സ്പെയിനിലെ മെത്രാൻസമിതി പ്രെസിഡന്റ് ആർച്ച്ബിഷപ് ലൂയിസ് അർഗ്വെയ്യോ സ്പെയിനിലെ മെത്രാൻസമിതി പ്രെസിഡന്റ് ആർച്ച്ബിഷപ് ലൂയിസ് അർഗ്വെയ്യോ 

ലൈംഗിക ചൂഷണങ്ങളുടെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ സ്പെയിനിലെ സഭയും സർക്കാരും തമ്മിൽ കരാർ

കത്തോലിക്കാസഭാംഗങ്ങളിൽ നിന്നുള്ള ലൈംഗിക പീഡനങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കാനും, ഇതിനായുള്ള നിലവിലെ സഭാസംവിധാനങ്ങളിൽ വിശ്വാസമില്ലാത്തവർക്ക് ഒരു പകരം സംവിധാനം ഒരുക്കാൻ വേണ്ടിയും, സ്പെയിനിലെ സർക്കാരും, സമർപ്പിതസമൂഹങ്ങളുടെ കോൺഫറൻസും മെത്രാൻസമിതിയും ചേർന്ന് ജനുവരി എട്ടിന് പുതിയൊരു കരാർ ഒപ്പിട്ടു.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

സ്പെയിനിലെ കത്തോലിക്കാസഭയിൽ ശുശ്രൂഷ ചെയ്യുന്ന ആളുകളുടെ ഭാഗത്തുനിന്നുള്ള ലൈംഗികപീഡനങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു. രാജ്യത്തെ സർക്കാരും, വിവിധ സമർപ്പിതസമൂഹങ്ങളുടെ സമിതിയും, മെത്രാൻസമിതിയും ചേർന്ന് ഒപ്പിട്ട പുതിയ ഒരു കരാർ വഴി സ്ഥാപിക്കപ്പെട്ട, "ജനങ്ങളുടെ സംരക്ഷകൻ" (Defender of people) എന്ന സംവിധാനത്തിലൂടെയാണ് ഇനി മുതൽ ഇത്തരം കേസുകളിലെ ഇരകൾക്ക് നീതി നേടാൻ സാധിക്കുക.

ലൈംഗികപീഡനങ്ങൾക്ക് ഇരകളായവർക്ക് നീതി ഉറപ്പാക്കാൻ വേണ്ടി, 2024 സെപ്റ്റംബർ മുതൽ സ്പെയിനിലെ സഭ മുന്നോട്ടുവച്ചിരുന്ന സംവിധാനങ്ങൾക്ക് പുറമെയാണ് ഇത്തരമൊരു സാധ്യതകൂടി അവർക്ക് ലഭ്യമാകുന്നതെന്ന് രാജ്യത്തെ മെത്രാൻസമിതി പ്രെസിഡന്റ് ആർച്ച്ബിഷപ് ലൂയിസ് അർഗ്വെയ്യോ (H.G. Msgr. Luis Argüello) വത്തിക്കാൻ ന്യൂസിനനുവദിച്ച ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

നാളിതുവരെ പീഡനക്കേസുകളിൽ ഇരകൾ രൂപതകളിലോ സമർപ്പിതസമൂഹങ്ങളിലോ നഷ്ടപരിഹാരത്തിനായി സമർപ്പിക്കേണ്ടിയിരുന്ന അപേക്ഷകൾ, ഇനിമുതൽ കരാർ പ്രകാരമുള്ള "ഓംബുഡ്‌സ്മാൻ" എന്ന സംവിധാനത്തിലെ യൂണിറ്റ് തലവന്മാർ വഴി സമർപ്പിക്കാനാകും എന്നതാണ് പുതിയ മാറ്റമെന്ന് വയ്യാദോളിത് അതിരൂപതാദ്ധ്യക്ഷൻ കൂടിയായ ആർച്ച്ബിഷപ് അർഗ്വെയ്യോ വിശദീകരിച്ചു.

പീഡനക്കേസുകളിൽപ്പെട്ടവർക്കും സഭാസംവിധാനങ്ങളിൽ വിശ്വാസമില്ലാതിരുന്നവർക്കും നീതിയും പരിഹാരവും നേടാൻ മറ്റൊരു സാധ്യത ലഭ്യമാക്കുകയാണ് ഇതുവഴി നടന്നതെന്ന് സ്പാനിഷ് സഭാനേതൃത്വം അറിയിച്ചു. സഭ മുൻപുതന്നെ സ്ഥാപിച്ചിരുന്ന സംവിധാനങ്ങളനുസരിച്ചുള്ള നഷ്ടപരിഹാരപ്രവർത്തനങ്ങളാണ് തുടരുകയെന്നും, എന്നാൽ പുതിയ സംവിധാനമനുസരിച്ചുള്ള ഓംബുഡ്‌സ്മാനും നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കാനും നഷ്ടപരിഹാരകാര്യങ്ങൾ സാധൂകരിക്കുന്നതിൽ ഇടപെടാനും സാധിക്കുമെന്നും ആർച്ച്ബിഷപ് അർഗ്വെയ്യോ അറിയിച്ചു.

പീഡനക്കേസുകളിൽ ഇരകളായവർക്ക് സാമ്പത്തികമായ നഷ്ടപരിഹാരം മാത്രമല്ല, സമഗ്രമായ പരിഹാരം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്നും, ഇതിന്റെ ഭാഗമായി ഇരകൾക്ക് മാനസികവും ആത്മീയവുമായ പിന്തുണകൾ ഉറപ്പാക്കുമെന്നും മെത്രാൻസമിതി അദ്ധ്യക്ഷൻ അറിയിച്ചു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 ജനുവരി 2026, 12:51