തിരയുക

സുഭാഷിതങ്ങൾ 14 സുഭാഷിതങ്ങൾ 14 

ജ്ഞാനം സ്വന്തമാക്കി വിവേകപൂർവ്വം ജീവിക്കുക, ഭോഷത്തം ഉപേക്ഷിക്കുക: യുവതയ്ക്കുള്ള ഉദ്‌ബോധനം

വചനവീഥി: സുഭാഷിതങ്ങൾ പതിനാലാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ പത്ത് മുതലുള്ള അദ്ധ്യായങ്ങളിൽ സോളമൻ മുന്നോട്ടുവയ്ക്കുന്ന ജീവിതോപദേശങ്ങളുടെ തുടർച്ചയായ ഉദ്‌ബോധനങ്ങളും വിചിന്തനങ്ങളുമാണ് പതിനാലാം അദ്ധ്യായത്തിലും നാം കണ്ടുമുട്ടുന്നത്. ജ്ഞാനം സ്വന്തമാക്കിയ വിവേകിയും ഭോഷത്തം ജീവിക്കുന്ന അവിവേകിയും എന്നിങ്ങനെ രണ്ടുതരം വ്യക്തിത്വങ്ങളും അവ ജീവിക്കുന്ന ആളുകളുടെ അനുഭവങ്ങളും പെരുമാറ്റരീതികളും അവർക്കുള്ള പ്രതിഫലവുമാണ് ഈ അദ്ധ്യായത്തിൽ സോളമൻ പ്രത്യേകമായി അവതരിപ്പിക്കുന്നത്. ജ്ഞാനവും നന്മയും ജീവിക്കുന്നതും, ഭോഷത്തവും തിന്മയും ജീവിക്കുന്നതും തമ്മിലുള്ളത് ഏറെ ശക്തവും വ്യക്തവുമായ അന്തരമാണെന്നും, ഒരു വ്യക്തി എപ്രകാരമായിരിക്കണം തന്റെ ജീവിതശൈലി എന്നതിനെക്കുറിച്ച് എടുക്കുന്ന തീരുമാനം സുപ്രധാനമായ ഒന്നാണെന്നും ഈ അദ്ധ്യായം മനസ്സിലാക്കിത്തരുന്നുണ്ട്. ജ്ഞാനത്തെയും ഭോഷത്തത്തെയും വിശുദ്ധ ഗ്രന്ഥത്തിന്റെ നിരവധിയിടങ്ങളിലെന്നപോലെ ഇവിടെയും സ്ത്രീ വ്യക്തിത്വങ്ങളായാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലേക്കുള്ള ബൈബിൾ പരിഭാഷയിൽ നഷ്ടപ്പെട്ടുപോകുന്ന പല ആശയങ്ങളിൽ ഒന്ന് മാത്രമാണിത്.

ജ്ഞാനവും ഭോഷത്തവും വിവേകപൂർവ്വമുള്ള തിരഞ്ഞെടുപ്പും

ശരിയായ ജീവിതപങ്കാളിയ്ക്കായെന്നപോലെ, ഏതൊരു വ്യക്തിയും ജീവിതത്തിന്റെ നന്മതിന്മകളെ തീരുമാനിക്കുന്ന ജീവിതാദർശങ്ങളും അതിലേക്ക് നയിക്കുന്ന ജ്ഞാനത്തിന്റെയും ഭോഷത്തത്തിന്റെയും മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട് നടത്തേണ്ട തിരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് സുഭാഷിതങ്ങളുടെ പുസ്തകം പതിനാലാം അദ്ധ്യായം അതിന്റെ ആദ്യ വാക്യങ്ങളിൽ മുതൽ സംസാരിക്കുന്നത്. മനുഷ്യന്റെ പ്രവൃത്തികൾ എത്രമാത്രം സ്വതന്ത്രവും വ്യക്തിപരവുമാണെന്നും, എന്നാൽ ഈ സ്വാതന്ത്ര്യം ഉത്തരവാദിത്വപരമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നമ്മെ ക്ഷണിക്കുന്നുണ്ടെന്നും ഈ അദ്ധ്യായത്തിൽ സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്. ജ്ഞാനമെന്ന സ്ത്രീ ഭവനം പടുത്തുയർത്തുകയും അതിനെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ, തിന്മയെ പ്രതിനിധീകരിക്കുന്ന ഭോഷത്തമാകട്ടെ അതിനെ ഇടിച്ചുനിരത്തുന്നു (1) എന്ന ചിന്ത പങ്കുവയ്ക്കുന്ന ഒന്നാം വാക്യം മുതൽ, അറിവില്ലായ്മയുടെ യുവത്വത്തെ മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശക, ഉദ്ബോധന സ്വരങ്ങളിൽ, വ്യക്തവും കൃത്യവുമായ ബോധ്യങ്ങളോടെ ശരിയായ തിരഞ്ഞെടുപ്പുകൾ, അത് ജ്ഞാനത്തിന്റെയും, വിവേകത്തിന്റെയും, സത്യസന്ധതയുടെയും, ക്ഷമയുടെയും, നീതിയുടെയും നന്മയുടെയും മാർഗ്ഗത്തിലേക്ക് നയിക്കുന്നതാകണമെന്ന് ഈ അദ്ധ്യായം പഠിപ്പിക്കുന്നു. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്ന ജ്ഞാനിയുടെയും, തിന്മയിലേക്ക് നടക്കുന്ന ഭോഷന്റെയും, പ്രവൃത്തികളും അവയുടെ ഫലങ്ങളും വിവരിക്കുന്ന സോളമൻ, ഏത് മാർഗ്ഗമാണ് ജീവിതവിജയത്തിലേക്ക് നയിക്കുന്നതെന്നും, ദൈവത്തിന് മുൻപിൽ പ്രീതികരമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു.

വളർത്തേണ്ട മൂല്യങ്ങൾ

വിവേകികളുടെ വാക്ക് അവരെ കാത്തുകൊള്ളുമെന്ന് (3), ഭോഷനിൽനിന്ന് അർത്ഥമുള്ള വാക്കുകൾ ലഭിക്കുകയില്ലെന്ന് തിരിച്ചറിഞ്ഞ് (7) ബുദ്ധിമാന്മാരായ അവർ തങ്ങളുടെ മാർഗ്ഗം വ്യക്തമായി മനസിലാക്കുന്നുവെന്ന് (8) വിവേകി തിന്മയിൽനിന്ന് അകന്നുമാറുന്നുവെന്ന് (16) അവരുടെ കിരീടമാണ് ജ്ഞാനമെന്ന് (24), പെട്ടെന്ന് കോപിക്കാത്തവനും ബുദ്ധിമാനും കൂടുതൽ വിവേകമുണ്ടെന്ന് (29, 33), വിവേകത്തോടെ പ്രവർത്തിക്കുന്ന സേവകൻ രാജാവിന്റെ പ്രീതി നേടുന്നുവെന്ന് (35), വിവേകത്തിന്റെയും ജ്ഞാനത്തിന്റെയും പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് സോളമൻ ഓർമ്മിപ്പിക്കുന്നു.

സത്യസന്ധൻ കർത്താവിനെ ഭയപ്പെടുന്നുവെന്നും (2) വിശ്വസ്തനായ സാക്ഷി കള്ളം പറയില്ലെന്നും (5) അവൻ അനുഗ്രഹം പ്രാപിക്കുന്നുവെന്നും (9) സത്യസന്ധരുടെ കൂടാരം പുഷ്ടി പ്രാപിക്കുമെന്നും (11) സത്യസന്ധനായ സാക്ഷി മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നുവെന്നും (25) നീതിമാൻ സ്വന്തം നീതിനിഷ്ഠയിൽ അഭയം കണ്ടെത്തുന്നെന്നും (32) നീതി ഉത്കർഷത്തിലേക്ക്, വളർച്ചയിലേക്ക് എത്തിക്കുന്നതാണെന്നും (34) സുഭാഷിതം ഉദ്ബോധിപ്പിക്കുന്നുണ്ട്.

ബുദ്ധിമാന് എളുപ്പത്തിൽ അറിവ് ലഭിക്കുന്നു (6), ബുദ്ധിമാൻ തന്റെ ലക്ഷ്യത്തിൽ എപ്പോഴും ശ്രദ്ധ വയ്ക്കുന്നു (15) ബുദ്ധിമാന്മാർ ക്ഷമാശീലം കാത്തുസൂക്ഷിക്കും (17) അവർ വിജ്ഞാനകിരീടം അണിയുന്നു (18) തുടങ്ങിയ ചിന്തകളും സോളമൻ ഇവിടെ പങ്കുവയ്ക്കുന്നുണ്ട്.

ഒഴിവാക്കേണ്ട തിന്മകൾ

ജീവിതത്തിൽ സ്വന്തമാക്കേണ്ട മൂല്യങ്ങളും അവയുടെ സദ്‌ഫലങ്ങളും വിവരിക്കുന്ന സോളമൻ, ഇതിന്റെ മറുപുറമായി, ജീവിതത്തിൽനിന്ന് ഒഴിവാക്കേണ്ട തിന്മകളെക്കുറിച്ചും ഈ അദ്ധ്യായത്തിൽ പഠിപ്പിക്കുന്നുണ്ട്.

ഭോഷന്റെ സംസാരം അവന് ശിക്ഷയായിത്തീരുമെന്ന് (3), വിഡ്ഢികളുടെ ഭോഷത്തം അവരെത്തന്നെ കബളിപ്പിക്കുന്നുവെന്ന് (8) അവർ വീണ്ടുവിചാരമില്ലാതെ എടുത്തുചാടുന്നുവെന്ന് (16), ദുഷ്ടർ ഒരിക്കൽ സജ്ജനങ്ങളുടെയും നീതിമാന്മാരുടെയും മുന്നിൽ കുമ്പിടേണ്ടിവരുമെന്ന് (19) ഭോഷത്തം അവർക്ക് പൂമാലയാണെന്ന് (24), മുൻകോപി ഭോഷത്തെ താലോലിക്കുന്നുവെന്ന് (29) ഭോഷന്റെ ഹൃദയം വിവേകത്തെ അറിയുന്നില്ലെന്ന് (33) ലജ്ജാവഹമായി വിവേകരഹിതം പ്രവർത്തിക്കുന്നവന്റെമേൽ രാജാവിന്റെ കോപം നിപതിക്കുന്നുവെന്ന് (35) സോളമൻ എഴുതുന്നു.

സത്യസന്ധതയുടെ പ്രാധാന്യവുമായി ബന്ധപ്പെടുത്തി, കുടിലതയിൽ ജീവിക്കുന്നവൻ കർത്താവിനെ നിന്ദിക്കുന്നുവെന്ന് (2), കള്ളസാക്ഷി നുണ പറഞ്ഞുകൂട്ടുന്നുവെന്ന് (5) ദുഷ്ടരെ ദൈവം വെറുക്കുന്നുവെന്ന് (9), അവരുടെ ഭവനം നശിപ്പിക്കപ്പെടുമെന്ന് (11) കള്ളസാക്ഷി വഞ്ചകനാണെന്ന് (25), ദുഷ്ടൻ തിന്മ ചെയ്‌ത്‌ അധഃപതിക്കുന്നുവെന്ന് (32), പാപം അപമാനകരമാണെന്ന് (34) സുഭാഷിതം ഉദ്ബോധിപ്പിക്കുന്നുണ്ട്.

പരിഹാസകൻ, തിന്മ പ്രവർത്തിക്കുന്നവൻ വിവേകം അന്വേഷിക്കുന്നതിലെ അർത്ഥമില്ലായ്മയും (6), വിവേകമില്ലാതെ എല്ലാം വിശ്വസിക്കുന്ന (15) ശുദ്ധഗതിക്കാർ ഭോഷത്തം കാട്ടിക്കൂട്ടുന്നുവെന്നും (18) ഉള്ള ചിന്തകളും സോളമൻ പങ്കുവയ്ക്കുന്നുണ്ട്.

വ്യക്തിപരമായ പ്രയത്നവും പൊതു ഉദ്ബോധനങ്ങളും

കാളയുടെ കരുത്ത്, അതുപയോഗിക്കുന്ന മനുഷ്യരുടെ അദ്ധ്വാനം, സമൃദ്ധമായ വിളവ് നൽകുന്നു (4)  ഉത്തമനായ മനുഷ്യൻ തന്റെ പ്രവൃത്തികളുടെ ഫലമനുഭവിക്കും (14), പാവപ്പെട്ടവനോട് ദയകാണിക്കുന്നവൻ ഭാഗ്യവാനാണ് (21) അവർ സ്രഷ്ടാവിനെയാണ് ബഹുമാനിക്കുന്നത് (31), നന്മയ്ക്ക് കളമൊരുക്കുന്നവർക്ക് മറ്റുള്ളവരുടെ കൂറും വിശ്വാസവും ലഭിക്കും (22) തുടങ്ങി, വ്യക്തിപരമായ അദ്ധ്വാനത്തിന്റെയും പ്രയത്നത്തിന്റെയും ഫലങ്ങൾ വിശദീകരിക്കുന്ന ഈ അദ്ധ്യായം, ദൈവഭക്തിയുടെ പ്രാധാന്യവും (2) എടുത്തുപറയുന്നുണ്ട്. ബലിഷ്ഠമായ ആശ്രയവും സന്താനങ്ങൾക്ക് അഭയസ്ഥാനവും ജീവന്റെ ഉറവയുമായ അത്, മരണത്തിന്റെ കെണികളിൽനിന്ന് രക്ഷപെടാൻ സഹായിക്കുന്നു (26-27). പ്രശാന്തമായ മനസ്സ് ശരീരത്തിന് ഉന്മേഷം നൽകുന്നു അസൂയ അസ്ഥികളെ ജീർണ്ണിപ്പിക്കുന്നു (30) എന്ന് പ്രസ്ഥാവിക്കുന്ന സോളമൻ, ഹൃദയത്തിലെ, ഒരുവന്റെ വ്യക്തിപരമായ സന്തോഷദുഃഖങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ അവന്റേത് മാത്രമാണ് (10), ശരിയെന്ന് തോന്നുന്ന വഴികൾ പോലും ചിലപ്പോൾ മരണത്തിലേക്ക് നയിക്കുന്നതാകാം (12) ദരിദ്രനെ അയൽക്കാർ പോലും വെറുക്കുമ്പോൾ, ധനികന് ഏറെ സ്നേഹിതരുണ്ട് (20) പ്രജകളുടെ പിൻബലം രാജാവിന് പ്രധാനപ്പെട്ടതാണ് (28) തുടങ്ങിയ പൊതുവായ ചിന്തകളും പങ്കുവയ്ക്കുന്നുണ്ട്.

ഉപഹാരം

വ്യക്തിപരമായ ജീവിതത്തിൽ വിവേകത്തോടെയും ദൈവഭക്തിയോടെയും സാമൂഹികമായ പ്രതിബദ്ധതയോടെയും ജീവിക്കേണ്ടതിന്റെ പ്രാധാന്യം യുവതയെ ഉപദേശിക്കുന്ന സോളമന്റെ ഉദ്ബോധനങ്ങൾ തുടരുന്ന സുഭാഷിതങ്ങളുടെ പതിനാലാം അദ്ധ്യായത്തെക്കുറിച്ചുള്ള ഈ വിചിന്തനം ചുരുക്കുമ്പോൾ, തെരഞ്ഞെടുപ്പുകളും തീരുമാനങ്ങളും പ്രവൃത്തികളും ജീവിതസാക്ഷ്യവും നന്മയുടേതും ജീവന്റേതുമാക്കാൻ നമുക്കും പരിശ്രമിക്കാം. വിവേകത്തോടെ, തിന്മകളിലും തെറ്റായ ഉദ്ബോധനങ്ങളിലും നിന്ന് അകന്ന്, സത്യസന്ധതയിലും നീതിയിലും നന്മയിലും ദയയിലും വളരുകയും ദൈവത്തിന് മുന്നിൽ സ്വീകാര്യരായിരിക്കുകയും ചെയ്യാം. നന്മയെ സ്നേഹിക്കുന്ന, തന്റെ പാതയിൽ സഞ്ചരിക്കുന്ന വിശ്വസ്തർക്ക് സംരക്ഷണമേകുന്ന ദൈവത്തിൽ നമുക്കും അഭയം കണ്ടെത്താം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 ഫെബ്രുവരി 2026, 14:38