തിരയുക

സുഡാനിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ദുവ താരിഗ് റോമിൽ വിശദീകരിക്കുന്നു സുഡാനിലെ സ്ഥിതിവിശേഷങ്ങളെക്കുറിച്ച് ദുവ താരിഗ് റോമിൽ വിശദീകരിക്കുന്നു  

മൂന്ന് വർഷങ്ങളായി യുദ്ധം തുടരുന്ന സുഡാൻ: പത്ത് വയസ്സുള്ള കുട്ടികൾ പോലും സ്വതന്ത്രരല്ല

പതിനായിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത സുഡാൻ ആഭ്യന്തര യുദ്ധം മൂന്ന് വർഷങ്ങളായി തുടരുമ്പോൾ, പത്ത് വയസ്സുള്ള കുട്ടികൾ പോലും യുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും, സുഡാൻ സായുധസേനയും, ദ്രുതകർമ്മസേനയും വിവിധയിടങ്ങൾ നിയന്ത്രിക്കുന്ന രാജ്യം ഇതിനോടകം വിഭജിക്കപ്പെട്ട നിലയിലാണെന്നും, യുദ്ധത്തിന്റെ ഇരകൾക്കും അഭയാർത്ഥികൾക്കും വേണ്ടി പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് റൂമുകൾ എന്ന സന്നദ്ധസേവനപ്രസ്ഥാനത്തിലെ അംഗമായ ദുവ താരിഗ്.

ജ്യാദ അക്വിലീനോ, മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സുഡാൻ സായുധസേനയും, ദ്രുതകർമ്മസേനയും തമ്മിൽ കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ രാജ്യം ഇതിനോടകം പലതായി വിഭജിച്ചുവെന്നും, പത്ത് വയസ്സുള്ള കുട്ടികൾ പോലും യുദ്ധത്തിൽ സജീവമായി പങ്കെടുക്കുന്ന സ്ഥിതിയാണെന്നും എമർജൻസി റെസ്പോൺസ് റൂമുകൾ എന്ന സന്നദ്ധസേവനപ്രസ്ഥാനത്തിലെ അംഗമായ ദുവ താരിഗ്. രക്തരൂക്ഷിതമായ യുദ്ധമാണ് വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ തുടരുന്നതെന്നും വത്തിക്കാൻ മീഡിയയോട് സംസാരിക്കവെ വടക്കൻ സുഡാൻ സ്വദേശിയായ ദുവ പറഞ്ഞു.

സുഡാനിലെ ജനങ്ങൾക്ക് പരിശുദ്ധ പിതാവ് തുടർച്ചയായി തന്റെ സാമീപ്യം ഉറപ്പു നൽകുന്നതിനെ പരാമർശിച്ച എമർജൻസി റെസ്പോൺസ് റൂം പ്രവർത്തക, സുഡാനുനേരെയുള്ള ശ്രദ്ധ കുറയാതിരിക്കുക എന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ചു. പുറംലോകത്തുനിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന സുഡാനിലെ ജനങ്ങൾക്ക് മറ്റുള്ളവരുടെ ഐക്യദാർഢ്യം ഏറെ പ്രത്യാശ പകരുന്നതാണെന്നും ദുവ കൂട്ടിച്ചേർത്തു.

ആഫ്രിക്കയിലെ തന്നെ വലിയ രാജ്യങ്ങളിലൊന്നായ സുഡാന്റെ വടക്ക്, മധ്യ, കിഴക്കൻ ഭാഗങ്ങൾ സുഡാൻ സായുധസേനയാണ് നിയന്ത്രിക്കുന്നത്. എന്നാൽ രാജ്യത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങൾ ദ്രുതകർമ്മസേനയുടെ നിയന്ത്രണത്തിന് കീഴിലാണ്. ഇതിന് പുറമെ കോർഡോഫാനിലും ദാർഫുറിലും നിരവധി സായുധസംഘങ്ങളും പ്രവർത്തിച്ചുവരുന്നുണ്ട്.

കോർഡോഫാൻ പോലെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും അക്രമങ്ങൾ നടത്തുന്ന മുൻനിരപ്പോരാളികൾ ഇപ്പോഴും ഉണ്ടെന്നും എന്നാൽ വടക്കൻ ദാർഫുർ പോലെയുള്ള ഇടങ്ങളിൽ വംശഹത്യയ്ക്ക് തുല്യമായ അവസ്ഥയിൽനിന്ന് ആളുകൾ പുറത്തുവരുന്നതേയുള്ളൂ എന്നും "നിശബ്ദദുരന്തം" എന്ന പേരിൽ റോമിൽ നടന്ന ഒരു സമ്മേളനത്തിൽ സംബന്ധിക്കാനെത്തിയ അവസരത്തിൽ ദുവ അറിയിച്ചു.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് തുടരുന്ന യുദ്ധം ഇതിനോടകം നാൽപ്പതിനായിരം ഇരകളെയെങ്കിലും സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം മറ്റ് മാനവികസംഘടനകളുടെ കണക്കുകൾ പ്രകാരം ഒന്നരലക്ഷം ആളുകളെങ്കിലും ഇതിനോടകം രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. യുദ്ധവും, രോഗങ്ങളും പകർച്ചവ്യാധികളും, ക്ഷാമവും മൂലം, രാജ്യത്ത് ഒരു കോടി നാൽപ്പത് ലക്ഷം ആളുകളെങ്കിലും കുടിയിറങ്ങാൻ നിർബന്ധിതരായതായാണ് കണക്കാക്കപ്പെടുന്നത്.

രാജ്യത്ത് വിദ്യാഭ്യാസസംവിധാനം തകരാറിലാണെന്നും, ഭൂരിഭാഗം സ്‌കൂളുകളും ആക്രമണങ്ങൾ മൂലം തകർന്നുവെന്നും പ്രസ്താവിച്ച എമർജൻസി റെസ്പോൺസ് റൂം പ്രവർത്തക, എന്നാൽ കുട്ടികൾക്ക് വേണ്ടി ഇതര വിദ്യാഭ്യാസപദ്ധതി തങ്ങൾ നടത്തിവരികയാണെന്ന് അറിയിച്ചു. കുട്ടികൾക്ക് മാനസികമായും വൈകാരികമായും ഉള്ള സൗഖ്യത്തിന്റെ ആവശ്യമുണ്ടെന്നും ദുവ കൂട്ടിച്ചേർത്തു.

സുഡാനിൽ 2023 ഏപ്രിൽ 15-ന് സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന്, ഈ ആക്രമണങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന ആളുകൾക്ക് സേവനം ചെയ്യാൻ വേണ്ടി പ്രവർത്തിക്കുന്ന എമർജൻസി റെസ്പോൺസ് റൂമുകൾ എന്ന സംഘടനയിൽ ഏതാണ്ട് ഇരുപത്തിയാറായിരം സന്നദ്ധസേവകരാണ് പ്രവർത്തിക്കുന്നത്. യുദ്ധമേഖലകളിൽനിന്ന് രക്ഷപ്പെട്ടെത്തുന്ന അഭയാർത്ഥികൾക്ക് അഭയമേകിവരികയാണ് ഈ സംഘടന.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 ഫെബ്രുവരി 2026, 12:51