വ്യക്തിപരമായ ചിന്തകളും പ്രവൃത്തികളും സമൂഹത്തിൽ അവയുടെ പ്രതിഫലനവും
മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ സിറ്റി
സുഭാഷിതങ്ങളുടെ പുസ്തകത്തെക്കുറിച്ചുള്ള വിചിന്തനത്തിന്റെ ആരംഭത്തിൽ കണ്ടതുപോലെ, പത്ത് മുതൽ ഇരുപത്തിയാറാം അദ്ധ്യായം വരെയുള്ള ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തെ, സോളമന്റെ സൂക്തങ്ങളുടെ തുടർച്ചയാണ് പന്ത്രണ്ടാം അദ്ധ്യായത്തിലും നാം കണ്ടുമുട്ടുന്നത്. മാതാപിതാക്കളിലൂടെയും ഗുരുജനങ്ങളിലൂടെയും തങ്ങൾക്ക് ലഭിക്കുന്ന ഉപദേശങ്ങളുടെയും തങ്ങളുടെ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ വ്യക്തികൾ നടത്തുന്ന തിരഞ്ഞെടുപ്പുകളും അതനുസരിച്ചുള്ള അവരുടെ പ്രവൃത്തികളിലെയും വാക്കുകളിലെയും നന്മ തിന്മകളും, അവയുടെ പരിണിത ഫലങ്ങളുമാണ് ഈ അദ്ധ്യായത്തിൽ സോളമൻ ഉദ്ബോധനരൂപത്തിൽ വിവരിക്കുന്നത്. താൻ കൂടി ഭാഗമായ ഒരു സമൂഹത്തിൽ ഒരു വ്യക്തിയുടെ ജീവിതവും തിരഞ്ഞെടുപ്പുകളും എപ്രകാരമാണ് പ്രതിഫലിക്കുക എന്ന ഒരു പ്രബോധനവും ഈ വാക്യങ്ങളിൽ നമുക്ക് കാണാം. പ്രവൃത്തികൾ എത്ര വ്യക്തിപരവുമായിക്കൊള്ളട്ടെ, സമൂഹവും അതിന്റെ നന്മതിന്മകൾ നേരിടുന്നുണ്ട് എന്ന തിരിച്ചറിവ്, കൂടുതൽ ഉത്തരവാദിത്വപൂർവ്വം തങ്ങളുടെ പ്രവൃത്തികളെ ക്രമീകരിക്കാൻ ഏവരെയും ആഹ്വാനം ചെയ്യുന്നുണ്ട്.
ശിക്ഷണത്തിന്റെയും ഉപദേശങ്ങളുടെയും പ്രാധാന്യം
ഗുരുവിന്റെയോ മാതാപിതാക്കളുടെയോ ഉപദേശങ്ങളുടെ ഭാവത്തിലുള്ള പ്രബോധനങ്ങളും ഉപദേശങ്ങളുമാണ്, സുഭാഷിതങ്ങളുടെ പുസ്തകത്തിന്റെ, പ്രത്യേകിച്ച് സോളമന്റെ സൂക്തങ്ങളുടെ പ്രത്യേകതയെന്ന് നാം കണ്ടുകഴിഞ്ഞു. പന്ത്രണ്ടാം അദ്ധ്യായത്തിലും ഇതേ ആശയമാണ് വ്യക്തമാകുന്നത്. വിവേകികളും നല്ലവരുമായ മനുഷ്യർ സദ്‌ജനങ്ങളിൽനിന്ന് ശിക്ഷണവും വിജ്ഞാനവും തേടുമ്പോൾ, മൂഢരും ദുഷ്ടരുമായ മനുഷ്യർ ശാസനയും ഉപദേശങ്ങളും വെറുക്കുന്നുവെന്നും (സുഭാ. 12, 1), ഇരുകൂട്ടരുടെയും പ്രവൃത്തികളും വാക്കുകളും അവരുടെ തിരഞ്ഞെടുപ്പുകൾക്കനുസരിച്ചായിരിക്കുമെന്നതുമാണ് ഈ അദ്ധ്യായം മുന്നോട്ട് വയ്ക്കുന്ന ഒരു ചിന്ത. തന്റെ ചെയ്തികളും വാക്കുകളും ഉത്തമമാണെന്ന മിഥ്യാധാരണയിൽ ഭോഷൻ മുന്നോട്ട് പോകുമ്പോൾ, വിവേകി, ഉപദേശം തേടുന്നു (സുഭാ. 12, 15).
ദുഷ്ടരുടെയും അവിവേകികളുടെയും ചിന്തകളും പ്രവൃത്തികളും
തിന്മ ആഗ്രഹിക്കുന്നവനെ കർത്താവ് ശിക്ഷിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സോളമൻ (സുഭാ. 12, 2), ദുഷ്ടതയിലൂടെ ആരും നിലനിൽപ്പ് നേടുന്നില്ലെന്ന് (സുഭാ. 12, 3) ഓർമ്മിപ്പിക്കുന്നു. ഭാര്യാഭർതൃബന്ധത്തിലെ നന്മ തിന്മകൾ പങ്കാളിയുടെ ജീവിതത്തെ ബാധിക്കുമെന്ന്, അപമാനം വരുത്തിവയ്ക്കുന്നവൾ അസ്ഥികളിലെ അർബുദം പോലെയാണെന്ന ശക്തമായ വാക്കുകളിലൂടെ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നുണ്ട് (സുഭാ. 12, 4). ദുഷ്ടർ രക്തദാഹികളാണെന്നും അവരുടെ ഉപദേശങ്ങൾ വഞ്ചനാത്മകവും, സോളമൻ പ്രസ്ഥവിക്കുന്നു (സുഭാ. 12, 5-6). ദുഷ്ടരുടെ പതനം എന്നന്നേക്കുമുള്ളതായിരിക്കുമെന്നും വികടബുദ്ധി നിന്ദിക്കപ്പെടുമെന്നും ഓർമ്മിപ്പിക്കുന്ന സോളമൻ (സുഭാ. 12, 7-8), ഒന്നുമില്ലാതിരിക്കുമ്പോഴും വൻപ് നടിക്കുന്നതിലെ അൽപ്പത്തരം എടുത്ത് പറയുന്നുണ്ട് (സുഭാ. 12, 9). മനുഷ്യരോട് മാത്രമല്ല, മൃഗങ്ങളൊട് പോലും ക്രൂരതയോടെയാകും ദുഷ്ടർ പെരുമാറുക (സുഭാ. 12, 10). ബുദ്ധിശൂന്യന്റെ പ്രവൃത്തികളിലെ അർത്ഥശൂന്യത എടുത്തുകാട്ടുന്ന സോളമൻ, അവരുടെ ബലിഷ്ഠമെന്ന് കരുതുന്ന ഗോപുരം തകർന്നടിയുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു (സുഭാ. 12, 11-12). ദുഷ്ടൻ തന്റെ ദുഷിച്ച വാക്കുകളിൽ കുടുങ്ങിപ്പോകുമെന്നും, താൻ ചെയ്യുന്നതെല്ലാം നല്ലതെന്ന് കരുതുന്ന അവന്റെ പ്രവൃത്തികൾക്കനുസരിച്ച പ്രതിഫലമാകും അവന് ലഭിക്കുകയെന്നും ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നുണ്ട് (സുഭാ. 12, 13-15). ഭോഷൻ നീരസം പെട്ടെന്ന് പ്രകടിപ്പിക്കുമെന്നും, വീണ്ടുവിചാരമില്ലാതെ മറ്റുള്ളവരെ മുറിപ്പെടുത്തുന്ന വിധത്തിൽ സംസാരിക്കുമെന്നും, കള്ളസാക്ഷി വ്യാജം പറയുമെന്നും, എന്നാൽ അവ ക്ഷണികമായിരിക്കുമെന്നും, കള്ളം പറയുന്നവരെ കർത്താവ് വെറുക്കുന്നുവെന്നും സോളമൻ മുന്നറിയിപ്പ് നൽകുന്നു, (സുഭാ. 12, 16-19; 22). ഹൃദയം കുടിലമായതിനാലാണ് ഒരുവൻ തിന്മ ആഗ്രഹിക്കുന്നതെന്നും അത്തരം ദുഷ്ടർക്ക് ആപത്തൊഴിയില്ലെന്നും ഈ ഗ്രന്ഥം ഓർമ്മിപ്പിക്കുന്നുണ്ട് (സുഭാ. 12, 20-21). ഭോഷൻ ഭോഷത്തമാകും പറയുകയെന്നും, അലസൻ അടിമവേലയ്ക്ക് നിർബന്ധിതനാകുമെന്നും ഉത്കണ്ഠ നമ്മെ നിരുന്മേഷിതരാക്കുമെന്നും, ദുഷ്ടനെ അവന്റെതന്നെ പെരുമാറ്റം വഴി തെറ്റിക്കുമെന്നും, അലസന്റെ അധ്വാനം വെറുതെയാകുമെന്നും ഓർമ്മിപ്പിക്കുന്ന സുഭാഷിതഗ്രന്ഥം, അനീതിയുടെ മാർഗ്ഗം മരണത്തിലേക്കാണ് നയിക്കുകയെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട് (സുഭാ. 12, 23-28).
ഉത്തമരായ മനുഷ്യരുടെ ജീവിതം
സദുപദേശങ്ങൾ സ്വീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന നല്ല മനുഷ്യരുടെ പ്രവൃത്തികളും വാക്കുകളും എപ്രകാരമായിരിക്കുമെന്നും, അവയുടെ ഫലങ്ങൾ ഏതു തരത്തിലുള്ളവയായിരിക്കുമെന്നും സോളമൻ ഈ അദ്ധ്യായത്തിലും വ്യക്തമാക്കുന്നുണ്ട്. ഉത്തമനായ മനുഷ്യൻ കർത്താവിന്റെ അനുഗ്രഹം നേടുന്നുവെന്നും, അവൻ നിലനിൽക്കുന്നുവെന്നും ഓർമ്മിപ്പിക്കുന്ന സോളമൻ, സാമൂഹികജീവിതവുമായി ബന്ധപ്പെട്ട്, ഉത്തമയായ ഭാര്യ ഭർത്താവിന്റെ കിരീടമെന്നതുപോലെ അഭിമാനത്തിന് കാരണമാകുമെന്നും പ്രസ്താവിക്കുന്നുണ്ട് (സുഭാ. 12, 2-4). നീതിമാന്മാരുടെ ആലോചനകൾ ന്യായയുക്തമാണെന്നും അവരുടെ പരമ്പര നിലനിൽക്കുമെന്നും, സത്യസന്ധരുടെ വാക്കുകൾ മനുഷ്യരെ മോചനത്തിലേക്ക് നയിക്കുന്നതാണെന്നും, സദ്ബുദ്ധിയുള്ളവർ പ്രശംസിക്കപ്പെടുമെന്നും സുഭാഷിതം പഠിപ്പിക്കുന്നുണ്ട് (സുഭാ. 12, 5-8). എളിമയുടെ മനോഭാവത്തോടെയുള്ള ജീവിതവും അദ്ധ്വാനത്തിന്റെ മൂല്യവും എടുത്തുപറയുന്ന സോളമൻ, നീതിമാൻ മൃഗങ്ങളോട് പോലും ദയ കാട്ടുമെന്നും, അവൻ വേരുറച്ച് നിൽക്കുമെന്നും, കുഴപ്പങ്ങളിൽനിന്ന് രക്ഷപെടുമെന്നും വ്യക്തമാക്കുന്നുണ്ട് (സുഭാ. 12, 9-13). നല്ല വാക്കുകൾക്ക് നന്മ പ്രതിഫലമായി ലഭിക്കുമെന്നും, വിവേകി കൂടുതലായി ഉപദേശം തേടുമെന്നും, അവൻ നിന്ദനങ്ങളെ വെറുക്കുന്നില്ലെന്നും (സുഭാ. 12, 14-16) ഓർമ്മിപ്പിക്കുന്ന സോളമൻ, സത്യം പറയുന്നവർ വ്യാജം കൂടാതെ തെളിവ് നൽകുന്നുവെന്നും, അവരുടെ വാക്കുകൾ മുറിവുണക്കുന്നവയാണെന്നും അവ എന്നേക്കും നിലനിൽക്കുന്നുവെന്നും, വിശ്വസ്തതയോടെ പെരുമാറുന്നവർ കർത്താവിനെ സന്തോഷിപ്പിക്കുന്നുവെന്നും പ്രസ്താവിക്കുന്നു (സുഭാ. 12, 17-19; 22). നന്മ ആഗ്രഹിക്കുന്നവർ സന്തോഷമനുഭവിക്കുമെന്നും, നീതിമാന്മാർക്ക് അനർത്ഥം ഉണ്ടാകില്ലെന്നും (സുഭാ. 12, 20-21), ഉറപ്പുനൽകുന്ന സുഭാഷിതഗ്രന്ഥം വിവേകി തന്റെ അറിവ് അനാവശ്യമായി വിളമ്പുന്നില്ലെന്നും, സ്ഥിരോത്സാഹി ഭരണം നടത്തുമെന്നും, അവന് അമൂല്യമായ സമ്പത്ത് ലഭിക്കുമെന്നും നല്ല വാക്കുകൾ ഹൃദയത്തെ ഉത്തേജിപ്പിക്കുമെന്നും (സുഭാ. 12, 23-25; 27) ഉദ്ബോധിപ്പിക്കുന്നു. നീതിമാൻ തിന്മയിൽനിന്ന് ഒഴിഞ്ഞുമാറുമെന്ന് ഓർമ്മിപ്പിക്കുന്ന സോളമൻ, ജീവൻ നീതിയുടെ പാതയിലാണെന്ന് പ്രസ്താവിക്കുന്നു (സുഭാ. 12, 26; 28).
ഉപസംഹാരം
സുഭാഷിതഗ്രന്ഥം പന്ത്രണ്ടാം അദ്ധ്യായത്തെക്കുറിച്ചുളള വിചിന്തനം ചുരുക്കുമ്പോൾ, സോളമൻ ഓർമ്മിപ്പിക്കുന്നതുപോലെ ശിക്ഷണവും ഉപദേശങ്ങളും ശാസനങ്ങളും നമ്മുടെ ജീവിതത്തിൽ എത്രമാത്രം നന്മയാണ് കൊണ്ടുവരികയെന്ന തിരിച്ചറിവോടെ അവ സ്വീകരിക്കാനും, നന്മയിലും നീതിയിലും മുന്നേറി, ജീവൻ നേടാനും പരിശ്രമിക്കാം. അനീതിയും അകൃത്യങ്ങളും നമുക്ക് മാത്രമല്ല, മറ്റുള്ളവർക്കും സമൂഹത്തിന് മുഴുവനും തിന്മയും ദുരിതവുമാണ് ഉണ്ടാക്കുകയെന്ന തിരിച്ചറിവിൽ, ചിന്തകളെയും പ്രവൃത്തികളെയും വാക്കുകളെയും നന്മയുടെ പാതയിലേക്ക് തിരിക്കാം. മറ്റുള്ളവരോടുള്ള പ്രവൃത്തികളിൽ സ്നേഹവും കാരുണ്യവും ഉണ്ടാകട്ടെ. വാക്കുകളിൽ സത്യസന്ധതയും നീതിബോധവും നിലനിൽക്കട്ടെ. ഹൃദയങ്ങൾക്കും ജീവിതങ്ങൾക്കും ആനന്ദവും ആശ്വാസവും പകരുന്ന നല്ല മനുഷ്യരായി ജീവിക്കാം ജീവൻ സ്വന്തമാക്കാം.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: