തിരയുക

സിറിയൻ സായുധസേനയുടെ നിർദ്ദേശപ്രകാരം അലെപ്പോയിൽനിന്ന് ഒഴിഞ്ഞുപോകുന്ന ജനം സിറിയൻ സായുധസേനയുടെ നിർദ്ദേശപ്രകാരം അലെപ്പോയിൽനിന്ന് ഒഴിഞ്ഞുപോകുന്ന ജനം  (AFP or licensors)

സിറിയയിലെ അലെപ്പോയിൽ സംഘർഷങ്ങൾ രൂക്ഷമാകുന്നു: കാരിത്താസ് ഇറ്റലി

സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ അലെപ്പോയിൽ എസ്.ഡി.എഫ്. എന്ന കുർദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയൻ സൈന്യവും തമ്മിലുള്ള സംഘർഷങ്ങൾ വീണ്ടും രൂക്ഷമായെന്ന്, കാരിത്താസ് ഇറ്റലിയുടെ പത്രക്കുറിപ്പ്. സ്വാതന്ത്രത്തിന്റെ വാർഷികം കഴിഞ്ഞ് ഏതാണ്ട് ഒരു മാസത്തിനുള്ളിൽ, ജനുവരി ആറാം തീയതി മുതൽ ഇരുകക്ഷികളും തമ്മിൽ ശക്തമായ അക്രമണങ്ങൾ ആരംഭിച്ചുവെന്ന് കാരിത്താസ് അറിയിച്ചു. ആഷാഫിയെ, ഷെയ്ക്ക് മഖ്‌സൗദ്‌ പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞ് മാറാൻ സിറിയൻ സൈന്യം ജനത്തിന് നിർദ്ദേശം നൽകി.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

തെക്കുപടിഞ്ഞാറൻ ഏഷ്യൻ രാജ്യമായ സിറിയയിലെ സാമൂഹ്യ, സുരക്ഷാ സ്ഥിതിഗതികൾ കൂടുതൽ വഷളായി വരുന്നുവെന്നും, അലെപ്പോ ഉൾപ്പെടെയുള്ള നഗരങ്ങളിൽ എസ്.ഡി.എഫ്. (Syrian Democratic Forces) എന്ന കുർദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയൻ സായുധസേനയും (Syrian Armed Forces) തമ്മിൽ ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ടെന്നും ഇറ്റലിയിലെ കാരിത്താസ് സംഘടന. ജനുവരി എട്ടാം തീയതി പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, സിറിയയുടെ വടക്കുകിഴക്കൻ പ്രദേശങ്ങൾ നിയന്ത്രിക്കുന്ന എസ്.ഡി.എഫും സിറിയൻ സേനയും തമ്മിൽ നടക്കുന്ന സംഘർഷങ്ങളെക്കുറിച്ചും, സാധാരണ ജനമനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും കാരിത്താസ് സംഘടന അറിയിച്ചത്.

നിരവധി വർഷങ്ങൾ നീണ്ട യുദ്ധങ്ങളുടെ ഇരകളായിരുന്ന ഒരു ജനതയാണ് നിലവിലെ സംഘർഷങ്ങൾ മൂലം ദുരിതമനുഭവിക്കുന്നതെന്ന് കാരിത്താസ് ഇറ്റലിയുടെ ഡയറക്ടർ ഫാ. മാർക്കോ പന്യേല്ലോ (Marco Pagniello) പ്രസ്താവിച്ചു. പ്രദേശത്ത് ബുദ്ധിമുട്ടുന്ന ആളുകൾക്കായി, പ്രാദേശികസഭയുടെ സഹായത്തോടെ പുതപ്പുകളും മറ്റു വസ്ത്രങ്ങളും, കുട്ടികൾക്കായി പാൽപ്പൊടിയും ശുചിത്വസേവനസൗകര്യങ്ങളും ഒരുക്കാനുള്ള ശ്രമങ്ങളുമായി തങ്ങൾ മുന്നോട്ട് പോകുകയാണെന്ന് കാരിത്താസ് സംഘടന അറിയിച്ചു.

ആസാദ് ഭരണകൂടം 2024 ഡിസംബർ 8-ന് തകർന്നതിന് ശേഷവും എസ്.ഡി.എഫ്. എന്ന കുർദ്ദിഷ് ഭൂരിപക്ഷ സായുധസേനയും, സിറിയൻ സായുധസേനയും തമ്മിൽ സായുധസംഘർഷങ്ങൾ തുടർന്നിരുന്നവെങ്കിലും, പിന്നീട് എസ്.ഡി.എഫ്. സിറിയൻ സായുധസേനയോട് ചേരുമെന്ന കരാറിന്മേൽ വെടിനിറുത്തൽ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് ഇരുസേനകളും തമ്മിൽ അലെപ്പോയിൽ വീണ്ടും സംഘർഷങ്ങൾ പുനഃരാരംഭിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇരുസേനകളും തമ്മിലുള്ള ആക്രമണങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, എസ്.ഡി.എഫ് നിയന്ത്രിച്ചിരുന്ന ആഷാഫിയെ (Ashafieh), ഷെയ്ക്ക് മഖ്‌സൗദ്‌ (Sheikh Maqsoud) പ്രദേശങ്ങൾ സൈനിക ആക്രമണ ലക്ഷ്യപ്രദേശങ്ങളാണെന്ന് പ്രഖ്യാപിച്ച സിറിയൻ സായുധ സേന, അവിടെയുള്ള ആളുകളോട് ഒഴിഞ്ഞുമാറാൻ ആവശ്യപ്പെട്ടിരുന്നു.

അലെപ്പോയിലെ ഗവണ്മെന്റിന്റെ കണക്കുകൾ പ്രകാരം, ഏതാണ്ട് ഒന്നര ലക്ഷത്തോളം ആളുകൾ നിലവിൽ ആഷാഫിയെ, ഷെയ്ക്ക് മഖ്‌സൗദ്‌ പ്രദേശങ്ങളിൽനിന്ന് നഗരത്തിന്റെ മറ്റു പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. അലെപ്പോയിലുള്ള ചില ക്രൈസ്തവ ദേവാലയങ്ങളും, കുടിയൊഴിയാൻ നിർബന്ധിതരായവർക്കുവേണ്ടി തങ്ങളുടെ വാതിലുകൾ തുറന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ ചില ആശുപത്രികളും, യൂണിവേഴ്സിറ്റി കെട്ടിടങ്ങളും മുപ്പതോളം ഗവൺമെന്റ് കെട്ടിടങ്ങളും ഭാഗികമായി തകർന്നിട്ടുണ്ട്. പത്ത് പേരെങ്കിലും മരിച്ചതായും, എൺപത്തിയെട്ട് പേർക്ക് പരിക്കേറ്റതായും വാർത്താവിതരണവിഭാഗം ഉപമന്ത്രി ഒബാദ കോജൻ (Obada Kojan) അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ജനുവരി 2026, 12:50