തിരയുക

കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌ത്‌ സാന്ത് എജീദിയോ സമൂഹം കുടിയേറ്റക്കാരെ സ്വാഗതം ചെയ്‌ത്‌ സാന്ത് എജീദിയോ സമൂഹം 

നിയമാനുസൃതകുടിയേറ്റത്തിന്റെ വിജയസാധ്യതകൾക്ക് സാക്ഷ്യമായി മാനവിക ഇടനാഴികളുടെ പത്ത് വർഷങ്ങൾ: സാന്ത് എജീദിയോ സമൂഹം

നിയമാനുസൃതമായി കുടിയേറ്റക്കാരെ സ്വീകരിക്കാനും സമൂഹത്തിൽ ഇഴചേർക്കാനും സാധിക്കുമെന്നതിന്റെ സാക്ഷ്യമാണ് കഴിഞ്ഞ പത്തുവർഷങ്ങളായി തുടരുന്ന മാനവിക ഇടനാഴികളും, അതുവഴി യൂറോപ്പിലേക്കെത്തുന്ന ആളുകളുടെ കാണിച്ചുതരുന്നതെന്ന് സാന്ത് എജീദിയോ സമൂഹം. യൂറോപ്പിലേക്കുള്ള മാനവിക ഇടനാഴികൾ വഴിയുള്ള കുടിയേറ്റം ആരംഭിച്ചതിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഇത്തരമൊരു പ്രസ്താവന സാന്ത് എജീദിയോ സമൂഹം നടത്തിയത്.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

യൂറോപ്പിലേക്കുൾപ്പെടെ മാനവിക ഇടനാഴികൾ വഴി നിയമാനുസൃത കുടിയേറ്റം നടത്തുന്നതും, അഭയാർത്ഥികളെ സ്വീകരിക്കുന്നതും അവരെ സമൂഹത്തിൽ കൃത്യമായ രീതിയിൽ ഭാഗഭാക്കുകളാക്കുന്നതും സാധ്യമാണെന്നാണ് കഴിഞ്ഞ പത്തുവർഷങ്ങളുടെ ചരിത്രം വ്യക്തമാക്കിത്തരുന്നതെന്ന് സാന്ത് എജീദിയോ സമൂഹം. 2016 ഫെബ്രുവരി 29-ന് റോമിലെ ഫ്യുമിച്ചീനോയിലുള്ള വിമാനത്താവളത്തിലെത്തിയ 97 അഭയാർത്ഥികളിൽ തുടങ്ങിയ ഇത്തരം കുടിയേറ്റങ്ങൾ ഈയൊരു സത്യമാണ് നമുക്ക് മുന്നിൽ വ്യക്തമാക്കുന്നതെന്ന് ഫെബ്രുവരി 27 വെള്ളിയാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന ഓർമ്മിപ്പിച്ചു.

ഇറ്റലിയിലെ സർക്കാരും പ്രൊട്ടസ്റ്റന്റ് സഭയുൾപ്പെടെയുള്ള പങ്കാളികളുമായി ചേർന്ന് തങ്ങൾ നാളിതുവരെ 7.462 ആളുകളെ ഇറ്റലിയിലേക്കും 1.130 പേരെ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിലേക്കും എത്തിച്ചിട്ടുണ്ടെന്ന് സാന്ത് എജീദിയോ സമൂഹം തങ്ങളുടെ പത്രക്കുറിപ്പിൽ എഴുതി. കടലിലും മരുഭൂമികളിലും മരണം വിതച്ചുകൊണ്ട് നടക്കുന്ന അനധികൃത കുടിയേറ്റങ്ങൾക്ക് മുന്നിൽ സുരക്ഷിതമായ കുടിയേറ്റമാർഗ്ഗമായി മാനവിക ഇടനാഴികൾ വഴിയുള്ള കുടിയേറ്റം ഇപ്പോഴും തുടരുന്നുണ്ടെന്ന് സംഘടന അവകാശപ്പെട്ടു.

2015 ഡിസംബറിൽ ഇറ്റലിയുടെ വിദേശകാര്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവുമായി, താവൊള വാൾദേസെ എന്ന പ്രൊട്ടസ്റ്റന്റ് സഭാപ്രസ്ഥാനത്തിനും ഇവാഞ്ചെലിക്കൽ സഭകളുടെ ഫെഡറേഷനുമൊപ്പം ചേർന്ന് നടത്തിയ കരാറിന്റെ ഭാഗമായാണ് ഇവിടേക്ക് നിയമാനുസൃതമായി ആളുകളെ മാനവിക ഇടനാഴികൾ വഴി എത്തിക്കാൻ തങ്ങൾക്ക് സാധിച്ചതെന്ന് സാന്ത് എജീദിയോ സമൂഹം വിശദീകരിച്ചു. യുദ്ധങ്ങളിലും മറ്റ് ഗുരുതരസാഹചര്യങ്ങളിലും നിന്ന് രക്ഷ തേടി പുറപ്പെട്ട "ദുർബലരായ" കുടിയേറ്റക്കാർക്ക് അഭയമേകാൻ ഇതുവഴി തങ്ങൾക്കായെന്ന് സംഘടന എഴുതി.

സിറിയ, അഫ്ഗാനിസ്ഥാൻ, എരിത്രേയ, സുഡാൻ, സോമാലിയ, യമൻ, പാലസ്തീന, ഗാസാ എന്നിവിടങ്ങളിൽനിന്നുള്ള ആളുകളെയാണ് സാന്ത് എജീദിയോ സമൂഹം കഴിഞ്ഞ വർഷങ്ങളിൽ കൂടുതലായി യൂറോപ്പിലേക്ക് എത്തിച്ചത്. ഈ വിജയത്തിന്റെ ചരിത്രം, തങ്ങളുടെ പ്രവർത്തനം തുടരാൻ ധൈര്യമേകുന്നതാണെന്ന് സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇമ്പല്ല്യാസിയോ പ്രസ്താവിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2026, 13:01