തിരയുക

ഇന്ത്യൻ മെത്രാൻസമിതിയിലെ ചില അംഗങ്ങൾ "ആദ് ലിമിന" സന്ദര്ശനത്തിനെത്തിയപ്പോൾ - ഫയൽ ചിത്രം ഇന്ത്യൻ മെത്രാൻസമിതിയിലെ ചില അംഗങ്ങൾ "ആദ് ലിമിന" സന്ദര്ശനത്തിനെത്തിയപ്പോൾ - ഫയൽ ചിത്രം  (Vatican Media)

മദ്ധ്യപൂർവ്വദേശങ്ങളിൽ സമാധാനത്തിനായി പ്രാർത്ഥനാഹ്വാനവുമായി ഇന്ത്യയിലെ ലത്തീൻ കത്തോലിക്കാസഭ

യുദ്ധങ്ങളും സംഘർഷങ്ങളും നിലനിൽക്കുന്ന മദ്ധ്യപൂർവ്വദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഭാരതത്തിലെ ലത്തീൻസഭാനേതൃത്വം. ഇതനുസരിച്ച് മാർച്ച് 8 മുതൽ 14 വരെ ദിവസങ്ങളിൽ പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ അപേക്ഷിച്ചുകൊണ്ട് ജപമാലയർപ്പണം നടത്താനും, 13 തീയതി വെള്ളിയാഴ്ച ഉപവസിക്കാനും മെത്രാൻസമിതി ആഹ്വാനം ചെയ്തു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മദ്ധ്യപൂർവ്വദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിന് വേണ്ടി പ്രാർത്ഥനയ്ക്ക് ആഹ്വാനവുമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്കാസഭാനേതൃത്വം. ഇതനുസരിച്ച് മാർച്ച് എട്ടാം തീയതി പ്രാർത്ഥനാദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്‌തുകൊണ്ട്‌ ഇന്ത്യൻ ലത്തീൻ മെത്രാൻസമിതി ഒരു കുറിപ്പിറക്കിയതായി ഫീദെസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മദ്ധ്യപൂർവ്വദേശങ്ങളിലെ സമാധാനമെന്ന നിയോഗം മുന്നിൽ വച്ച് ഇതേ ദിവസം എല്ലാ ദേവാലയങ്ങളിലും വിശുദ്ധബലിയർപ്പിക്കാനും സഭാനേതൃത്വം നിർദ്ദേശിച്ചു.

നിഷ്കളങ്കരായ മനുഷ്യരുടെ ജീവൻ സംരക്ഷിക്കപ്പെടുന്നതിനും, ശത്രുതാമനോഭാവം ഇല്ലാതാക്കുന്നതിനും, ലോകനേതൃത്വങ്ങൾ കൂടുതൽ മിതത്വത്തോടെയും വിവേകത്തോടെയും പെരുമാറുന്നതിനും വേണ്ടി പ്രാർത്ഥിക്കാൻ ഏവരെയും ക്ഷണിച്ച മെത്രാൻസമിതി നേതൃത്വം, മാർച്ച് എട്ട് മുതൽ പതിനാല് വരെ തീയതികളിൽ ജപമാലയർപ്പിച്ച് പരിശുദ്ധ അമ്മയുടെ സഹായം പ്രത്യേകമായി അപേക്ഷിക്കാനും വിശ്വാസികൾക്ക് എഴുതി.

മദ്ധ്യപൂർവ്വദേശങ്ങളിൽ വളർന്നുവരുന്ന അശാന്തിയുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ, സമാധാനത്തിനുള്ള പ്രാർത്ഥനയുടെ ഭാഗമായി, മാർച്ച് പതിമൂന്ന് വെള്ളിയാഴ്ച ഉപവസിക്കാൻ മെത്രാൻസമിതിയുടെ പേരിൽ ഗോവ, ദമാൻ ആർച്ച്ബിഷപ് കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഒപ്പിട്ട് പുറത്തുവിട്ട രേഖയിലൂടെ മെത്രാന്മാർ ആഹ്വാനം ചെയ്തു. യുദ്ധങ്ങളും അസ്ഥിരതയും മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ദുരിതങ്ങളും മുഴുവൻ മാനവികതയെയുമാണ് ബാധിക്കുന്നതെന്ന് സഭാനേതൃത്വം ഓർമ്മിപ്പിച്ചു.

നിരവധി ഇന്ത്യക്കാരാണ് മദ്ധ്യപൂർവ്വദേശങ്ങളിൽ ജോലി ചെയ്യുന്നതെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ ഫെറാവോ, അതുവഴി അവർ തങ്ങളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുകയും, സഭയ്ക്കും നമ്മുടെ രാജ്യത്തിനും ഉദാരമായി സംഭാവനകൾ നൽകുകയും ചെയ്യുന്നുണ്ടെന്ന് പ്രസ്താവിച്ചു. അനിശ്ചിതത്വത്തിന്റെ ഈ മണിക്കൂറുകളിൽ അവരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുകയും അവരെ ദൈവത്തിന് ഭരമേൽപ്പിക്കുകയും ചെയ്യാമെന്നും സഭാനേതൃത്വം എഴുതി. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 മാർച്ച് 2026, 13:23