തിരയുക

ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ ഒരു സമ്മേളനത്തിൽനിന്നുള്ള ചിത്രം ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ ഒരു സമ്മേളനത്തിൽനിന്നുള്ള ചിത്രം 

മദ്ധ്യപൂർവ്വദേശങ്ങളിൽ അടിയന്തിര വെടിനിറുത്തലിന് ആഹ്വാനം ചെയ്‌ത്‌ ഏഷ്യൻ മെത്രാന്മാർ

മദ്ധ്യപൂർവ്വദേശങ്ങളിൽ സംഘർഷം വളർത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനും സമാധാനം സ്ഥാപിക്കാനും ആഹ്വാനവുമായി ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ കേന്ദ്രകമ്മറ്റി. തായ്‌ലൻഡിലെ ബാങ്കോക്കിൽനിന്ന് മാർച്ച് 3-നാണ് വലിയ മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന ഈ സംഘർഷങ്ങൾ നടക്കുന്നയിടങ്ങളിൽ അടിയന്തിര വെടിനിറുത്തലിനുള്ള തങ്ങളുടെ അഭ്യർത്ഥന പ്രാദേശിക കത്തോലിക്കാസഭാനേതൃത്വം മുന്നോട്ടുവച്ചത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

ലോകമാസകലമുള്ള ജനങ്ങളെ ബാധിക്കുന്ന കടുത്ത മാനവിക, സാമ്പത്തിക പ്രതിസന്ധികൾക്ക് കാരണമാകുന്ന മദ്ധ്യപൂർവ്വദേശങ്ങളിലെ സംഘർഷങ്ങൾക്ക് അറുതി വരുത്താനും ഉടൻ വെടിനിറുത്തൽ പ്രഖ്യാപിക്കാനും ആഹ്വാനം ചെയ്‌ത്‌ ഏഷ്യൻ മെത്രാന്മാർ. ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷന്റെ (Federation of Asian Bishops’ Conferences - FABC) കേന്ദ്രകമ്മിറ്റിയാണ് ഇത്തരമൊരു ആഹ്വാനം മാർച്ച് മൂന്നാം തീയതി തായ്‌ലൻഡിലെ ബാങ്കോക്കിൽ നടത്തിയത്.

മദ്ധ്യപൂർവ്വദേശങ്ങളിൽ വളർന്നുവരുന്ന അക്രമങ്ങളിലും സംഘർഷങ്ങളിലും കടുത്ത വേദനയും ആശങ്കയും പ്രകടിപ്പിച്ച ഏഷ്യൻ മെത്രാൻസമിതികളുടെ ഫെഡറേഷൻ, പ്രദേശത്ത് അടുത്തിടെ ഉണ്ടായ ആഗോള, പ്രാദേശിക ശക്തികൾ ഉൾപ്പെട്ട ബോംബാക്രമങ്ങളും അവയ്‌ക്കെതിരെയുള്ള പ്രത്യാക്രമണങ്ങളും അവ വിതയ്ക്കുന്ന ദുരിതങ്ങളും പ്രത്യേകം പരാമർശിച്ചു.

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായുടെ വാക്കുകളെ അധികരിച്ചുകൊണ്ട്, നാശവും വേദനയും മരണവും വിതയ്ക്കുന്ന ഭീഷണികളിലൂടെയും ആയുധങ്ങളിലൂടെയുമല്ല സമാധാനം സ്ഥാപിക്കാൻ സാധിക്കുകയെന്ന് ഏഷ്യൻ സഭാനേതൃത്വം ഓർമ്മിപ്പിച്ചു.

ഭയം കൊണ്ട് സ്ഥിരതയോ, അക്രമം കൊണ്ട് നീതിയോ ഉണ്ടാകില്ലെന്ന് ഓർമ്മിപ്പിച്ച സഭാനേതൃത്വങ്ങൾ, നീണ്ടുനിൽക്കുന്നതും നീതിപൂർണ്ണവുമായ സമാധാനത്തിലേക്ക് നയിക്കാൻ സത്യസന്ധവും ഉത്തരവാദിത്വപൂർണ്ണവും തുടർച്ചയുള്ളതുമായ സംവാദങ്ങൾക്കേ സാധിക്കൂ എന്ന് പ്രസ്താവിച്ചു.

ഏഷ്യയിൽ വിവിധ മതങ്ങൾ സഹകരിച്ച് പ്രവർത്തിക്കുന്ന സാഹചര്യം പരാമർശിച്ചുകൊണ്ട്, വിവിധ ജനതകൾക്കിടയിൽ നിലനിൽക്കേണ്ട നീതിയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യം ഏഷ്യൻ മെത്രാൻസമിതികളുടെ കേന്ദ്രകമ്മിറ്റി തങ്ങളുടെ പ്രസ്താവനയിൽ എടുത്തുപറഞ്ഞു. യുദ്ധത്തിന്റെ അഭാവം മാത്രമല്ല സമാധാനമെന്നും മെത്രാന്മാർ ഓർമ്മിപ്പിച്ചു.

ശത്രുതാമനോഭാവവും നടപടികളും അവസാനിപ്പിക്കാൻ എല്ലാ കക്ഷികളെയും ആഹ്വാനം ചെയ്ത മെത്രാൻസമിതികൾ, ധാർമ്മികമായ ഉത്തരവാദിത്വബോധത്തോടെ പെരുമാറാനും, കൂടുതൽ ബുദ്ധിമുട്ടുകളിലേക്കും നാശത്തിലേക്കും നയിക്കുന്ന സംഘർഷങ്ങൾ ഒഴിവാക്കാനും, ഇതിനായി നയതന്ത്രമാർഗ്ഗം ഉപയോഗിക്കാനും ഏവരോടും ആവശ്യപ്പെട്ടു.

കത്തോലിക്കാസഭ ആചരിക്കുന്ന നോമ്പുകാലത്തിന്റെ കൂടി പശ്ചാത്തലത്തിൽ, സമാധാനത്തിനും, ഐക്യത്തിന്റെ സമൂർത്തമായ പ്രവർത്തനങ്ങൾക്കും വേണ്ടി പരിശ്രമിക്കാനും പ്രാർത്ഥിക്കാനും വിശ്വാസിസമൂഹത്തോട് സഭാനേതൃത്വം ആഹ്വാനം ചെയ്തു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 മാർച്ച് 2026, 13:49