സുഭാഷിതങ്ങൾ 13 സുഭാഷിതങ്ങൾ 13 

ജീവിതവിജയത്തിന് സഹായിക്കുന്ന തിരുത്തലുകളും ഉപദേശങ്ങളും സ്നേഹത്തിന്റെ ഭാഗമാണ്

വചനവീഥി: സുഭാഷിതങ്ങൾ പതിമൂന്നാം അദ്ധ്യായത്തെക്കുറിച്ചുള്ള ധ്യാനാത്മകമായ പഠനം.
ശബ്ദരേഖ

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി

മാതാപിതാക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശങ്ങളുടെയും ശിക്ഷണങ്ങളുടെയും മൂല്യവും പ്രാധാന്യവും മനസ്സിലാക്കി, അവ സ്വീകരിച്ച് വളരേണ്ടതുമായി ബന്ധപ്പെട്ട ഉദ്ബോധനങ്ങളാണ് സുഭാഷിതങ്ങളുടെ പുസ്തകം പതിമൂന്നാം അദ്ധ്യായത്തിലും സോളമൻ മുന്നോട്ടുവയ്ക്കുന്നത്. ഉപദേശങ്ങളോടും ശിക്ഷണങ്ങളോടും വിവേകികളും നീതിമാന്മാരുമായ വ്യക്തികളുടെയും ദുഷ്ടരും അവിവേകികളുമായ മനുഷ്യരുടെയും പ്രതികരണം എപ്രകാരമായിരിക്കുമെന്ന് വിവരിക്കുന്ന സോളമൻ ഈ പ്രതികരണങ്ങൾ ജീവിതശൈലിയും അവരുടെ മാത്രമല്ല, അവർക്ക് ചുറ്റുമുള്ളവരുടെയും, അവരുടെ പിൻതലമുറകളുടെയും ജീവിതങ്ങളെക്കൂടി ബാധിക്കുന്നതാണെന്നും ഈ അദ്ധ്യായത്തിൽ ഓർമ്മിപ്പിക്കുന്നുണ്ട്. എല്ലാ മനുഷ്യർക്കും, ദുഷ്ടർക്കും ശിഷ്ടർക്കും, ദൈവവും പ്രകൃതിയും സമാന അവസരങ്ങളും ശിക്ഷണങ്ങളും വിഭവങ്ങളുമാണ് നൽകുന്നതെന്നും, എന്നാൽ അവയോട് കാട്ടുന്ന സ്വീകാര്യതയുടെ തോതും, അവയുടെ ഉപയോഗത്തിന്റെ ശൈലിയുമാണ് അവരുടെ ജീവിതങ്ങളെ വ്യത്യസ്തങ്ങളാക്കുന്നതെന്നുള്ള ഒരു ചിന്തയും ഈ അദ്ധ്യായത്തിൽ സോളമൻ പങ്കുവയ്ക്കുന്നുണ്ട്. വിവേകപൂർണ്ണമായ പ്രവൃത്തികളുടെയും ചിന്തകളുടെയും സദ്‌ഫലങ്ങളെക്കുറിച്ചുള്ള തിരിച്ചറിവിലേക്ക് വരാനും, അങ്ങനെ അനുഗ്രഹീതമായ ഒരു ജീവിതശൈലി സ്വന്തമാക്കാനുമുള്ള ഒരു ക്ഷണം കൂടിയാണ് ഈ അദ്ധ്യായം.

ഉപദേശങ്ങളും ശാസനങ്ങളും മനുഷ്യപ്രകൃതിയും

സുഭാഷിതങ്ങളുടെ പുസ്തകത്തിന് ആമുഖമായി നാം കണ്ടതുപോലെ, ഗുരുവിന്റെയോ മാതാപിതാക്കളുടെയോ ഭാഗത്തുനിന്ന് ലഭിക്കുന്ന സദുപദേശങ്ങളുടെയും ശിക്ഷണങ്ങളുടെയും പ്രാധാന്യവും അവയോട് കാണിക്കുന്ന മനോഭാവം ശിഷ്യരിൽ അല്ലെങ്കിൽ മക്കളിൽ ഉണ്ടാക്കുന്ന വ്യതിയാനങ്ങളും ഫലങ്ങളുമാണ് പതിമൂന്നാം അദ്ധ്യായത്തിലും സോളമൻ വിവരിക്കുന്നത്. സദുപദേശങ്ങളും ശാസനങ്ങളും ഉദ്ബോധനങ്ങളും സ്വീകരിക്കുന്നവർക്ക് നന്മയും സദ്‌ഫലങ്ങളും ലഭിക്കുമെന്നും, എന്നാൽ അവ നിരസിക്കുന്നവർക്ക് തിന്മയും ശിക്ഷകളുമാകും പ്രതിഫലമെന്നുമുള്ള പൊതുവായ ചിന്ത ഇവിടെയും നമുക്ക് കാണാം. എന്നാൽ ഉള്ളിൽ നന്മയുള്ളവർക്കേ നന്മയുടെ മാർഗ്ഗവും അതിലേക്ക് നയിക്കുന്ന നിർദ്ദേശങ്ങളും സ്വീകാര്യമാകൂ എന്ന കൂടുതൽ ആഴമേറിയ ഒരു ചിന്ത കൂടി ഈ വാക്യങ്ങളിൽ നമുക്ക് കണ്ടെത്താനാകും.

വിവേകമുള്ള മകൻ പിതാവിന്റെ ഉപദേശം കേൾക്കുന്നു (1), ഉത്തമനായ മനുഷ്യൻ തന്റെ വാക്കുകളുടെ സദ്ഫലം അനുഭവിക്കുന്നു (2), വാക്കുകളിൽ നിയന്ത്രണം പാലിക്കുന്നവർ തന്റെ ജീവൻ സുരക്ഷിതമാക്കുന്നു (3), സ്ഥിരോത്സാഹിക്ക് സമൃദ്ധമായി ലഭിക്കുന്നു (4), നീതിമാൻ കാപട്യത്തെ വെറുക്കുന്നു (5), സത്യസന്ധമായി പെരുമാറുന്നവനെ നീതി കാത്തുകൊള്ളും (6), ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണ് വിവേകം (10) തുടങ്ങി ഒരു ഭാഗത്ത് വിവേകപൂർവ്വമുള്ള പെരുമാറ്റവും അതിന്റെ ഫലങ്ങളും എടുത്തുകാട്ടുന്ന സോളമൻ, ഇതേ വാക്യങ്ങളോട് ചേർത്ത്, തിന്മയുടെ മനോഭാവവും അതിന്റെ ദുരിതഫലങ്ങളും ഓർമ്മിപ്പിക്കുന്നുണ്ട്. പരിഹാസകൻ ശാസനം അവഗണിക്കുന്നു (1) വഞ്ചകന്മാർ അക്രമമാണ് അഭിലഷിക്കുന്നത് (2), അധരങ്ങളെ നിയന്ത്രിക്കാത്തവൻ നാശമടയുന്നു (3) എത്ര ആഗ്രഹിച്ചാലും അലസന് ഒന്നും കിട്ടുന്നില്ല (4) ദുഷ്ടൻ ലജ്ജയും അഭിമാനവും വെടിഞ്ഞു പ്രവർത്തിക്കുന്നു ദുഷ്ടനെ പാപം നിലം പതിപ്പിക്കുന്നു (6), താന്തോന്നികൾ ഔധ്യത്യം നിമിത്തം കലഹമുണ്ടാക്കുന്നു (10)..

നന്മതിന്മകളും സമ്പത്തും ദാരിദ്ര്യവും തമ്മിലും ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന ഒരു ചിന്തയും ഈ അദ്ധ്യായത്തിൽ സുഭാഷിതം മുന്നോട്ടുവയ്ക്കുന്നുണ്ട്. യാതൊന്നുമില്ലാത്തവൻ ധനികനെന്ന് നടിക്കുന്നുവെന്നും (7), എന്നാൽ അവന് മോചനത്തിന് മാർഗ്ഗമില്ലെന്നും (8), ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകുമെന്നും (9) ഓർമ്മിപ്പിക്കുന്ന സോളമൻ, അനായാസമായി നേടിയ സമ്പത്ത് ക്ഷയിച്ചുപോകുമെന്നും എഴുതിവയ്ക്കുന്നുണ്ട് (11). മറുഭാഗത്ത് ധാരാളം സമ്പത്തുള്ളവൻ ദരിദ്രനെന്ന് നടിക്കുന്നുവെന്നും (7) ജീവൻ വീണ്ടെടുക്കാനുള്ള മോചനദ്രവ്യമാണ് സമ്പത്തെന്നും (8) നീതിമാന്റെ ദീപം തെളിഞ്ഞു പ്രകാശിക്കുമെന്നും (9) അൽപ്പാൽപ്പമായി കരുതിവയ്ക്കുന്നവൻ തന്റെ സമ്പത്ത് വർദ്ധിപ്പിച്ചുകൊണ്ടിരിക്കുമെന്നും (11) സോളമൻ ഉദ്ബോധിപ്പിക്കുന്നു.

സഫലമാകാൻ വൈകുന്ന പ്രതീക്ഷ ഹൃദയത്തെ വേദനിപ്പിക്കുന്നുവെന്നും, സഫലമായിക്കഴിഞ്ഞ ആഗ്രഹം ജീവന്റെ വൃക്ഷമാണെന്നും (12) നിറവേറിയ അഭിലാഷം ആത്മാവിന് മധുര്യമിയറ്റുന്നുവെന്നും (19) സോളമൻ ഓർമ്മിപ്പിക്കുന്നുണ്ട്.

പതിമൂന്ന് മുതൽ പതിനാറ് വരെയുള്ള വാക്യങ്ങളിലും ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്തോട് ചേർന്ന് പോകുന്ന ചില ഉദ്ബോധനങ്ങളാണ് നാം കാണുന്നത്. ഒരു ഭാഗത്ത്, ഉപദേശം നിന്ദിക്കുന്നവൻ തനിക്കുതന്നെ നാശം വരുത്തിവയ്ക്കുന്നു (13) ഉപദേശം അവഗണിക്കുന്നവൻ ദാരിദ്ര്യവും അപമാനവും നേരിടുന്നുവെന്നു (18) അവിശ്വസ്തരുടെ മാർഗം അവർക്ക് നാശം വരുത്തുന്നു (15) ഭോഷൻ തന്റെ ഭോഷത്തം തുറന്നുകാട്ടുന്നു (16) എന്നോർമ്മിപ്പിക്കുന്ന സോളമൻ മറുഭാഗത്ത്, കൽപ്പന ആദരിക്കുന്നവന് പ്രതിഫലം ലഭിക്കുമെന്നും (13), ശാസനം ആദരിക്കുന്നവൻ ബഹുമാനിക്കപ്പെടുന്നുവെന്നും (18) സദ്ബുദ്ധി പ്രീതി ജനിപ്പിക്കുന്നുവെന്നും (15) വിവേകി എന്തും ആലോചനയോടെ ചെയ്യുന്നുവെന്നും (16) പഠിപ്പിക്കുന്നു. ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാണെന്നും മരണത്തിന്റെ കെണികളിൽനിന്നും ഒഴിഞ്ഞുമാറാൻ അത് സഹായിക്കുന്നുവെന്നും (14) സോളമൻ ഇതിനിടയിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

മുൻ അദ്ധ്യായങ്ങളിലെന്നപോലെ ഇവിടെയും, വ്യക്തികളുടെ ഓരോ പ്രവൃത്തികൾക്കുമുള്ള സാമൂഹികമായ പ്രാധാന്യവും സ്വാധീനവും സോളമൻ പരാമർശിക്കുന്നുണ്ട്. ഔചിത്യമില്ലാത്ത ദൂതൻ ആളുകളെ കുഴപ്പത്തിലാക്കുന്നുവെന്നും (17), ഭോഷരുമായി കൂട്ടുകൂടുന്നവൻ ഉപദ്രവം നേരിടുമെന്നും (20) ഓർമ്മിപ്പിക്കുന്ന സുഭാഷിതം, ഇതേ വാക്യങ്ങളിൽത്തന്നെ, വിശ്വസ്തനായ സന്ദേശവാഹകൻ രഞ്ജനം കൈവരുത്തുന്നുവെന്നും (17) വിവേകികളോട് സംസർഗം ചെയ്യുന്നവൻ വിവേകിയായിത്തീരുന്നുവെന്നും (20) വ്യക്തമാക്കുന്നുണ്ട്.

തിന്മ വിട്ടൊഴിയുന്നത് ഭോഷർക്ക് ഇഷ്ടമല്ലെന്ന് (19) ഓർമ്മിപ്പിക്കുന്ന സോളമൻ, പാപികളെ ദൗർഭാഗ്യം പിന്തുടരുന്നുവെന്നും, എന്നാൽ നീതിമാന്മാർക്ക് ഐശ്യര്യം പ്രതിഫലമായി ലഭിക്കുന്നുവെന്നും (21) ഉദ്ബോധിപ്പിക്കുന്നുണ്ട്. പ്രവൃത്തികളും പ്രതിഫലവുമായി ബന്ധപ്പെട്ട ഈ ചിന്തയുടെ തുടർച്ചയാണ് ഈ അദ്ധ്യായത്തിന്റെ അവസാനഭാഗത്ത് നാം കാണുന്നത്. ഉത്തമനായ മനുഷ്യൻ തന്റെ അവകാശം തലമുറകളിലേക്ക് കൈമാറുന്നുവെന്ന് (22) പഠിപ്പിക്കുന്ന ഈ വചനഭാഗം, എന്നാൽ പാപിയുടെ സമ്പത്ത് നീതിമാന്മാർക്കായി സംഭരിക്കപ്പെട്ടതാണെന്നും (22), തരിശുനിലത്തുനിന്ന് പോലും തങ്ങളുടെ കഠിനാധ്വാനം കൊണ്ട് ആഹാരം ഉത്പാദിപ്പിക്കുമായിരുന്ന ദരിദ്രർക്ക് ഭൂമിയുടെമേലുള്ള അവകാശം തട്ടിയെടുക്കുന്ന നീതി കെട്ടവൻ, ആ സ്ഥലം തരിശായി ഇടുന്നുവെന്ന് സുഭാഷിതം കുറ്റപ്പെട്ടുന്നുണ്ട് (23). മകനെ സ്നേഹിക്കുന്ന പിതാവ് അവന് ശിക്ഷണം നൽകുന്നതിൽ ജാഗരൂകത കാട്ടുമെന്നും, അത് ചെയ്യുന്നില്ലെങ്കിൽ അവൻ മകനെ വെറുക്കുന്നതുകൊണ്ടാണെന്നും (24) ഓർമ്മിപ്പിക്കുന്ന സോളമൻ, നീതിമാന് വിശപ്പടക്കാൻ വേണ്ടത്ര വകയുണ്ടെന്നും, എന്നാൽ ദുഷ്ടൻ പട്ടിണി കിടക്കേണ്ടിവരുമെന്നും ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ അദ്ധ്യായം അവസാനിപ്പിക്കുന്നത്.

ഉപസംഹാരം

തിരുത്തലുകളുടെയും ഉപദേശങ്ങളുടെയും മൂല്യവും ആവശ്യകതയും, അവ സ്വീകരിച്ച്, പ്രയോഗികജീവിതത്തിൽ അനുവർത്തിച്ച് മുൻപോട്ടുപോകേണ്ടതിന്റെയും പ്രാധാന്യം തന്റെ ഉദ്ബോധനങ്ങളിലൂടെ തുടരുന്ന സോളമന്റെ സൂക്തങ്ങളുടെ തുടർച്ചയായ സുഭാഷിതഗ്രന്ഥം പതിമൂന്നാം അദ്ധ്യായത്തെക്കുറിച്ചുള്ള വിചിന്തനം ചുരുക്കുമ്പോൾ, നമ്മുടെ മനോഭാവവും ചിന്തകളും വാക്കുകളും പ്രവൃത്തികളും എപ്രകാരമാണെന്നുള്ള ഒരു പരിശോധനയ്ക്ക് നമുക്കും തയ്യാറാകാം. ദൈവം മാതാപിതാക്കളിലൂടെയും ഗുരുക്കളിലൂടെയും സദ്‌ജനങ്ങളിലൂടെയും നമുക്കേകുന്ന ഉപദേശങ്ങളും ഉദ്ബോധനങ്ങളും ശിക്ഷണങ്ങളും എപ്രകാരമാണ് നാം സ്വീകരിക്കുന്നതെന്ന്, നമ്മുടെ പ്രവൃത്തികളിൽ അവ എത്രമാത്രം പ്രതിഫലിക്കുന്നുണ്ടെന്ന് സ്വയം ചോദിക്കാം. മക്കളായി നമ്മെ കരുതി, നന്മയ്ക്കും വിജയത്തിനുമുള്ള സാദ്ധ്യതകൾ ഒരുപോലെ നൽകുന്ന ദൈവത്തിന്റെ നീതിക്കും സ്നേഹത്തിനും മുന്നിൽ കൂടുതൽ ഉത്തരവാദിത്വത്തോടെ, സാമൂഹികമായി നമുക്കുള്ള പ്രതിബദ്ധതകൾ തിരിച്ചറിഞ്ഞ്, മാതൃകാപരമായി ജീവിക്കാം. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 ഫെബ്രുവരി 2026, 14:09