പോൾ, സന്തുഷ്ടർ നിരന്തരം വിരുന്ന് ആസ്വദിക്കുന്നു (15), തിളങ്ങുന്ന കണ്ണ് ഹൃദയത്തെ സന്തോഷിപ്പികയും, സദ്വാർത്ത ശരീരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു (30). സാമ്പത്തികമായ കുറവുകളുള്ളപ്പോഴും ദൈവഭക്തിയോടെ ജീവിക്കാനാകുന്നതും, സ്നേഹത്തോടെ നൽകപ്പെടുന്ന സസ്യാഹാരം സ്വീകരിക്കാനാകുന്നതുമാണ്, ഏറിയ സമ്പത്തിനെയും അത് കൊണ്ടുവരുന്ന അനർത്ഥങ്ങളെയും, വെറുപ്പോടെ നൽകപ്പെടുന്ന കാളയിറച്ചിയെയുംകാൾ മെച്ചമെന്നും (16-17) ഈ അദ്ധ്യായം ഉദ്ബോധിപ്പിക്കുന്നുണ്ട്. പ്രബോധനം അവഗണിക്കുന്നവൻ തന്നെത്തന്നെ ദ്രോഹിക്കുകയാണെന്നും, എന്നാൽ ശാസനം അനുസരിക്കുന്നവൻ അറിവ് നേടുന്നുവെന്നും (32) ദൈവഭക്തി ജ്ഞാനത്തിനുള്ള പരിശീലനമാണെന്നും, വിനയം ബഹുമതിയുടെ മുന്നോടിയാണെന്നുമുള്ള (22) ചിന്തകൾ പങ്കുവച്ചുകൊണ്ടാണ് സോളമൻ ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്.

ഉപഹാരം

സദുപദേശങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കേണ്ടതിന്റെയും, അവയനുസരിച്ച് വിവേകത്തോടെയും സദ്ചിന്തകളോടെയും നല്ല പ്രവർത്തനശൈലിയോടെയും ജീവിക്കേണ്ടതിന്റെയും ആവശ്യവും ഔചിത്യവും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്ന സോളമന്റെ സുഭാഷിതങ്ങളുടെ പതിനഞ്ചാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ ചെറുവിചിന്തനം ചുരുക്കുമ്പോൾ, നമ്മുടെ ജീവിതശൈലിയെക്കുറിച്ചും ബോധ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും അവയുടെ പരിണിതഫലങ്ങളെക്കുറിച്ചും ഒരു ആത്മപരിശോധനയ്ക്കാണ് ഈ വാക്യങ്ങളിലൂടെ ദൈവം നമ്മെ ക്ഷണിക്കുന്നതെന്ന് തിരിച്ചറിയാം. നമ്മെയും നമ്മുടെ ഉള്ളും, മനുഷ്യർക്ക് അജ്ഞാതവും അതീവസങ്കീർണ്ണവുമായ ഈ ലോകത്തിനപ്പുറമുള്ള യാഥാർത്ഥ്യങ്ങൾ പോലും വ്യക്തമായി അറിയുന്ന ദൈവത്തിന് മുൻപിൽ എളിമയോടെയും മക്കൾക്കടുത്ത അനുസരണത്തോടെയും നല്ലവർക്കും വിവേകികൾക്കും നീതിമാന്മാർക്കുമുള്ള പ്രതിഫലത്തിന് അർഹരാകത്തക്കവിധം ജീവിക്കാം. വചനത്തിലൂടെ നൽകപ്പെടുന്ന കർത്താവിന്റെ ഉദ്ബോധനങ്ങളെ ഭക്തിപൂർവ്വം സ്നേഹിക്കുകയും, സ്ഥിരോത്സാഹത്തോടെ അവയനുസരിച്ച് നീതിയുടെയും നന്മയുടെയും മാർഗ്ഗത്തിൽ സഞ്ചരിക്കുകയും ചെയ്യാം. നമ്മുടെ ജീവിതങ്ങളും ദൈവത്തിന് മുൻപിൽ സ്വീകാര്യങ്ങളാകട്ടെ. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മാർച്ച് 2026, 15:42